Current Date

Search
Close this search box.
Search
Close this search box.

ദുറൂസ് ഹസനിയ്യ; രാജകീയ പ്രൗഢിയുള്ള വിജ്ഞാന സദസ്സ്

ഉത്തരാഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ പരിശുദ്ധ റമളാൻ മാസത്തിൽ രാജാവിന്റെ തിരുസന്നിധിയിൽ നടത്തപ്പെടുന്ന വൈജ്ഞാനിക സദസ്സാണ് ദുറൂസ് ഹസനിയ്യ. രാജ്യത്തെ ഏറ്റവും പ്രൗഢവും ശ്രദ്ധേയവുമായ ചടങ്ങുകളിൽ ഒന്നാണത്. രാജാവ്, മന്ത്രിമാർ, പാർലന്റംഗങ്ങൾ, പണ്ഡിതർ, സംസ്കാരിക നായകർ, ചിന്തകർ, വിദ്യഭ്യാസ വിചക്ഷണർ തുടങ്ങിയ പരിമിതമായ അംഗങ്ങൾ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. മൊറോക്കയിലെ പ്രഗൽഭരായ ഖാരിഉകളുടെ ഹൃദയസ്പൃക്കായ ഖുർആൻ പാരായണത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ വിശ്വപ്രസിദ്ധരായ പണ്ഡിതർ ക്ലാസിന് നേതൃത്വം നൽകുന്നു. ഈ വർഷം ഡോ. ഉസാമ അൽ അസ്ഹരി, അബ്ദുൽ ഫത്താഹ് അൽ യാഫിഈ, ഡോ അക്റം നദ്‍വി , ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി, അബ്ദു സ്സമീഅ് അൽ അനീസുൾപ്പെടെ വിശ്വവിഖ്യാത പണ്ഡിതർ ക്ലാസിന് നേതൃത്വം നൽകാനായി മൊറോക്കോയിലെത്തിയിട്ടുണ്ട്.

ഫ്രഞ്ച് കോളനിയാനന്തര മൊറോക്കോയുടെ അധിപൻ ഹസൻ രണ്ടാമൻ 1963 ൽ ആരംഭിച്ച ഈ സംരംഭം പൂർവ പ്രതാപത്തോടെ ഇന്നും നടന്നു കൊണ്ടിരിക്കുന്നു. കോളനിയാനന്തര മൊറോക്കോയിൽ യൂറോപ്യൻ ഉൽപന്നമായ ലിബറൽ, നിർമത, യുക്തി ചിന്താവൈകല്യങ്ങളുടെ പ്രവാഹം നടന്ന സമയം അതിനെ പ്രതിരോധിക്കേണ്ട ബാധ്യത പണ്ഡിതരെ ഉണർത്തുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. കുറ്റമറ്റ ആസൂത്രണവും ആകർഷകമായ സംഘാടനവും ക്രമപ്രവൃദ്ധമായ നടത്തിപ്പും സമം ചേരുന്ന ഓരോ ദുറൂസ് ഹസനിയ്യ സദസ്സുകളും മൊറോക്കോയുടെ ഇസ്ലാമികത്തനിമയുടെ സാക്ഷിപത്രം കൂടിയാണ്.

ചരിത്രം

പരിശുദ്ധ റമളാനിലെ ദുറൂസ് ഹസനിയ്യ സംഗമങ്ങൾ ഹസൻ രണ്ടാമനാണ് ആരംഭിക്കുന്നതെങ്കിലും മൊറോക്കൻ കൊട്ടാരത്തിലെ വൈജ്ഞാനിക സദസ്സിന്റെ ചരിത്രം ഗതകാല രാജാക്കന്മാരിലേക്കെത്തി നിൽക്കുന്നുണ്ട്. മൊറോക്കൻ ചരിത്രകാരനായ ഇബ്രാഹീം ഹറകാത്ത് പറയുന്നത് പ്രകാരം കൊട്ടാരത്തിലെ വൈജ്ഞാനിക സദസ്സിന് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ഇന്ത്യ, ചൈനയുൾപ്പെടെ പ്രാചീന ഭരണകൂടങ്ങളിൽ തത്വജ്ഞാനികളും ജോത്സ്യന്മാരും പങ്കെടുക്കുന്ന കൊട്ടാരസദസ്സുകൾ സജീവമായിരുന്നു.

മുൻ രാജാവ് ഹസൻ രണ്ടാമന്‍ ദുറൂസ് ഹസനിയ്യ സദസ്സിൽ

മറ്റൊരു ചരിത്ര പണ്ഡിതനായ അബ്ദുൽ ഹഖ് അൽ മരീനി പറയുന്നത് ഇസ്ലാമിക രാഷ്ട്രീയ ചരിത്രത്തിൽ പഴക്കം ചെന്ന ഒരാശയമാണ് വൈജ്ഞാനിക സദസ്സുകൾ. മൊറോക്കോയിലെ ആദ്യ കാല ഇസ്ലാമിക ഭരണകൂടങ്ങളായിരുന്ന മുറാബിത്വ, മുവഹ്ഹിദ എന്നിവരുടെ കാലത്ത് ഇത്തരം വൈജ്ഞാനിക സദസ്സ് നിലനിന്നിരുന്നു എന്നാണ്. മജ്ലിസുൽ ഫുഖഹാഅ് എന്ന പേരിലായിരുന്നു ഈ സദസ്സ് അറിയപ്പെട്ടിരുന്നത്. പിന്നീട് മരീനി, സഅദി ഭരണകാലത്ത് മജ്ലിസുൽ ഇൽമിയ്യ അഥവാ വൈജ്ഞാനിക സദസ്സ് എന്ന പേരിൽ നാമകരണം ചെയ്യപ്പെട്ടു.

എന്നാൽ റമളാൻ കേന്ദ്രീകരിച്ചുള്ള സദസ്സ് ആരംഭിക്കുന്നത് നിലവിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന അലവിയ്യ ഭരണകൂടമായിരുന്നു. അലവിയ്യാ രാജവംശത്തിലെ അതിശക്തനായ ഭരണാധിപനായിരുന്ന മൗലായ് ഇസ്മാഇലി (1645-1727) ൻെ കാലത്താണ് ദുറൂസ് ഹസനിയ്യയുടെ പ്രാഥമിക രൂപത്തിന് തുടക്കം കുറിക്കുന്നത്. ഇസ്ലാമിക ശരീഅഃ മാനദണ്ഡമാക്കിയുള്ള വൈജ്ഞാനിക സദസ്സ് റജബ്, ശഅ്ബാൻ, റമളാൻ എന്നീ മൂന്ന് മാസങ്ങളിലും സംഘടിപ്പിക്കപ്പെട്ടിരുന്നു. മുഹമ്മദ് മൂന്നാമൻ, സുലൈമാൻ, ഹസൻ ഒന്നാമൻ എ്ന്നിവരുടെ കാലത്ത് ഈ രീതി തുടർന്നു. ശേഷം വന്ന മുഹമ്മദ് അഞ്ചാമൻ ഹദീസ് ചർച്ചകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വൈജ്ഞാനിക സദസ്സിന് ദുറൂസുൽ ഇൽമിയ്യ അൽ ഹദീസിയ്യ എന്ന് പുനർ നാമകരണം ചെയ്തു.

സ്വിഹാഹു സ്സിത്തയിലെ ബുഖാരി, മുസ്ലിം പോലെയുള്ള ഹദീസ് ഗ്രന്ഥം കേന്ദ്രീകരിച്ച് ആഴത്തിലുള്ള വൈജ്ഞാനിക സദസ്സുകൾ അന്ന് നടന്നിരുന്നു. ഹദീസുകളിൽ കുടികൊള്ളുന്ന കർമശാസ്ത്ര വിധികളും മസ്അലകളും വിശകലനം ചെയ്യപ്പെട്ടിരുന്നു. ഫ്രഞ്ച് അധിനിവേശം വന്നതോടെ ഈ സംവിധാനമെല്ലാം നിലച്ചുപേയി. പിന്നീടാണ് ഹസൻ രണ്ടാമന്റെ കാലത്ത് പുതിയ രൂപത്തിലും ഭാവത്തിലും പ്രസ്തുത സദസ്സ് പുനരാരംഭിക്കപ്പെടുന്നത്.

ദുറൂസ് ഹസനിയ്യ എന്ന പേരിൽ നാമകരണം ചെയ്യപ്പെട്ട കൊട്ടാര സദസ്സ് ആഗോള ശ്രദ്ധ നേടുന്നത് അന്നാണ്. അദ്ദേഹത്തിന് ശേഷം അധികാരത്തിലേറിയ നിലവിലെ രാജാവ് മുഹമ്മദ് ആറാമൻ പല പരിഷ്കരണങ്ങളും കൊണ്ട് വന്നു. അതിലേറ്റവും സുപ്രധാനമായത് 2003 ൽ ആദ്യമായി ഒരു സ്ത്രീയെ ക്ലാസിന് നേതൃത്വം നൽകാൻ ഏൽപ്പിച്ചതായരുന്നു. രിബാത്വ് യൂണിവേഴ്സിറ്റി പ്രഫസറായിരുന്ന റജാഅ് നാജി മകാവിയെയായിരുന്നു ക്ലാസെടുക്കാൻ തെരെഞ്ഞെടുത്തത്.

വേദി

കൃത്യമായ ആസൂത്രണത്തോടെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു ചടങ്ങാണ് ദുറൂസ് ഹസനിയ്യ. റബാത്വിലെ കൊട്ടാര സദസ്സിലാണ് സാധാരണ പരിപാടി നടക്കാറ്. എന്നാൽ സാഹചര്യത്തിനനുസരിച്ച് കാസാബ്ലാൻഗ പോലെ പ്രമുഖ നഗരങ്ങളിലെ രാജകൊട്ടാരങ്ങളിൽ വെച്ചും സദസ്സ് സംഘടിപ്പിക്കപ്പെടാറുണ്ട്. മൊറോക്കോയിലെ ഏറ്റവും വലിയ നഗരമായ കാസാബ്ലാൻഗയിൽ വെച്ച് ഈ വർഷം നടന്ന ദുറൂസ് ഹസനിയ്യ സദസ്സിൽ ഈ വിനീതന് പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.

കൊട്ടാരത്തിൽ പ്രത്യേകം സജ്ജീകരിച്ച അങ്കണത്തിലാണ് സദസ്സ് സംഘടിപ്പിക്കപ്പെടുന്നത്. മനോഹരമായി തയ്യാറാക്കിയ ഇരിപ്പിടത്തിലാണ് രാജാവ് ആസനസ്ഥനാവുന്നത്. കൂടെ കീരീടാവകാശിയായ മകനും പാർലമെന്റിലെ പ്രമുഖരും. നിംനോന്നതികളില്ലാതെ രാജാവും അണികളും ഒരേ പ്രതലത്തിൽ ഇരിക്കുന്ന കാഴ്ച ഇസ്ലാം വിഭാവന ചെയ്യുന്ന നീതി സങ്കൽപത്തിന്റെ പ്രഘോഷണം കൂടിയാണ്. രാജാവിനനഭിമുഖമായാണ് സദസ്സ്. അതിനൊത്ത നടുവിലായി വിഷയാവതാരകന്റെ മിമ്പർ. മിമ്പർ ഒരുക്കിയിരിക്കുന്നത് രാജാവിരിക്കുന്നതിനേക്കാൾ ഉയരത്തിലാണെന്നത് കൗതുകയും സന്തോഷവും നൽകുന്നു. ഒരു പ്രദേശത്തെ അടക്കിവാഴുന്ന അധികാരി പാണ്ഡിത്വത്തിനും വിജ്ഞാനത്തിനും നൽകുന്ന സ്ഥാനം വിളിച്ചറിയിക്കുന്നുണ്ട് ആ മിമ്പർ.

രാജാവ് മുഹമ്മദ് ആറാമൻ

നിലവിലെ രാജാവ് മുഹമ്മദ് ആറാമന്റെ അധികാര ലബ്ധിക്ക് ശേഷം ദുറൂസ് ഹസനിയ്യ ചടങ്ങുകൾക്ക് പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. പരിപാടിയിൽ വിഷയം അവതരിപ്പിക്കാൻ എത്തുന്ന വിദേശ പണ്ഡിതർ കൊട്ടാര സദസ്സുകൾക്കു പുറമെ രാജ്യത്തെ പ്രധാനപ്പെട്ട പള്ളികൾ, വിദ്യഭ്യാസ കേന്ദ്രങ്ങൾ ദീനി സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രഭാഷണം, വഅള്, പ്രബന്ധാവരണം തുടങ്ങിയക്ക് നേതൃത്വം നൽകും. ഞങ്ങൾ പഠിക്കുന്ന റബാത്വിലെ മുഹമ്മദ് സിക്സ്ത് ഇൻസിറ്റിറ്റൂട്ടിൽ ഈ വർഷം ഘാനയിലെ ഡോ. ഖുത്വുബ് സാനുവടക്കം പല പ്രമുഖ പണ്ഡിതരും ക്ലാസെടുക്കാനെത്തിയിരുന്നു. ഇവയെല്ലാം ദുറൂസ് ഹസനിയ്യ ശീർഷകത്തിലാണ് അറിയപ്പെടുന്നത്. എന്നാലും ദുറൂസ് ഹസനിയ്യ പദപ്രയോഗം സാങ്കേതികമായി കൊട്ടാരസദസ്സാണ് ഉദ്ദേശിക്കുന്നത്.

ചടങ്ങ്

ശാന്തവും ഗാംഭീര്യവും സമ്മേളിക്കുന്ന അനുഭവേദ്യമായ ഒരു സംഗമമാണ് ദുറൂസ് ഹസനിയ്യ. പരിപാടിയിലെ വിഷയാവതാരകരും ശ്രോദ്ധാക്കളും നിശ്ചിത സമയത്തിന് മുമ്പേ കൊട്ടാര സമീപത്തെത്തുന്നു. കാവൽക്കാരുടെ പരിശോധനക്ക് ശേഷം ഓരോരുത്തർക്കും നിർണ്ണയിച്ച നിലത്തോട് ചേർന്നിരിക്കുന്ന ഇരിപ്പിടത്തിൽ സ്ഥലം പിടിക്കുന്നു. വിഷയാവതാരകന്റെ പേരും വിഷയവും ഖുർആൻ സൂക്തവും ആലേഖനം ചെയ്യപ്പെട്ട സാക്ഷിപത്രം കവാടം കടന്നെത്തുന്നവർക്ക് വിതരണം ചെയ്യപ്പെടുന്നു. പ്രാദേശിക പണ്ഡിതരും ഉദ്യോഗസ്ഥരും മൊറോക്കോയിൽ പ്രചാരത്തിലുള്ള ശരീരം മുഴുവൻ മറക്കുന്ന ജിൽബാബ് ധരിച്ചിരിക്കുന്ന കാഴ്ച ആകർഷകമാണ്.

ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‍വി വിഷയാവതരണം നടത്തുന്നു

ശേഷം ഇമ്പമേറും ശബ്ദമാധുരിയിൽ മൊറോക്കോയിൽ പ്രസിദ്ധനായ ഒരു ഖാരിഅ് വർശ് ശൈലിയിൽ ഖൂർആൻ സൂക്തങ്ങൾ പാരായണം ചെയ്യുന്നു. ഏകദേശം പത്ത് മിനിറ്റോളം സദസ്സ് മുഴുവൻ ഖുർആൻ വചനങ്ങളുടെ സ്വച്ഛന്ദ പ്രവാഹത്തിന് കാത് കൊടുക്കുന്നു. അൽപ സമയത്തിന് ശേഷം ഭടന്മാരുടെ ഘോരമായ ശബ്ദമുഴക്കത്തിന്റെ അകമ്പടിയോടെ രാജാവ് കടന്ന് വരുന്നു. എല്ലാവരും എണീറ്റു നിന്ന് ഭവ്യതയോടെ സ്വീകരിക്കുന്നു. പ്രത്യേകമായി സജ്ജമാക്കിയ ഇരിപ്പിടത്തിൽ രാജാവ് ഇരുന്നതിന് ശേഷം എല്ലാവരും ഇരിക്കുന്നു. വീണ്ടും സദസ്സ് ശാന്തമാവുന്നു. ശേഷം ഖിറാഅത്ത് നടത്തിയ ഖാരിഇനേയും ക്ലാസ് അവതരിപ്പിക്കുന്ന പണ്ഡിതനേയും സദസ്സിൽ പരിചയപ്പെടുത്തുന്നു.

ദർസ് തുടങ്ങുന്നതിന് മുന്നോടിയായി ശ്രോദ്ധാക്കൾക്ക് നൽകപ്പെട്ട സാക്ഷിപത്രത്തിലുൾക്കൊണ്ട വിഷയവും വിഷയം കേന്ദ്രീകരിക്കുന്ന ഖുർആനിക സൂക്തവും ഒരാവർത്തി വായിക്കുന്നു. ഇനിയാണ് പരിപാടിയുടെ സുപ്രധാന കാര്യപരിപാടിയായ വിഷയാവതരണം. ആദ്യമേ തയ്യാറാക്കിയ വിഷയങ്ങൾ നോക്കി വായിക്കുന്ന പതിവാണുള്ളത്. മുൻ രാജാവ് ഹസൻ രണ്ടാമന്റെ കാലത്ത് നോക്കി വായിക്കുകയായിരുന്ന അവതരാരകനോട് അദ്ദേഹമൊരു ചോദ്യം ചോദിച്ചു. മറുപടി നൽകിയതിന് ശേഷം വീണ്ടും ക്ലാസ് തുടരാൻ സന്ദേഹപ്പെട്ട അവതാരകനോട് നോക്കി വായിച്ച് കൂടായിരുന്നോ യെന്ന് ഹാസ്യരൂപേണ രാജാവ് ചോദിച്ച സംഭവം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ആദ്യ കാലങ്ങളിൽ അമ്പത് മിനിറ്റ് വരെ നീണ്ട് നിൽക്കുന്നതായിരുന്നുവെങ്കിലും നിലവിൽ മുപ്പത് മിനുറ്റിനുള്ളിൽ ക്ലാസ് അവസാനിക്കുന്നു. ചടങ്ങവസാനിപ്പിക്കാനുള്ള ചുമതല രാജാവിലേൽപ്പിച്ചാണ് വിഷയാവതരണം അവസാനിക്കാറ്. സ്വലാത്തുൽ ഫാത്തിഹും സുബ്ഹാന റബ്ബിക്ക റബ്ബിൽ ഇസ്സത്തി എന്ന് തുടങ്ങുന്ന സൂറത്തു സ്സ്വാഫാത്തിലെ അവസാനത്തെ മൂന്ന് ആയത്തും ഓതി രാജാവ് സദസ്സ് അവസാനിപ്പിക്കുന്നു. ശേഷം ക്ലാസിന് നേതൃത്വം നൽകിയ പണ്ഡിതനും മറ്റു വിദേശ പ്രതിനിധികളും രാജാവിനെ കാണുകയും പ്രശംസയേറ്റുവാങ്ങുകയും ചെയ്യുന്നു. ഔഖാഫ് ചുമതലയുള്ള മന്ത്രി രാജാവിന് സവിശേഷമായൊരു ഹദ് യ നൽകുന്നതോടെ പരിപാടിയുടെ തിരശ്ശീലവീഴുന്നു. പിന്നീട് കൊട്ടാര ഹാൾ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദ മുഴക്കത്തോടെ രാജാവിനെ പരിചാരകർ തിരിച്ചയക്കുന്നു. അതോടെ സദസ്സിൽ നിന്ന് ഓരോരുത്തരായി പുറത്തേക്കിറങ്ങുന്നു.

Related Articles