Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ബ്രദര്‍ഹുഡ് തുടക്കം മുതല്‍ സിറിയന്‍ വിപ്ലവത്തോടൊപ്പമുണ്ട്‌

പ്രമുഖ സിറിയന്‍ ചിന്തകനും സാഹിത്യകാരനുമാണ് മുഹമ്മദ് ബസ്സാം യൂസുഫ്. സിറിയന്‍ വിപ്ലവം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ‘അല്‍-മുജ്തമഅ്’ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ:

 സിറിയയിലെ യുദ്ധകുറ്റവാളികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഐക്യരാഷ്ട്രസഭ. ഈയൊരു നീക്കത്തെ താങ്കളെങ്ങനെ വിലയിരുത്തുന്നു?
– കുറ്റവാളികളുടെ പേരു വെളിപ്പെടുത്തലോടെ അവസാനിപ്പിക്കുകയാണെങ്കില്‍ നീതിയുടെ കാര്യത്തില്‍ ഒരുഫലവും അതുണ്ടാക്കുന്നില്ല. അന്താരാഷ്ട്ര നിയമം നടപ്പാക്കുമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും, സിറിയന്‍ മനുഷ്യര്‍ക്കെതിരെ അവര്‍ നടമാടിയ നീചമായ കുറ്റകൃത്യങ്ങളുടെ പേരില്‍ അവരെ വിചാരണ ചെയ്യുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇപ്പോഴും സിറിയന്‍ ജനത. നാലു വര്‍ഷത്തിലേറെയായി നാടിനും ജനങ്ങള്‍ക്കും നേരെ കുറ്റകൃത്യങ്ങള്‍ വര്‍ത്തിക്കുകയും മാനുഷികവും അന്താരാഷ്ട്രവുമായ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുകയും ചെയ്ത് യാതൊരുവിധ വിചാരണയും നേരിടാതെ നടക്കുന്ന ഈ കുറ്റവാളികളെ നിലക്ക് നിര്‍ത്താന്‍ എന്തുകൊണ്ട് ലോകം ഒരു നീക്കവും നടത്തുന്നില്ല എന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. സിറിയന്‍ യുദ്ധകുറ്റവാളികളുടെ അഞ്ച് ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭാ അന്വേഷകര്‍ വ്യക്തമാക്കിയിട്ടുള്ളത്. പിന്നെ എന്തിനാണ് ആ ലിസ്റ്റ് പൂഴ്ത്തിവെക്കുന്നത്? യുദ്ധകുറ്റവാളികള്‍ക്കെതിരെ നിയമം നടപ്പാക്കാനുള്ള രക്ഷാസമിതിയും ഐക്യരാഷ്ട്രസഭയും എവിടെ? കുറ്റവാളികളെ ഭയപ്പെടുത്തി അവരുടെ കുറ്റകൃത്യങ്ങളില്‍ നിന്ന് സിവിലിയന്‍മാരെ രക്ഷിക്കുന്നതിന് അവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അന്വേഷകര്‍ പറഞ്ഞിരുന്നു. കേവലം പേര് വെളിപ്പെടുത്തിലൂടെ കുറ്റവാളികളെ ഭയപ്പെടുത്താമെന്നത് എത്രത്തോളം യുക്തിക്ക് നിരക്കുന്നതാണ്? അതല്ലെങ്കില്‍ പ്രത്യേകമായ കോടതിയില്‍ ഹാജരാക്കി അവരെ വിചാരണ ചെയ്യുകയാണോ വേണ്ടത്? ബശ്ശാറുല്‍ അസദിനെയും അയാളുടെ വര്‍ഗീയ കൂട്ടാളികളായ ഇറാന്‍, ഇറാഖ്, ലബനാന്‍ തുടങ്ങിയവിടങ്ങളില്‍ നിന്നുള്ളവരെയും പോലുള്ള യുദ്ധ കുറ്റവാളികള്‍ പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തവരാണ്. അതിനൊരു രഹസ്യ പട്ടികയുടെ ആവശ്യം ഇല്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അവരെ ശിക്ഷിക്കാനും അവരുടെ ഉപദ്രവത്തില്‍ നിന്ന് സിറിയന്‍ ജനതയെ രക്ഷിക്കാനുമുള്ള നിശ്ചയദാര്‍ഢ്യം അന്താരാഷ്ട്ര സമൂഹത്തിനുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഒരു നൂറ്റാണ്ടിന്റെ മൂന്നിലൊന്നിലേറെ കാലം ഹാഫിദ് അസദിന്റെ സംഘങ്ങള്‍ കുറ്റകൃത്യങ്ങളുമായി അഴിഞ്ഞാടിയപ്പോള്‍ എവിടെയായിരുന്നു ഐക്യരാഷ്ട്രസഭയും അതിന്റെ രക്ഷാസമിതിയും മനുഷ്യാവകാശങ്ങളുടെ പേരില്‍ അറിയപ്പെടുന്ന സമിതികളും? ഞങ്ങളുടെ സിറിയന്‍ ജനതയില്‍ നിന്നും പതിനായിരങ്ങള്‍ അതിന് ഇരയാക്കപ്പെട്ടു. റഫീഖ് ഹരീരിയെന്ന പ്രസിഡന്റിനെ കൊല ചെയ്ത് കുറ്റവാളികള്‍ എവിടെ? ലബനാനിലും സിറിയയിലും ഇറാഖിലും അരങ്ങേറിയ നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിലെ കുറ്റവാളികള്‍ എവിടെപോയി? കുറ്റവാളികള്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. മനുഷ്യത്വത്തിന് നേരെയുള്ള കുറ്റകൃത്യമാണ് അവര്‍ ചെയ്തിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയും മനുഷ്യാവകാശ സംഘടനകളും എവിടെയാണ്?

 2014 സെപ്റ്റംബര്‍ മുതല്‍ ഐസിസ് കേന്ദ്രങ്ങളെന്ന് കരുതപ്പെടുന്ന പല കേന്ദ്രങ്ങള്‍ക്ക് നേരെയും ‘ഭീകരത’ക്കെതിരെയുള്ള സഖ്യം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ അതേസമയം ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്ന ഇറാന്‍, ശിയാ സംഘങ്ങളുമുണ്ട്. അസദിന്റെ പ്രവര്‍ത്തനങ്ങള്‍ ഭീകരതയായിട്ടല്ല അവര്‍ എണ്ണുന്നത്. ഈ ഇരട്ടത്താപ്പിനെ എങ്ങനെ കാണുന്നു?
– ‘ഭീകരത’യുടെ പേരില്‍ അങ്ങേയറ്റം നീചമായ പ്രതികാരമാണ് നടക്കുന്നതെന്നത് ദുഖകരമാണ്. അതിന് വ്യക്തമായ വിശദീകരണം ഒന്നും ഇതുവരെ നല്‍കാന്‍ അവര്‍ക്കായിട്ടില്ല. കാരണം കൊടും കുറ്റവാളിയും ഭീകരനുമായ ബശ്ശാറിനെതിരെ യുദ്ധം ചെയ്യുന്നത് ഭീകരതയും കുറ്റകൃത്യവുമായി മാറുന്നു. ‘ഭീകരത’ക്കെതിരെ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് യാതൊരു മുന്‍ഗണനാക്രമവും ഇല്ല. സിറിയന്‍ വിപ്ലവത്തെ അവമതിച്ചു കൊണ്ട് സിറിയയിലെത്തിയ ഇറാന്‍ ഭീകരസംഘങ്ങള്‍ അഴിച്ചു വിട്ട കുറ്റകൃത്യങ്ങളോടും തോന്നിവാസങ്ങളോടും മൗനം പാലിച്ച അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം എടുത്തുപറയേണ്ടതാണ്. സിറിയന്‍ വിപ്ലവത്തെ നിഷ്ഫലമാക്കി ഭീകരന്‍ അസദിന്റെ ഭരണത്തിന്റെ ആയുസ്സ് നീട്ടുകയായിരുന്നു പ്രസ്തുത കളിയുള്ള ഉദ്ദേശ്യമെന്ന് വളരെ വ്യക്തമാണ്. സിറിയയില്‍ ഭീകരതയുടെ ഉറവിടം ബശ്ശാറിന്റെ സംഘങ്ങള്‍ തന്നെയാണ്. അയാളില്‍ നിന്നും അയാളുടെ സംഘത്തില്‍ നിന്നും തുടങ്ങാത്ത എല്ലാ ഭീകരവിരുദ്ധ യുദ്ധവും പാഴ്‌വേലയായിട്ടേ കാണാനാവൂ. അവക്ക് പിന്നിലെ പ്രചോദനങ്ങളിലും അവയുടെ ഫലങ്ങളിലും സംശയിക്കേണ്ടതുമാണ്.

 ഹസന്‍ നസ്‌റുല്ല പറഞ്ഞു: ‘ഖുദ്‌സിലേക്കുള്ള പാത് ആരംഭിക്കുന്നത് സിറിയയില്‍ നിന്നാണ്.’ ഈ പ്രസ്താവനയെ എങ്ങനെ വിലയിരുത്തുന്നു?
– ഹസന്‍ നസ്‌റുല്ല പിച്ചും പേയും പറയുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. എന്താണ് പറയുന്നതെന്ന് അയാള്‍ക്ക് തന്നെ അറിയില്ല. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയില്‍ സത്യമുണ്ടെങ്കിലും ദുരുദ്ദേശ്യപരമാണത്. അദ്ദേഹത്തോട് ഞങ്ങള്‍ക്ക് പറയാനുള്ളത്, മുസ്‌ലിം യോദ്ധാവ് സലാഹുദ്ദീന്‍ അയ്യൂബി നസ്‌റുല്ലയുടെ പൂര്‍വപിതാക്കളായ ഫാതിമികളുടെയും അസ്സാസ്സിനുകളുടെയും കൈകളില്‍ നിന്ന് മുസ്‌ലിം നാടുകള്‍ മോചിപ്പിച്ച ശേഷം മാത്രമാണ് കുരിശുയുദ്ധക്കാരില്‍ നിന്ന് ഖുദ്‌സ് മോചിപ്പിച്ചത്. പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തെ തുടച്ചു നീക്കിയ ശേഷം മാത്രമാണ് ഖലീഫ ഉമറിന്റെ കാലത്ത് ഖുദ്‌സ് മോചിപ്പിച്ചത്. സിറിയയെ ബശ്ശാറിന്റെ വര്‍ഗീയ സംഘങ്ങളില്‍ നിന്നും ഹസന്റെയും അയാളുടെ യജമാനനായ ഇറാന്‍കാരുടെയും സംഘങ്ങളില്‍ നിന്നും മോചിപ്പിച്ച ശേഷമല്ലാതെ ഇന്നും അത് നടക്കില്ല.

