Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ അല്‍ബൂഅസീസി മോഡല്‍ ആത്മാഹുതി ശ്രമം; പ്രതിഷേധവുമായി ജനങ്ങള്‍

തുനീഷ്യ: തുനീഷ്യന്‍ വിപ്ലവത്തിന് തിരികൊളുത്തിയ മുഹമ്മദ് അല്‍ബൂഅസീസിയുടെ മാതൃക അനുകരിച്ച് തുനീഷ്യയില്‍ ഉന്തുവണ്ടി കച്ചവടക്കാരന്‍ സ്വയം തീ കൊളുത്തി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഉന്തുവണ്ടിയില്‍ പഴങ്ങള്‍ കച്ചവടം ചെയ്യുന്ന യുവാവ് തീ കൊളുത്തിയത്. തുനീഷ്യന്‍ തലസ്ഥാന നഗരിയുടെ 35 കിലോമീറ്റര്‍ അകലെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് തിബുര്‍ബ പ്രവിശ്യയില്‍ പോലീസിനെതിരെ കടുത്ത പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ടിയര്‍ ഗ്യാസ് പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടതെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.
സ്‌ട്രോബറി പഴങ്ങള്‍ വില്‍ക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പോലീസ് ആസ്ഥാനത്തിന് മുമ്പില്‍ ചെന്ന് ശരീരത്തിന് തീ കൊളുത്തുകയാണ് യുവാവ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തിയിട്ടുണ്ട്. കടുത്തജനകീയ പ്രതിഷേധത്തിനും മുന്‍ തുനീഷ്യന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിലേക്കും നയിച്ച തുനീഷ്യന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച മുഹമ്മദ് അല്‍ബൂഅസീസിയുടെ ഓര്‍മയാണ് സംഭവം തുനീഷ്യന്‍ ജനമനസ്സുകളിലേക്ക് മടക്കി കൊണ്ടുവരുന്നത്. കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന ഉന്തുവണ്ടി പോലീസ് കണ്ടുകെട്ടിയതിനെ തുടര്‍ന്നായിരുന്നു അല്‍ബൂഅസീസിയുടെ ആത്മാഹുതി.
തിബുര്‍ബയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ നൂറുകണക്കിന് യുവാക്കള്‍ വാഹനങ്ങളുടെ ടയറുകള്‍ കത്തിച്ച് റോഡുകള്‍ തടസ്സപ്പെടുത്തുകയും സുരക്ഷാ വിഭാഗത്തിന് നേരെ കല്ലേറ് നടത്തുകയും റെയില്‍വേ പാളങ്ങള്‍ ഉപരോധിക്കുകയും ചെയ്തു. വിപ്ലവത്തെ തുടര്‍ന്ന് തുനീഷ്യ ജനാധിപത്യ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ടെങ്കിലും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കടുത്ത പ്രയാസം അനുഭവിക്കുന്നവരാണ് മിക്ക പൗരന്‍മാരും. ഇതേസമയം തുനീഷ്യയുടെ തെക്കുഭാഗത്ത് തൊഴിലവസരങ്ങള്‍ ആവശ്യപ്പെട്ടും പ്രകൃതി വിഭവങ്ങളില്‍ നിന്നുള്ള ഓഹരി ആവശ്യപ്പെട്ടും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രകൃതി വിഭവങ്ങളുടെ ഉല്‍പാദനം കുറയാതിരിക്കാന്‍ അത്തരം കേന്ദ്രങ്ങള്‍ക്ക് സൈന്യത്തിന്റെ സംരക്ഷണം ഒരുക്കുമെന്ന് തുനീഷ്യന്‍ പ്രസിഡന്റ് ബാജി ഖായിദ് അസ്സിബ്‌സി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Related Articles