Current Date

Search
Close this search box.
Search
Close this search box.

അക്ബര്‍ ചക്രവര്‍ത്തിയുടെ പേര്‍ഷ്യന്‍ ‘മഹാഭാരതം’

persian-mahabharata.jpg

നമ്മുടെ മുഗള്‍ കൈയ്യെഴുത്തു പ്രതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘റസ്മ്‌നാമ’ അതായത് ‘യുദ്ധ പുസ്തകം’. ഹിജ്‌റ 1007-ല്‍ (1598/99) പകര്‍ത്തി എഴുതിയ ഇതില്‍, സംസ്‌കൃത മഹാകാവ്യമായ ‘മഹാഭാരത’ത്തിന്റെ അവസാനത്തെ 14 മുതല്‍ 18 വരെയുള്ള ഭാഗങ്ങളുടെ പേര്‍ഷ്യന്‍ വിവര്‍ത്തനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഏഷ്യന്‍ ആര്‍ട്ട് മ്യൂസിയത്തില്‍ വാള്‍ട്ടേഴ്‌സ് ആര്‍ട്ട് മ്യൂസിയം ബാള്‍ട്ടിമോറിലെ ആമി എസ്. ലാന്‍ഡൊവിന്റെ നേതൃത്വത്തില്‍ നടക്കുന്ന എക്‌സിബിഷനില്‍ (Pearls on a String: Artists, Patrons, and Poets at the Great Islamic Courts) ഇത് നിലവില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബാള്‍ട്ടിമോറിലായിരുന്നു അത് മുമ്പ് പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ടായിരുന്നത്. പ്രദര്‍ശനത്തിലെ ലൈബ്രറിയുടെ പങ്കാളിത്തത്തിന്റെ ഫലമായി പ്രസ്തുത സൃഷ്ടിയുടെ മുഴുവന്‍ പതിപ്പും ഡിജിറ്റലൈസ് ചെയ്യുകയുണ്ടായി. അതുകൊണ്ട് തന്നെ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനിലൂടെ അത് നോക്കികാണാന്‍ സാധിക്കും.

സംസ്‌കൃതത്തിലെ ‘മഹാഭാരത’ത്തിന്റെ 18 പുസ്തകങ്ങളുടെ വിവര്‍ത്തനമാണ് പേര്‍ഷ്യന്‍ ഭാഷയിലെ ‘റസ്മ്‌നാമ’. 1582-ലാണ് അക്ബര്‍ ചക്രവര്‍ത്തി മഹാഭാരതം പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതൊരു പദാനുപദ വിവര്‍ത്തനമല്ല, അതുകൊണ്ടു തന്നെ ആശയത്തില്‍ ആപേക്ഷികമായ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്കായി, ടി.എച്ച് ഹെന്‍ലിയുടെ  Memorials of the Jeypore Exhibition, 1883. vol. 4: The Razm Námah (London, 1885) എന്ന കൃതിയുടെ ആമുഖത്തില്‍ റസ്മ്‌നാമയുടെ പേര്‍ഷ്യന്‍ പതിപ്പിന്റെ സംഗ്രഹം നോക്കാവുന്നതാണ്.

‘മഹാഭാരത’ത്തിലെ കഥകളും ആശയങ്ങളും കൂടുതല്‍ ജനകീയമാക്കുക, എല്ലാവരിലേക്കും എത്തിക്കുക എന്നതായിരുന്നു പേര്‍ഷ്യനിലേക്കുള്ള അതിന്റെ വിവര്‍ത്തനത്തിന്റെ പ്രഥമ കാരണമെന്ന് അബുല്‍ ഫസല്‍ ചൂണ്ടികാട്ടുന്നുണ്ട്. അതേ സമയം, തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ മുസ്‌ലിംകളെയും ഹിന്ദുക്കളെയും അത് ക്ഷണിക്കുകയും ചെയ്തു. കൂടാതെ അക്ബറിന്റെ ഭരണമാഹാത്മ്യം വിളിച്ചോതുന്ന ഒരു സംരഭം കൂടിയായിരുന്നു അത്. (Cosmopolitan encounters, pp. 227-238)

‘മഹാഭാരതം’ വിവര്‍ത്തനം ചെയ്തതിന് പിന്നിലുള്ള പ്രക്രിയകളെല്ലാം അബ്ദുല്‍ ഖാദര്‍ ബദയൂനിയുടെ ‘മുന്‍തഖബുല്‍ തവാരിഖ്’ എന്ന കൃതിയില്‍ വിവരിച്ചിട്ടുണ്ട്. (എം. അത്തര്‍ അലിയുടെ വിവര്‍ത്തനം, പേജ്. 40) അതില്‍ പക്ഷെ അദ്ദേഹം ആ വിവര്‍ത്തന ദൗത്യത്തെ വിലകുറച്ചാണ് കണ്ടിട്ടുള്ളതെന്ന് അദ്ദേഹത്തിന്റെ തന്നെ വരികളിലൂടെ കണ്ണോടിച്ചാല്‍ നമുക്ക് മനസ്സിലാകും.

‘ഇന്ത്യയിലെ പണ്ഡിതരായ ആളുകളെ വിളിച്ചു ചേര്‍ത്ത്, ചക്രവര്‍ത്തി തിരുനാള്‍ മഹാഭാരതം വിവര്‍ത്തനം ചെയ്യാന്‍ കല്‍പ്പിച്ചു. ചില രാത്രികളില്‍ അദ്ദേഹം തന്നെ നേരിട്ട് നഖീബ് ഖാന് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തിരുന്നു. നഖീബ് ഖാനാണ് മഹാഭാരതം പേര്‍ഷ്യനിലേക്ക് ഇന്ന് കാണുന്ന രൂപത്തില്‍ വിവര്‍ത്തനം ചെയ്തത്. മൂന്നാമത്തെ രാത്രി ചക്രവര്‍ത്തി തിരുമനസ്സ് എന്നെ വിളിപ്പിക്കുകയും നഖീബ് ഖാനുമായി ചേര്‍ന്ന് വിവര്‍ത്തനം നടത്താന്‍ കല്‍പ്പിക്കുകയും ചെയ്തു. യാതൊരു ഉപകാരവുമില്ലാത്ത കഥകള്‍ നിറഞ്ഞ ആ ഗ്രന്ഥകെട്ടിന്റെ പതിനെട്ട് അധ്യായങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ മൂന്നും നാലും മാസമെടുത്തു. രണ്ട് അധ്യായങ്ങള്‍ ഞാനാണ് എഴുതിയത്. അതിന് ശേഷം മുല്ലാ ശീരിയും നഖീബ് ഖാനും ചേര്‍ന്ന് ബാക്കിയുള്ളവ പൂര്‍ത്തിയാക്കി. ഒരു ഭാഗം പൂര്‍ത്തിയാക്കിയത് സുല്‍ത്താന്‍ താനെസാരി ‘മുന്‍ഫരിദ്’ ആയിരുന്നു.

പിന്നീടത് ഗദ്യത്തിലും പദ്യത്തിലും എഴുതാന്‍ വേണ്ടി ശൈഖ് ഫൈസി നിയോഗിക്കപ്പെട്ടു. പക്ഷെ അദ്ദേഹത്തിനും രണ്ട് അധ്യായത്തില്‍ കൂടുതല്‍ എഴുതിപൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നേരത്തെ പറഞ്ഞ ഹാജി തന്നെയാണ് പിന്നീട് രണ്ട് ഭാഗങ്ങള്‍ എഴുതുകയും, ആദ്യഘട്ടത്തില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തുകയും, ഒരു ഭാഗത്തെ മറ്റൊന്നുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന കര്‍മ്മം നിര്‍വഹിച്ചത്. കൃത്യതയുടെ കാര്യത്തില്‍ കണിശമായ ശ്രദ്ധപുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. അവസാന ഘട്ടത്തില്‍ സംഭവിച്ച ചില പിഴവുകളുടെ പേരില്‍ ചക്രവര്‍ത്തി തിരുമനസ്സ് ഹാജി താനെസാരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൗരവന്‍മാര്‍ക്കും പാണ്ഡവന്‍മാര്‍ക്കുമൊപ്പം ഒട്ടുമിക്ക വിവര്‍ത്തകരും ബുദ്ധിമുട്ടിലായി. ചക്രവര്‍ത്തി തിരുമനസ്സായിരുന്നു വിവര്‍ത്തനത്തിന് ‘റസ്മ്‌നാമാ’ എന്ന നാമകരണം ചെയ്തത്. ഇതിഹാസകാവ്യത്തിലെ രംഗങ്ങള്‍ ചിത്രങ്ങളായി വരക്കുകയും, വിവര്‍ത്തനത്തിന്റെ നിരവധി പകര്‍പ്പുകള്‍ എടുക്കുകയും ചെയ്തു. ശൈഖ് അബുല്‍ ഫസല്‍ പ്രസ്തുത കൃതിക്ക് അമ്പതോളം പേജ് വരുന്ന ഒരു ആമുഖം എഴുതുകയും ചെയ്തു. ‘

വിവര്‍ത്തനത്തിന്റെ അവസാനത്തിലുള്ള വിവരങ്ങളും വളരെ പ്രാധാന്യമേറിയതാണ്. അവയുമായി ബന്ധപ്പെട്ട കൈയ്യെഴുത്തു പ്രതികളില്‍ ചിലത് ഭാഗികമായി നാശോന്മുഖമായിരുന്നെങ്കിലും വളരെ പ്രധാനപ്പെട്ട ഖണ്ഡികകള്‍ മറ്റു പകര്‍പ്പുകളില്‍ നിന്നും വീണ്ടെടുക്കപ്പെട്ടു.  (Truschke’s translation, Cosmopolitan encounters, p.187 – the names have been Sanskritised):

അബ്ദുല്‍ ലത്തീഫ് ഹുസൈനിയുടെ മകന്‍ നഖീബ് ഖാനാണ് ഒന്നര വര്‍ഷത്തോളമെടുത്ത് ഈ കൃതി സംസ്‌കൃതത്തില്‍ നിന്നും പേര്‍ഷ്യനിലേക്ക് മൊഴിമാറ്റം നടത്തിയത്. ദേവ മിശ്ര, സാതാവധാന, മധുസൂധന മിശ്ര, ചതുര്‍ഭുജ, ശായിഖ ഭാവന്‍ തുടങ്ങിയ ബ്രഹ്മണ പണ്ഡിതന്‍മാരാണ് ‘മഹാഭാരതം’ വായിച്ച് അത് സാധുവായ ഈയുള്ളവന് ഹിന്ദി ഭാഷയില്‍ വിശദീകരിച്ച് തന്നത്. ഞാനത് പേര്‍ഷ്യനില്‍ എഴുതി.

ഈ പ്രക്രിയ ഫ്രീ ലൈബ്രറി ഓഫ് ഫിലാഡല്‍ഫിയയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു ചിത്രീകരണത്തില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. മുസ്‌ലിംകളും ഹിന്ദുക്കളും അടങ്ങുന്ന രണ്ട് സംഘങ്ങള്‍ ഇരുന്ന് വിവര്‍ത്തനം ചെയ്യുന്നതും ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതും ആ ചിത്രത്തില്‍ നിന്നും വ്യക്തമാണ്. (Pearls on a String, p. 146)

1921-ല്‍ വിറ്റുപോയതോടെ ഒറിജിനല്‍ കൈയ്യെഴുത്തു പ്രതി പലഭാഗങ്ങളായി വിഭജിക്കപ്പെട്ടു. അതോടൊപ്പം തന്നെ ചിത്രീകരണങ്ങളും അങ്ങിങ്ങായി ചിതറിപ്പോയി. ലോകത്തുടനീളമുള്ള മ്യൂസിയങ്ങളിലും ലൈബ്രറികളിലും അതിന്റെ ഭാഗങ്ങള്‍ കാണാന്‍ സാധിക്കും. റസ്മ്‌നാമയുടെ മൂന്ന് ചിത്രീകരണങ്ങളെ കുറിച്ചുള്ള ലേഖനത്തില്‍, കണ്ടെടുക്കപ്പെട്ട 161 ചിത്രങ്ങള്‍ നിലവില്‍ എവിടെയാണുള്ളതെന്ന് ജോണ്‍ സെയ്ല്ലര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. പലതും എവിടെയാണുള്ളതിനെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. ചില ചിത്രങ്ങള്‍ പേര്‍ഷ്യന്‍ പണ്ഡിതനായ സി.എ സ്റ്റോറെ വാങ്ങിയിരുന്നു. അവയെല്ലാം ഇന്ന് ലണ്ടനിലെ റോയല്‍ ഏഷ്യാറ്റിക്ക് സൊസൈറ്റി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles