Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെതിരെ സൈനിക നടപടി ഉദ്ദേശിച്ചിട്ടില്ല: ഉപരോധ രാഷ്ട്രങ്ങള്‍

റിയാദ്: ഖത്തറിനെതിരെയുള്ള സൈനിക നടപടി നിര്‍ത്തിവെക്കുന്നതില്‍ കുവൈത്തിന്റെ മധ്യസ്ഥ ശ്രമം വിജയിച്ചുവെന്ന കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അഹ്മദ് സബാഹിന്റെ വാക്കുകളില്‍ ദുഖം രേഖപ്പെടുത്തികൊണ്ട് ഉപരോധ രാഷ്ട്രങ്ങളുടെ പ്രസ്താവന. ഖത്തറിനെതിരെ ഒരു സൈനിക നടപടി ഉദ്ദേശിച്ചിട്ടില്ലെന്നും ഭാവിയിലും അതുണ്ടാവില്ലെന്നും സൗദി, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാഷ്ട്രങ്ങളുടെ പ്രസ്താവന വ്യക്തമാക്കി. ഖത്തറുമായുള്ള പ്രതിസന്ധി ഗള്‍ഫിന്റെ മാത്രം പ്രശ്‌നമല്ലെന്നും നിരവധി അറബ്, ഇസ്‌ലാമിക രാജ്യങ്ങളുമായുള്ളതാണെന്നും പ്രസ്താവന പറഞ്ഞു.
ഖത്തര്‍ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്ന പല രാജ്യങ്ങള്‍ക്കും തങ്ങളുടെ നിലപാട് പരസ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലത്തെ അവര്‍ ഭയക്കുന്നു എന്നതാണ് കാരണമെന്നും ഉപരോധ രാഷ്ട്രങ്ങള്‍ ആരോപിച്ചു. കുവൈത്ത് അമീറിന്റെ പ്രസ്താവനക്ക് ശേഷം, ഉപരോധ നടപടികള്‍ പിന്‍വലിക്കാതെയുള്ള ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാല്ലെന്ന ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനിയുടെ പ്രസ്താവന ചര്‍ച്ചയെയും ഭീകരതക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനെയും അവര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണെന്നും പ്രസ്താവന പറഞ്ഞു.
സൈനിക ഇടപെടല്‍ ഒഴിവാക്കുന്നതില്‍ ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ച ഉടനെ തങ്ങള്‍ നടത്തിയ മധ്യസ്ഥ നീക്കം വിജയിച്ചെന്ന് കുവൈത്ത് അമീര്‍ വാഷിംഗ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സൈനിക നീക്കത്തിനുള്ള സാധ്യത വിദൂരത്തായിരിക്കുകയാണിപ്പോള്‍ എന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related Articles