Current Date

Search
Close this search box.
Search
Close this search box.

മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഐക്യം; യാമ്പുവില്‍ കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി

യാമ്പു: പതിനാല് വര്‍ഷമായി ഇരുചേരികളില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ് സംഘടനകളുടെ പ്രവാസി ഘടകങ്ങളായ ഇരുഇസ്‌ലാഹി സെന്ററുകളിലെ നേതാക്കളുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ വേറിട്ട പരിപാടിയായി. കേരളത്തില്‍ മുസ്‌ലിം സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ അനല്‍പമായ പങ്ക് വഹിച്ച മുജാഹിദ് പ്രസ്ഥാനം ഐക്യപ്പെടുന്നത് പ്രവാസ ലോകത്തെ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്കും വര്‍ധിച്ച സന്തോഷമാണ് നല്‍കുന്നത്. വര്‍ഷങ്ങളുടെ അകല്‍ച്ചക്ക് ശേഷം ഒരേ വേദിയില്‍ ഒരുമയോടെ സംഗമിച്ചപ്പോള്‍ പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം ചെയ്തും പ്രവര്‍ത്തകര്‍ സന്തോഷം പങ്കിട്ടു. സൗഹൃദങ്ങള്‍ പങ്ക് വെച്ചും ഐക്യ സന്ദേശം ഉള്‍കൊണ്ടും നടത്തിയ സംഘടനാ നേതാക്കളുടെ സംസാരം സദസ് ആകാംക്ഷയോടും ഏറെ പ്രതീക്ഷയോടും കൂടിയാണ് ചെവി യോര്‍ത്തത്. ആദര്‍ശ രംഗത്ത് കേരളത്തിലെ മതസാമൂഹിക പരിഷ്‌കരണ പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ഒന്നിക്കുന്നതിന്റെ പ്രാധാന്യവും ഉത്തരവാദിത്ത ബോധവും മഹത്തരമാണെന്ന് യോഗത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു. നവോത്ഥാന കേരളത്തില്‍ പഴയ കാല ഇസ്‌ലാഹി നേതാക്കള്‍ നേതൃപരമായി നടത്തിയ സാമൂഹ്യ ഇടപെടലുകള്‍ അനുസ്മരിക്കുകയും പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് വരേണ്ടതിന്റെ അനിവാര്യതയും സംഘടനാ നേതാക്കള്‍ പ്രവര്‍ത്തകരെ ഉണര്‍ത്തി.
ടി. കെ. മൊയ്തീന്‍ മുത്തനൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് കാവുമ്പുറം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യാമ്പു ജാലിയാത്ത് പ്രബോധകന്‍ അബ്ദുല്‍ മജീദ് സുഹ്‌രി കണ്‍വെന്‍ഷന്‍ നിയന്ത്രിച്ചു. ഡിസംമ്പര്‍ 20 തിന് കോഴിക്കോട് കടപ്പുറത്ത് നടക്കാനിരിക്കുന്ന മുജാഹിദ് ഐക്യസമ്മേളനത്തിന് യോഗത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇരുവിഭാഗവും യോജിച്ച് നടത്തുന്ന ഐക്യസമ്മേളനം ചരിത്ര സംഭവമായിമാറ്റാന്‍ സുമനസ്സുകളായ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് പൊതുസമൂഹത്തോട് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. പ്രബോധന പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ  സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും പ്രവാസ ലോകത്തും സജ്ജീവമായി ഒരുമയോടെ പ്രവര്‍ത്തിക്കുമെന്ന് സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനമെടുത്തു. ഇരുവിഭാഗം സംഘടനാനേതാക്കളായ ഷൈജു എം സൈനുദ്ദീന്‍, അബൂബക്കര്‍ മേഴത്തൂര്‍, അബ്ദുല്‍ വഹാബ്, മുബാറഖ് ഹംസ, അബ്ദുല്‍ അസീസ് സുല്ലമി, നിയാസ് പുത്തൂര്‍, നൗഫല്‍ പരീത്, ബഷീര്‍ പൂളപ്പൊയില്‍, ഉബൈദ് ഫാറൂഖി എന്നിവര്‍ സംസാരിച്ചു.

Related Articles