Current Date

Search
Close this search box.
Search
Close this search box.

ജി.സി.സിയുടെ അഖണ്ഡത നിലനിര്‍ത്തണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ ടെലിഫോണില്‍ വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗള്‍ഫ് പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. പ്രദേശത്തിന്റെ സുസ്ഥിരത മുന്‍നിര്‍ത്തി ചര്‍ച്ചയിലൂടെ അനുരഞ്ജനമുണ്ടാക്കാന്‍ കുവൈത്ത് നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലെ പുതിയ സംഭവ വികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ജി.സി.സി രാഷ്ട്രങ്ങളുടെ അഖണ്ഡതയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന ട്രംപിന്റെ വാക്കുകളെ ഖത്തര്‍ അമീര്‍ സ്വാഗതം ചെയ്തു.
ട്രംപ് അമീറുമായി നടത്തിയ സംഭാഷണം ക്രിയാത്മകമായിരുന്നുവെന്നും ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി അബ്ദുറഹ്മാന്‍ ആല്‍ഥാനി സൂചിപ്പിച്ചു. ഖത്തറിനെ സൈനികമായി നേരിടാന്‍ ഉപരോധ രാഷ്ട്രങ്ങള്‍ക്ക് ഉദ്ദേശ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ ഖത്തര്‍ മന്ത്രി ദുഖം രേഖപ്പെടുത്തുകയും ചെയ്തു. എല്ലാവരുടെയും സുരക്ഷയും സഹകരണവും മുന്‍നിര്‍ത്തി രൂപീകരിക്കപ്പെട്ട ജി.സി.സിയുടെ അടിസ്ഥാനങ്ങള്‍ക്ക് നിരക്കാത്ത കാര്യമാണതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ അതിന്റെ പരമാധികാരം അംഗീകരിച്ചു കൊണ്ടുള്ള ഏത് ചര്‍ച്ചക്കും തയ്യാറാണെന്ന് വ്യാഴാഴ്ച്ച ട്രംപിനൊപ്പം വാഷിംഗ്ടണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കുവൈത്ത് അമീര്‍ വ്യക്തമാക്കിയിരുന്നു.

Related Articles