Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ലോകത്തെ നിരാശപ്പെടുത്തിയ 2017

dgfvb.jpg

ഒരു വര്‍ഷം കൂടി അസ്തമിക്കാന്‍ കാത്തു നില്‍ക്കേ കഴിഞ്ഞ ഒരു വര്‍ഷത്തിന്റെ കണക്കെടുപ്പിന്റെ തിരക്കിലാണ് എല്ലാവരും. 2017 നമ്മെ വിട്ടു പിരിയുമ്പോള്‍ എന്തെല്ലാം നേടി എന്തെല്ലാം നഷ്ടപ്പെട്ടു തുടങ്ങിയ വ്യത്യസ്തങ്ങളായ ചര്‍ച്ചകളാണ് എങ്ങും നടക്കുന്നത്. അതിനിടെ അറബ്- മുസ്‌ലിം ലോകത്തിനും ഇസ്‌ലാമിക സമൂഹത്തിനും 2017 എന്ത് നല്‍കി എന്നു ചികയുകയാണെങ്കില്‍ നിരാശപ്പെടുത്തുന്നതിന്റെയും ദുരിതങ്ങളുടെയും ആശങ്കയുടെയും കഥകള്‍ മാത്രമേ ഏറെയും പറയാനുണ്ടാകൂ. പ്രതീക്ഷ നല്‍കുന്ന അല്‍പം ചിലതൊഴിച്ചാല്‍.

സിറിയ,ഇറാന്‍,ഇറാഖ്,യമന്‍,ഫലസ്തീന്‍,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ പതിവു പോലെ അടിച്ചമര്‍ത്തലിന്റെയും പീഡനങ്ങളുടെയും ദുരിത കഥകള്‍ പുറത്തുവിട്ടു തന്നെയായിരുന്നു 2017 പുതുവര്‍ഷം പിറന്നത്. ഇതിനിടെയായിരുന്നു ഗള്‍ഫ് മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ ഖത്തറിനെതിരേ അയല്‍ രാജ്യങ്ങളുടെ പൊടുന്നനേയുള്ള ഉപരോധം വന്നത്.

സാമ്പത്തികമായും നയതന്ത്രപരമായും രാഷ്ട്രീയമായും സൗദി,യു.എ.ഇ,ബഹ്‌റൈന്‍,ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അറബ് ലോകം അമ്പരന്നു. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ കുവൈത്ത് മാത്രമായിരുന്നു ഉപരോധത്തില്‍ നിന്നും വിട്ടു നിന്നത്. ഭീകരവാദ പ്രവര്‍ത്തനള്‍ക്ക് പിന്തുണ നല്‍കുന്നെന്നും തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ആരോപിച്ചുള്ള ഉപരോധം ഏഴാം മാസത്തിലേക്ക് കടക്കുകയാണ്. കുവൈത്തിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലപ്രദമായില്ല.

മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കു നേരെയുള്ള ബുദ്ധ തീവ്രവാദികളുടെ വര്‍ഗ്ഗീയ ഉന്മൂലനവും 2017ലാണ് ശക്തിയാര്‍ജിച്ചത്. നേരത്തെ തന്നെ അവിടെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയാവാറുണ്ടെങ്കിലും മ്യാന്മര്‍ സൈന്യവും തീവ്ര ബുദ്ധ അനുയായികളും ചേര്‍ന്ന് മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. വീടുകള്‍ കത്തിച്ചും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചും കഴുത്തറുത്ത് കൊന്നും മ്യാന്മര്‍ സര്‍ക്കാരിന്റെ മൗനാനുവാദത്തില്‍ പീഡനങ്ങള്‍ തുടര്‍ന്നു. പതിനായിരക്കണക്കിന് പേര്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ലക്ഷക്കണക്കിന് റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്കും മറ്റു അയല്‍ രാജ്യങ്ങളിലേക്കും ഇതിനോടകം വീടും നാടും വിട്ട് കുടിയേറിയത്.

സിറിയയിലും യമനിലും ആഭ്യന്തര യുദ്ധങ്ങള്‍ പതിവു പോലെ തന്നെ 2017ലും തുടര്‍ന്നു. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിനിടെ സറിയയില്‍ ബശ്ശാര്‍ അല്‍ അസദുമൊത്ത് റഷ്യയുടെ നേതൃത്വത്തില്‍ നടന്നു വന്ന യുദ്ധത്തിന് അര്‍ധവിരാമമിട്ടതും ഈ വര്‍ഷമാണ്. ഐ.എസ് കൈയേറിയ നഗരമെല്ലാം തിരിച്ചുപിടിച്ചതോടെയാണ് സിറിയയിലെ വെടിയൊച്ചകള്‍ അല്‍പമെങ്കിലും അവസാനിച്ചത്. എങ്കിലും ഇവിടെയൊന്നും വെടിയും പുകയും പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല.

സൗദിയില്‍ അഴിമതിയും കള്ളപ്പണ ഉപഭോഗവും കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജകുടുംബാഗങ്ങളടക്കം നിരവധി പ്രമുഖരെ അറസ്റ്റു ചെയ്ത വര്‍ഷം കൂടിയാണിത്. സൗദിയില്‍ നിരവധി ഭരണപരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ട വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി,സിനിമ തിയേറ്ററുകള്‍ക്ക് അനുമതി എന്നിവയായിരുന്നു പ്രധാന പരിഷ്‌കാരങ്ങള്‍.

ഏറ്റവും അവസാനമായി ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു. ലോക രാഷ്ട്രങ്ങളുടെ മുഴുവന്‍ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു ട്രംപ് -ഇസ്രായേല്‍ കൂട്ടുകെട്ട് അരക്കെട്ടുറപ്പിക്കുന്ന ആ തീരുമാനം പ്രഖ്യാപിച്ചത്. പിന്നാലെ തെല്‍ അവീവിലുള്ള യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാനും ട്രംപ് നിര്‍ദേശിച്ചു. യു.എന്നിലും ലോക രാഷ്ട്രങ്ങള്‍ക്കിടയിലും ഒറ്റപ്പെട്ട ട്രംപ് നിലപാട് മാറ്റാന്‍ തയാറായില്ലെന്നു മാത്രമല്ല തങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കു നേരെ ഭീഷണിയും ഉയര്‍ത്തി.

ട്രംപിന്റെ തീരുമാനത്തിനെതിരേ ഫലസ്തീനിലും മറ്റു രാഷ്ട്രങ്ങളിലും ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് 2017 അസ്തമിക്കുന്നത്. നിരവധി പേര്‍ക്ക് ഇതിനിടെ ജീവന്‍ നഷ്ടപ്പെട്ടു. 2018ന്റെ പുലരിയിലെങ്കിലും അറബ് -മുസ്‌ലിം ലോകത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവണമെന്ന പ്രാര്‍ര്‍ത്ഥനയിലും പ്രതീക്ഷയിലുമാണ് ലോക മുസ്‌ലിം സമൂഹം.

 

Related Articles