Current Date

Search
Close this search box.
Search
Close this search box.

‘ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ’ സൗദിയില്‍ കര്‍ശനമായ പുതിയ നിയമങ്ങള്‍

റിയാദ്: ഭീകരതയെയും അതിന് സാമ്പത്തിക സഹായം നല്‍കുന്നതിനെയും ചെറുക്കുന്നതിന് സൗദി ഭരണകൂടം തയ്യാറാക്കിയ പുതിയ ഭീകരവിരുദ്ധ നിയമത്തിന്റെ പകര്‍പ്പ് ‘ഉക്കാദ്’ പത്രം പുറത്തുവിട്ടു. വിദ്യാഭ്യാസം, പരിശീലനം, സാമൂഹികം, മാധ്യമരംഗം തുടങ്ങിയ മേഖലകളിലെ തങ്ങളുടെ സ്ഥാനങ്ങള്‍ അതിനായി ഉപയോഗിക്കുന്നവര്‍ക്കെതിരെ 15 വര്‍ഷത്തില്‍ കുറയാത്ത തടവാണ് പുതിയ നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. ഒന്നോ അതിലേറെയോ ആളുകളുടെ മരണത്തിന് കാരണമാകുന്ന ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാവുന്നതാണ്. രാജാവിന്റെയോ കിരീടാവകാശിയുടെയോ മതവശ്വാസത്തെയോ നീതിയെയോ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവാണ് പുതിയ നിയമം അനുശാസിക്കുന്നത്.
ഭീകരപ്രവര്‍ത്തനത്തില്‍ ആയുധമോ സ്‌ഫോടക വസ്തുക്കളോ കൈവശം വെക്കുന്നത് 10 മുതല്‍ 30 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഭീകര പ്രവര്‍ത്തനത്തിന് ആളുകളെ സംഘടിപ്പിക്കുകയോ അതിന് നേതൃത്വം നല്‍കുകയോ ചെയ്യുന്നത് 10 മുതല്‍ 25 വര്‍ഷം വരെ തടവിന് അര്‍ഹനാക്കുന്ന കുറ്റമാണെന്നും റിപോര്‍ട്ട് വിവരിക്കുന്നു. ഭീകരപരിശീലനത്തിന് സ്ഥലം അനുവദിക്കുന്നതിനും അതിനുള്ള മറ്റ് ഭൗതിക സൗകര്യങ്ങളും സംവിധാനങ്ങളും സംഘടിപ്പിച്ചു കൊടുക്കുന്നതും ചുരുങ്ങിയത് 10 മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കുന്ന ഗുരുതര കുറ്റമായിട്ടാണ് നിയമം എണ്ണുന്നത്. അതുപോലെ ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നതും താമസസ്ഥലം അനുവദിക്കുന്നതും ചുരുങ്ങിയത് 10 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റമാണ്. അപ്രകാരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് 30 ലക്ഷം റിയാല്‍ മുതല്‍ ഒരു കോടി റിയാല്‍ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. പുതിയ നിയമത്തില്‍ സാക്ഷികള്‍ക്ക് വലിയ സംരക്ഷണമാണ് നല്‍കുന്നത്. പ്രതിയുടെയും അയാളുടെ അഭിഭാഷകന്റെയും സാന്നിദ്ധ്യമില്ലാതെ സാക്ഷിമൊഴി രേഖപ്പെടുത്താനും അതിന്റെ അടിസ്ഥാനത്തിലുള്ള റിപോര്‍ട്ട് സാക്ഷിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ കൈമാറാനുമുള്ള സംവിധാനമാണ് ഇതിലുള്ളതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles