Current Date

Search
Close this search box.
Search
Close this search box.

ബി.എച്ച്.യു വിദ്യാര്‍ഥിനികള്‍ക്ക് നേരെയുള്ള പോലീസ് നടപടി അപലപനീയം: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ലാത്തിചാര്‍ജ്ജ് നടത്തിയ പോലീസ് നടപടിയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രതിഷേധം രേഖപ്പെടുത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ സ്വീകരിച്ച തെറ്റായ സമീപനത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. വിദ്യാര്‍ഥിനികള്‍ക്ക് നേരെ പോലീസും സുരക്ഷാ ജീവനക്കാരും നടത്തിയ ലാത്തിചാര്‍ജ്ജ് അപലപനീയമാണ്. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച്ച നടത്താനും അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാനും വിസമ്മതിക്കുന്ന സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിലപാട് തീര്‍ത്തും അനാവശ്യമാണ്. സര്‍വകലാശാല അധികൃതരുടെ അനാസ്ഥയും ധിക്കാരപരമായ സമീപനത്തെയുമാണത് കുറിക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെ അടിച്ചമര്‍ത്താനാണ് അധികൃതര്‍ താല്‍പര്യപ്പെടുന്നത് എന്ന് വ്യക്തമാക്കുന്നതാണ് പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ 1000 എഫ്.ഐ.ആര്‍ ചുമത്തിയ നടപടി. എന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അവിടത്തെ സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ സമ്പൂര്‍ണ അന്വേഷണം നടത്തുകയും സാധ്യമാകുന്നത്ര വേഗത്തില്‍ അത് പരസ്യപ്പെടുത്തുകയും വേണം. കുറ്റവാളികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എത്ര പ്രിയപ്പെട്ടവരാണെങ്കിലും തക്കതായ ശിക്ഷ അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച മൗനത്തെയും അദ്ദേഹം വിമര്‍ശിച്ചു.
പുറത്തുനിന്ന് വന്ന മൂന്നംഗ സംഘം കാമ്പസില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രതിഷേധം ശക്തമാവുകയായിരുന്നു. സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പെണ്‍കുട്ടികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Related Articles