Current Date

Search
Close this search box.
Search
Close this search box.

ജി.സി.സി രാജ്യങ്ങളുടെ ഉപരോധം നിഷ്ഫലം: ഖത്തര്‍ അമീര്‍

മ്യൂണിക്: ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിഷ്ഫലമായെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. മാസങ്ങളായുള്ള ഉപരോധം മേഖലയിലെ സുരക്ഷിതത്വത്തെയും സാമ്പത്തിക കാഴ്ച്ചപ്പാടിനെയും തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജര്‍മനിയിലെ മ്യൂണിക്കില്‍ വച്ച് നടക്കുന്ന മ്യൂണിക് സുരക്ഷ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തര്‍ തങ്ങളുടെ പരമാധികാരം സംരക്ഷിച്ചു. ഉപരോധം പാഴായിപ്പോവുകയാണുണ്ടായത്. തങ്ങളുടെ രാജ്യത്തെ ജനങ്ങളെ പ്രയാസപ്പെടുത്താന്‍ ഉപരോധ രാജ്യങ്ങള്‍ ശ്രമിക്കുകയാണുണ്ടായത്. അറബ് രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം വേണം. പശ്ചിമേഷ്യയെ നിലവിലെ അവസ്ഥയില്‍ നിന്നും തിരിച്ചുകൊണ്ടുവരണം. അതിനായി എല്ലാവരും കൂട്ടായി ശ്രമിക്കണം അദ്ദേഹം പറഞ്ഞു.

ഭിന്നതകള്‍ മറന്ന് പശ്ചിമേഷ്യയും യൂറോപ്യന്‍ യൂണിയന്‍ മാതൃകയില്‍ സുരക്ഷ ഉടമ്പടി രൂപീകരിച്ച് മേഖലയെ ശക്തിപ്പെടുത്തണം. കഴിഞ്ഞതെല്ലാം മറന്ന് സമാധാനവും ഐശ്വര്യവും പുലരുന്ന തലത്തിലേക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഉപരോധം ആരംഭിച്ചത്. ഇതോടെയാണ് ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി ആരംഭിക്കുന്നത്. സൗദി,യു.എ.ഇ,ബഹ്‌റൈന്‍,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് വ്യോമ-കടല്‍-കര-നയതന്ത്ര മേഖലകളില്‍ ഉപരോധമാരംഭിച്ചത്.

 

Related Articles