Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിനെ തകർക്കാനുള്ള ചൈനയുടെ കുത്സിത ശ്രമങ്ങൾ

ചൈനയെ വീണ്ടും മഹത്തരമാക്കുക (‘make China great again’) എന്ന പേരിലുള്ള പ്രസിഡന്റ് ഷി ജിൻപിംഗിൻറെ ശ്രമങ്ങളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന സിനിസൈസേഷൻ പ്രക്രിയ, രാജ്യത്തെ മുസ്‍ലിം ന്യൂനപക്ഷത്തെ ചൈനീസ് സംസ്കാരത്തിലേക്കും സമൂഹത്തിലേക്കും പൂർണ്ണമായി ലയിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ചൈനയിലെ ഇസ്ലാമിന്റെ ആവിർഭാവത്തിന് ആയിരത്തിമുന്നൂറോളം വർഷം പഴക്കമുണ്ട്. അവിടെയുള്ള മുസ്ലിംകൾക്ക് ദീർഘവും ഐതിഹാസികവുമായ ചരിത്രവുമുണ്ട്. എന്നാൽ ആ പാരമ്പര്യം നിലവിൽ ഭീഷണിയിലാണ്, കാരണം ചൈനയിലെ 22 ദശലക്ഷം മുസ്ലിം ന്യൂനപക്ഷത്തെ ഭൂരിപക്ഷ സമൂഹമായ ഹാൻ-ചൈനീസ് സംസ്കാരത്തിലേക്ക് പൂർണ്ണമായി ലയിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘സിനിസൈസേഷൻ’1 പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. 

സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശങ്ങളിൽ തുർക്കിഷ് ഉയ്ഗൂറുകളെ അടിച്ചമർത്തുന്നത് വളരെക്കാലമായി ചർച്ച ചെയ്യപ്പെടുകയും അതിന്റെ കൃത്യമായ രേഖകൾ പുറത്ത് വരികയും ചെയ്തിട്ടുണ്ട് .എന്നാൽ ചൈനീസ് സംസാരിക്കുന്ന മുസ്ലിംകളും (ഹുയി) ചൈനയുടെ ഉൾനാടൻ പ്രവിശ്യകളിലെ ഇസ്ലാം മത വശ്വാസികളും സമാനമായി കടുത്ത വിദ്വേഷ പ്രചാരണത്തിന് വിധേയരായി കൊണ്ടിരിക്കുന്നുണ്ട്. 

ഒരു പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ചൈനയിലെ 1,700 ഓളം പള്ളികൾ നശിപ്പിക്കപ്പെടുകയോ അവയുടെ പ്രൌഢമായ മിനാരങ്ങളും താഴികക്കുടങ്ങളും നീക്കം ചെയ്യുന്നതിനായി പരിഷ്ക്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. വലിയ ബഹളങ്ങളില്ലാതെ ഉയ്ഗൂറുകളെ മാത്രം  വാർത്തകളിൽ കേന്ദ്രീകരിച്ച് ചൈനീസ് മുസ്ലിം സംസ്കാരത്തെ നിശബ്ദമായി തുടച്ച് നീക്കുന്നുവെന്നർത്ഥം. 

അതേസമയം, ചില പ്രാദേശിക മുനിസിപ്പാലിറ്റികൾ 18 വയസ്സിന് താഴെയുള്ള ചൈനീസ് വിദ്യാർത്ഥികൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനും ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരിക്കുന്നു. മുസ്‍ലിം ഗ്രന്ഥശാലകൾ അടച്ചുപൂട്ടുകയും മതപരമായ പ്രസിദ്ധീകരണങ്ങൾ നിരോധിക്കുകയും ചെയ്തു. മുസ്ലീം റെസ്റ്റോറന്റുകളിൽ നിന്ന് അറബിയിലുള്ള ഹലാൽ ചിഹ്നങ്ങൾ പോലും നീക്കം ചെയ്തിട്ടുണ്ട്. ഈ പ്രതിഭാസം മനസ്സിലാക്കാൻ, ചൈനയിലെ ഇസ്ലാമിന്റെ ചരിത്രവും മാർക്സിസ്റ്റ് ഭരണ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട അതിന്റെ രാഷ്ട്രീയ ബലതന്ത്രങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

