Current Date

Search
Close this search box.
Search
Close this search box.

മനുഷ്യത്വവും അലപ്പോയിലെ അവശിഷ്ടങ്ങള്‍ക്കടിയിലാണ്‌: എര്‍ദോഗാന്‍

അങ്കാറ: അലപ്പോയിലെ അവശിഷ്ടങ്ങള്‍ക്കടിയില്‍ അവിടത്തെ നിരപരാധികളായ കുട്ടികള്‍ മാത്രമല്ല, ലോക മനുഷ്യത്വവും മനസാക്ഷിയും അതിനടിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് തുര്‍ക്കി പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൂന്ന് ദശലക്ഷം അഭയാര്‍ഥികള്‍ക്കായി തുര്‍ക്കി അതിന്റെ കവാടങ്ങള്‍ തുറന്നു കൊടുത്തിട്ടുണ്ടെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തിനകത്തും ലോകത്തെമ്പാടുമുള്ള മുഴുവന്‍ മര്‍ദിതര്‍ക്കുമായി തുര്‍ക്കി അതിന്റെ കരങ്ങള്‍ നീട്ടിപ്പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ രാഷ്ട്രത്തിനും പൗരന്‍മാര്‍ക്കുമിടയിലുള്ള ബന്ധത്തില്‍ വലിയ കുതിച്ചു ചാട്ടം സാധിച്ചിട്ടുണ്ട്. മനുഷ്യവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കാനും നിയമനിര്‍മാണം നടത്താനും അനിവാര്യ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനും തുര്‍ക്കിക്ക് സാധിച്ചിട്ടുണ്ട്. മനുഷ്യാവകാശ സമിതി അത്തരത്തിലുള്ള പുതിയൊരു സംരഭമാണ്. എന്നും എര്‍ദോഗാന്‍ വിവരിച്ചു. ആളുകളെ അവരുടെ വിശ്വാസമോ ചിന്തയോ വംശമോ പരിഗണിക്കാതെ സമത്വത്തോടെ കാണുന്ന നിലപാടാണ് തന്റെ രാഷ്ട്രത്തിന്റേതെന്നും അദ്ദേഹം സൂചിപ്പിച്ചു. ജൂലൈ 15നുണ്ടായ അട്ടിമറി ശ്രമത്തിന് നേരെയുള്ള തുര്‍ക്കി ജനതയുടെ ചെറുത്തുനില്‍പ് അവര്‍ രാഷ്ട്രത്തെയും ജനാധിപത്യ മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും മുറുകെ പിടിക്കുന്നതില്‍ എത്രത്തോളം പ്രതിജ്ഞാബദ്ധരാണെന്നതിനെയാണ് കുറിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മഹത്വമുള്ള സൃഷ്ടിയെന്ന നിലയില്‍ മനുഷ്യനോട് ആദരവ് പ്രകടിപ്പിക്കുകയും അവന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുകയും അവന്റെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഉന്നതമായ മൂല്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles