Current Date

Search
Close this search box.
Search
Close this search box.

എല്‍.ഡി.എഫ് സര്‍ക്കാര്‍ സംവരണത്തെ അട്ടിമറിക്കുന്നു-സോളിഡാരിറ്റി

കോഴിക്കോട്: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി അവശതയനുഭവിക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നീക്കം സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് പ്രസ്താവിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം തന്നെയാണ് ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്നത്. മുന്നാക്ക സമൂഹങ്ങളിലെ അവശ വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്കാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ഇത്തരം അവശ വിഭാഗങ്ങളുടെ നിലവിലുള്ള അവസ്ഥക്ക് കാരണം ജാതിയല്ല, മറിച്ച് ദാരിദ്ര്യമാണ്. അതിനാല്‍ അതിനെ മറികടക്കും വിധമുള്ള ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത് അമ്പത് ശതമാനം വരുന്ന ജനറല്‍ മേഖലയുടെ ഭൂരിഭാഗവും കൈയടക്കി വെച്ചിരിക്കുന്ന സവര്‍ണ സമൂഹങ്ങള്‍ക്ക് ബാക്കിയുള്ള അമ്പത് ശതമാനത്തില്‍ കൂടി സംവരണമേര്‍പ്പെടുത്തുമെന്നതാണ്. ഇതാകട്ടെ സംവരണത്തിന്റെ സാമൂഹിക നീതിയെ അട്ടിമറിക്കലാണ്. സംവരണത്തിനര്‍ഹരായ പിന്നാക്ക സമുദായങ്ങളുടെ സാമൂഹികാവസ്ഥ ഇപ്പോഴും ശോചനീയമാണെന്നും അതിനാവശ്യമായ ഭേദഗതികള്‍ ആവശ്യമാണെന്നും കൃത്യമായ കണക്കുകള്‍ വെച്ച് വാദങ്ങളുയര്‍ന്നു വരുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞു കൊണ്ട് ഒരു കാലത്ത് സംവരണ വിരുദ്ധരായിരുന്ന സവര്‍ണ സമൂങ്ങള്‍ സംവരണമാവശ്യപ്പെട്ടു കൊണ്ട് ഇന്ന് സംവരണത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഗുജറാത്തില്‍ പട്ടേലുമാരടക്കം സംവരണമാവശ്യപ്പെട്ടു കൊണ്ട് ഇന്ന് പ്രക്ഷോഭത്തിലാണ്. ഇത്തരം സവര്‍ണ വിഭാഗങ്ങള്‍ക്ക് വേണ്ടി മുന്നാക്ക സംവരണത്തിന് വേണ്ടി ഭരണഘടനാ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാറില്‍ സമര്‍ദം ചെലുത്തുമെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പറയുന്നത്. ഓരോ സമുദായത്തിനും ജനസംഖ്യാനുപാതികമായി സംവരണം കൊണ്ടുവരാന്‍ ഭരണഘടനാ ഭേദഗതി വരുത്താന്‍ പരിശ്രമിക്കുമെന്ന് ധീരമായി പറയാനാണ് മതേതര ഇടതുപക്ഷ സര്‍ക്കാര്‍ എന്ന നിലയില്‍ എല്‍.ഡി.എഫ് ചെയ്യേണ്ടത്. അതിനു പകരം ചരിത്രപരമായി സാമൂഹിക വിവേചനം അനുഭവിക്കുന്ന പിന്നാക്ക സമൂഹങ്ങളുടെ അവകാശങ്ങളെ അട്ടിമറിക്കുന്ന തരത്തില്‍ സാമ്പത്തിക സംവരണ വാദങ്ങളെ സവര്‍ണ സമൂഹങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ പുതിയ രൂപത്തിലും ഭാഷയിലും അവതരിപ്പിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles