Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റ കേന്ദ്രങ്ങളെ ഖുദ്‌സുമായി ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിയുമായി ഇസ്രയേല്‍

തെല്‍അവീവ്: വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രങ്ങളെ ഖുദ്‌സുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്ക് ഇസ്രയേല്‍ ഗതാഗത വകുപ്പ് മന്ത്രി യിസ്രയേല്‍ കാറ്റ്‌സ് അംഗീകാരം നല്‍കി. ഖുദ്‌സ് പരിസരത്തുള്ള കുടിയേറ്റ പ്രദേശങ്ങളെ കിഴക്കന്‍ ഖുദ്‌സുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെന്ന് കാറ്റ്‌സ് ടെലിവിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതിലൂടെ ഖുദ്‌സ് മഹാനഗരം ഒരൊറ്റ വലിയ യൂണിറ്റായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രീന്‍ ലൈനിന് കുടിയേറ്റ പ്രദേശങ്ങളും (വെസ്റ്റ് ബാങ്കിലെ ഖുദ്‌സിന് സമീപത്തെ കുടിയേറ്റ കേന്ദ്രങ്ങള്‍), കിഴക്കന്‍ ഖുദ്‌സ് മുതല്‍ പടിഞ്ഞാറന്‍ ഖുദ്‌സ് വരെയുള്ള പ്രദേശങ്ങളെ ചേര്‍ത്തുകൊണ്ടുള്ള ‘ഗ്രേറ്റര്‍ ജറൂസലേം (ഖുദ്‌സ്)’ പദ്ധതിയെ താന്‍ പിന്തുണക്കുന്നു എന്ന സൂചന കൂടി അതിലൂടെ അദ്ദേഹം നല്‍കുന്നുണ്ട്.
ഗ്രീന്‍ ലൈനിനകത്തും പുറത്തും കഴിയുന്ന ഇസ്രയേല്‍ സമൂഹത്തിന് സന്തുലിതമായ രീതിയില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തലാണ് റെയില്‍ പ്രൊജക്ട് കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് കാറ്റ്‌സ് പറഞ്ഞു. വെസ്റ്റ്ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ നിലകൊള്ളുന്ന പ്രദേശങ്ങള്‍ ഇസ്രയേലിനോട് കൂട്ടിചേര്‍ക്കണമെന്ന ആവശ്യവുമായി ഇസ്രയേലിലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ രംഗത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് കാറ്റ്‌സിന്റെ പ്രസ്താവന. ജറൂസലേം – തെല്‍അവീവ് റെയില്‍ മസ്ജിദുല്‍ അഖ്‌സയോട് ചേര്‍ന്ന് കിടക്കുന്ന ബുറാഖ് മതില്‍ (വെസ്‌റ്റേണ്‍ വാള്‍) വരെ നീട്ടാനുദ്ദേശിക്കുന്നതായും ഇസ്രയേല്‍ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര നിയമപ്രകാരം കുടിയേറ്റ കേന്ദ്രങ്ങളെ നിയമവിരുദ്ധമായ നിര്‍മാണ പ്രവര്‍ത്തനമായിട്ടാണ് കണക്കാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇസ്രയേല്‍ – ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടാനുണ്ടായ പ്രധാന കാരണവും അതായിരുന്നു.

Related Articles