 സിറിയന്‍ വിപ്ലവം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന വേളയില്‍ അതിന്റെ നേട്ടങ്ങളെയും നഷ്ടങ്ങളെയും എങ്ങനെ വിലയിരുത്തുന്നു?
– സിറിയയിലെ സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും വിപ്ലവം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ലക്ഷ്യം കാണുക തന്നെ ചെയ്യും. അല്ലാഹുവല്ലാത്തവരുടെ അടിമത്തത്തില്‍ നിന്നും അക്രമത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കാനുള്ള വിപ്ലവമാണത്. അസത്യത്തിനെതിരെ സത്യത്തിന്റെ വിപ്ലവമാണത്. വിശ്വാസിയുടെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ധാരാളം നേട്ടങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി ശ്രമിക്കുന്ന മനുഷ്യര്‍ക്കെതിരെ ശത്രു നടത്തുന്ന കുറ്റകൃത്യങ്ങളും കൃഷിയും സമ്പത്തും നശിപ്പിക്കലുമല്ല യഥാര്‍ത്ഥ നഷ്ടം. ഞങ്ങളിലെ രക്തസാക്ഷികളെയും അഭയാര്‍ഥികളെയും ജയിലുകളില്‍ പീഡിപ്പിക്കപ്പെടുന്നവരെയും കാത്തിരിക്കുന്നത് അല്ലാഹുവിന്റെ പക്കലുള്ള ശാശ്വതമായ സ്വര്‍ഗമാണ്. അതിന്റെ മാര്‍ഗത്തില്‍ ഞങ്ങള്‍ ചെലവഴിക്കുന്നത് ഇരട്ടിയിരട്ടിയായി അല്ലാഹു തിരിച്ചു നല്‍കും. ഇതാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്.

 വിപ്ലവത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പങ്കിനെ കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ വായനക്കാരുമായി പങ്കുവെക്കുമല്ലോ?
– സിറിയന്‍ വിപ്ലവം ആരംഭിച്ചത് മുതല്‍ അതിനൊപ്പം മുസ്‌ലിം ബ്രദര്‍ഹുഡും ഉണ്ടെന്ന് മാത്രമല്ല, അതിനുള്ള വഴിയൊരുക്കുകയാണ് അവര്‍ ചെയ്തത്. അതിനെ മുന്നോട്ടു നയിക്കുന്നതിനും സജീവമാക്കുന്നതിനും ബ്രദര്‍ഹുഡ് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ ഇടം നല്‍കി. രാഷ്ട്രീയം, മാധ്യമം, ജനകീയം, ഭരണപരം, ദേശീയം, സൈനികം, മാനുഷിക സഹായം തുടങ്ങിയ എല്ലാ തലങ്ങളിലും കാര്യമായ പങ്ക് നിര്‍വഹിക്കുകയും ചെയ്തു. വിപ്ലവത്തെ നേര്‍ഗതിയില്‍ നയിക്കുന്നതും അതിലെ ഘടകങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തുന്നതും കാര്യമായ ദൗത്യമായി തന്നെ സംഘടന ഏറ്റെടുത്തു. സ്വാതന്ത്ര്യവും അന്തസ്സുമെന്ന ജനതയുടെ ന്യായമായ അവകാശത്തില്‍ നിന്ന് ഉയിരെടുത്ത ഒന്നാണത്. നിരവധി വര്‍ഷങ്ങളായുള്ള ഭരണകൂടത്തിന്റെ അതിക്രമത്തിനെതിരെയുള്ള ഞങ്ങളുടെ പ്രതിരോധ ചരിത്രത്തില്‍ നിന്നാണത് ഉദ്ഭവിച്ചിട്ടുള്ളത്. സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടം അരനൂറ്റാണ്ട് മുമ്പെങ്കിലും നാമ്പെടുത്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ മഹനീയമായ ഈ വിപ്ലവം വിജയിക്കുന്നത് വരെ ഈ വ്യത്യസ്തമായ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തി അതിനൊപ്പം ബ്രദര്‍ഹുഡ് നിലകൊള്ളുകയും ചെയ്യും.

മൊഴിമാറ്റം: നസീഫ്‌

Related Articles