Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാരുടെ സെല്ലുകളിലും ഇസ്രയേല്‍ സൈന്യത്തിന്റെ അതിക്രമം

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട ഫലസ്തീനിലെ റംലയിലുള്ള നിറ്റ്‌സാന്‍ ജയിലില്‍ നിരാഹാരത്തില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ സെല്ലുകളില്‍ വെള്ളിയാഴ്ച്ച വൈകിയിട്ട് ഇസ്രയേല്‍ സൈനികര്‍ ഇരച്ചുകയറിയതായി തടവുകാരുടെയും മുന്‍തടവുകാരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മീഷന്‍ (Commission for Detainees and Ex-Detainees Affairs) വ്യക്തമാക്കി. നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തടവുകാര്‍ക്കെതിരെ ഇസ്രയേല്‍ ജയില്‍ വകുപ്പ് കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ റെയ്ഡുകളും വ്യാപകമായ പരിശോധനകളും നടത്തുന്നുണ്ടെന്നും കമ്മീഷന്റെ പ്രസ്താവന പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ മുമ്പെങ്ങുമില്ലാത്ത അടിച്ചമര്‍ത്തല്‍ നടപടികളാണ് ഇസ്രയേല്‍ ജയിലുകളില്‍ നടക്കുന്നതെന്നാണ് അവിടെ നിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്ന് തടവുകാരുടെ നിരാഹാരം നിരീക്ഷിക്കുന്ന മാധ്യമ വേദി അംഗം അമാനി സറാഹിന പറഞ്ഞു. പോലീസ് നായ്ക്കളുമായി ഒരു മണിക്കൂറില്‍ നാല് തവണ തടവുകാരുടെ സെല്ലുകളില്‍ ഇസ്രയേല്‍ അതിക്രമം നടത്തിയെന്നും അവര്‍ സൂചിപ്പിച്ചു.
ഫതഹ് പാര്‍ട്ടിയുടെ കേന്ദ്ര സമിതി അംഗം മര്‍വാന്‍ ബര്‍ഗൂഥിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരാണ് അഞ്ച് ദിവസമായി നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജയിലിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഈ നിരാഹാരം. അതോടൊപ്പം വെസ്റ്റ്ബാങ്കില്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ജനകീയ പരിപാടികളും നടക്കുന്നുണ്ട്.

Related Articles