Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിദേശികളേക്കാള്‍ വലിയ വെല്ലുവിളി അമേരിക്കന്‍ വെള്ളക്കാര്‍: വോക്‌സ് ന്യൂസ്

വാഷിംഗ്ടണ്‍: വിദേശികളായ മുസ്‌ലിംകളേക്കാള്‍ വലിയ ആഭ്യന്തര വെല്ലുവിളി സ്വദേശികളായ അമേരിക്കന്‍ വെള്ളക്കാരാണെന്ന് അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റായ വോക്‌സ് (VOX) അഭിപ്രായപ്പെടുന്നു. 59 പേരുടെ മരണത്തിനും അഞ്ഞൂറിലേറെ പേരുടെ പരിക്കിനും കാരണമായ ലാസ് വെഗാസ് വെടിവെപ്പിന്റെ പശ്ചാത്തലത്തിലുള്ള റിപോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്.
അമേരിക്കക്കാരെ ഇസ്‌ലാമിക ഭീകരവാദികളില്‍ നിന്ന് സംരക്ഷിക്കാനെന്ന പേരിലാണ് ജനുവരിയില്‍ ട്രംപ് ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ട്രംപ് അധികാരമേറ്റ ശേഷമുള്ള എട്ട് മാസക്കാലയളവില്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാര്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ വെള്ളക്കാരുടെ കൈകള്‍ കൊണ്ടു തന്നെയായിരുന്നുവെന്നും ഇസ്‌ലാമുമായിട്ടോ മുസ്‌ലിം ഭീകരരുമായിട്ടോ അല്ലെങ്കില്‍ വിദേശികളുമായിട്ടോ അവക്ക് യാതൊരു ബന്ധവുമില്ലായിരുന്നു എന്നും റിപോര്‍ട്ട് വ്യക്തമാക്കി. ഐഎസ്, അല്‍ഖാഇദ പോലുള്ള ഗ്രൂപ്പുകളുടെ നിര്‍ദേശമനുസരിച്ചോ അവരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടോ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ഭീകരവാദികള്‍ അമേരിക്കക്ക് വ്യക്തമായ വെല്ലുവിളിയാണെന്നും കഴിഞ്ഞ ദിവസം ലാസ് വെഗാസിലുണ്ടായത് പോലുള്ള ഭീകരമായ മറ്റൊരു വെടിവെപ്പ് അമേരിക്കന്‍ ചരിത്രത്തില്‍ സംഭവിച്ചത് 2016 ജൂണില്‍ ഒര്‍ലാന്റോ നൈറ്റ് ക്ലബ്ബിലായിരുന്നുവെന്നും വെബ്‌സൈറ്റ് വിശദീകരിച്ചു. അതില്‍ 49 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടിലും ഫ്രാന്‍സിലും കാനഡയിലുമെല്ലാം ഈ വര്‍ഷം ഐഎസ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മതവുമായി വിശിഷ്യാ ‘ഇസ്‌ലാമിക ഭീകരവാദ’വുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം നടത്തിയതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. 2017 വര്‍ഷത്തില്‍ അമേരിക്കന്‍ വെള്ളക്കാര്‍ നടത്തിയ വിവിധ ഭീകരാക്രമങ്ങളും റിപോര്‍ട്ട് അക്കമിട്ട് നിരത്തുന്നുണ്ട്. 2011നും 2015നും ഇടയില്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാര്‍ കൊല്ലപ്പെട്ടത് മുസ്‌ലിം ഭീകരരുടെ കൈകള്‍ കൊണ്ടായിരുന്നില്ല; മറിച്ച് തീവ്രവലതു പക്ഷ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളിലായിരുന്നുവെന്ന് പക്ഷപാത രഹിതമായി പ്രവര്‍ത്തിക്കുന്ന വിദഗ്ദരുടെ സംഘമായ ‘ന്യൂ അമേരിക്ക’ നടത്തിയ പഠനത്തിലേക്കും റിപോര്‍ട്ട് വിരല്‍ചൂണ്ടുന്നു.

Related Articles