Current Date

Search
Close this search box.
Search
Close this search box.

അനുരഞ്ജനത്തെ കുറിച്ച ശുഭപ്രതീക്ഷകളുമായി ഫലസ്തീന്‍; അസ്വസ്ഥതയോടെ ഇസ്രയേല്‍

റാമല്ല: വ്യാഴാഴ്ച്ച കെയ്‌റോയില്‍ വെച്ച് ഹമാസും ഫത്ഹും ഒപ്പുവെച്ച അനുരഞ്ജന ഏറെ ശുഭപ്രതീക്ഷകളോടെയാണ് വ്യത്യസ്ത ഫലസ്തീന്‍ ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്തത്. അതേസമയം ഇസ്രയേല്‍ അതില്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ആയുധം താഴെവെക്കാനും ഇസ്രയേലിനെ അംഗീകരിക്കാനും ഹമാസിന് മേല്‍ നിര്‍ബന്ധം ചെലുത്തണമെന്നും ആവശ്യപ്പെട്ടു. ഹമാസിനും ഫതഹിനും ഇടയിലുള്ള കരാര്‍ നടപ്പാക്കുന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
അനുരഞ്ജനത്തെ സ്വാഗതം ചെയ്ത ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വിയോജിപ്പ് അവസാനിപ്പിക്കാനുള്ള നീക്കങ്ങളെ ശക്തിപ്പെടുത്തുന്നതും വേഗത്തിലാക്കുന്നതുമെന്നാണ് അതിനെ വിശേഷിപ്പിച്ചത്. കരാര്‍ നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും നടത്താന്‍ ഭരണകൂടത്തിനും അനുബന്ധ സംവിധാനങ്ങള്‍ക്കും അദ്ദേഹം നിര്‍ദേശം കൊടുത്തിട്ടുണ്ട്. ദേശീയ ഐക്യം വീണ്ടെടുക്കുന്നതിലേക്കും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലേക്കും വഴിതുറക്കുന്ന നീക്കമെന്നാണ് കരാറിനെ പ്രശംസിച്ചു കൊണ്ട് ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല പറഞ്ഞത്. ഗസ്സയുടെ ഭരണചുമതല ഏറ്റെടുക്കാനും അവിടെ നടപ്പാക്കാനുള്ള പദ്ധതികള്‍ നിര്‍വഹിക്കാനുമുള്ള തന്റെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു.
കരാര്‍ പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ നടപ്പാക്കാനും ഫലസ്തീന്‍ ഗ്രൂപ്പുകളുടെ സമഗ്ര സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന ഈജിപ്തിന്റെ ആഹ്വാനത്തിനുത്തരം ചെയ്യാനും സന്നദ്ധമാണെന്ന് ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യയും പറഞ്ഞു. ഗസ്സയിലെ അല്‍ജിഹാദുല്‍ ഇസ്‌ലാമിയും മറ്റ് ഫലസ്തീന്‍ ഗ്രൂപ്പുകളും അനുരഞ്ജന കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

Related Articles