Editors Desk

എന്‍.എസ്.എസും ജാതി സംവരണവും

തമ്പ്രാന്‍ എന്നാണു അടിമ മകന് പേര് നല്‍കിയത് ‘ഏമാന്മാര്‍ അങിനെ വിളിക്കട്ടെ’ എന്നായിരുന്നു അടിമയുടെ നിശ്ചയം. ഒരു കാലത്തു അങ്ങിനെയായിരുന്നു ഒരു ജനത പ്രതികരിച്ചിരുന്നത്. സമൂഹത്തിന്റെ വളര്‍ച്ച എന്നത് സമൂഹത്തിലെ മൊത്തം ജനങ്ങളുടെ വളര്‍ച്ചയാണ്. എന്തോ ചില കാരണങ്ങള്‍ കൊണ്ട് പിന്നിലേക്ക് പോയ സമൂഹങ്ങളെ തിരിച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സംവരണം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒരാളുടെ സാമൂഹിക പദവി നിര്‍ണയിക്കുന്നത് അയാളുടെ സമ്പത്ത് എന്നതിനേക്കള്‍ അയാളുടെ ജാതിയും സമുദായവുമാണ് എന്നതിന്റെ അന്നത്തെ വലിയ ഉദാഹരണമായിരുന്നു അംബേദ്കറെ പോലുള്ളവരുടെ ജീവിതം. ജാതി മത സമുദായങ്ങളെ അവഗണിച്ചു കൊണ്ട് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല എന്നിടത്തു നിന്നാണ് സംവരണം എന്ന തത്വം കടന്നു വരുന്നത്. അത്തരം അന്തരങ്ങള്‍ ഇലാതാകുന്ന കാലത്ത് മാത്രമാണ് സംവരണം കാലഹരണപ്പെട്ടു പോകുക.

കേരളത്തിലെ സാമൂഹിക സന്തുലിതത്വം നിലവിലുള്ള ജാതി സംവരണം തകര്‍ക്കും എന്നതായിരുന്നു സുപ്രീം കോടതിയില്‍ മുന്നോക്ക സമുദായമായ എന്‍ എസ് എസ് നല്‍കിയ പരാതി. ജാതിയെ ഒരു ഘടകമായി അംഗീകരിക്കരുത് എന്നും അവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. പ്രസ്തുത പരാതി തുറന്നു നോക്കുക പോലും ചെയ്യാതെ സുപ്രീം കോടതി തള്ളിക്കളഞ്ഞു എന്നാണ് കേള്‍ക്കുന്നത്. ഇത്തരം വിഷയങ്ങള്‍ക്കു വേണ്ടി കോടതിയുടെ സമയം കളയരുത് എന്ന മുന്നറിയിപ്പും നല്‍കിയത്രെ. ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ ജാതി എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നറിയാന്‍ ഒരു പഠനം ആവശ്യമില്ല. കേസ് കൊടുത്ത വിഭാഗം ഒരു കാലത്തു മറ്റു സാമൂഹിക പിന്നോക്കം നില്‍ക്കുന്നവരെ നന്നായി ചൂഷണം ചെയ്തിരുന്നു. ജന്മി -കുടിയാന്‍ വിഷയങ്ങളൊക്കെ അതിന്റെ ഒരു ഭാഗം മാത്രം.

ജാതി ഒരു സത്യമാണ്. മതവും. മതം ഒരു വിശ്വാസവും ഒരു ജീവിത രീതിയുമായി മനസിലാക്കുന്നു. ജാതി ജനനവുമായി ബന്ധപ്പെട്ടതും. ആദ്യത്തേത് മാറാന്‍ കഴിയും. അതെ സമയം ജാതി മാറ്റാന്‍ കഴിയില്ല. പലരുടെയും ശാപമായി അത് നിലനില്‍ക്കുന്നു. സാമൂഹിക അംഗീകാരം തന്നെയാണ് ഒന്നാമത്തെ കാര്യം. വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ മറ്റു പലരെയും പിന്നോക്ക സമുദായമാക്കി. ജനസംഖ്യാ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കിട്ടേണ്ട ഉദ്യോഗവും ആനുകൂല്യങ്ങളും ചില സാമൂഹിക കാരണങ്ങളാല്‍ നഷ്ടപ്പെട്ടു പോയവരും നമ്മുടെ നാട്ടിലുണ്ട്. അത്തരം ജന വിഭാഗങ്ങളെ മുന്നോട്ടു കൊണ്ട് വരാന്‍ പ്രത്യേകമായി കമ്മീഷനുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മുസ്ലിം സമുദായത്തിന്റെ അവസ്ഥ മറ്റു പലരേക്കാളും പിന്നിലാണ് എന്നത് നാം അറിഞ്ഞ കാര്യവും.

സംവരണത്തെ ഒരു സ്ഥിരം ഏര്‍പ്പാടായി ഭരണ ഘടനയും പറയുന്നില്ല. പക്ഷെ ഉദ്ദേശിക്കുന്ന സമുദായങ്ങള്‍ ആവശ്യമായ സാമൂഹിക നില കൈവരിച്ചു എന്ന് മനസ്സിലായാല്‍ അത് മാറ്റാന്‍ സാധിക്കും. സാമ്പത്തിക സംവരണം എന്നതാണ് എന്‍ എസ് എസ് മുന്നോട്ടു വെക്കുന്ന പരിഹാരം. സാമ്പത്തിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ സാധിക്കും അതിനു സാമൂഹിക ബന്ധമില്ല.

അത്തരക്കാരെ സഹായിക്കാന്‍ പദ്ധതികള്‍ ആവശ്യമാണ്. ഇടതുപക്ഷവും മുന്നോട്ട് വെക്കുന്നത് സാമ്പത്തിക സംവരണം തന്നെ. ജനിച്ച ജാതിയും മതവും പരിഗണിക്കാതെ മനുഷ്യന് മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ മറക്കുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കൊണ്ട് സംവരണ വിഷയത്തില്‍ ഒരടി മുന്നോട്ടു പോകാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല കൂടുതല്‍ സമുദായങ്ങള്‍ സംവരണം ആവശ്യപ്പെട്ടു കൊണ്ട് മുന്നോട്ടു വരികയും ചെയ്യുന്നു. മണ്ഡല്‍ കമ്മീഷന്‍ പോലുള്ള പദ്ധതികള്‍ പിന്നെയും കൊണ്ട് വരേണ്ടി വന്നു എന്നത് സാമൂഹിക അവസ്ഥ കൂടുതല്‍ മോശമാകുന്നു എന്നതിന്റെ കൂടി തെളിവാണ്.

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker