Current Date

Search
Close this search box.
Search
Close this search box.

വികെ അബ്ദു: ‘നമുക്ക് വിശദമായി സംസാരിക്കാം…’

മരിക്കുന്നത് വരെ മനസ്സിൽ ചെറുപ്പം കാത്ത് സൂക്ഷിച്ച് താനിടപഴകുന്ന സകലരോടും സ്‌നേഹവും ബഹുമാനവും ആദരവും കാണിക്കാൻ ഒരു പിശുക്കും കാണിക്കാത്ത അതുല്യ വ്യക്തിത്വത്തിനുടമായിരുന്നു അബ്ദു സാഹിബ്. 10.2.2021 ന് സുബ്ഹിക്ക് മരണവിവരം അറിയുബോൾ അതുൾക്കൊള്ളാൻ ഏറെ പ്രയാസപ്പെട്ടു. നിരന്തരം കാര്യങ്ങൾ സംസാരിക്കുകയും കൂടിയാലോചന നടത്തുകയും ചെയ്തിരുന്ന ഒരു ആത്മ സുഹൃത്തും വഴികാട്ടിയുമെല്ലാമായിരുന്നു അദ്ദേഹം. തൊണ്ണൂറുകളുടെ അവസാനത്തിലാണ് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് തുടക്കമാവുന്നത്. 1998 ഏപ്രിൽ മാസത്തിൽ നടന്ന ഹിറ സമ്മേളനത്തിലെ പ്രദർശന നഗരിയിൽ വിവര സാങ്കേതിക രംഗത്തെ പുതിയ സാധ്യതകൾ ദീനി മേഖലക്ക് പരിചയപ്പെടുത്താൻ അബ്ദു സാഹിബ്  മുന്നിലുണ്ടായിരുന്നു.  അവിടുന്ന് കൂടുതൽ അടുക്കാനും തുറന്ന ആശയ വിനിമയം നടത്താനും അവസരം ലഭിച്ചത് ഏറെ സംതൃപ്തിയോടെയാണ് ഓർക്കുന്നത്.

ആധുനിക വിവര സാങ്കേതിക വിദ്യയെ ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനത്തിനും പരമാവധി സൗകര്യത്തിലും എളുപ്പത്തിലും എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാര്യമായ ചിന്ത. 1977 മുതൽ നീണ്ട 24 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 2001 ലാണ് അബ്ദു സാഹിബ് നാട്ടിൽ തിരിച്ചെത്തുന്നത്. പള്ളിദർസിലും പിന്നീട് വെല്ലൂർ ബാഖിയാത്തിലും ഔദ്യോഗിക പഠനം പൂർത്തിയാക്കി ചുരുങ്ങിയ കാലം ആലത്തൂരിലെ ഇരട്ടകുളം എയ്ഡഡ് സ്കൂളിൽ  അധ്യാപനം നടത്തിയ ശേഷമാണ് പ്രവാസത്തിലേക്ക് തിരിയുന്നത്. അവിടുത്തെ മെച്ചപ്പെട്ട ജോലിയും ധാരാളം ഒഴിവുസമയവും അദ്ദേഹത്തിന് തന്റെ ഇഷ്ഠ മേഖല തെരഞ്ഞെടുക്കാനും അതിൽ സ്വയം സമർപ്പിച്ച് ഐ ടി റിലേറ്റഡായ വിജ്ഞാനിയങ്ങളെ കീഴ്‌പ്പെടുത്താനും അതിന്റെ അഥോറിറ്റി ആവാനും സാധിച്ചുവെന്നത് ചരിത്രം. വലിയ സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രം സ്വപ്‌നം കാണാൻ സാധിച്ചിരുന്ന കാലത്ത് കമ്പ്യൂട്ടറും അനുബന്ധ സംവിധാനങ്ങളും സ്വന്തമാക്കിയിരുന്ന അബ്ദു സാഹിബ് മരിക്കുന്നത് വരെ ആ മേഖലയിലെ ഏത് പുതുമയെയും കൗതുകപൂർവ്വം ശ്രദ്ധിക്കുകയും അത് സ്വന്തമാക്കുകയും ചെയ്തിരുന്നു. അതിന് പണം ചെലവഴിക്കുന്നതിൽ ഒരു പിശുക്കുമില്ലായിരുന്നു.  ഐ ടി ഫീൽഡിലെ ശരിയായ പൾസും അപ്‌ഡേഷനുകളും അറിയാൻ മറ്റെവിടെയും പരതേണ്ടതില്ലാത്ത വിധം ഒരു റഡി റഫറൻസ് കൂടിയായിരുന്നു വിട പറഞ്ഞ അബ്ദു സാഹിബ്.

എളിമയും ലാളിത്യവും വിനയവും ജീവിതത്തിലുടനീളം കൊണ്ടുനടക്കുകയും അത് സമൂഹത്തിലെ എല്ലാതുറയിലുള്ളവർക്കും ഒരു പിശുക്കും കൂടാതെ  ചെറുപുഞ്ചിരിയോടെ നിർലോഭമായി സമ്മാനിക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. അക്കാദമികമായ യോഗ്യതയില്ലാത്തവർക്കും ടെക്‌നിക്കൽ മേഖല കീഴടക്കാമെന്നും സാങ്കേതിക വിദ്യയുടെ മുന്നിൽ നടക്കാമെന്നും ജീവിതം കൊണ്ട് അടയാളപ്പെടുത്താൻ സാധിച്ച വ്യക്തികൂടിയാണദ്ദേഹം. ഏത് പ്രായക്കാർക്കും കമ്പ്യൂട്ടർ കീബോർഡും മൗസും നിസ്പ്രയാസം ഉപയോഗിച്ച് കമ്പ്യൂട്ടർ സാക്ഷരനാവാൻ സാധിപ്പിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്. അതിന്ന് ആളുകളെ സജ്ജമാക്കുന്ന ലളിതവും എന്നാൽ ആകർഷകവുമായ പാഠ്യക്രമവും സിലബസും അദ്ദേഹം തന്നെ രൂപപ്പെടുത്തിയിരുന്നു. കേരള ജമാഅത്തിന്റെ സംസ്ഥാന- ജില്ല- ഏരിയ നേതാക്കൾക്ക് ബാച്ചുകളായി രാത്രിയും പകലും ഉൾപ്പെടുത്തി നടത്തിയ ഒരാഴ്ചത്തെ തീവ്ര യജ്ഞ കോഴ്സ് മധുരമുള്ള ഓർമ്മയാണ്.  ജാതി- മത- ലിംഗ ഭേദമന്യേ പലർക്കും ഉപകാരപ്പെടുന്ന വ്യത്യസ്ത പ്രോഗ്രാമുകൾ അദ്ദേഹം നടത്തിയതിന്റെ  ഗുണഫലങ്ങൾ സ്വീകരിച്ച ഒരുപാട് പേരുടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന അനുസ്മരണ കുറിപ്പുകളതിനുള്ള സാക്ഷ്യപത്രമായി കാണാവുന്നതാണ്. അത്തരം ബന്ധങ്ങളുടെ ആഴവും പരപ്പുമാണ് ഐ ടി ലോകം, ഇൻഫോ കൈരളി പോലത്ത മാഗസിനുകളിൽ അദ്ദേഹത്തെ കോളമിസ്റ്റാക്കിയതും. ഐ ടി വിജ്ഞാനിയങ്ങളിൽ ഏറെ യോഗ്യരായവർ അബ്ദു സാഹിബിന്റെ പല ഇടപെടലുകളിലും അത്ഭുതവും അതിലേറ ആദരവും നൽകിയത്  ആ മേഖലയിലുള്ള അദ്ദേഹത്തിന്റെ വ്യുൽപ്പത്തി മനസ്സിലാക്കി തരുന്നത് കൂടിയാണ്.

2001 ൽ നാട്ടിലെത്തിയ ശേഷം തന്റെ കർമ്മ രംഗം കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തെ സാങ്കേതിക മേഖലയുടെ പശിമയിൽ ചാലിച്ചെടുക്കാനുള്ള തീവ്ര ആലോചനകളുടെയും വിവധ പ്രോജക്ടുകളുടെയും അമരത്ത് സ്വയം സമർപ്പിക്കാനുമാണ് അബ്ദു സാഹിബ് തീരുമാനിച്ചത്.  ആരോഗ്യ സംബന്ധിയായ കാരണങ്ങളാൽ വിശ്രമജീവിതം വിധിക്കപ്പെട്ടാണ് നാട്ടിലെത്തുന്നത്. എന്നാൽ പ്രായവും ആരോഗ്യവും പരിഗണിക്കാതെ തനിക്കേറ ഇഷ്ടപ്പെട്ട സാങ്കേതിക മേഖലയുടെ ഇസ്ലാമിക വത്കരണത്തിൽ എപ്പോഴും മുന്നിലുണ്ടാവുകയും വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റാനുമാണ് അബ്ദു സാഹിബ് ശ്രമിച്ചത്. സൗദി കെ.ഐ.ജി യുടെ താൽപര്യപ്രകാരം ജമാഅത്ത് കേരള ഘടകത്തിന്റെ അനുവാദത്തോടെ സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആന്റെ സമ്പൂർണ ഡിജിറ്റൈസേഷൻ ഒന്നാം പ്രോജക്ടിന് 2006 ൽ ശാന്തപുരം അൽജാമിഅ കേന്ദ്രീകരിച്ച് തുടക്കം കുറിക്കുന്നത് അങ്ങനെയാണ്. ശൈഖ് മുഹമ്മദ് കാരക്കുന്ന് ഡയരക്ടറും മർഹും പി. ടി അബ്ദുറഹ്മാൻ എന്ന റഹ്മാൻ മുന്നൂര് എഡിറ്ററുമായ പ്രോജക്ടിന്റെ ചുമതല അബ്ദു സാഹിബിനായിരുന്നു. സഹചുമതലക്കാരനായി ഈയുള്ളവനുമുണ്ടായിരുന്നു. അവിടുന്നിങ്ങോട്ട് മരിക്കുന്നത് വരെ ഞങ്ങൾ തമ്മിലുള്ള ബന്ധം ഗാഢവും സുദൃഢവുമായിരുന്നു. യാതൊരു മുൻ മാതൃകയുമില്ലാതെയാണ് ഇത്തരമൊരു അതി ബൃഹത്തായ മഹാ പ്രോജക്ടിലേക്ക് എടുത്ത്ചാടുന്നത്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ തഫ്ഹീമുൽ ഖുർആന്റെ ഒന്നും രണ്ടും പ്രോജക്ടുകൾ അബ്ദു സാഹിബിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുകയുണ്ടായി.

2012 ൽ ജമാഅത്തെ ഇസ് ലാമി കേരളയുടെ ഐ ടി ഡിവിഷനായി ഡിഫോർ മീഡിയ രൂപം കൊണ്ടപ്പോൾ അതിന്റെ ഡയരക്ടറായി അബ്ദു സാഹിബാണ് തലപ്പത്തുണ്ടായിരുന്നത്. എട്ട് വർഷത്തെ സേവനത്തിന് ശേഷം ആരോഗ്യ കാരണങ്ങളാൽ തൽസ്ഥാനം ഒഴിവായപ്പോഴും അദ്ദേഹം തന്നെ താൽപര്യപൂർവ്വം തുടങ്ങിയ ഇസ്ലാം ഓൺലൈവിൽ ഐ ടി കോളമിസ്റ്റായി ഒപ്പമുണ്ടായിരുന്നു. ആ കോളത്തിലൂടെ ഒട്ടനവധി ഇസ്ലാമിക ആപ്പുകളെയും സംവിധാനങ്ങളെയും പരിചയപ്പെടുത്തുകയുണ്ടായി. ഖുർആനുമായി ബന്ധപ്പെട്ട ആൻഡ്രോയിഡ് ഐ ഒ എസ് ആപുകൾ, വെബ്‌സൈറ്റുകൾ, കുട്ടികളെ നമസ്‌കാരം പഠിപ്പിക്കാൻ ആനിമേഷൻ സി ഡി, തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ ഓഡിയോ ബുക്‌സ്, തെരഞ്ഞെടുത്ത വിഷയങ്ങളിലുള്ള പഠന സി ഡികൾ, ഖുർആൻ പഠനത്തിന് സൗകര്യമൊരുക്കുന്ന വീഡിയോ ക്ലാസുകൾ തുടങ്ങി കുറെയേറ പ്രവർത്തനങ്ങൾക്ക് ഡിഫോർ മീഡിയ മുന്നിട്ടിറങ്ങിയത് അബ്ദു സാഹിബിന്റെ കാലത്താണ്. സാലറി സ്വീകരിക്കാതെ കേവലം ടി എ മാത്രം സ്വീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മുഴുസമയ സേവനം.   ഇതിന്റെയെല്ലാം പിന്നണി പ്രവർത്തകരായി തെരഞ്ഞെടുക്കപ്പെട്ടവരാവട്ടെ വിവധ കോഴ്‌സുകൾ കഴിഞ്ഞ് ജസ്റ്റ് പുറത്തിറങ്ങിയവരും. അവർക്ക് വേണ്ട സകല ഒത്താശകളും ഒരു പിതാവിനെ പോലെ ചെയ്യുന്ന അബ്ദു സാഹിബിനെ ഇപ്പോഴും മുന്നിൽ കാണുന്നുണ്ട്.

2001 മുതൽ അബ്ദു സാഹിബിന്റെ നിഴലായി കൂടെ സഞ്ചരിക്കാൻ സാധിച്ചുവെന്നതിൽ ഈ എളിയവന് അതിയായ സന്തോഷമുണ്ട്. എന്നെ മൾട്ടിമീഡിയയും വെബ് ടെക്‌നോളജിയും കമ്പ്യൂട്ടർ മാനേജ്‌മെന്റും ഗൗരവത്തിൽ പഠിപ്പിക്കുന്നതിൽ അബ്ദു സാഹിബിന് അനൽപ്പമായ പങ്കുണ്ട്. അങ്ങനെയാണ് കേരള ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും ഐ പി എച്ചിന്റെയുമെല്ലാം വെബ് സൈറ്റുകൾ രൂപപ്പെടുന്നത്. കേരള ജമാഅത്തിന്റെ ത്രൈമാസ റിപ്പോർട്ടിന്റെ ഓൺലൈൻ വത്കരണവും  ജില്ലാ ഏരിയ നേതൃത്വത്തിന് അതിന്റെ പ്രവർത്തനം പഠിപ്പിക്കാൻ സ്വന്തം ലാപ്ടോപ്പും ചുമന്ന് നിശ്ചിത സമയത്തിന് മുമ്പ് അതാത് കേന്ദ്രത്തിലെത്തുന്ന അബ്ദു സാഹിബ് ഇനി ഓർമ മാത്രമാണ്.

1998 ലും 99 ലുമായി യഥാക്രമം കബ്യൂട്ടർ ലോകം, ഇന്റർനെറ്റ് ലോകം എന്നീ രണ്ട് പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. മാത്രവുമല്ല നിരവധി ലേഖനങ്ങളും കുറിപ്പുകളും വിവിധ ആനുകാലികങ്ങളിൽ അദ്ദേഹം എഴുതിയത് ഏറെ കൗതുകത്തോടെയാണ് അന്നൊക്കെ വായിച്ചിരുന്നത്. മലയാളികൾക്ക് അദ്ദേഹം ഒരു തികഞ്ഞ കബ്യൂട്ടർ ഉസ്താദ് തന്നെ ആയിരുന്നു. ഇൻഫോ മാധ്യമത്തിന്റെ ചുമതലയിലൂടെയും മാധ്യമം കബ്യൂട്ടർ ക്ലബ്ബിലൂടെയും അദ്ദേഹമത്  ഉറപ്പിക്കുകയും ചെയ്തു. പുതിയ തലമുറയെ ദീനി അടിത്തറയിൽ സാങ്കേതിക മികവോടെ പുറത്തിറക്കണമെന്ന അദ്ദേഹത്തിന്റെ ചിന്തക്ക് പ്രസ്ഥാനം നൽകിയ അംഗീകാരം കൂടിയാണ് ശാന്തപുരം അൽജാമിഅയിലെ ഐ ടി സെന്റർ. അതിന്റെ ആദ്യകാല ഡയരക്ടറും അബ്ദു സാഹിബായുന്നു.

ഏത് പുതിയ ഡിവൈസും മാർക്കറ്റിലെത്തിയാൽ അത് വാങ്ങി പരീക്ഷിച്ചതിന്റെ റിസൽറ്റ് ഒന്നുകിൽ ഫോണിൽ അല്ലങ്കിൽ ഓഫീസിൽ വന്നശേഷം പറഞ്ഞുതരാറുള്ള ആത്മസുഹൃത്തിനെകൂടിയാണ് വ്യക്തിപരമായി നഷ്ടപ്പെട്ടിരിക്കുന്നത്. 2013ൽ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയപ്പോൾ അതിന്റെ പ്രവർത്തന രീതിയും മറ്റും നേരിൽ കണ്ട് മനസ്സിലാക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഓർമ്മയിലുണ്ട്. ഒരിക്കലല്ല പലപ്രാവശ്യം വീട്ടിൽ സന്ദർശിച്ച് ഖദീജാത്തയുടെ വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടുമുണ്ട്. അബ്ദു സാഹിബ് സ്വന്തം നിലക്ക് നല്ലൊരു കുക്കു കൂടിയായിരുന്നു എന്നും ബോധ്യമായിട്ടുണ്ട്. അറേബ്യൻ പാചകത്തിൽ നല്ല സമർഥനായിരുന്നു. ഞങ്ങളുടെ ഒന്നിച്ചുള്ള പലയാത്രകളിലും അത്തരം വിവരങ്ങൾ പങ്ക് വെച്ചിരുന്നു. വീട്ടിലേക്ക് ആവശ്യമായ വിഷരഹിത മീന്, വിഷരഹിത പച്ചക്കറി ( അക്വാപോണിക്‌സ് ) വീട്ടുമുറ്റത്ത് സംവിധാനിച്ചത് കൗതുക കാഴ്ചകൂടിയാണ്.അടുക്കള വേസ്റ്റ് സംസ്‌കരണത്തിലൂടെ മീൻ തീറ്റയും കോഴി തീറ്റയും ഒപ്പം പച്ചകറികൾക്ക് വളവും ലഭ്യമാക്കുന്ന ബയോ പോഡ് സംവിധാനം അദ്ദേഹം സ്വന്തം നിലക്ക് രൂപകൽപന നടത്തിയതും കൗതുകമുള്ളതാണ്. ഏകദേശം രണ്ട് വർഷം മുമ്പ് മൂത്ര സംബന്ധിയായ ഒരു ഓപ്പറേഷന് ശേഷം വീട്ടുമുറ്റത്തെ കൃഷിയിലും അതിന്റെ പരിപാലനത്തിലുമായി കൂടുതൽ സമയം ചെലവഴിക്കുന്നതിലെ സന്തോഷം പലപ്പോഴായി പങ്ക് വെച്ചിട്ടുണ്ട്.

എല്ലാമാസവും നിശ്ചിത സംഖ്യ സ്വദഖയായി നൽകുന്നവരുടെ ഒരു സ്വകാര്യ ലിസ്റ്റ് അബ്ദു സാഹിബിനുണ്ടായിരുന്നു. ഇതിനും പുറമെ ഇരുമ്പുഴി വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയായിരുന്നു. ഒരിക്കൽ മൊബൈൽ ആപ്പിലുള്ള ഹോം ലൈബ്രററിയെ കുറ്ച്ച പറഞ്ഞത് കൂടി പങ്ക് വെക്കുന്നത് നന്നാവും. എന്റെ വീട്ടിലിപ്പോൾ ഏകദേശം അഞ്ഞൂറിലേറ പുസ്തകങ്ങളുണ്ട്. അതിൽ കുറെയധികം പുസ്തകങ്ങൾ ഇപ്പോൾ  ഇ ബുക്കായും ഡിജിറ്റലായും ഓൺലൈനിൽ ലഭിക്കുന്നത് കൊണ്ട്  വേഗത്തിൽ റഫറൻസ് നടക്കുന്നുണ്ട്. ഈ ഒരു തലത്തിലേക്ക് നമുക്ക് നമ്മുടെ സംവിധാനങ്ങളെയും മാറ്റേണ്ടതുണ്ട്. പുതിയ തലമുറ നമ്മുടെ ശ്രമങ്ങളെയും വൈജ്ഞാനിക സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തണമെങ്കിൽ അങ്ങനെയെ കഴിയൂ.  പേപർലസ് ഓഫീസിനെപറ്റിയാണ് അബ്ദു സാഹിബ് ഏറെ വാചാലനായിരുന്നത്.

വിവര സാങ്കേതിക വിദ്യയുടെ തുടക്കക്കാലത്ത് അതിന്റെ വൻ പ്രചാരകനായിരുന്ന, തന്റെ ജീവിത കാലത്തുതന്നെ അതിനായി ഒട്ടേറ നീർച്ചാലുകൾക്ക് രൂപം നൽകാൻ സാധിച്ച കർമ്മ ഫലവുമായാണ് അബ്ദു സാഹിബ് നമ്മെ വിട്ട് പരിഞ്ഞിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് അതിന്റെയൊക്കെ സൗകര്യങ്ങളും ഫലങ്ങളും നുകരുന്നത്.

ഹോസ്പിറ്റലിലായിരിക്കെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്, ‘ ഞാനിന്ന് ഡിസ്ച്ചാർജാവും. പ്രയാസമൊന്നുമില്ല. നല്ല ആശ്വാസമുണ്ട്. അധികം സംസാരിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. നിയന്ത്രണം കഴിയുന്ന മുറക്ക് നമുക്ക് വിശദമായി സംസാരിക്കാം….. ‘

വാളക്കുണ്ടിൽ ബാപ്പു ഹാജിയുടെയും വില്ലൻ പാത്തുമ്മയുടെയും മകനായി ജനിച്ച അബ്ദു സാഹിബിന് 73 വയസ്സായിരുന്നു മരിക്കുമ്പോൾ.  ഖദീജ വരിക്കോടനാണ് ഭാര്യ. അബ്ദുസ്സലാം, ഹാരിസ്, ഷഫീഖ് (മൂവരും സൗദി) വി.കെ ഷമീം (സബ് എഡിറ്റർ മാധ്യമം) എന്നിവർ മക്കളും  നസീബ (പൂക്കോട്ടൂർ), തസ്‌നിയ മോൾ (പുല്ലൂർ), ഖദീജ സുഹാന (വാഴക്കാട്), സജ്‌ന (തുവ്വൂർ) എന്നിവർ മരുമക്കളുമാണ്.

പരേതന് അല്ലാഹു അർഹമായതിലുമധികം പ്രതിഫലം നൽകി  അനുഗ്രഹിക്കട്ടെ. നാഥൻ അവന്റെ സ്വർഗ്ഗപ്പൂങ്കാവനത്തിൽ നമ്മെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ. ബർസഖീ ജീവിതം സന്തോഷകരമാക്കട്ടെ (ആമീൻ)

അബ്ദു സാഹിബ് അവസാനമായി എഫ് ബിയിലെഴുതിയ ( 6.2.2020) കുറിപ്പ് ഇങ്ങനെയാണ്:-

ഹൃദയ സംബന്ധമായ ചികിൽസക്കായി കഴിഞ്ഞ തിങ്കളാഴ്ച (1/2/2021) മുതൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലായിരുന്നു. ബുധനാഴ്ച ആൻജിയോപ്ലാസ്റ്റി വഴി രണ്ടുമൂന്നു ബ്ലോക്കുകൾ വിജയകരമായി നീക്കി. പിന്നെ രണ്ട് ദിവസം ആശുപത്രിയിൽ വിശ്രമം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തി. അൽഹംദുലില്ലാ. ഇപ്പോൾ പ്രയാസങ്ങളൊന്നും അനുഭവപ്പെടുന്നില്ല.

പ്രാർത്ഥനയോടെ ഒപ്പം നിന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും അല്ലാഹു മഹത്തായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ. എല്ലാവിധ മാരക രോഗങ്ങളിൽ നിന്നും നമ്മെ എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ.. ആമീൻ.

Related Articles