ഗസ്സ: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാമിന്റെ ശക്തി മൂന്ന് വര്‍ഷം മുമ്പത്തേതിനേക്കാള്‍ എത്രയോ അനേകമിരട്ടി വര്‍ധിച്ചിട്ടുണ്ടെന്ന് ഹമാസ് രാഷ്ട്രീയ സമിതി ഉപാധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ. ഗസ്സയിലെ അത്തുഫ്ഫാഹ് സ്ട്രീറ്റില്‍ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ക്കെതിരെ ആസൂത്രണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കക്ഷികള്‍ അവരുടെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണുള്ളത്. നാം നമ്മുടെ ഏറ്റവും ശക്തമായ അവസ്ഥയിലും. കാരണം നാം ജനങ്ങള്‍ക്കൊപ്പം നമ്മുടെ അടിസ്ഥാനങ്ങള്‍ മുറുകെ പിടിച്ചു കൊണ്ട് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന തടവുകാരോടുള്ള ഐക്യദാര്‍ഢ്യവും സംസാരത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഒഴിഞ്ഞ വയറുമായുള്ള അവരുടെ പോരാട്ടം തടവില്‍ കിടക്കുന്നവരുടെ മാത്രം പോരാട്ടമല്ല, മറിച്ച് നാം ഓരോരുത്തരുടെയും പോരാട്ടമാണ്. അല്‍ഖസ്സാമിന്റെ പിടിയിലുള്ള ഇസ്രയേല്‍ സൈനികരെ ചൊല്ലി ഇസ്രയേല്‍ ഇടനാഴികളില്‍ കഴിഞ്ഞ ദിവസമുണ്ടായ കോലാഹളങ്ങള്‍ നാം അറിഞ്ഞതാണ്. തടവുകാരുടെ പോരാട്ടം ഞങ്ങള്‍ മുഴുവന്‍ ആളുകളുടെയും പോരാട്ടമാണെന്ന് അല്‍ഖസ്സാം മാധ്യമങ്ങളിലൂടെ പ്രതികരിച്ചതും നമുക്കറിയാം. എന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന തടവുകാരെ അഭിസംബോധന ചെയ്തുകൊണ്ട് ‘നിങ്ങള്‍ സ്വതന്ത്രരാകും, ഹമാസിന്റെ ആണ്‍കുട്ടികളുടെ വാക്കാണിത്’ എന്നും അദ്ദേഹം പ്രഖ്യാപിച്ചു.
2014 ജൂലൈല്‍ ഗസ്സക്ക് നേരെ ഇസ്രയേല്‍ നടത്തിയ 51 ദിവസം നീണ്ടുനിന്ന ആക്രമണത്തില്‍ 2200 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 11,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.