14-ാം നൂറ്റാണ്ടിലെ മിംഗ് രാജവംശം മുതൽ ഇസ്ലാമും മുസ്ലിംകളും മൊത്തത്തിൽ ചൈനീസ് സമൂഹങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും ലയിപ്പിക്കപ്പെട്ടിരുന്നു. ഇക്കാലത്താണ് മുസ്‍ലിംകൾ ചൈനീസ് ഭാഷ സ്വീകരിച്ചത്. ബുദ്ധമത പുരോഹിതന്മാരെയും ദാവോയിസ്റ്റ് പുരോഹിതന്മാരെയും പോലെ മുസ്ലീം മതകാര്യ വിദഗ്ധർ ചൈനീസ് ഭരണകൂടത്തിൽ രജിസ്റ്റർ ചെയ്യുകയും അതിന് അംഗീകാരം നൽകുകയും ചെയ്തു. കൺഫ്യൂസിയൻ സിവിൽ സർവീസ് പരീക്ഷയിൽ മുസ്ലീം ബുദ്ധിജീവികൾ പങ്കെടുത്തു. മുസ്‍ലിംകൾ ഹാൻ ചൈനക്കാരെ വിവാഹം കഴിക്കാൻ തുടങ്ങി. 

ഇസ്‍ലാം കൺഫ്യൂസിയൻ സംജ്ഞകളിൽ വ്യാഖ്യാനിക്കപ്പെടാൻ തുടങ്ങുകയും സമ്പന്നമായ ഒരു ഹാൻ കിതാബ് സാഹിത്യം ഉയർന്നുവരാൻ തുടങ്ങുകയും ചെയ്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മുസ്‍ലിംകൾ ചൈനക്കാരായിത്തീർന്നു, ഇസ്ലാം മതം ചൈനവൽക്കരിക്കപ്പെട്ടു. പഗോഡകൾ അഥവാ, ക്ഷേത്രാകൃതിയിലുള്ള പള്ളികളുടെ നിർമ്മാണം, കൺഫ്യൂസിയൻ മുസ്ലിം പണ്ഠിതസമൂഹത്തിൻറെ രൂപീകരണം എന്നിവ ഇതിന് തെളിവാണ് .

20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പ്രത്യേകിച്ചും 1970-കളുടെ അവസാനത്തിൽ ചൈന വിദേശ നിക്ഷേപകർക്കായി തുറന്ന വാതിൽ നയം ആരംഭിച്ചതിനുശേഷം കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. ചൈനയിലെ ഇസ്ലാമും മുസ്ലിംകളും മധ്യപൗരസ്ത്യ ബലതന്ത്രങ്ങളാൽ സ്വാധീനിക്കപ്പെടാൻ തുടങ്ങി, പ്രത്യേകിച്ച് അറബ് സംസ്കാരവും ജീവിതരീതിയും അവരെ സ്വാധീനിച്ചു. ഓട്ടോമൻ തുർക്കിയിൽ പഠിച്ചിരുന്ന ചൈനീസ് മുസ്‍ലിംകൾ ഇപ്പോൾ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലും ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിലും ഉൾപ്പെടെ പഠിക്കാൻ തുടങ്ങി. 

വിദ്യാർത്ഥികൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ധാരാളമായി അറബി പദാവലികൾ തിരികെ കൊണ്ടുവരാൻ തുടങ്ങി. പള്ളികൾ പുനഃസ്ഥാപിക്കപ്പെടുകയും പലപ്പോഴും മിഡിൽ ഈസ്റ്റേൺ അല്ലെങ്കിൽ അറബിക് വാസ്തുശൈലി സ്വീകരിക്കുകയും ചെയ്തു. 1970-കൾ മുതൽ 2010 വരെയുള്ള ഓപ്പൺ ഡോർ പോളിസി കാലത്ത് ഇത്തരമെല്ലാ രീതികളും സ്വാംശീകരണങ്ങളും അനുവദിക്കപ്പെട്ടു. 2010ന് ശേഷം ചൈനയുടെ ഹാൻ സാംസ്കാരിക ജനകീയതയ്ക്കും വംശീയ ദേശീയതയ്ക്കും അവ ഒരു തടസ്സമായി കാണാൻ തുടങ്ങി.

മുൻ സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും പതനത്തിന് ശേഷം മാർക്സിസം ആഗോളമായ ഒരു തകർച്ചയെ അഭിമുഖീകരിച്ചു, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വർഗസമരത്തെ വിലമതിക്കുകയും തൊഴിലാളിവർഗത്തിന്റെ സ്വേച്ഛാധിപത്യത്തെ ന്യായീകരിക്കുകയും ചെയ്യുന്ന മാർക്സിസത്തെ നിയമാനുസൃതമാക്കാനും ഏകീകരിക്കാനും ശ്രമിച്ചു. 

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വിവരിച്ചതുപോലെ, കമ്മ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപക പിതാവായ മാവോ സെ ദോങ്ങ്, ചൈനയുടെ വിപ്ലവ കാലഘട്ടത്തിലെ ചില ‘നിർണിത യാഥാർത്ഥ്യ’ങ്ങളുമായി മാർക്സിസത്തെ സംയോജിപ്പിച്ചിരുന്നു. എന്നിരുന്നാലും, മാവോ മാർക്സിസത്തെ പരമ്പരാഗത ഹാൻ ചൈനീസ് സംസ്കാരവുമായി ബന്ധിപ്പിച്ചിരുന്നില്ല. ഇത് മിക്കവാറും, സാമൂഹിക വിഭജനങ്ങളളെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിടുന്ന സോഷ്യലിസവും സാമൂഹിക ശ്രേണികളെ ശക്തിപ്പെടുത്തുന്ന കൺഫ്യൂഷ്യനിസവും തമ്മിലുള്ള അന്തർലീനമായ പൊരുത്തക്കേട് മൂലമാകാം. 

ഇന്നത്തെ ഒരു ഭൂരിപക്ഷ പോപ്പുലിസ്റ്റ് ലോകത്ത്, 1990കൾ മുതൽ ആഗോളതലത്തിൽ സോഷ്യലിസ്റ്റ് ബ്ലോക്കും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രവും അഭിമുഖീരിക്കുന്ന തകർച്ചയെത്തുടർന്ന് രാഷ്ട്രീയ നിയമസാധുതയ്ക്കും സാംസ്കാരിക ദൃഢതക്കും വേണ്ടി ചൈനീസ് ചരിത്രത്തിലും പാരമ്പര്യത്തിലും മാർക്സിസത്തെ വേരുറപ്പിക്കാൻ ഷി ജിൻപിംഗ് ശ്രമിക്കുന്നുണ്ട്. ചൈനയെ വീണ്ടും മഹത്തരമാക്കുന്നതിനുള്ള സാംസ്കാരിക ശ്രമാമാണത്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എന്നതിന്റെ ചൈനീസ് പതിപ്പായി ഇതിനെ കാണാം. 

2012-ൽ പ്രസിഡൻറായതിന് ശേഷം, ചൈനയുടെ പുനരുജ്ജീവനത്തിനായി താൻ ആഗ്രഹിക്കുന്നുവെന്നും അടിസ്ഥാനപരമായി ഭൂരിപക്ഷമുള്ള ഹാൻ ചൈനീസ് നാഗരികതയെ വീണ്ടും മഹത്തരമാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഷി ജിൻപിങ്ങ് പറഞ്ഞിരുന്നു. 2022-ലെ 20-ാമത് നാഷണൽ പാർട്ടി കോൺഗ്രസിൽ വെച്ച്, “മാർക്സിസത്തെ ഉയർത്തിപ്പിടിക്കാനും വികസിപ്പിക്കാനും, ചൈനയുടെ മികച്ച പരമ്പരാഗത സംസ്കാരവുമായി നാം അതിനെ സമന്വയിപ്പിക്കണം” എന്ന് ഷി ആവർത്തിച്ചു പ്രസംഗിച്ചു. ”രാജ്യത്തിൻറെ സമ്പന്നവും ചരിത്രപരവും സാംസ്കാരികവുമായ മണ്ണിൽ വേരൂന്നിയാൽ മാത്രമേ മാർക്സിസത്തിന് ഇവിടെ തഴച്ചുവളരാൻ കഴിയൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ പ്രഖ്യാപനങ്ങൾ ഹാൻ ഇതര സംസ്കാരങ്ങളെയും മതങ്ങളെയും വിദേശികളാണെന്ന് ആരോപിച്ച് അവഹേളിക്കുന്നതിലേക്ക് നയിച്ചു. അറബ് വാസ്തുവിദ്യ പ്രകാരം രൂപകൽപ്പന ചെയ്യപ്പെട്ട താഴികക്കുടങ്ങളും പള്ളികളും ഇപ്പോൾ പാരമ്പര്യേതരവും സോഷ്യലിസ്റ്റ് വിരുദ്ധവും പ്രതിലോമപരവുമായി കണക്കാക്കപ്പെടുന്നതിലേക്ക് ഇത് നയിച്ചു. 2018 ൽ നടന്ന 18-ാമത് നാഷണൽ കോൺഗ്രസ്സിൽ ഇസ്ലാമിനെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളും അജണ്ടകളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഷി ജിൻ പിങ്ങും എടുത്തിരുന്നുവെന്ന് രേഖാ മൂലമുളള റിപ്പോർട്ടുകളുണ്ട്.

വാസ്തുവിദ്യ, വസ്ത്രം, മതപരമായ ആചാരങ്ങൾ, വേദവ്യാഖ്യാനം, അറബി ഭാഷയുടെ അമിതമായ ഉപയോഗം എന്നിവയിലെ ‘ഡി-സിനിസൈസേഷൻ’ (അപചൈനാവൽക്കരണം), ‘സൗദിസേഷൻ’, ‘അറബൈസേഷൻ’ തുടങ്ങിയ ആശങ്കാജനകമായ ചില പ്രവണതകളെ അവർ തിരിച്ചറിഞ്ഞു. ചൈനയുടെ ഉൾപ്രദേശങ്ങളിൽ ഇസ്ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ടുള്ള സിനിസൈസേഷൻ പ്രസ്ഥാനം അറബ് ശൈലിയിലുള്ള മിനാരങ്ങളും പള്ളികളും തകർക്കുകയും ചൈനീസ് മുസ്ലിംകളും അറബ് മുസ്ലിംകളും തമ്മിലുള്ള മതപരമായ സ്വാംശീകരണങ്ങൾ നിരോധിക്കുകയും മിഡിൽ ഈസ്റ്റേൺ അല്ലെങ്കിൽ അറബിക് എന്ന് കരുതുന്നതെല്ലാം ഇല്ലാതാക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു. മാർക്സിസം പോലുള്ള ഹാൻ ഇതര പ്രത്യയശാസ്ത്രങ്ങളെയും ഇസ്ലാം പോലെയുളള മത-സംസ്കാരങ്ങളെയും ഹാൻ വൽക്കരിക്കുന്നതിലൂടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തെ ഹാൻ ദേശീയതയിലൂന്നി ഏകീകരിക്കാൻ സാധിക്കുമെന്നാണ് ഷി ജിൻ പിങ്ങിൻറെ കണക്ക് കൂട്ടലുകൾ. 

2018 ലെ റിപ്പോർട്ടിൽ പരാമർശിക്കുന്നത് പ്രകാരം അറബൈസേഷനും സൗദിവൽക്കരണവും പ്രത്യേകിച്ച് സമകാലിക ചൈനയിലെ വഹാബി-പ്രചോദിത ഇസ്ലാമിന്റെ അതിപ്രസരവും ആധുനിക ചൈനയിൽ ഡി-സിനിസൈസേഷൻ ആയി വ്യാഖ്യാനിക്കപ്പെടുന്നു. അറബ്-സ്വാധീനമുള്ള ഇസ്ലാമിന്റെ സിനിസൈസേഷൻ ഒരു പരിധിവരെ വഹാബി-പ്രചോദിത അറബ് ലോകവുമായുള്ള സാംസ്കാരിക വിഘടനത്തെയാണ് പ്രതിനിധീകരിക്കുന്നത്. 

മറ്റൊരർഥത്തിൽ, ഇസ്ലാമിനെ മതേതരവൽക്കരിക്കുക എന്നതാണ് സിനിസൈസേഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ പ്രക്രിയ  ചൈനയുടെ ഇസ്ലാമിക വാസ്തുവിദ്യയെ ബാധിക്കുന്നതിനപ്പുറം ഇസ്ലാമിക ഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തെയും സാരമായി ബാധിക്കും. ഇസ്ലാമിനെ സോഷ്യലിസത്തിന്റെയും ഭൂരിപക്ഷ സാംസ്കാരിക മാനദണ്ഡങ്ങളുടെയും സമകാലിക ഭരണ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുത്തുന്നതാക്കാൻ കൺഫ്യൂഷ്യൻ/ചൈനീസ്/കമ്മ്യൂണിസ്റ്റ് പദാവലികൾ ഉപയോഗിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടി വരും. 

ചൈനീസ് സംസാരിക്കുന്ന മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം, ചൈനീസ് യാഥാർത്ഥ്യങ്ങളോടും ബലതന്ത്രങ്ങളോടും നിർബന്ധപൂർവ്വം പൊരുത്തപ്പെടേണ്ടി വരുന്നത് ഇതാദ്യമല്ല. മിംഗ് രാജവംശത്തിന്റെ നിയോ ചൈനീസ് കണ്‍ഫ്യൂഷ്യനിസം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ചൈനീസ് ദേശീയത വരെയും 1949-നു ശേഷമുള്ള ചൈനീസ് കമ്മ്യൂണിസം വരെയും, അവർ വിവിധ രാഷ്ട്രീയ സാമൂഹിക പ്രക്ഷുബ്ധതകൾ അനുഭവിക്കുകയും അനുരൂപീകരണത്തിലൂടെയും ഉൾക്കൊള്ളലിലൂടെയും തങ്ങളുടെ ഇസ്ലാമിക വിശ്വാസം സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

നിരവധി പരാതികൾ ഉണ്ടായിരുന്നിട്ടു കൂടി പല ചൈനീസ് മുസ്‍ലിംകളും ഇതിനെ അവരുടെ ഇസ്ലാമിക വിശ്വാസം പരീക്ഷിക്കപ്പെടുന്ന ഒരു സന്ദർഭമായി കാണുന്നു. കൂടാതെ ഒരു മുസ്‍ലിം ഇതര രാജ്യത്ത് ജീവിക്കുന്നവരെന്ന ന്ലയിൽ ഇസ്ലാമിന്റെ കേന്ദ്ര തത്വങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ നിർബന്ധമില്ലാത്ത മതാചാരങ്ങളുടെ കാര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുകയും ചെയ്യുന്നു. 

അവസാനമായി, ചൈനീസ് മുസ്ലിംകളിൽ മതപരമായ വിദേശ (അറബ്) സ്വാധീനം തടയാനും ഇസ്ലാമിക സ്ഥാപനങ്ങളെ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങൾ ഇസ്ലാമിനെ തന്നെ ഉന്മൂലനം ചെയ്യുന്നതിലേക്കാണ് എത്തിക്കുക. ഹാൻ കിതാബ് പാരമ്പര്യം പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും കൺഫ്യൂഷ്യൻ ഇസ്ലാമിൻറെ  രൂപീകരണത്തിലൂടെയും തദ്ദേശീയമായ ഒരു ചൈനീസ് ഇസ്ലാമിന്റെ വികാസത്തോടെയാണ് അത് പൂർത്തിയാവുക. 

മിഡിൽ ഈസ്റ്റിനോടോ അറബിനോടോ ബന്ധമില്ലാത്ത ചൈനീസ് ചരിത്രത്തോടും സംസ്കാരത്തോടും പ്രത്യയശാസ്ത്രത്തോടും അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന ഒരു ചൈനീസ് ഇസ്ലാമിന്റെ ആവിർഭാവത്തിന് ചൈനയിലെ ഇസ്ലാമിന്റെ സിനിസൈസേഷൻ കാരണമാവും. 

വിവ: നജാഹ് അഹമ്മദ്

അവലംബം: ടി.ആർ.ടി വേൾഡ് 

1. സിനിസൈസേഷൻ (Sinicisation): ചൈനീസ് ഇതര സംസ്കാരങ്ങളെ ചൈനീസ് സംസ്കാരത്തിലേക്ക് സമന്വയിപ്പിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന പ്രക്രിയ. ഭാഷ, സാമൂഹികമാനദണ്ഡങ്ങൾ എന്നിവയാണ് പ്രധാന ഘടകങ്ങൾ.

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

 

Related Articles