Current Date

Search
Close this search box.
Search
Close this search box.

‘നന്മയുടെ ലോകം ഞങ്ങളുടേത്’ ടീന്‍ ഇന്ത്യ കേരള കൗമാര സമ്മേളനം 15,16 തീയതികളില്‍

മലപ്പുറം:കൗമാര കാലഘട്ടത്തെ നന്മയുടെ പാതയിലൂടെ വഴി നടത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച ടീന്‍ ഇന്ത്യയുടെ കേരള കൗമാര സമ്മേളനം 15,16 തീയതികളില്‍ മലപ്പുറത്ത് വച്ച് നടക്കും.

ഒന്നര ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിനിധി സമ്മേളനം ഏപ്രില്‍ 15ന് രാവിലെ മലപ്പുറം വിദ്യാനഗര്‍ പബ്ലിക് സ്‌കൂളില്‍ മുഖ്യ രക്ഷാധികാരി എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ. റഹ്മത്തുന്നീസ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
 
16ന് ഘോഷയാത്രയോടു കൂടി സമാപിക്കുന്ന പ്രതിനിധി സമ്മേളനത്തിനു ശേഷം മലപ്പുറം കോട്ടക്കുന്നില്‍ പൊതുസമ്മേളനം സ്റ്റുഡന്റ്സ് സര്‍ക്കിള്‍ അഖിലേന്ത്യാ രക്ഷാധികാരി എസ്.എസ്. ഹുസൈനി ഉദ്ഘാടനം ചെയ്യും.  അന്താരാഷ്ട്ര മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ്, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡണ്ട് നഹാസ് മാള എന്നിവര്‍ പങ്കെടുക്കും. കലയും സാഹസികതയും ഇഴചേര്‍ന്ന കലാസന്ധ്യയോടു കൂടിയാണ് സമ്മേളനം സമാപിക്കുക.

ബ്ലാക്ക് & വൈറ്റ്, സ്‌ക്വയര്‍, ഹൊറൈസണ്‍, സ്ഫിയര്‍, അറീന, ഫെയ്സ് ടു ഫെയ്സ് എന്നീ ആറു പ്ലാനറ്റുകളിലായി മൂല്യങ്ങളുടെ പാഠശാല, സിനിമാ പാഠശാല, സാംസ്‌കാരിക പാഠശാല, കായികം & ആരോഗ്യം, ഉപരിപഠനം, മുഖാമുഖം തുടങ്ങി കൗമാര ഊര്‍ജത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ അംഗങ്ങളെ പ്രാപ്തരാക്കുന്ന രൂപത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഈ പ്രത്യേക വളര്‍ച്ചാഘട്ടത്തില്‍ നന്മയുടെയും വിവേകത്തിന്റെയും വിത്തുകള്‍ പാകി കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഒരു സംഘമായി വളര്‍ത്തുക എന്നതാണ് ടീന്‍ ഇന്ത്യ കൊണ്ട് ഉദ്ദേശിക്കുന്നത്.
ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഘത്തെ കേരളത്തിനു സമര്‍പ്പിക്കുന്നതോടൊപ്പം കെട്ടിലും മട്ടിലും അഴകും ഗാംഭീര്യവുമുള്ള ഒരു സമ്മേളനമാണ് ടീന്‍ ഇന്ത്യ നടത്തുന്ന ഈ പ്രഥമ സംസ്ഥാന സമ്മേളനമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടീന്‍ ഇന്ത്യ സംസ്ഥാന ക്യാപ്റ്റന്‍ വി.എ. ജവാദ് എറണാകുളം, സംസ്ഥാന വൈസ് ക്യാപ്റ്റന്‍ അഫ്നാന്‍ ടി.കെ. പാലക്കാട്, നദ ഫാത്തിമ, മീഡിയാ കണ്‍വീനര്‍ വഹീദാ ജാസ്മിന്‍, കേരള കൗമാര സമ്മേളനം ജനറല്‍ കണ്‍വീനര്‍ ജലീല്‍ മോങ്ങം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Related Articles