Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്ന് ശിയാ വഖഫ് ബോര്‍ഡ്

ലഖ്‌നോ: പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബരി മസ്ജിദ് ശിയാ വഖഫ് സ്വത്താണെന്നും എഴുപത് വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് -രാമജന്മ ഭൂമി കേസില്‍ സജീവമായി രംഗത്തുള്ള സുന്നി വഖഫ് ബോര്‍ഡ് ഇടക്കുകടന്നുകൂടിയവരാണെന്നും സുപ്രീം കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ഉത്തര്‍പ്രദേശ ശിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പറഞ്ഞു. തീവ്രനിലപാടുകാരും മതഭ്രാന്തന്മാരും അവിശ്വാസികളുമായ അവര്‍ കേസില്‍ കക്ഷിയായിട്ടുള്ള ഹിന്ദു വിഭാഗവുമായി രമ്യമായ പരിഹാരം ആഗ്രഹിക്കുന്നില്ലെന്നും ശിയാ ബോര്‍ഡ് ആരോപിച്ചു. സുന്നീ വഖഫ് ബോര്‍ഡില്‍ നിന്ന് ഭിന്നമായി ഹിന്ദു വിഭാഗവുമായി സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമായി അടുത്ത ബന്ധമുള്ള ശിയാ വഖഫ് ബോര്‍ഡ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്‍, എം. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.
ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കണം എന്ന നിര്‍ദേശവും ബോര്‍ഡ് മുന്നോട്ടു വെച്ചു. പള്ളി സ്ഥിതി ചെയ്തിരുന്ന ഭൂമിയില്‍ നിന്ന് ഉചിതമായ സ്ഥലത്ത് മുസ്‌ലിം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ തന്നെ ക്ഷേത്രം നിര്‍മിക്കാമെന്ന നിലപാടാണ് ശിയാ ബോര്‍ഡ് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈയൊരു നിലപാടെന്നും 30 പേജ് വരുന്ന സത്യവാങ്മൂലം സൂചിപ്പിച്ചു.

Related Articles