Current Date

Search
Close this search box.
Search
Close this search box.

ഭരണകൂട ഭീകരതയുടെ നേരനുഭവങ്ങള്‍ പങ്കുവെച്ച് നിരപരാധികളുടെ ഒത്തുചേരല്‍

കോഴിക്കോട്: രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഭീകരമുദ്ര ചാര്‍ത്തപ്പെട്ട ശേഷം നിരപരാധികളെന്ന് കണ്ടെത്തി വിട്ടയക്കപ്പെട്ടവരുടെ ഒത്തുചേരല്‍ ഭരണകൂട ഭീകരതയുടെ ആഴം വ്യക്തമാക്കുന്നതായി. കോഴിക്കോട് ടാഗോര്‍ ഹാളില്‍ സാമൂഹിക പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമിക വിദഗ്ധരും പൊതുജനങ്ങളും പങ്കെടുത്ത പരിപാടിയിലാണ് നിരപരാധികള്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇന്നസെന്‍സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ സംഘടിപ്പിച്ച രണ്ടാം ജനകീയ െ്രെടബ്യൂണലിന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റാണ് ആഥിതേയത്വം വഹിച്ചത്.
തെറ്റായി പ്രതിചേര്‍ക്കപ്പെട്ട നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനപ്പുറം അവരെ പ്രതിചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായ നിയമനടപടികള്‍ ഉണ്ടാവാനും ആ ഉദ്യോഗസ്ഥരിലല്‍നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കാനുള്ള സംവിധാനവും ഉണ്ടാവേണ്ടതുണ്ടെന്ന് സൗത്ത് ഏഷ്യന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍ മേധാവി രവികുമാര്‍ നായര്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ചുള്ള കേവല റിപ്പോര്‍ട്ടുകള്‍ക്കപ്പുറം ഇത്തരം നിരപരാധികള്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകരെ സഹായിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ആദ്യം സംസാരിച്ചത് കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയും ഹുബ്ലി ഗൂഡാലോചന കേസില്‍ പെട്ട് ഏഴ് വര്‍ഷം ജയില്‍വാസം അനുഭവിക്കുകയും ചെയ്ത യഹ്‌യ കമ്മുക്കുട്ടിയായിരുന്നു. അറസ്റ്റിലായ ശേഷം കൊടിയ പീഡനങ്ങള്‍ക്ക് വിധേയമായതായും കോടതിയില്‍ നിന്നുപോലും ചില സന്ദര്‍ഭങ്ങളില്‍ അനീതി അനുഭവിച്ചതായും അദ്ദേഹം പറഞ്ഞു. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 18 മാസത്തോളം ജയിലില്‍ കിടക്കേണ്ടിവന്ന ഹൈദരാബാദ് സ്വദേശിയായ സയ്യിദ് ഇംറാനും പീഡനാനുഭവങ്ങളാണ് പങ്കുവെക്കാനുണ്ടായത്. ഒരു തെറ്റും ചെയ്യാതെ അറസ്റ്റിലായ തനിക്കെതിരെ പാക്കിസ്ഥാന്‍ ബന്ധം ആരോപിച്ച് മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പടച്ചതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ച ഡല്‍ഹി സ്വദേശിയായ ഇര്‍ഷാദ് അലിക്ക് പങ്കുവെക്കാനുണ്ടായത് വ്യത്യസ്ത അനുഭവമായിരുന്നു. മുസ്‌ലിം ഗ്രാമങ്ങളില്‍ നിന്ന് യുവാക്കളെ ഭീകരവാദത്തിന് പ്രേരിപ്പിക്കാനുള്ള അധികൃതരുടെ ആവശ്യം അംഗീകരിക്കാതിരുന്നതോടെയാണ് താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള ജയ്പൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട റാഷിദ് ഹുസൈന്‍ താന്‍ ഇരയെന്ന് വിളിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല. ഇന്‍ഫോസിസ് ജീവനക്കാരനായിരുന്ന ഇദ്ദേഹം കള്ളക്കേസില്‍ നിന്ന് രക്ഷപ്പെട്ടതും ജോലി തുടരാനനുവദിക്കാത്ത കമ്പനിക്കെതിരെ നടത്തിയ പോരാട്ടങ്ങളും സദസ്സുമായി പങ്കുവെച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ വര്‍ഗീയതക്കെതിരെ ശബ്ദിച്ചതിനാല്‍ വ്യാജാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അനുഭവങ്ങളാണ് മലയാളിയായ ശാഹുല്‍ ഹമീദിന് പറയാനുണ്ടായിരുന്നത്. പൊതു ഇടത്തില്‍ നടന്ന പരിപാടിയുടെ പേരില്‍ വര്‍ഷങ്ങളോളം വേട്ടയാടപ്പെട്ട അനുഭവം പാനായിക്കുളം കേസില്‍ വിട്ടയക്കപ്പെട്ട നിസാര്‍ പങ്കുവെച്ചു. ഗുജറാത്ത് കലാപ ഇരകള്‍ക്ക് വേണ്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ അധികൃതരുടെ പ്രതികാരത്തിന് വിധേയനായത് അഹമ്മദബാദ് ടിഫിന്‍ ബോക്‌സ് കേസില്‍ വിട്ടയക്കപെട്ട ഹനീഫ് പകട്‌വാല പങ്കുവെച്ചു. മാലേഗാവ് സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട അബ്‌റാര്‍ അഹമ്മദും അനുഭവങ്ങള്‍ െ്രെടബ്യൂണലില്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന പാനല്‍ ഡിസ്‌കഷനില്‍ രവി നായര്‍(സൗത്ത് ഏഷ്യന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍, ലീഹ്(ആംനസ്റ്റി ഇന്റര്‍നാഷണല്‍), പി.എ. പൗരന്‍(പി.യു.സി.എല്‍), വില്‍ഫ്രഡ് ഡി കോസ്റ്റ(ഇന്‍സാഫ്), എസ്.പി. ഉദയകുമാര്‍(പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് നൂക്ലിയാര്‍ എനര്‍ജി), അഡ്വ. ശുഹൈബ്(റിഹായിമഞ്ച്), കെ.പി. ശശി(കൗണ്ടര്‍ കറന്‍സ്), അഡ്വ. ബാലന്‍, വിളയോടി ശിവന്‍കുട്ടി(എന്‍.സി.എച്ച്.ആര്‍.ഒ), അബ്ദുല്‍ മജീദ് നദ്‌വി(മൈനോരിറ്റി റൈറ്റ് വാച്ച്), സാദിഖ് ഉളിയില്‍(സോളിഡാരിറ്റി) എന്നിവര്‍ സംസാരിച്ചു.
ഡോ. എം.ജി.എസ് നാരായണന്‍, ഡോ. കെ.എസ്. സുബ്രഹ്മണ്യന്‍ ഐ.പി.എസ്, രവിവര്‍മ കുമാര്‍, പ്രഫസര്‍. എം.വി. നാരായണന്‍, ഡോ. സജ്ജാദ് ഹസന്‍ ഐ.എ.എസ്, അഡ്വ. വസുധ നാഗരാജ് എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു. ഇന്ത്യന്‍ ക്രിമിനല്‍ നിയമ വ്യവസ്ഥ ആഴത്തിലുള്ള പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തീവ്രവാദക്കേസുകളില്‍ മുസ്‌ലിം സമുദായം ബോധപൂര്‍വം ഉന്നംവെക്കപ്പെടുന്നുണ്ടുവെന്നും ജൂറി നിരീക്ഷിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ പരിപാടിയില്‍ ആമുഖ പ്രഭാഷണം നടത്തി. സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ മനീഷാ സേഥി, ഇന്നസെന്‍സ് നെറ്റ്‌വര്‍ക്ക് ഭാരവാഹികളായ ഫവാസ് ശഹീന്‍, ശാരിബലി, ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ. സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles