Current Date

Search
Close this search box.
Search
Close this search box.

തടവുകാരുടെ ആവശ്യം പരിഗണിക്കാന്‍ ഇസ്രയേലിന് 24 മണിക്കൂര്‍ നല്‍കി അല്‍ഖസ്സാം

ഗസ്സ: ഇസ്രയേല്‍ ജയിലില്‍ നിരാഹാരം സമരം നടത്തുന്ന ഫലസ്തീന്‍ തടവുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇസ്രയേലിന് 24 മണിക്കൂര്‍ സാവകാശം നല്‍കി ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാമിന്റെ അന്ത്യശാസനം. ബുധനാഴ്ച്ച തടവുകാര്‍ക്ക് വേണ്ടിയുള്ള രോഷപ്രകടനത്തിന്റെ ദിനമായി ആചരിക്കാനും പൊതുജനങ്ങളോട് അല്‍ഖസ്സാം ആഹ്വാനം ചെയ്തു.
”തടവുകാരുടെ ന്യായവും നിയമപരവുമായ ആവശ്യങ്ങള്‍ അവഗണിക്കുന്നതിനെതിരെ ശത്രുവിന് മുന്നറിയിപ്പ് നല്‍കുകയാണ് ഞങ്ങള്‍. തടവുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ശത്രുപക്ഷത്തെ നേതാക്കള്‍ക്ക് 24 മണിക്കൂര്‍ സാവകാശം നല്‍കുകയാണ് ഞങ്ങളെന്ന് വ്യക്തമാക്കുന്നു.” എന്ന് അല്‍ഖസ്സാം ഔദ്യോഗിക വക്താവ് അബൂഉബൈദയുടെ ചൊവ്വാഴ്ച്ച വൈകിയിട്ട് പുറത്തുവന്ന വീഡിയോ ടേപ് വ്യക്തമാക്കി. തടവുകാരുടെ ആവശ്യത്തിന് ഉത്തരം ചെയ്യാന്‍ വൈകുന്ന ഓരോ ദിവസത്തിനും അല്‍ഖസ്സാം ശത്രുവിനെ കൊണ്ട് വിലയൊടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് തടവുകാര്‍ക്കൊപ്പം നിലകൊള്ളുകയും അവരെ സഹായിക്കുകയും ചെയ്യുമെന്നും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഗസ്സക്ക് മേലുള്ള ഉപരോധം എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഗസ്സയില്‍ നടന്ന റാലികളെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. തടവുകാര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും വരെ പോരാടുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ടേപ് അവസാനിക്കുന്നത്.
ജയിലിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണെന്നാവശ്യപ്പെട്ട് ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂഥിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 17നാണ് ഫലസ്തീന്‍ തടവുകാര്‍ കൂട്ട നിരാഹാരം ആരംഭിച്ചത്.

Related Articles