Current Date

Search
Close this search box.
Search
Close this search box.

അപഹാസ്യനായി പടിയിറങ്ങുന്ന മോദി

്അഞ്ചു വര്‍ഷത്തിനു ശേഷം അതും അധികാര കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആദ്യമായി രാജ്യത്തെ മാധ്യമങ്ങളെ കണ്ട അപൂര്‍വം പ്രധാനമന്ത്രിയായിരിക്കും ഒരു പക്ഷേ നരേന്ദ്ര മോദി. ഒരു പക്ഷേ തന്റെ ആദ്യത്തെയും അവസാനത്തെയും വാര്‍ത്ത സമ്മേളനവും ഇത് തന്നെയാകാനും സാധ്യതയുണ്ട്. അതിന് മെയ് 23 വരെ കാത്തിരക്കണമെന്ന് മാത്രം. ഭരണത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹം ഉരുവിട്ടതെല്ലാം ഭീമന്‍ അബദ്ധങ്ങളും വില കുറഞ്ഞ ആരോപണങ്ങളും മാത്രമായിരുന്നു. ഇതിന്റെ പേരില്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും അപഹാസ്യനും ഇളിഭ്യനുമായി മാറിയിട്ടും കൂസലില്ലാതെ തന്റെ ചെയ്തികള്‍ നിര്‍ബാധം തുടരുകയായിരുന്നു മോദി. മേഘ സിദ്ധാന്തവും,ക്യാമറ,ഇ മെയില്‍ വാദങ്ങളുമെല്ലാം കഴിഞ്ഞ് ഒരിടവേളയിലിരിക്കുമ്പോഴാണ് മോദി അമിത് ഷാക്കൊപ്പം വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രയായി അധികാരമേറ്റെടുത്തതിന് ശേഷം ആദ്യമായി വാര്‍ത്തസമ്മേളനം നടത്തി എന്ന പേരിലാണ് ഇപ്പോള്‍ നരേന്ദ്ര മോദി വീണ്ടും സോഷ്യല്‍ മീഡിയയില്‍ പരിഹാസ്യനായിരിക്കുന്നത്. ഇക്കാര്യം വ്യത്യസ്തമായി റിപ്പോര്‍ട്ട് ചെയ്ത ദി ടെലഗ്രാഫിന്റെ നിലപാടും ശ്രദ്ധേയമാണ്. പത്രത്തിന്റെ ഒന്നാം പേജില്‍ വ്യത്യസ്തമായ തലക്കെട്ടുകള്‍ നല്‍കി വായനക്കാരെ ഞെട്ടിച്ചിട്ടുള്ള പത്രമാണ് ഇന്ത്യയിലെ പ്രമുഖ ദേശീയ ദിനപത്രം കൂടിയായ ദി ടെലഗ്രാഫ്. മൗനമവലംബിച്ച് മോദി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വാര്‍ത്തയും തലക്കെട്ടും ഒഴിച്ചിട്ടാണ് ഇത്തവണ ടെലഗ്രാഫ് വ്യത്യസ്തമായി മോദിയെയും ബി.ജെ.പിയെയും പരിഹസിച്ചത്.

മോദിയോടുള്ള പ്രതിഷേധ സൂചകമായി പ്രധാനവാര്‍ത്തക്കുള്ള രണ്ടു കോളം ഒഴിച്ചിട്ടാണ് പത്രം ശനിയാഴ്ച പുറത്തിറങ്ങിയത്. പകരം ആ സ്ഥലത്ത് ശബ്ദ നിരോധിത മേഖലയെ സൂചിപ്പിക്കുന്ന ഹോണിന്റെ ചിത്രമാണ് നല്‍കിയത്. ഇന്നലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ 53 മിനിറ്റില്‍ വെറും 12 മിനിറ്റ് മാത്രമേ മോദി സംസാരിച്ചിട്ടുള്ളൂ. മോദിയെ കാഴ്ചക്കാരനാക്കി നിര്‍ത്തി അമിത് ഷായാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

പ്രധാന വാര്‍ത്തയുടെ മുകളിലെയും താഴത്തെയും കോളങ്ങള്‍ ഒഴിപ്പിച്ചിട്ട പത്രം താടിക്ക് കൈ കൊടുത്തിരിക്കുന്ന മോദിയുടെ വിവിധ ഭാവങ്ങളുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഒരിക്കല്‍പ്പോലും വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ലാത്ത പ്രധാനമന്ത്രി ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിലാണ് ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. 53 മിനിറ്റോളം വാര്‍ത്ത സമ്മേളനത്തില്‍ മോദി സംസാരിച്ചത് വെറും 12 മിനിറ്റില്‍ താഴെ മാത്രമായിരുന്നു.

കാലിയായ ഒഴിച്ചിട്ട കോളത്തിന് തൊട്ടു താഴെ ‘ചോദ്യങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയുന്നു’ എന്ന തലക്കെട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്തസമ്മേളനത്തിന്റെ വാര്‍ത്തയും വിശദമായി നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവില്ലെന്ന് തിരിച്ചറിഞ്ഞ മോദിയും അമിത്ഷായും മുന്‍കൂട്ടി തയാറാക്കിയ നാടകം തന്നെയായിരുന്നു ഇതെന്നും കരുതേണ്ടി വരും. പടിയിറങ്ങുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയില്ല എന്ന ദുഷ്‌പേര് മാറ്റാനാകും ഇതിലൂടെ ശ്രമിച്ചത്. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയില്‍ ഇതും മോദിയെ തിരിഞ്ഞു കുത്തുകയാണ് ചെയ്തത്.

Related Articles