Current Date

Search
Close this search box.
Search
Close this search box.

പിന്നോക്കം നില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്തല്‍ ദേശീയോദ് ഗ്രഥന പ്രവര്‍ത്തനം: ടി. ആരിഫലി

മനാമ: പിന്നോക്കം നില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍  ദേശീയോദ് ഗ്രഥന  പ്രവര്‍ത്തനമാണെന്ന് ഹ്യൂമണ്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ജന. സെക്രട്ടറി ടി. ആരിഫലി വ്യക്തമാക്കി. വിഷന്‍ 2026 ബഹ് റൈന്‍ ചാപ്റ്റര്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍, കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് നടത്തിയ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ പിന്നോക്കമായി പോയ ജന വിഭാഗങ്ങള്‍ എമ്പാടുമുള്ള രാജ്യമാണ് നമ്മുടേത്. പണക്കാരന്‍ കൂടുതന്‍ പണക്കാരനാവുകയും ദരിദ്രര്‍ കൂടുതല്‍  ദാരിദ്ര്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

 പതിത കോടികളെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളിലൂടെ ശാക്തീകരിക്കാനും സ്വന്തം കാലില്‍ നില്‍ക്കാന്‍  പ്രാപ്തമാക്കുകയെന്നതുമാണ് വിഷന്‍ 2026 പദ്ധതി വഴി ലക്ഷ്യമിടുന്നത്. 2006ല്‍ തുടക്കമിട്ട വിഷന്‍ 2016 ന്റെ  പ്രവര്‍ത്തനങ്ങള്‍ വിജയത്തിലത്തെിയ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ വിഷന്‍ 2026 പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ   ഉള്ളിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ അവരനുഭവിക്കുന്ന പലതരത്തിലുള്ള വേദനകളും പ്രയാസങ്ങളും സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞതിന് ശേഷവും അപരിഹാര്യമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാര്‍ പദ്ധതികളെ കൂടി സംയോജിപ്പിച്ചു കൊണ്ടുള്ള ഗ്രാമ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അതീവ പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങളെ സുസ്ഥിര വികസനത്തിലേക്ക് എത്തിക്കുകയെന്നതാണ് വിഷന്‍ 2026 പദ്ധതി വഴി ലക്ഷ്യമിടുന്നത്. ശുദ്ധജലം ലഭിക്കാത്തത് കൊണ്ട് പലവിധ രോഗങ്ങള്‍ക്കും അടിപ്പെട്ടുപോയ അവസ്ഥയുള്ള ഗ്രാമങ്ങളുണ്ട്. വിദ്യാഭ്യാസ സംവിധാനങ്ങളുണ്ടായിട്ടും ദാരിദ്ര്യത്തിന്റെ  പേരില്‍  അത് തുടരാന്‍  സാധിക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിന് സ്‌കൂള്‍ കിറ്റ് പദ്ധതി പോലുള്ളവയിലുടെ പരിഹാരം കാണാനും ശ്രമം നടത്തുന്നുണ്ട്. ഉത്തരേന്ത്യയിലെ അതിശൈത്യം, വെള്ളപ്പൊക്കം എന്നിവ മൂലം നിരവധി പേര്‍ മരണത്തിന് കീഴടങ്ങുന്നുണ്ട്. സുസ്ഥിര വികസന പദ്ധതികളിലൂടെ ഇതിന് തടയിടാന്‍  സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത സമൂഹങ്ങളിലും പ്രദേശങ്ങളിലും വിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ മനുഷ്യ വിഭവശേഷിയും സാമ്പത്തിക സ്രോതസ്സുകളും പരമാവധി അവിടെ നിന്നുതന്നെ കണ്ടത്തെി പദ്ധതികളുടെ സുസ്ഥിരത ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളൊരുക്കുകയെന്നതും വിഷന്‍ 2026 ന്റെ  പ്രത്യേകതയാണ്.

സുമനസ്സുകളുടെ കാരുണ്യം പെയ്തിറങ്ങുകയും അതുവഴി പതിതാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് താങ്ങും തണലും നല്‍കി സമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കുവാനും അദ്ദേഹം ഉണര്‍ത്തി. പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നവര്‍ക്ക് നല്‍കുന്ന പ്രതിഫലം പ്രതീക്ഷയായി കൂടെയുണ്ടാകണമെന്നും സഹായം സ്വീകരിക്കുന്നവരുടെ മുഖത്തു വിടരുന്ന പുഞ്ചിരി ജീവിതത്തിന്‍ന്റെ  കരുത്തായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വലിച്ചു കെട്ടിയ ടെന്റുകള്‍ വീടാക്കി വൃത്തിഹീനമായ അന്തരീക്ഷത്തിലും ദാരിദ്ര്യത്തിന്റെ  ദൈന്യതയിലും കഴിയുന്നവരെ സാധാരണ ജീവിതത്തിലേക്കെങ്കിലുമത്തെിക്കുകയെന്ന ദൗത്യത്തില്‍, നാടിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന നമുക്ക് ഇന്ത്യക്കാരായ ഇത്തരം സഹോദരങ്ങളെ മറക്കാതിരിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ ബിലാല്‍ സലീമിന്റെ  ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍  ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ് വി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം.എം സുബൈര്‍ സ്വാഗമാശംസിക്കുകയും വിഷന്‍ 2026 സെക്രട്ടറി കെ.കെ മമ്മുണ്ണി സമാപനവും നടത്തി. വിഷന്‍ പി.ആര്‍ മാനേജര്‍ ഡോ. റിദ് വാന്‍  അഹ്മദ് റഫീഖി, പി.എസ് നൂറുദ്ദീന്‍, വിഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ സെക്രട്ടറി എ. അഹ് മദ് റഫീഖ്, ഫ്രന്റ്‌സ് വൈസ് പ്രസിഡന്റുമാരായ സഈദ് റമദാന്‍ നദ് വി , ഇ.കെ സലീം, യൂത്ത് ഇന്ത്യ പ്രസിഡന്റ് യൂനുസ് സലീം എന്നിവര്‍  ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. ബദ് റുദ്ദീന്‍ നന്ദി പ്രകാശനം നടത്തിയ പരിപാടി എ.എം ഷാനവാസ് നിയന്ത്രിച്ചു. എ. അഹ്മദ് റഫീഖ്, വി. അബ്ദുല്‍ ജലീല്‍, എം. അബ്ബാസ്, സാജിദ് നരിക്കുനി എന്നിവര്‍  നേതൃത്വം നല്‍കി.  

 

Related Articles