Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ ഉപരോധം ഇറാന്‍ മറികടക്കുമോ ?

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍ ഇറാന്‍ വിപ്ലവത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട മുഹമ്മദ് റസാ ഷാക്ക് അമേരിക്കയില്‍ അഭയം കൊടുത്തതിനെത്തുടര്‍ന്ന് ഏതാനും ഇറാനീ വിദ്യാര്‍ത്ഥികള്‍ 1979 നവംബറില്‍ തെഹ്റാനിലെ അമേരിക്കന്‍ എംബസി ഉപരോധിക്കുകയും 53 നയതന്ത്ര ഉദ്യോഗസ്ഥരേയും ഒരു സെക്യൂരിറ്റി ജീവനക്കാരനേയും ബന്ധികളാക്കിയ സംഭവമാണ് ഇറാന്‍ ബന്ദി പ്രശ്‌നം. അമേരിക്ക ഒരു സൈനിക ഓപ്പറേഷന്‍ അടക്കം പ്ലാന്‍ ചെയ്തു ബന്ദി മോചനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവസാനം ചര്‍ച്ചകളെ തുടര്‍ന്നാണ് 444 ദിവസത്തെ പ്രശ്‌നം അവസാനിക്കുന്നത്.

അതിന്റെ വാര്‍ഷികമായിരുന്നു നവംബര്‍ നാല്. ഇറാനില്‍ ആ ദിനത്തില്‍ ഒരു പ്രകടനം നടന്നു. അമേരിക്കയുടെ മരണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ് ആളുകള്‍ മുദ്രാവാക്യം വിളിച്ചത്. അമേരിക്ക ഇറാനെതിരെ പിന്‍വലിച്ച ഉപരോധം കൂടുതല്‍ ശക്തമായി പുനഃസ്ഥാപിക്കാന്‍ പോകുന്നു എന്നതിനെ അങ്ങിനെയാണ് ഇറാനിയന്‍ ജനത നേരിട്ടത്. പ്രകടനങ്ങളില്‍ എത്ര പേര് പങ്കെടുത്തു എന്ന് എണ്ണി കണക്കാക്കാന്‍ കഴിഞ്ഞില്ല എന്നാണു ബി ബി സി ലേഖകന്‍ പറയുന്നത്. പ്രസിഡന്റ് റൂഹാനിയെയും ആത്മീയ നേതാവിനെയും പിന്തുണച്ചു ആളുകള്‍ മുദ്രാവാക്യം വിളിക്കുന്നു എന്നും റിപ്പോര്‍ട് ചെയ്യപ്പെട്ടിരുന്നു. അതെ സമയം തങ്ങളുടെ സൈനിക ശക്തി കാണിച്ചു കൊടുക്കുക എന്ന ഉദ്ദേശത്തോടെ ഇറാനിയന്‍ സൈന്യം തിങ്കളാഴ്ച സൈനിക അഭ്യാസം നടത്തും എന്നും പറയപ്പെടുന്നു.

ഓയില്‍ കയറ്റുമതിക്ക് പുറമെ പ്രധാന ബാങ്കുകള്‍, ഷിപ്പിംഗ് കമ്പനികള്‍ എന്നിവ ഉള്‍പ്പെടെ 700-ലധികം വ്യക്തികള്‍, സ്ഥാപനങ്ങള്‍, കപ്പലുകള്‍, വിമാനം എന്നിവയെല്ലാം ഉപരോധ നിര്‍ണയ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇറാനിയന്‍ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ക്ഷീണിപ്പിക്കാന്‍ ഉപരോധത്തിന് പെട്ടെന്ന് കഴിയില്ല എന്നാണ് നിരീക്ഷകര്‍ പറയുന്നത്. സ്വതവേ ഇറാനിയന്‍ സമ്പത് വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണ്. പുതിയ ഉപരോധം അത് കൊണ്ട് തന്നെ കാര്യമായ കുഴപ്പം സൃഷ്ടിക്കില്ല. എങ്കിലും ഭാവിയില്‍ രൂക്ഷത വര്‍ധിപ്പിക്കും. ഇതിനിടെ തന്നെ നൂറോളം കമ്പനികള്‍ ടെഹ്‌റാനില്‍ നിന്നും ഒഴിഞ്ഞു പോയിട്ടുണ്ട് എന്നാണു അമേരിക്ക പറയുന്നത്. ‘ ഞങ്ങള്‍ ഇറാനിയന്‍ ജനതയോട് കൂടെയാണ്. ഇറാനിയന്‍ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്’ എന്നാണു തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസിഡന്റ് ട്രംപ് പറഞ്ഞത്. ‘സൈബര്‍ ആക്രമണങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ ടെസ്റ്റ്, തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണ, മിഡില്‍ ഈസ്റ്റിലെ സായുധസേനകള്‍ തുടങ്ങിയവയാണ് ടെഹ്‌റാനിലെ ‘അപകീര്‍ത്തികരമായ’ പ്രവര്‍ത്തനങ്ങള്‍ എന്ന് അമേരിക്ക ഉന്നയിക്കുന്ന കാരണങ്ങള്‍.

ഇറാനിയന്‍ എണ്ണ കയറ്റുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിദേശ വരുമാനത്തില്‍ വലിയ പങ്ക് എണ്ണയാണ്. ഇതുകൂടാതെ ഇന്റര്‍നാഷണല്‍ പേയ്‌മെന്റുകള്‍ നടത്തുന്നതിനുള്ള ബ്രസ്സല്‍സ് ആസ്ഥാനമായുള്ള സ്വിഫ്റ്റ് നെറ്റ്‌വര്‍ക്ക് ഇറാനിയന്‍ സ്ഥാപനങ്ങളുമായുള്ള ബന്ധം മുറിച്ചുമാറ്റും. അതിനെ മാറികടക്കാന്‍ ഇറാന് എളുപ്പത്തില്‍ കഴിയില്ല എന്നാണു നിരീക്ഷണം. അതെ സമയം യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ രാജ്യങ്ങള്‍ (ബ്രിട്ടന്‍,ഫ്രാന്‍സ്,ജര്‍മനി പോലുള്ളവ) ഇറാനുമായി വാണിജ്യ ബന്ധം തുടരും എന്ന് അറിയിച്ചിട്ടുണ്ട്. ഇടപാടുകള്‍ക്ക് മറ്റൊരു മാര്‍ഗം കണ്ടെത്തും എന്നവര്‍ അറിയിച്ചിട്ടുണ്ട്. ഈ നിലപാട് അമേരിക്കയുടെ ഉപരോധത്തിന്റെ ശക്തി കുറയ്ക്കും എന്ന് തന്നെയാണ് നിരീക്ഷകര്‍ പറയുന്നതും.

അതെ സമയം എട്ടു രാഷ്ട്രങ്ങള്‍ക്ക് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ ഈ ഉപരോധം തടസ്സമാകില്ല. ഇറ്റലി, ഇന്ത്യ, ജപ്പാന്‍, ദക്ഷിണകൊറിയ, തുര്‍ക്കി, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ അവരുമായുള്ള ഇടപാടുകള്‍ തുടരും. എങ്കിലും ഈ രാജ്യങ്ങള്‍ ക്രമേണ ഇറാനുമായുള്ള എണ്ണ ഇടപാട് കുറച്ചു കൊണ്ട് വരും എന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു.

വിപ്ലവത്തിന് മുമ്പ് ഇറാന് മേലുണ്ടായിരുന്ന മേധാവിത്തം തിരിച്ചു പിടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത് എന്നാണു ആത്മീയ നേതാവ് പറയുന്നത്. അത് അമേരിക്കയുടെ വ്യാമോഹം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതെ സമയം ബന്ദി വിഷയത്തില്‍ അമേരിക്കയോട് മാപ്പു പറഞ്ഞ് പല ഇറാന്‍കാരും ട്വിറ്റര്‍ സന്ദേശം അയക്കുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഒരു ഇറാനിയന്‍ ഇംഗ്ലീഷ് ഭാഷയില്‍ ട്വീറ്റ് ചെയ്തു: ‘കഴിഞ്ഞ 40 വര്‍ഷക്കാലത്തിനിടയില്‍ ഇറാന്‍ ഇസ്ലാമിക് ഭരണകൂടം പലരെയും ഇറാന്റെ ശത്രുക്കളായി അവതരിപ്പിക്കാന്‍ ശ്രമിച്ചു, എന്നാല്‍ ഇറാനിയന്‍ ജനത എല്ലാ രാജ്യങ്ങളെയും ലോകത്തിലെ എല്ലാ ആളുകളെയും സ്‌നേഹിക്കുന്നു’.

വേറൊരാള്‍ എഴുതി ‘അമേരിക്ക നമ്മുടെ ശത്രുവല്ല, നമ്മുടെ ശത്രുക്കള്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി നമ്മെ ബന്ദികളാക്കിയ സര്‍ക്കാര്‍ തന്നെയാണ്’ മധ്യേഷ്യയിലെ വര്‍ത്തമാന പ്രശ്ങ്ങള്‍ക്കു പിന്നില്‍ ഇറാന്റെ ഇടപെടല്‍ കൂടി കാരണമാണ്. സിറിയന്‍ വിഷയത്തില്‍ ഇറാന്റെ ശക്തമായ പിന്തുണയാണ് ബശ്ശാര്‍ അസദിന് പ്രചോദനമാകുന്നത് എന്ന നിലപാടും നിരീക്ഷകര്‍ പങ്കു വെക്കുന്നു. പുതിയ സാഹചര്യം ഇറാന്‍ ഭരണ കൂടത്തിനു സ്വന്തത്തിലേക്കു ചുരുങ്ങേണ്ടി വരുമ്പോള്‍ മേഖലയില്‍ അതുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ കാത്തിരുന്നു കാണാം എന്നും അവര്‍ പറയുന്നു.

Related Articles