Current Date

Search
Close this search box.
Search
Close this search box.

അലപ്പൊ വെടിനിര്‍ത്തല്‍; പ്രമേയത്തിനെതിരെ റഷ്യയും ചൈനയും വീറ്റോ പ്രയോഗിച്ചു

ന്യൂയോര്‍ക്ക്: സിറിയയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന സായുധ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കുന്നതിനും, അലപ്പോയില്‍ ഏഴ് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്തുന്നതിനും വേണ്ടി തിങ്കളാഴ്ച്ച വൈകുന്നേരം രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരെ റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ചു. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് അടച്ചിട്ട മുറിയില്‍ വെച്ച് നടത്തണമെന്ന് റഷ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വിമത പോരാളികളെ അലപ്പോയില്‍ പുറത്താക്കുന്ന ഒന്നും തന്നെ പ്രമേയത്തില്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രമേയം അംഗീകരിക്കാന്‍ റഷ്യക്ക് സാധിക്കില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ അംബാസഡര്‍ വിറ്റാലി ഷുര്‍ക്കിന്‍ പറഞ്ഞു.
റഷ്യയുടെ നിലപാട് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള ന്യായീകരണമല്ലെന്ന് അമേരിക്ക വ്യക്തമാക്കി. വോട്ടെടുപ്പിനായി പ്രമേയം കൊണ്ടു വന്നതോടെ റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് വോട്ടെടുപ്പ് റദ്ദാക്കുകയായിരുന്നു.
അലപ്പോയില്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും ഏഴ് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും, മേഖലയില്‍ കുടുങ്ങി കിടക്കുന്ന സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കമുള്ള സിവിലിയന്‍മാര്‍ക്ക് സഹായങ്ങള്‍ എത്തിക്കുവാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്നുമാണ് പ്രമേയത്തിലെ മുഖ്യ ആവശ്യങ്ങള്‍.
ഇതിപ്പോള്‍ അഞ്ചാമത്തെ തവണയാണ് സിറിയന്‍ വിഷയത്തില്‍ റഷ്യ വീറ്റോ അധികാരം ഉപയോഗിക്കുന്നത്. റഷ്യയും ചൈനയും ഒരുമിച്ച് നാല് തവണ മുന്‍ പ്രമേയങ്ങള്‍ക്കെതിരെ വീറ്റോ ഉപയോഗിച്ചിട്ടുണ്ട്. അലപ്പോക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം നിര്‍ത്തിവെക്കണമെന്നും, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രാന്‍സ് കൊണ്ട് വന്ന പ്രമേയത്തിനെതിരെയാണ് റഷ്യയും ചൈനയും ഇതിന് മുമ്പ് അവസാനമായി വീറ്റോ അധികാരം ഉപയോഗിച്ചത്.

Related Articles