Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക ഉപരോധം: കുരിശുയുദ്ധത്തിന്റെ മറ്റൊരു മുഖം

യൂറോപ്യന്‍ ശക്തികള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ നടന്ന സൈനിക യുദ്ധ പരമ്പരകള്‍ മാത്രമാണ് കുരിശുയുദ്ധമെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. ഇരുകൂട്ടരും പരസ്പരം മനസ്സിലാക്കാന്‍ ഉപയോഗിച്ചിരുന്ന ഏക ഭാഷയാണ് ആ യുദ്ധം. എന്നാല്‍ അത് യുദ്ധത്തിന്റെ പല മുഖങ്ങളില്‍ ഒന്നുമാത്രമാണ്. സാമ്പത്തിക ഉപരോധം സംഘര്‍ഷത്തിന്റെ മറ്റൊരു മുഖമാണ്. കുരിശുയുദ്ധ സമയത്ത് തങ്ങളുടെ പോരാട്ടത്തിന് സഹായകമാകുന്ന തരത്തില്‍ ഈജിപ്തിനും ലവന്റിനുമെതിരെ പോപുമാര്‍ സാമ്പത്തിക ഉപരോധം നടപ്പിലാക്കിയിരുന്നു.

കാലക്രമേണ, ഈ ഉപരോധവും അതിനെത്തുടര്‍ന്ന് ഈജിപ്തിനെ ലക്ഷ്യമാക്കി നടത്തുന്ന വാണിജ്യപരവും അല്ലാതെയുമുള്ള സമഗ്രമായ ബഹിഷ്‌കരണവും പിന്നീട് കുരിശുയുദ്ധത്തിന്റെ പ്രധാന സവിശേഷതയായി മാറി. എന്നാല്‍, പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സൈനിക നടപടിക്രമങ്ങള്‍ക്കൊടുവില്‍ കുരിശുപടയെ ലെവന്റിലെ അവരുടെ സെറ്റില്‍മെന്റ് എന്‍ക്ലേവുകളില്‍നിന്ന് അടിവേരോടെ പിഴുതെറിഞ്ഞു.

തങ്ങളുടെ അധികാരത്തെ ലെവന്റിലേക്കുകൂടി വ്യാപിപ്പിക്കാന്‍ പാശ്ചാത്യ ശക്തികള്‍ കുഴിച്ച കുഴികളിലൊന്നായിരുന്നു ഈ സാമ്പത്തിക ഉപരോധമെന്ന് പല ചരിത്രകാരന്മാരും നിരീക്ഷിച്ചിട്ടുണ്ട്. തങ്ങളുടെ അധികാര പരിധിക്കപ്പുറത്ത് ആഫ്രിക്കയിലേക്കും ഏഷ്യന്‍ നാടുകളിലേക്കും അധികാരം വ്യാപിപ്പിക്കാന്‍ വേണ്ടി യൂറോപ്യന്‍ ശക്തികള്‍ പ്രയോഗിച്ച ആദ്യത്തെ പരീക്ഷണമായിരുന്നു കുരിശുയുദ്ധമെന്ന അഭിപ്രായമാണ് ചരിത്രകാരന്‍ തോംപ്‌സണുള്ളത്.

ഈജിപ്തും ആഗോള വാണിജ്യവും
കുരിശുയുദ്ധ സാമ്പത്തിക ഉപരോധത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ അന്വേഷിക്കുംമുമ്പ് അക്കാലയളവില്‍ ഈജിപ്തിലും ലെവന്റിലുണ്ടായിരുന്ന മംമ്‌ലൂകിയ്യ, അയ്യൂബിയ്യ ഭരണകൂടങ്ങള്‍ക്ക് വാണിജ്യത്തിലുണ്ടായിരുന്ന പങ്കിനെക്കുറിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്. മംഗോളിയന്‍ സാമ്രാജ്യത്വ വിപുലീകരണ ഫലമായി ഈജിപ്തിലെ വാണിജ്യ പ്രാധാന്യവും ഗണ്യമായി വര്‍ധിച്ചുവെന്ന് പറയാം. അതുവരെ ഉണ്ടായിരുന്ന അറേബ്യന്‍ ഗള്‍ഫ് അല്ലെങ്കില്‍ കരിങ്കടല്‍, പേര്‍ഷ്യ എന്നിവിടങ്ങളിലൂടെയുള്ള കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ആഗോള വ്യാപാര പാതകള്‍ ഇത് നിര്‍ത്തലാക്കി.

ചെങ്കടലിലൂടെയും ഈജിപ്തിലൂടെയും മാത്രമേ പിന്നീട് വ്യപാര യാത്രകള്‍ സുഖകരമായൂള്ളൂ. ഈയൊരു മാറ്റം ഈജിപ്തിലെ രാജാക്കന്മാര്‍ക്ക് വലിയ രീതിയിലുള്ള വാണിജ്യ ലാഭം ഉണ്ടാക്കിക്കൊടുക്കുകയും കുരിശുപടക്കെതിരെ പോരാട്ടത്തിന് സാമ്പത്തിക ശക്തി നല്‍കുകയും ചെയ്തു. അങ്ങനെ കിഴക്കില്‍നിന്ന് പടിഞ്ഞാറിലേക്കുള്ളതുപോലെ പടിഞ്ഞാറില്‍നിന്ന് കിഴക്കിലേക്ക് കച്ചവട ചരക്കുകള്‍ കൈമാറ്റം ചെയ്യാനുള്ള ആഗോള വ്യാപാര മാര്‍ഗമായി ഈജിപ്ത് മാറി.

കിഴക്കിനും പടിഞ്ഞാറിനുമിടയിലെ ഈ സാമ്പത്തിക കൈമാറ്റം പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ലെവന്റിലെ കുരിശുയുദ്ധക്കാരുടെ താമസം, സമ്പുഷ്ടമായ കിഴക്കന്‍ ചരക്കുകളുമായുള്ള അവരുടെ അടുത്ത പരിചയത്തിന്, പ്രത്യേകിച്ചും സുഗന്ധവ്യജ്ഞനങ്ങളുമായി, കാരണമായി. അതോടെ യൂറോപ്പും കിഴക്കന്‍ ചരക്കുകളില്‍ തല്‍പരരായി.

ജനോവ, പിസ, വെനീസ് എന്നീ പാശ്ചാത്യ വാണിജ്യ നഗരങ്ങളുടെ കുരിശുയുദ്ധ പങ്കാളിത്തത്തില്‍നിന്ന് അത് മനസ്സിലാക്കാം. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഈ മധ്യസ്ഥതാഭാവത്തിന്റെ ഭാഗമായി ഉപര്യുക്ത നഗരങ്ങളെല്ലാം വലിയ നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. അതിനെല്ലാം അപ്പുറം, കിഴക്കന്‍ വ്യാപാരികളുമായി ലാഭകരമായൊരു വാണിജ്യ ബന്ധം സൃഷ്ടിക്കാനും അവര്‍ക്കായി.

പോപുമാരും മതം പറഞ്ഞുള്ള കൊള്ളയും

കുരിശുയുദ്ധ പശ്ചാത്തലത്തില്‍ ഈജിപ്തിനെതിരെയും ഈജിപ്തുമായി വാണിജ്യ ബന്ധം പുലര്‍ത്തവര്‍ക്കെതിരെയും ഉടനടി സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കാന്‍ പോപുമാര്‍ തയ്യാറായി. ഈ ബഹിഷ്‌കരണം നടപ്പിലാക്കുന്നതിന് തടസ്സമായി ഉണ്ടായിരുന്ന ഈജിപ്തിന്റെ വാണിജ്യ പങ്കാളികളായ ഇറ്റാലിയന്‍ വാണിജ്യ നഗരങ്ങളെ വിഷയം ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചു. ഈ ബഹിഷ്‌കരണം മൂലം പ്രസ്തുത വാണിജ്യ നഗരങ്ങള്‍ക്ക് വലിയ തോതിലുള്ള നഷ്ടമാണ് ഉണ്ടാക്കിയത്. അത് അവരെ മാര്‍പ്പാപ്പയുടെ നിര്‍ദേശം പ്രായോഗികവല്‍കരിക്കുന്നതില്‍നിന്ന് പിന്തിരിയാനും ഈജിപ്ഷ്യന്‍ തീരങ്ങളിലേക്ക് വീണ്ടും കപ്പലുകള്‍ അയക്കാന്‍ പ്രേരിപ്പിച്ചു. ഈജിപ്ഷ്യന്‍ രാജാക്കന്മാര്‍ യൂറോപ്യന്‍ കച്ചവടക്കാരെ ഉദാരമായി സ്വീകരിക്കുകയും ചെയ്തു. ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന സുല്‍താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അക്കാര്യത്തില്‍ കണിഷത പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. കുരിശുയുദ്ധം ശക്തമാകുന്നതിനിടെ, ലെവന്തില്‍നിന്ന് കുരിശുപട തോറ്റ് പിന്മാറിയപ്പോഴും അവര്‍ക്കൊപ്പം യുദ്ധത്തില്‍ പങ്കെടുത്ത വാണിജ്യ നഗരങ്ങളെയൊന്നും ആക്രമിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. പകരം, ഈജിപ്ഷ്യന്‍ തുറമുഖങ്ങളില്‍ അവരുടെ കപ്പലുകള്‍ക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി. അതോടെ ഈജിപ്തിനെ ഉപരോധിക്കാനുള്ള മാര്‍പ്പാപ്പയുടെ നിര്‍ദേശത്തെ അവര്‍ വെല്ലുവിളിക്കുകയും പൂര്‍വബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. അതോടൊപ്പംതന്നെ ഈജിപ്തിനും അവര്‍ക്കുമിടയില്‍ പുതിയ ചില വാണിജ്യ ഉടമ്പടികളിലും അവര്‍ ഒപ്പുവച്ചു.

കുരിശുപടക്കെതിരെയുള്ള മംമ്‌ലൂക്ക് രാജാക്കന്മാരുടെ തുടര്‍ച്ചയായുള്ള വിജയം ഈജിപ്തിനെതിനെതിരെയുള്ള സാമ്പത്തിക ഉപരോധം കൂടുതല്‍ ശക്തമാക്കാന്‍ ഊന്നിപ്പറയാനും ജനങ്ങളെ അതിന് കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും പോപ്പ് നിര്‍ബന്ധിതനായി. എന്നാല്‍, എഡി. 1291 ല്‍ ലെവന്തിലെ കുരുശുപടയുടെ അവസാന സൈനിക സെറ്റില്‍മെന്റുകള്‍കൂടി നഷ്ടമായി എന്നല്ലാതെ മറ്റൊരു നേട്ടവും അതുകൊണ്ട് ഉണ്ടായില്ല. ക്രിസ്ത്യന്‍ ലോകത്തെ മുഴുവന്‍ ഈജിപ്തുമായുള്ള വ്യാപാരം ബന്ധം വിലക്കിക്കൊണ്ടിള്ള കല്‍പ്പനയുമായി നിക്കോളാസ് നാലാമന്‍ മാര്‍പ്പാപ്പ രംഗത്തുവന്നു. ഈ തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും അവരുടെ സ്വത്തും സമ്പാദ്യവും കണ്ടുകെട്ടാനും ഉത്തരവില്‍ ഒപ്പുവച്ചു. ഇരുമ്പ്, മരം, ബിറ്റുമിന്‍, സള്‍ഫര്‍ തുടങ്ങി യുദ്ധത്തിന് ആവശ്യമായ അടിസ്ഥാന സാമഗ്രികള്‍ മംമ്‌ലൂക്ക് ഭരണകൂടവുമായ ഇടപാട് നടത്തുന്ന യൂറോപ്യന്‍ വ്യാപാരികളെ ലക്ഷ്യംവച്ചായിരുന്നു ഈ കല്‍പ്പന.

ഈ കല്‍പ്പനയും കച്ചവടക്കാരെ തെല്ലും ഭയപ്പെടുത്തിയില്ലെന്നു മാത്രമല്ല, അവര്‍ കച്ചവടം കൂടുതല്‍ വര്‍ധിപ്പിച്ചു. അതോടെ പോപ് കൂടുതല്‍ കടുത്ത തീരുമാനങ്ങളിലേക്കു കടന്നു. മെഡിറ്ററേനിയനിലും ഏഷ്യ മൈനറിലും ഈജ്പിതലുമായി കൊള്ള സംഘങ്ങളെ വഹിച്ചുള്ള പത്തോളം യുദ്ധക്കപ്പലുകള്‍ അവര്‍ വിന്യസിച്ചു. ‘സെന്റ് ജോണിന്റെ പടയാളികള്‍’ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ബഹിഷ്‌കരണ കാലയളവ് തീരുമ്പോള്‍ അവരുടേതായി മുപ്പത്തി അഞ്ചോളം കപ്പലുകളുണ്ടായിരുന്നു. ഈജിപ്തുമായുള്ള വാണിജ്യ നിരോധന ലംഘിക്കുന്ന ക്രൈസ്തവ കപ്പലുകളെ ഇവര്‍ ക്രൂരമായി വേട്ടയാടി. മെഡിറ്ററേനിയനിലെ മുസ്‌ലിം കപ്പലുകള്‍ ആക്രമിക്കുകയും കച്ചവട ചരക്കുകള്‍ കൊള്ളയടിക്കുകയും ചെയ്തു. കുരിശുയുദ്ധം അവസാനിച്ചിട്ടും ഇവരുടെ കൊള്ളയും അക്രമവും സജീവമായി തുടര്‍ന്നു. ഈജിഷ്യന്‍, അലക്‌സാണ്ട്രിയ, ദിംയാത് തുറമുഖങ്ങള്‍ അവര്‍ ആക്രമിച്ചു. ചിലപ്പോഴെല്ലാം തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകള്‍ കയ്യേറുകയും സെന്റ് ജോണിന്റെ പടയാളികളുടെ ഒളിസങ്കേതം സ്ഥിതിചെയിതിരുന്ന സൈപ്രസിലേക്ക് കടത്തിക്കൊണ്ടുപോവുകയും ചെയ്തു.

ഈജിപ്തുമായുള്ള വാണിജ്യ ഇടപാടില്‍ പോപ്പുമാര്‍ കാണിച്ച കണിഷത വിശകലനം ചെയ്യപ്പെടേണ്ട ഒന്നാണ്. മംമ്‌ലൂക്കുകളോടുള്ള തുടര്‍ച്ചയായ പരാജയത്തിലൂടെയും ഫലസ്ഥീന്‍ പോലെയുള്ള ഇടങ്ങളില്‍ കുരിശുപടയുടെ സൈനിക കേന്ദ്രങ്ങള്‍ തയ്യാറാക്കാന്‍ സാധ്യമല്ലെന്നതിനാലും യുദ്ധത്തിലൂടെ ഒരിക്കലും മുസ്‌ലിംകളെ തോല്‍പ്പിക്കാന്‍ ആവില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഈ ഉപരോധമെല്ലാം രൂപപ്പെട്ടത്. മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ഈജിപ്തിന്റെ ആധിപത്യവും അവരെ അതേക്കുറിച്ച് ബോധവാന്മാരാക്കിയിരുന്നു.

‘കുരിശു സംരക്ഷകരുടെ രഹസ്യങ്ങള്‍’ എന്ന ശീര്‍ഷകത്തിലുള്ള കത്തിലൂടെയാണ് പോപ് പ്രസ്തുത തീരുമാനം പ്രഖ്യാപിച്ചത്. കുരിശുപടയാളികളിലൊരാള്‍ എഴുതി തയ്യാറാക്കി പോപ് അംഗീകാരം നല്‍കിയ ആ കത്ത് കുരിശുപട പൂര്‍ണമായും പരാജയപ്പെട്ട് മൂന്ന് ദശകങ്ങള്‍ക്കു ശേഷം എഡി. 1321 ലാണ് ക്രിസ്ത്യന്‍ ലോകത്ത് പ്രസിദ്ധീകൃതമാകുന്നത്. കുരിശുയുദ്ധം മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകേണ്ടതെന്ന് അതില്‍ വിവരിക്കുന്നുണ്ട്; മൂന്ന് വര്‍ഷത്തേക്ക് നാവിക ഉപരോധം ഏര്‍പ്പെടുത്തി ഈജിപ്തിനെ സാമ്പത്തികമായി ക്ഷയിപ്പിക്കുക എന്നതാണ് ആദ്യ ഘട്ടം. ശക്തമായൊരു സൈനിക മുന്നേറ്റം നടത്താനുള്ള പദ്ധതിയാണ് രണ്ടാമത്തേത്. പട വിജയിച്ച കരയില്‍ ആധികാരിക ശക്തി കൈവരിക്കുകയും പരിശുദ്ധ ഭൂമി കുരിശുപടയുടെ കൈകളില്‍ ഭദ്രമാക്കുകയും ചെയ്യുകയെന്നതാണ് അവസാന ഘട്ടം.

ഇസ്‌ലാമിനെതിരെ പ്രഖ്യാപിക്കപ്പെട്ട യുദ്ധത്തില്‍ കുരിശിനെ പോരാട്ടത്തിന്റെ അടയാളമാക്കി യുദ്ധത്തിന് മതപരിവേശം നല്‍കിയതിന് സമാനമാണ് ഈജിപ്തിലും സംഭവിച്ചത്. പോപ്പുമാര്‍ അവിടെ നടത്തിയ സാമ്പത്തിക ഉപരോധത്തിനും ഇസ്‌ലാമിക രാഷ്ട്രത്തിന്മേലുള്ള ബഹിഷ്‌കരണത്തിനും യഥാര്‍ഥത്തില്‍ മതവുമായി യാതൊരു ബന്ധവുമില്ല. യഥാര്‍ഥത്തില്‍, ചില പോപ്പുമാര്‍ അതിലൂടെ തങ്ങളുടേതായ ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി ചരടു വലിച്ചവരായിരുന്നു. ഈജിപ്തിനെതിരെ തങ്ങള്‍ക്കുമേല്‍ ചുമത്തപ്പെട്ട നിരോധനാജ്ഞ പിന്‍വലിക്കാനും അനുവാദം ലഭിക്കാനും പല ഇറ്റാലിയന്‍ വാണിജ്യ നഗരങ്ങള്‍ക്കും യൂറോപ്യന്‍ കച്ചവടക്കാര്‍ക്കും പോപുമാര്‍ക്ക് വലിയ തുക പകരമായി നല്‍കേണ്ടി വന്നു.

അതില്‍ പ്രധാനമായും വെല്ലുവിളി നേരിട്ടത് ഇറ്റാലിയന്‍ പട്ടണമായ വെനീസായിരുന്നു. കച്ചവട ലൈസന്‍സിനായി അവര്‍ക്ക് വലിയൊരു തുക ഒടുക്കേണ്ടി വന്നു. ഉപരോധം കാരണം വന്ന നഷ്ടങ്ങള്‍ നികത്താനുള്ള കാലയളവുപോലും പോപുമാര്‍ അവര്‍ക്ക് നല്‍കിയില്ല. മംമ്‌ലൂക്കുകളുടെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ കാരണമാവില്ലെന്ന് ഉറപ്പുള്ള ചരക്കുകള്‍ വില്‍ക്കാനും പോപുമാര്‍ സമ്മതിച്ചില്ല. സമ്പത്തിനു വേണ്ടി ഈജിപ്തുമായുള്ള എല്ലാത്തരം കച്ചടവടത്തിനും അവര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പാപ്പസിയുടെ ഈ വാണിജ്യ നിരോധനാജ്ഞ ഇരുപത് വര്‍ഷത്തോളം തുടര്‍ന്നു. സൈനിക ശക്തിക്കു സഹായകമാകുന്ന ചരക്കുകളുടെ നിരോധനം തുടരുമ്പോഴും മറ്റു ചരക്കുകള്‍ക്കുള്ള അനുമതിക്കായി ഏര്‍പ്പെടുത്തപ്പെട്ട ലൈസന്‍സിനുള്ള വമ്പന്‍ തുകയിലും കൈക്കൂലിയിലും മാത്രമായിരുന്നു ഈ ഇരുപത് വര്‍ഷത്തിനിടയ്ക്ക് കാര്യമായ മാറ്റമുണ്ടായത്.

ഈജിപ്ഷ്യന്‍ തുറമുഖങ്ങള്‍ ലക്ഷ്യംവച്ചുള്ള മിന്നലാക്രമണങ്ങള്‍
മാര്‍പ്പാപ്പയുടെ താല്‍പര്യങ്ങള്‍ ഇറ്റാലിയന്‍ നഗരങ്ങളുമായി വൈരുദ്ധ്യമായി കിടക്കുകയായിരുന്നു. അതേസമയം സൈപ്രസില്‍ പോപിന്റെ അധികാരത്തെ അംഗീകരിക്കുന്നവരാരും ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉണ്ടായിരുന്നില്ല. അവരെല്ലാം അവിടെയുള്ള ലുസിഗ്നന്‍ കുടുംബത്തിന് വിധേയത്വം കല്‍പിച്ചവരായിരുന്നു. ഏങ്കിലും സൈപ്രസ് രാജാവും അഖയിലെ ജറുസലേമിലുള്ള കുരിശുയുദ്ധ ഭരണകൂടവും തമ്മില്‍ ചില ധാരണകളുണ്ടായിരുന്നു. അതിലൂടെ അല്‍പ്പകാലത്തേക്കെങ്കിലും അവര്‍ക്ക് മംമ്‌ലൂക്കുകളെ നിയന്ത്രിക്കാനും അവരുടെ സമ്പദ്‌വ്യവസ്ഥ സ്തംഭിപ്പിക്കാനുമായി. 1365 ല്‍, അലക്‌സാണ്ട്രിയില്‍ വമ്പിച്ച സൈനിക ആക്രമണം നടത്താനും അതിലൂടെ ഈജിപ്തിലൂടെ കടന്നുപോകുന്ന ആഗോള വാണിജ്യ മാര്‍ഗങ്ങളെ തടയാനും സൈപ്രസ് രാജാവായ പീറ്റര്‍ ഒന്നാമന്‍ യൂറോപ്യന്‍ രാജ്യങ്ങള ക്ഷണിച്ചു. പേപി ഉര്‍ബന്‍ രണ്ടാമന്‍ സൈനിക മുന്നേറ്റത്തെ ആശീര്‍വദിക്കുകയും മഠങ്ങളില്‍നിന്നും ചര്‍ച്ചുകളില്‍നിന്നും യുദ്ധത്തിനാവശ്യമായ തയ്യാറെടുപ്പുകള്‍ക്കായി ധന സമാഹരണം നടത്തുകയും ചെയ്തു. മുസ്‌ലിംകളില്‍നിന്ന് ലഭിക്കുന്ന സമ്പത്തിലൂടെ അതെല്ലാം തിരികെ നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. കപ്പല്‍ അലക്‌സാണ്ട്രിയയില്‍ നങ്കൂരമിട്ട ഉടനെ അവര്‍ പട്ടണ നിവാസികള്‍ക്കെതിരെയും കച്ചവടക്കാര്‍ക്കെതിരെയും അക്രമണം അഴിച്ചുവിട്ടു. തുറമുഖത്ത് നങ്കൂരമിട്ട എല്ലാ കപ്പലുകളും കൊള്ളയടിച്ചു. ആ മിന്നലാക്രമണത്തിലൂടെ ഈജിപ്തുകാരുടെ മനസ്സിലെല്ലാം അവര്‍ യുദ്ധ ഭീതി പരത്തി.

ഈ മിന്നലാക്രമണത്തിനുശേഷം സൈപ്രസ് തങ്ങളുടെ സാമ്പത്തിക യുദ്ധം തുടര്‍ന്നു. മെഡിറ്ററിയനില്‍ അവര്‍ യഥേഷ്ടം കൊള്ളനടത്തിക്കൊണ്ടിരുന്നു. അലക്‌സാണ്ട്രിയയില്‍നിന്നും ദിംയാതില്‍നിന്നും വരാനുള്ള കപ്പല്‍മാര്‍ഗങ്ങള്‍ക്കെല്ലാം അവര്‍ തടയിട്ടു. ഈജിപ്തുമായി വ്യാപര ബന്ധം തുടര്‍ന്ന യൂറോപ്യന്‍ വ്യാപാരികളെ ആക്രമിച്ചു. ഈജിപ്ഷ്യന്‍ തുറമുഖങ്ങളില്‍നിന്നും തീരങ്ങളില്‍നിന്നും രഹസ്യം ചോര്‍ത്തിയെടുക്കാനും അവിടെനിന്ന് മുസ്‌ലിം കച്ചവടക്കാരുടെ കപ്പല്‍ പുറപ്പെടുന്ന സമയങ്ങളറിയാനും തങ്ങളുടെ ചാരന്മാരെ അവിടെ നിയോഗിക്കുന്നതിലും അവര്‍ വിജയിച്ചു. ആവര്‍ത്തിച്ചുള്ള ഈ പരാക്രമണങ്ങളാണ് 1426 ല്‍ മംമ്‌ലൂക്കുകളെ സൈപ്രസിനെതിരെയുള്ള പ്രത്യാക്രമണത്തിന് പ്രേരിപ്പിച്ചത്.

തെക്കുനിന്നും ഈജിപ്തിനെ വളയുന്നു
പോരാട്ട ഭൂമിയില്‍നിന്നുള്ള സൈപ്രസിന്റെ പിന്മാറ്റം സാമ്പത്തിക ഉപരോധത്തിലൂടെ നേടാമായിരുന്ന കുരിശുപടയുടെ വിജയത്തിന്റെ സാധ്യതയെ ദുര്‍ബലപ്പെടുത്തി. അതോടെ വിജയം ലഭ്യമാകും വരെ ഈജിപ്തിനെ സാമ്പത്തികമായി വളയാന്‍ കുരിശുയോദ്ധാക്കള്‍ പദ്ധതിയിട്ടു. ഉപരോധം അവര്‍ തെക്ക് ചെങ്കടലിലേക്കും വ്യാപിപ്പിച്ചു. സ്‌പെയ്‌നിലെ ക്രൈസ്തവ ഭരണകൂടത്തിന്റെ പിന്തുണിയില്ലാതെ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നു കണ്ട പോപ് രാജാവിന്റെ അടുത്തേക്ക് അനുനയത്തിനായി ധാരാളം മതപുരോഹിതന്മാരെ അയച്ചു. തെക്കുനിന്ന് ഈജിപ്തിനെ ഉപരോധിക്കലായിരുന്നു ലക്ഷ്യം. അങ്ങനെ സ്‌പെയ്‌നും കുരിശുയുദ്ധത്തില്‍ യൂറോപ്യന്‍ പങ്കാളിയായി മാറി. പുരോഹിതന്മാര്‍ ചേര്‍ന്ന് നൈല്‍ നദിയുടെ ഉറവിടത്തിന്റെ നിയന്ത്രണം നേടിയെടുക്കാനും ഈജിപ്തിലേക്കുള്ള അതിന്റെ ഗതി വഴി തിരിച്ചുവിടാനും അവര്‍ അബ്‌സീനിയന്‍ രാജാവിനെ നിര്‍ബന്ധിപ്പിച്ചു. പക്ഷെ, ഈജിപ്തിന്റെ പ്രതികരണം ഭയന്ന് അവര്‍ അതില്‍നിന്ന് പിന്മാറി.

നൈല്‍ നദിയുടെ ഗതി തിരിച്ചുവിടാനുള്ള ഗൂഢാലോചന കുരിശുയോദ്ധാക്കളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ഒടുവില്‍, തെക്കുനിന്ന് ഈജിപ്തിനെ ആക്രമിക്കാനും അതിനു സഹായകമാകുന്ന രീതിയില്‍ നൈല്‍ നദി വഴി തിരിച്ചുവിടാനും എഡി. 1450 ല്‍ സ്‌പെയ്‌നിലെ കുരിശുയോദ്ധാക്കളുടെ നേതാവ് അബ്‌സീനിയന്‍ രാജാവിനെ നിര്‍ബന്ധിപ്പിച്ചു. ഈ ആശയത്തോട് പോര്‍ച്ചുഗീസുകാരും യോജിപ്പായിരുന്നു. ആഫ്രിക്ക കടന്നുള്ള ഈജിപ്ഷ്യന്‍ വ്യാപാരം പാതയ്ക്ക് ഒരു ബദല്‍മാര്‍ഗം അവര്‍ക്കും ആവശ്യമുണ്ടായിരുന്നു. 1498 ല്‍ കേപ് ഓഫ് ഗുഡ്‌ഹോപ്പിലേക്കുള്ള റൂട്ട് കണ്ടെത്തിയതിനുശേഷം പോര്‍ച്ചുഗീസ് കപ്പല്‍പടയുടെ കമാന്‍ഡര്‍ അബ്‌സീനിയന്‍ രാജാവിനോട് നൈല്‍ വഴി മാറ്റി ഒഴുക്കാന്‍ രൂപത്തില്‍ പാറ വെട്ടാനും നിലം കുഴിക്കാനും പ്രാവീണ്യരായ തൊഴിലാളികളെ ആവശ്യപ്പെട്ടു. ഈ പദ്ധതി പക്ഷെ വേണ്ടത്ര വിജയം കണ്ടില്ല. എങ്കിലും മംമ്‌ലൂക്ക് ഭരണകൂടത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായും തകര്‍ക്കാനുള്ള യൂറോപ്യന്‍ കുരിശുയോദ്ധാക്കളുടെ നിശ്ചയദാര്‍ഢ്യത്തെയാണ് നാം ഇവിടെ ഗൗരവത്തോടെ കാണേണ്ടത്. കുരിശുയുദ്ധത്തിന്റെ തുടര്‍ച്ചയും അതിന് അനുയോജ്യമായ രീതിയിലുള്ള സാമ്പത്തിക ഉപരോധം തന്നെയാണ് ഇന്നും യൂറോപ്പ് ലക്ഷ്യം വക്കുന്നത്.

വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles