Current Date

Search
Close this search box.
Search
Close this search box.

അലപ്പോയില്‍ വിജയിക്കാന്‍ സമുദായം ഐക്യപ്പെടണമെന്ന് പണ്ഡിതന്‍മാര്‍

ഇസ്തംബൂള്‍: സിറിയന്‍ പ്രതിസന്ധിയില്‍, വിശിഷ്യാ അസദ് ഭരണകൂടത്തിന്റെയും സഖ്യങ്ങളുടെയും കിരാതവാഴ്ച്ചക്ക് കീഴില്‍ ഞെരുങ്ങുന്ന അലപ്പോയിലും വിജയം യാഥാര്‍ഥ്യമാക്കാന്‍ മുസ്‌ലിം സമൂഹം വിയോജിപ്പുകള്‍ കൈവെടിഞ്ഞ് ഒന്നിക്കണമെന്ന് മുസ്‌ലിം പണ്ഡിതന്‍മാര്‍ ആഹ്വാനം ചെയ്തു. അലപ്പോക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇസ്തംബൂളില്‍ നടന്ന സെമിനാറിലാണ് പണ്ഡിതന്‍മാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്തംബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘അല്‍ഖനാത്ത്-2016’ ചാനലാണ് പരിപാടി സംഘടിപ്പിച്ചത്.
തുര്‍ക്കി മുസ്‌ലിം പണ്ഡിതവേദി, വിദേശത്തുള്ള ഫലസ്തീന്‍ പണ്ഡിതന്‍മാരുടെ സമിതി തുടങ്ങിയവക്കൊപ്പം അറബികളും തുര്‍ക്കികളുമായി നിരവധി ഗവേഷകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും സെമിനാറില്‍ പങ്കെടുത്തു.
ഖുര്‍ആനികാടിത്തറയിലുള്ള ഒരുകൂട്ടം അടിസ്ഥാനങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് ടെലഫോണിലൂടെ പരിപാടിയെ അംഭിസംബോധന ചെയ്ത ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി ഖുറദാഗി അഭിപ്രായപ്പെട്ടു. വിജയം വരാനിരിക്കുന്നു എന്നതില്‍ ഒരു സംശയവുമില്ലെന്നതും നമ്മുടെ സമുദായത്തിന് രോഗം ബാധിക്കാം എന്നാല്‍ മരണപ്പെടില്ലെന്നതും അതില്‍ പ്രധാനമാണ്. ഈ സമുദായം വിജയം വരിക്കുമെന്നത് ഖുര്‍ആന്റെ സന്തോഷവാര്‍ത്തകളുടെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഖണ്ഡിതമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ, ഇറാന്‍ പോലുള്ള രാജ്യങ്ങളും വിഭാഗീയ സായുധഗ്രൂപ്പുകളും സിറിയയെ കൊത്തിവലിക്കുകയാണ്. വിജയം നമുക്ക് മുന്നിലുണ്ട്. അതിനുള്ള പ്രധാന ഉപാധി ഐക്യം യാഥാര്‍ഥ്യമാക്കലാണ്. പ്രശ്‌നമിപ്പോള്‍ വിഭാഗീയമാണ്. അത് വിഭാഗീയ സംഘട്ടനമാണെന്ന് തിരിച്ചറിയുമ്പോഴാണ് അതിനെ കൈകാര്യം ചെയ്യേണ്ട രീതിയും നമുക്ക് വ്യക്തമാവുക. മാനുഷിക തലത്തില്‍ നിന്നു കൊണ്ടു മാത്രമേ അതിനെ കാണാവൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തന്നെയായിരുന്നു അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഉമര്‍ ഖുറശിയും സംസാരിച്ചത്. ഖുര്‍ആന്റെ പാത കൈവെടിഞ്ഞ നാം പരാജയങ്ങളേറ്റു വാങ്ങുമ്പോള്‍ ശത്രുക്കള്‍ പരിഹസിച്ചു ചിരിക്കുകയാണെന്നും ചിന്നിചിതറി പരസ്പരം സംഘട്ടനത്തിലേര്‍പ്പെടുന്ന ഒരു സമുദായത്തിന് എങ്ങനെ വിജയം സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു. ശത്രുക്കളുടെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന നയമാണ് നാം നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles