Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ ജനാധിപത്യം വെല്ലുവിളി നേരിടുന്നു: മുന്‍ പ്രസിഡന്റ്

തൂനിസ്: തുനീഷ്യയിലെ ജനാധിപത്യം വഞ്ചിക്കപ്പെട്ടതും വെല്ലുവിളി നേരിടുന്നതുമാണെന്ന് മുന്‍ തുനീഷ്യന്‍ പ്രസിഡന്റും പ്രതിപക്ഷ പാര്‍ട്ടിയായ അല്‍ഇറാദയുടെ അധ്യക്ഷനുമായ മുന്‍സിഫ് മര്‍സൂഖി. 2014ന്റെ അവസാനത്തില്‍ നടന്ന തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണകക്ഷികള്‍ക്കെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് അന്തര്‍ദേശീയവും പ്രാദേശികവുമായ വാര്‍ത്താ ഏജന്‍സികളെ വിളിച്ചു ചേര്‍ത്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വഞ്ചനാത്മകമായ രാഷ്ട്രീയ ഒത്തുതീര്‍പ്പിലൂടെ ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്ന് പ്രസിഡന്റ് ബാജി ഖാഇദ് സിബ്‌സിയുടെ നിര്‍ദേശമനുസരിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഐക്യസര്‍ക്കാര്‍ രൂപീകരിച്ചതിലേക്ക് സൂചന നല്‍കി കൊണ്ട് മര്‍സൂഖി പറഞ്ഞു. തുനീഷ്യയെ കുറിച്ച തെറ്റായ ചിത്രം പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ വിപ്ലവത്തെ വളരെ മൃദുവായി കൊലപ്പെടുത്തുകയാണ്. തുനീഷ്യയെ കുറിച്ച് അവര്‍ നല്‍കുന്ന ചിത്രം തെറ്റാണെന്നും ഇവിടെ ജനാധിപത്യം വഞ്ചിക്കപ്പെടുകയും വെല്ലുവിളിക്കപ്പെടുകയുമാണെന്ന കാര്യമാണ് പുറം ലോകത്തോട് പ്രതിപക്ഷ അംഗമെന്ന നിലയില്‍ എനിക്ക് ഉണര്‍ത്താനുള്ളത്. ബ്ലോഗര്‍മാരെ വിചാരണക്ക് വിധേയരാക്കുക, സോഷ്യല്‍ മീഡിയ പേജുകള്‍ അടച്ചുപൂട്ടുക, രാഷ്ട്രീയ നേതാക്കളുടെ സംഭാഷണങ്ങള്‍ക്ക് പ്രാദേശിക ചാനലുകളില്‍ വിലക്കേര്‍പ്പെടുത്തുക തുടങ്ങിയ നടപടികളുടെ ഫലമായി രണ്ടു വര്‍ഷത്തിനിടെ സ്വാതന്ത്ര്യത്തിന്റെ തോത് ശ്രദ്ധേയമായ രീതിയില്‍ ചുരുങ്ങിയിരിക്കുകയാണ്. എന്ന് അദ്ദേഹം വിശദീകരിച്ചു.
മര്‍സൂഖിയുമായി ചാനല്‍ 9 നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് തടയാന്‍ ചില രാഷ്ട്രീയ കക്ഷികള്‍ സമ്മര്‍ദം ചെലുത്തിയതായി രണ്ട് ദിവസം മുമ്പ് മര്‍സൂഖി ആരോപിച്ചിരുന്നു. രാജ്യത്തെ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും കൂടിയാലോചകരുടെ ഭാഗത്തു നിന്നാണ് സമ്മര്‍ദം ഉണ്ടായതെന്ന് ചാനല്‍ കേന്ദ്രങ്ങളും വ്യക്തമാക്കി.
സ്വാതന്ത്ര്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഏകാധിപത്യത്തിലേക്ക് പോവുകയാണ് പ്രസിഡന്റ് സിബ്‌സി എന്നതാണ് തുനീഷ്യന്‍ പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന വിമര്‍ശനം. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി യുവാക്കളും രാഷ്ട്രീയ ശക്തികളും രംഗത്തിറങ്ങണമെന്നും മര്‍സൂഖി ആഹ്വാനം ചെയ്തു. 2019ല്‍ പാര്‍ലമെന്റിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കും നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പുകള്‍ ഒന്നുകില്‍ ജനാധിപത്യത്തിന്റെ തുടക്കമാവും അല്ലെങ്കില്‍ അവസാനമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles