Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വ്യക്തിനിയം; ജമാഅത്തെ ഇസ്‌ലാമി ദേശവ്യാപക കാമ്പയിന്‍ നടത്തുന്നു

ന്യൂഡല്‍ഹി: ഇസ്‌ലാമിക ശരീഅത്ത് സംബന്ധിച്ച സമകാലിക വിവാദങ്ങളുടെയും ചര്‍ച്ചകളുടെയും പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുസ്‌ലിം വ്യക്തിയനിയമങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ ദേശവ്യാപകമായ കാമ്പയിന്‍ നടത്തുന്നു. മുസ്‌ലിം വ്യക്തിനിയമങ്ങളെയും വിവാഹം വിവാഹമോചനം പോലുള്ള കുടുംബപരമായ വിഷയങ്ങളിലെ ഇസ്‌ലാമികാധ്യാപനങ്ങളെ സംബന്ധിച്ചും പൊതുജനങ്ങള്‍ക്കിടിയിലും മുസ്‌ലിംകള്‍ക്കിടയില്‍ തന്നെയും നിലനില്‍ക്കുന്ന തെറ്റിധാരണകളും അജ്ഞതയും നീക്കം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് രണ്ടാഴ്ച്ചക്കാലം (ഏപ്രില്‍ 23 മുതല്‍ മെയ് 7) നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍.
ഇസ്‌ലാമിലെ കുടുംബ നിയമങ്ങളെ സംബന്ധിച്ച് മുസ്‌ലിം പൊതുജനത്തിന്റെ അജ്ഞതയും കുടുംബ പ്രശ്‌നങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന തെറ്റായ സമീപനവും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച വികൃതമായ ചിത്രം ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കാമ്പയിനെ കുറിച്ച് വിശദീകരിച്ച ജമാഅത്ത് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ശരീഅത്ത് നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിന്റെ പ്രഥമ കാരണം ഇസ്‌ലാമിക അധ്യാപനങ്ങളെ സംബന്ധിച്ച് മുസ്‌ലിംകള്‍ക്കിടയിലുള്ള അജ്ഞതയും അതിനോടുള്ള പ്രതിബദ്ധതക്കുറവുമാണെന്നത് അംഗീകരിക്കേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തിന് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ പോലും അറിയില്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം പോലുള്ള വിഷയങ്ങളിലുള്ള ഇസ്‌ലാമിക നിയമങ്ങളും നിര്‍ദേശങ്ങളും പല മുസ്‌ലിംകള്‍ക്കും അറിയില്ല. അതുകൊണ്ടു തന്നെ മുസ്‌ലിം സമുദായത്തെ അത് പഠിപ്പിക്കുകയും ധാര്‍മികമായി ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. എന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്തൊക്കെയാണെങ്കിലും സമുദായത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തെറ്റിക്കാനുള്ള ചര്‍ച്ചകളാണ് മാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും നിലവില്‍ നടക്കുന്നത്. എത്രയോ കാലങ്ങളായി മുസ്‌ലിംകള്‍ ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ച് ജീവിച്ചിട്ടും ശരീഅത്ത് നിയമങ്ങള്‍ അനുസരിക്കുന്നത് കൊണ്ട് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മുസ്‌ലിം വ്യക്തിനിയമം സ്ത്രീകളുടെ അവകാശങ്ങള്‍ വളരെ നന്നായി സംരക്ഷിക്കുന്നു. എന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം കൂട്ടിചേര്‍ത്തു.
ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് നുസ്‌റത്ത് അലി, ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍, സെക്രട്ടറി മുഹമ്മദ് അഹ്മ്ദ്, കാമ്പയിന്‍ കണ്‍വീനര്‍ മുഹമ്മദ് ജാഫര്‍, വനിതാവിഭാഗം പ്രസിഡന്റ് ആതിയ സിദ്ദീഖി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Related Articles