Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക രാഷ്ട്രങ്ങളെ ഭീകരതയുടെ കേന്ദ്രങ്ങളായി കാണാനാവില്ല: ഖത്തര്‍

ബെല്‍ഗ്രേഡ്: ഇസ്‌ലാമിക രാഷ്ട്രങ്ങളെ ഭീകരതയുടെ കേന്ദ്രങ്ങളായി വിശേഷിപ്പിക്കാനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി. തിങ്കളാഴ്ച്ച ബെല്‍ഗ്രേഡില്‍ സെര്‍ബിയന്‍ വിദേശകാര്യ മന്ത്രി ഇവികാ ഡാസ്റ്റിഷിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ ഡോണള്‍ഡ് ട്രംപ് പുനര്‍വിചിന്തനം നടത്തുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഏഴ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്റെ ഉത്തരവ് അക്രമത്തിന്റെയും ഭീകരതയുടെയും പ്രചാരകരുടെ നിലപാടുകളെ ശക്തിപ്പെടുത്തുമെന്ന് നേരത്തെ ഒ.ഐ.സി മുന്നറിയിപ്പ് നല്‍കിയിരുന്നു. അഭയാര്‍ഥികളെ സംബന്ധിച്ചടത്തോളം കടുത്ത വെല്ലുവിളിയുണ്ടാക്കുന്ന തീരുമാനത്തില്‍ പുനരാലോചന നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. യുദ്ധങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും ഓടി രക്ഷപ്പെട്ട് വരുന്നവരെയാണിത് പ്രധാനമായും ബാധിക്കുകയെന്നും ഒ.ഐ.സി പ്രസ്താവന സൂചിപ്പിച്ചു. വംശീയ വിവേചന നടപടികളുടെ ഗണത്തിലാണ് ട്രംപിന്റെ ഉത്തരവിനെ ഒ.ഐ.സി കാണുന്നത്. അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ എല്ലാവിധ ഭീകരപ്രതിഭാസങ്ങള്‍ക്കുമെതിരെ പോരാടുന്ന പ്രയാസകരമായ ഒരു സന്ദര്‍ഭത്തിലാണ് ഈ ഉത്തരവെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.
ട്രംപിന്റെ തീരുമാനം ജോലിക്കാര്‍ക്ക് തങ്ങളുടെ ജോലിയും വിദ്യാര്‍ഥികള്‍ക്ക് പഠനവും തുടരുന്നതിന് തടസ്സമാവുമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ (CAIR) ട്രംപിന്റെ തീരുമാനത്തോട് പ്രതികരിച്ചു. അത് മാതാപിതാക്കളില്‍ നിന്ന് മക്കളെ വേര്‍പിരിക്കുമെന്നും കൗണ്‍സില്‍ സൂചിപ്പിച്ചു. മുഴുവന്‍ അമേരിക്കക്കാരെയും പോലെ ഞങ്ങളുടെ ഡോക്ടര്‍മാരുമായോ അധ്യാപകരുമായോ ജോലിക്കാരുമായോ ബന്ധം പുലര്‍ത്തുന്നതിന് അത് തടസ്സമാകും. മുസ്‌ലിംകളെ അകറ്റി നിര്‍ത്തുന്നത് അമേരിക്കന്‍ മൂല്യങ്ങള്‍ക്കും ഭരണഘടനക്കും നിരക്കാത്ത കാര്യമാണെന്നും CAIR വക്താവ് പറഞ്ഞു. അന്യായം ഏത് വിഭാഗത്തിനെതിരെയാണെങ്കിലും അമേരിക്കക്കാരെന്ന നിലയില്‍ ഞങ്ങള്‍ അതിനെതിരെ നിലകൊള്ളും. വിവിധ മതക്കാരും വിവിധ വംശജരുമായ ആയിരക്കണക്കിന് അമേരിക്കക്കാരാണ് മുസ്‌ലിം വിരുദ്ധ നടപടിക്കെതിരെ തെരുവിലിറങ്ങിയത്. അമേരിക്കയുടെ ശ്രദ്ധേയമായൊരു സവിശേഷതയാണിതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Related Articles