Current Date

Search
Close this search box.
Search
Close this search box.

മൊറോക്കോയെ വിസ്മയിപ്പിച്ച അൾജീരിയൻ കയ്യെഴുത്ത്

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രദേശിക കയ്യെഴുത്ത് രീതികൾ (ഖത്തുകൾ) വ്യത്യസ്ത കാലഘട്ടങ്ങളിൽ ഉയർന്നു വരികയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതിൽ ഇസ്ലാമിൻ്റെ സുവർണ കാലഘട്ടങ്ങൾ രചിക്കപ്പെട്ട ഉത്തരാഫ്രിക്കൻ രാജ്യങ്ങളായ ഈജിപ്ത്, മൊറോക്കോ, അൾജീരിയ, തുനീഷ്യ എന്നീ രാജ്യങ്ങൾ പുതുമയുള്ള അറബി ഖത്തുകൾക്ക് ജന്മം നൽകി ലോകത്തെ വിസ്മയിപ്പിച്ചു.

വിവിധ ഖത്തുകളെക്കുറിച്ച എൻ്റെ അന്വേഷണ വഴിയിൽ അവിചാരിതമായി ലഭ്യമായ നിധിയായിരുന്നു ‘അൽ-ഖത്ത് അൽ ഖുൻന്ദൂസി (الخط القندوسي) ‘. അൾജീരിയയിലെ തെക്ക് പടിഞ്ഞാറുള്ള പ്രധാന പ്രദേശമായ ‘ഖനാദിസിയ്യ’ എന്ന പ്രദേശത്ത് 1790 ൽ ജനിച്ച മുഹമ്മദ് ബിൻ അൽ ഖാസിം അൽ ഖുൻന്ദൂസിയെന്ന പണ്ഡിതൻ വികസിപ്പിച്ചെടുത്ത ഖത്തായത് കൊണ്ടാണ് ഇതിന് ‘ഖത്ത് – അൽ ഖുൻദൂസി’ എന്ന പേര് നൽകപ്പെട്ടത്. പിന്നീട് മൊറോക്കോയിലേക്ക് പലായനം ചെയ്ത അദ്ദേഹം ശിഷ്ടകാലം മൊറോക്കോയിലെ ഫെസ് നഗരത്തിലാണ് ജീവിച്ചത്.

അൾജീരിയയിൽ നിന്ന് മൊറോക്കോയിലേക്കുള്ള തൻ്റെ പാലായനത്തിൽ തൻ്റെ ഖത്തിനെയും അദ്ദേഹം ഒപ്പം കൂട്ടി. മൊറോക്കോയിലെ തന്നെ പരമ്പരാഗത ഖത്തായ ഖത്ത് അൽ മഗ് രിബിയോട് ചേർത്ത് തൻ്റേതായ പഠനങ്ങളിലൂടെ മുഹമ്മദ് ബിൻ ഖാസിം മൊറോക്കൻ സമൂഹത്തിന് നൽകിയ സംഭാവനയാണ് അദ്ദേഹത്തിൻ്റെ പേരിലറിയപ്പെടുന്ന പ്രസ്തുത ഖത്ത്.

മൊറോക്കോയിലെ പുതിയ ഖത്ത് രൂപമായ ഖത്ത് അൽ മഗ് രിബിയുടെ വളർച്ചയോടെ ഖത്ത് അൽ ഖുൻന്ദൂസി മൊറോക്കോയിലെ അപൂർവ്വം ചിലരിൽ മാത്രം ഒതുങ്ങിനിന്നു. എങ്കിലും ഖത്ത് അൽ മഗ് രിബിയെ ഖത്ത് അൽ ഖുൻന്ദൂസിയോട് ചേർത്ത് വരക്കാൻ പുതുതലമുറ നടത്തിയ ശ്രമങ്ങൾ വലിയ വിജയമായി മാറി. നിലവിലുള്ള ഖത്തിനെ ഉപയോഗിച്ച്, മൺമറയാൻ തുടങ്ങിയ തങ്ങളുടെ നാട്ടിലെ പരമ്പരാഗത ഖത്തിനെ ജീവിപ്പിച്ചു നിലനിർത്തി എന്ന് പറയുന്നതാവും ശരി. അതിൻ്റെ ഭാഗമായി മൊറോക്കൻ ഖത്താത്തുകളെ പൊതുവിൽ വിളിക്കപ്പെടുന്ന ‘തോറാക്ക്’ (توراك) കൂട്ടായ്മ ഖത്ത് അൽ ഖുൻന്ദൂസിയെ വീണ്ടും ജനമധ്യത്തിൽ പരിചയപ്പെടുത്തി. ഖുൻന്ദൂസി ഖത്തിനോടുള്ള ആദര സൂചകമായി അതേ ഖത്തിലെഴുതിയ 40 ഓളം കലിഗ്രഫി സൃഷ്ടികളുടെ പ്രദർശനം ഈയിടെ ഫെസ് നഗരത്തിൽ നടക്കുകയുണ്ടായി.

പ്രമുഖ സൂഫി ചിന്താധാരകളുടെ ഭാഗമായി ജീവിച്ച മുഹമ്മദ് ബിൻ ഖാസിം തൻ്റെ സ്വന്തം കൈപ്പടയിൽ ഖുൻന്ദൂസി ഖത്തിലെഴുതിയ ഖുർആൻ ഇന്നും വിസ്മയമായി നിലനിൽക്കുന്നു. ധാരാളം പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിൻ്റെ പല കലിഗ്രഫി സൃഷ്ടികളും മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലെ നാഷണൽ മ്യൂസിയത്തിൽ ലഭ്യമാണ്.

സ്വന്തമായി ഖത്ത് രൂപപ്പെടുത്തി പുതുതലമുറക്ക് അറബി കയ്യെഴുത്ത് കലയുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുക വഴി അദ്ദേഹം തൻ്റെ നാടിൻ്റെ ഇസ്ലാമിക നവജാഗരണ പ്രവർത്തനങ്ങളുടെ സുപ്രധാന വഴിത്തിരിവായി മാറുകയായിരുന്നു. ഓരോ ഖത്തും ഖത്താത്തും ഒരു നാടിൻ്റെ വികാരവും പ്രചോദനവുമായി മാറുന്നതെങ്ങനെയെന്ന് കാണിച്ചു തന്ന വ്യക്തികൂടിയാണ് മുഹമ്മദ് ബിൻ ഖാസിം എന്ന പണ്ഡിതനായ അറബി കലിഗ്രഫർ.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles