Current Date

Search
Close this search box.
Search
Close this search box.

ആദർശ നഗരിയിൽ അല്പ സമയം

[ഡോ. റദിയുൽ ഇസ്‌ലാം നദ്‌വി ഈയിടെ  നിർവഹിച്ച തൻ്റെ പഠാൻകോട്ട്
ദാറുൽ ഇസ്ലാം യാത്ര വിവരിക്കുന്നു]

നമ്മൾ യാത്ര ചെയ്തിരുന്ന കാർ മെയിൻ റോഡിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞപ്പോൾ സഹോദരൻ അൻവർ അഹ്മദ് സാഹിബ് പറഞ്ഞു: “ഇത് നോക്കൂ, ദാറുൽ-ഇസ്ലാം , നാമിതാ ദാറുൽ-ഇസ്ലാമിൽ എത്തിയിരിക്കുന്നു -” ഇത് കേട്ടതും ഹൃദയമിടിപ്പ് ഉയരുകയും അന്തരാളം സന്തോഷം കൊണ്ട് നിറയുകയും ചെയ്തു. മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദി ഇന്ത്യാ വിഭജനത്തിന് മുമ്പ് തൻ്റെ ജീവിതത്തിലെ വിലപ്പെട്ട ചില പ്രധാനപ്പെട്ട വർഷങ്ങൾ ചിലവഴിച്ച ‘മുസ്‌ലിംകളും നിലവിലെ രാഷ്ട്രീയ സമരവും’ ‘مسلمان اور موجودہ سیاسی کشمکش’ എന്നതടക്കമുള്ള മറ്റ് വിലപ്പെട്ട ഗ്രന്ഥങ്ങളും എഴുതിയ നാട്. ഈ നാടിനെ കുറിച്ചു പരാമർശം വളരെക്കാലമായി പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. ഇസ്‌ലാമിൻ്റെ ഭാവി ആസൂത്രണം ചെയ്തിടമാണിത്; അഥവാ 1939 ൻ്റെ തുടക്കത്തിൽ, തിരഞ്ഞെടുത്ത 5 നല്ല മനുഷ്യന്മാർ തങ്ങളുടെ ശഹാദത്ത് പുതുക്കി ഇസ്‌ലാമിൻ്റെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ജമാഅത്തെ ഇസ്‌ലാമിയുടെ അംഗങ്ങളായിക്കൊണ്ട് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അടിത്തറ പാകുകയും ചെയ്ത മണ്ണാണിവിടം.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പഞ്ചാബ് ഹൽഖാ അമീർ മാസ്റ്റർ മുഹമ്മദ് നസീർ സാഹിബ് എന്നെ മലർകോട്‌ലയിലേക്ക് ചില പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിച്ചതാണ് ഈ യാത്രക്ക് നിമിത്തമായത്. അദ്ദേഹമെന്നെ രണ്ട് ദിവസത്തെ പ്രോഗ്രാമിനാണ് വിളിച്ചത്. ഞാനദ്ദേഹത്തോട് പറഞ്ഞു: “ഞാൻ മൂന്ന് ദിവസത്തേക്ക് വരും, രണ്ട് ദിവസമല്ല ; മൂന്നാം ദിവസം ദാറുൽ ഇസ്ലാം (പഠാൻകോട്ട്) സന്ദർശിക്കാൻ അവസരമൊരുക്കണം.അദ്ദേഹം പറഞ്ഞു: “തീർച്ചയായും “.

പഠാൻകോട്ട് മാലിർകോട്‌ലയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് . വൈകുന്നേരം യാത്ര ആരംഭിച്ച് രാത്രി പത്താൻകോട്ടിനടുത്ത് ചെലവഴിക്കാനാണ് തീരുമാനിച്ചത്. പിറ്റേന്ന് രാവിലെ ദാറുൽ ഇസ്‌ലാം സന്ദർശിക്കാം ഇതായിരുന്നു പ്ലാൻ.ഈ യാത്രയിൽ മാലിർകോട്‌ലയിൽ നിന്നുള്ള മൗലാനാ ഹാഫിസ് ഇഫ്തിഖർ അഹ്മദ്, മുഹമ്മദ് അഹ്മദ് ഭായി , അൻവർ അഹ്മദ് സാഹിബ് എന്നിവരും കൂടെയുണ്ടായിരുന്നു. ഹൽഖാ അമീർ ഓഫീസ് കാർ നൽകിയിരുന്നു – പഠാൻകോട്ടിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ‘ദസ്വ’ എന്ന പ്രദേശത്തെ പ്രസ്ഥാന ബന്ധുവും സുഹൃത്തുമായ മൗലാനാ സിറാജുദ്ദീൻ്റെ വീടായിരുന്നു ഞങ്ങളുടെ താമസമൊരുക്കിയിരുന്നത്. താമസത്തിനും ഭക്ഷണത്തിനും അവർ മികച്ച ക്രമീകരണങ്ങളാണ് ചെയ്തിരുന്നത്. അല്ലാഹു അവർക്ക് നല്ല പ്രതിഫലം നൽകട്ടെ. ആമീൻ . രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങൾ എട്ട് മണിക്ക് പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ ദാറുൽ ഇസ്ലാമിൽ എത്തി –

മൗലാനാ മൗദൂദിയെ കൂടാതെ, ചൗധരി നിയാസ് അലി ഖാൻ്റെ പേര് കൂടി ചേർന്നതാണ് ദാറുൽ ഇസ്‌ലാമിൻ്റെ ചരിത്രം. ചൗധരി സാഹിബ് യഥാർത്ഥത്തിൽ ഒരു സിവിൽ എഞ്ചിനീയറായിരുന്നു .ജീവകാരുണ്യ – സാമൂഹ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം വളരെ സജീവമായിരുന്നു . ജാതി – മത വിവേചനമില്ലാതെ പാവപ്പെട്ടവരെ സഹായിക്കുവാനും വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം ധാരാളം പണവും ഭൂമിയും ചിലവഴിക്കുമായിരുന്നു.

ചൗധരി ഒരിക്കൽ അല്ലാമാ ഇഖ്ബാലിനോട് താൻ നിർമിക്കാനുദ്ദേശിക്കുന്ന ഇസ്ലാമിക ഗവേഷണ കേന്ദ്രത്തെ കുറിച്ചും അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്താൻ പറ്റുന്ന മനുഷ്യ വിഭവ ശേഷിയെ കുറിച്ചും നടത്തിയ ചർച്ചയാണ് മൗദൂദിയിലെത്തിയത്. 1936 ൽ ദാറുൽ ഇസ്ലാം ട്രസ്റ്റ് ആരംഭിക്കുകയും 1938 മാർച്ച് 14 ഹൈദരാബാദ് വിട്ട മൗദൂദി അവിടെ എത്തുകയും തുടർന്ന്1940-ൽ അതേ പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കുകയും ചെയ്യുകയുമാണുണ്ടായത്.

കുറച്ച് കാലങ്ങൾക്ക് ശേഷം ചൗധരി സാഹിബും മൗലാനാ മൗദൂദിയും തമ്മിൽ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയും തുടർന്ന
മൗലാനാ ലാഹോറിലേക്ക് പോവുകയും ചെയ്തു. എന്നാൽ രണ്ടര വർഷത്തിന് ശേഷം കാര്യങ്ങൾ പരിഹരിച്ച ശേഷം, മൗലാന ദാറുൽ ഇസ്ലാമിലേക്ക് തന്നെ തിരിച്ചെത്തുകയും രാജ്യ വിഭജനം വരെ അവിടെ തുടരുകയും ചെയ്തു.

കൂടെയുണ്ടായിരുന്ന അൻവർ അഹ്മദ് സാഹിബ് ദാറുൽ ഇസ്‌ലാം പലതവണ സന്ദർശിച്ചിട്ടുള്ളയാളാണ്. അദ്ദേഹമായിരുന്നു ഈ യാത്രയിൽ ഞങ്ങളുടെ വഴികാട്ടി. അദ്ദേഹം അവിടെയുള്ള ഓരോ സംഗതികളും ഓരോന്നായി ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നു. ഇവിടെയായിരുന്നു ജമാഅത്തിൻ്റെ ഓഫീസ്. അവിടം മൗദൂദിയുടെ വസതി, മറ്റു പ്രവർത്തകരുടെ വീടുകൾ, ദാറുൽ ഇസ്ലാം നിവാസികൾ ഉപയോഗിച്ചിരുന്ന കിണർ ഇവിടെയായിരുന്നു. മൗലാനാ നടക്കാനിറങ്ങിയിരുന്ന അരുവിക്കരയിലെ നടപ്പാത. ഇതെല്ലാം കണ്ടും കേട്ടും ഞാൻ നടക്കുകയും എഴുന്നേൽക്കുകയും മൗലാനാ മൗദൂദിയെ മനസ്സിൽ സങ്കൽപ്പിച്ചു ആ വർത്തമാനമെല്ലാം ആസ്വദിക്കുകയുമായിരുന്നു. അപ്പോഴെല്ലാം മൗദൂദി സാഹിബ് എഴുതുന്നതും വായിക്കുന്നതും സംസാരിക്കുന്നതുമെല്ലാമായിരുന്നു എൻ്റെ ഭാവന നിറയെ.

കൺമുന്നിൽ ചില ബിൽഡിങ്ങുകളുടെ അവശിഷ്ടങ്ങളും ദ്രവിച്ച ഭിത്തികളും മാത്രം. ചില സ്ഥലങ്ങളിൽ മേൽക്കൂരകൾ കാണുന്നില്ല.ചില മുറികളുടെ വാതിലുകൾ കാണുന്നില്ല. ചിലവ തുരുമ്പിച്ച പൂട്ടുകളാൽ ബന്ധിതങ്ങൾ. ചില മുറികളിൽ പൂട്ടിയിട്ട വാതിലുകൾ, ചില അലമാരയുടെ തുരുമ്പിച്ച അടയാളങ്ങൾ … ഈ രംഗം കണ്ടപ്പോൾ എൻ്റെ നാവിൽ ചില കവിതാ ശകലങ്ങളാണ് തെളിഞ്ഞു വന്നത് :-

ആരാമത്തിലെ പൂവിൻ്റെ പ്രൗഢിയും
കിളിക്കൊഞ്ചലും കാറ്റിൻ്റെ ഈണവും
പുഴയുടെ കളകളാരവങ്ങളും അപ്രത്യക്ഷം..
ഉദ്യാനപാലകൻ്റെ ആ ഇരമ്പൽ മാത്രം കേൾക്കാം
“ഇവിടം നിറയെ പൂവുണ്ടായിരുന്നു ..
വർഷം മുഴുവൻ പൂക്കാലവും…”

ഞാൻ കണ്ണുകളടച്ചു ഭാവനയിലാ ദൃശ്യങ്ങൾ വീണ്ടും വീണ്ടും കാണാൻ തുടങ്ങി . ദാറുൽ ഇസ്‌ലാമിലെ വളരെ ഭക്തരായ അന്തേവാസികൾ നടന്നും, കൂടിയാലോചിച്ചും, ഓഫീസുകളിൽ ജോലി ചെയ്തും, പരിപാടികൾ സംഘടിപ്പിച്ചും ഓടി നടന്നു പണിയെടുക്കുന്നതുമെല്ലാം ഞാൻ കണ്ടു.
അപ്പോഴേക്കും അൻവർ ഭായി പറഞ്ഞു: “ഇനി നമുക്ക് പള്ളി കാണാം” ഞാനവിടേക്ക് നോക്കി. അദ്ദേഹം തുടർന്നു: “മസ്ജിദ് ഒരുപാട് കാലം നല്ല നിലയിലായിരുന്നു” അപ്പോഴേക്കും വലിയ നടുമുറ്റത്തിലൂടെ ഞങ്ങൾ പള്ളിയുടെ പ്രധാന കെട്ടിടത്തിലെത്തിക്കഴിഞ്ഞിരുന്നു. അത് അടച്ചിരിക്കുന്നതാണ് കണ്ട് . പുറത്ത് നിന്നും അകത്ത് നോക്കിയപ്പോൾ അവിടെ വിഗ്രഹങ്ങൾ!! മിമ്പറിൻ്റെ വശങ്ങളിലും സ്ഥാപിച്ചിരിക്കുന്നത് മനുഷ്യദൈവങ്ങളുടെ ഛായാചിത്രങ്ങൾ. ആ പള്ളിയുടെ സ്ഥിതി വളരെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. യാ അല്ലാഹ്! എത്ര ക്രൂരമായാണ് ഇക്കൂട്ടർ പള്ളിയെ ക്ഷേത്രമാക്കിയത്! ഞങ്ങൾ അവിടെ നിന്ന് ഹൃദയം തകർന്നാണ് മടങ്ങിയത്. ശേഷം അല്പം പോലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ദുഃഖവും സങ്കടവും കൊണ്ട് കണ്ണ് നിറഞ്ഞു. ആ ദുഃഖകരമായ കാഴ്ച കണ്ടാണ് ഞങ്ങൾ മടങ്ങിയത്.അപ്പോഴും ഹൃദയം ഇങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു :

ഈ പ്രദേശം പുനരധിവസിപ്പിക്കാൻ ഇനി കഴിയില്ലേ? തിരിച്ചു പിടിക്കാൻ എന്താണ് നിയമ പ്രശ്നം? ചില അവശിഷ്ടങ്ങൾ മാത്രമാണിവിടെയുള്ളത്. സംസ്ഥാന വഖഫ് ബോർഡിന് ഇക്കാര്യത്തിൽ മുൻകൈയെടുക്കാൻ കഴിയില്ലേ? സാമുദായിക സംഘടനകളും ദേശീയവാദികൾക്കും ഇതിൻ്റെ വിഷയവുമായി മുന്നോട്ട് പോകാനാകില്ലേ? അല്ലാഹുവേ! നീ നിമിത്തങ്ങൾ ഉണ്ടാക്കുന്നവനല്ലോ! ഈ പ്രദേശത്തിൻ്റെ പുനരധിവാസത്തിനുള്ള നിമിത്തങ്ങൾ സൃഷ്ടിക്കാൻ നിനക്ക് കഴിയുമല്ലോ നാഥാ…

വിവ : ഹഫീദ് നദ്‌വി

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles