Current Date

Search
Close this search box.
Search
Close this search box.

ചെമ്പരിക്ക അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം: സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമധ്യേ ഇപ്പോള്‍ വെളിച്ചെത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ദ അന്വേഷണം നടത്തി മൗലവിയുടെ ഘാതകരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തുടക്കം മുതലെ ശ്രമം നടത്തിയിരുന്നു എന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചനകള്‍. മൗലവി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും സമസ്തയും പോഷക സംഘടനകളും മൗലവിയുടെ ബന്ധുക്കളും നാട്ടുകാരും പലവുരു പറഞ്ഞിട്ടും ശരിയായ ദിശയില്‍ അന്വേഷണം നടത്തി സത്യാവസ്ഥ വെളിച്ചെത്തു കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല. മൗലവിയുടേത് ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമുള്ള പൊതുസമൂഹത്തിന്റെ ബോധ്യം ബലപ്പെടുത്തുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ എന്നത് ഏറെ ആശ്വാസകരമാണെന്നും നേതാക്കള്‍ പറഞ്ഞു.

Related Articles