Current Date

Search
Close this search box.
Search
Close this search box.

ആതുരാലയങ്ങള്‍ ഇസ്‌ലാമിക നാഗരികതയില്‍

ഇസ്‌ലാമിക നാഗരികതയില്‍ ആതുരാലയങ്ങള്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കിയതായി കാണാവുന്നതാണ്.ഒരേ സമയം മനുഷ്യന്റെ ശാരീരികവും മാനസികവുമായ അനിവാര്യതയാണല്ലോ ചികിത്സ. അതിനാല്‍ തന്നെ ആശുപത്രികള്‍ മനുഷ്യന് സുരക്ഷിതത്വവും, സമാധാനപൂര്‍ണമായ ജീവിതവും ലഭ്യമാക്കുന്നു. അതിലൂടെ ശരീരത്തിന് ഉന്മേഷവും ആത്മാവിന് തിളക്കവും കൈവരുന്നു. ഈ നാഗരികതയുടെ സംസ്ഥാപകനായ പ്രവാചകന്‍(സ) പറയുന്നു ‘നിശ്ചയമായും നിനക്ക് നിന്റെ ശരീരത്തോട് ചില ബാധ്യതകളുണ്ട്’ (അബ്ദുല്ലാഹ് ബിന്‍ ഉമര്‍/ ബുഖാരി, മുസ്‌ലിം).
രോഗത്തോടും അതിന്റെ വ്യാപനത്തോടുമുള്ള ഇസ്‌ലാമിന്റെ പ്രതിരോധ സമീപനം പഠിക്കുമ്പോള്‍ രോഗം തടയാനായുള്ള എല്ലാവിധ പ്രേരണയും പ്രോത്സാഹനവും ഇസ്‌ലാം നല്‍കിയതായി ബോധ്യപ്പെടുന്നു. ആരോഗ്യരംഗത്തെ ശക്തമായ അടിത്തറക്ക് മേലാണ് ഇസ്‌ലാമിക നാഗരികത കെട്ടിപ്പടുത്തിരിക്കുന്നത്. ആശുപത്രിയുടെയും മറ്റ് വൈദ്യസ്ഥാപനങ്ങളുടെയും നിര്‍മ്മാണത്തിലൂടെയും, മാനവകുലം ഇപ്പോഴും അഭിമാനിക്കുന്ന പ്രതിഭാശാലികളായ വൈദ്യന്മാരിലൂടെയും ഇസ്‌ലാമിക നാഗരികത ലോകത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

 

ഇസ്‌ലാമിക നാഗരികതയില്‍ ആരോഗ്യകേന്ദ്രങ്ങളുടെ പങ്ക് ആരോഗ്യപരിപാലനത്തിലും രോഗികളെ സഹായിക്കുന്നതിലുമാണ് പ്രതിനിധീകരിക്കുന്നത്. പ്രത്യേകിച്ചും അവരില്‍ ദരിദ്രരെയും പ്രയാസമനുഭവിക്കുന്നവരെയും ആതുരാലയങ്ങള്‍ സ്ഥാപിച്ച് ശുശ്രൂഷിക്കുന്ന രീതി അതില്‍ പ്രധാനമായിരുന്നു. അവ രോഗചികില്‍സാ രംഗത്ത് മഹത്തായ സേവനങ്ങളര്‍പ്പിക്കുകയും രോഗികള്‍ക്ക് ഭക്ഷണം നല്‍കുകയും അവരുടെ സുഗമമായ ഭാവിജീവിതത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക ലോകത്തിന്റെ വസന്തകാലത്ത് വ്യാപകമായ ഇത്തരം ആശുപത്രികള്‍ ഇസ്‌ലാമിക സമൂഹത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രഭവകേന്ദ്രമായിരുന്നു. മാത്രമല്ല, ഈ ആശുപത്രികളിലധികവും തങ്ങളുടെ ശുശ്രൂഷയെന്ന പ്രാഥമിക ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതോടൊപ്പം തന്നെ വൈദ്യശാസ്ത്രവിദ്യാഭ്യാസം നല്‍കാനും തയ്യാറായിരുന്നു. ഇവയെല്ലാം ഇസ്‌ലാമിക നാഗരികതകയുടെ മാനവിക തലത്തെയാണ് കുറിക്കുന്നത്.

 

ആതുരാലയ നിര്‍മ്മാണം
ആശുപത്രി നിര്‍മ്മാണത്തിലൂടെ ആരോഗ്യ മേഖലയില്‍ മുസ്‌ലിങ്ങള്‍ നല്‍കിയ സംഭാവനകള്‍ വലിയ പ്രാധാന്യമാണര്‍ഹിക്കുന്നതാണ്. ലോകത്ത് ആദ്യമായി ആശുപത്രി നിര്‍മ്മിച്ചത് മുസ്‌ലിങ്ങളായിരുന്നു. എന്നു മാത്രമല്ല ഇക്കാര്യത്തില്‍ ഒമ്പതിലധികം നൂറ്റാണ്ടുകള്‍ അവര്‍ മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലായിരുന്നു.
അമവി ഖലീഫയായ വലീദ് ബിന്‍ അബ്ദുല്‍ മലികിന്റെ ഭരണകാലത്താണ് (എഡി.705-715) ഇസ്‌ലാമിക നാഗരികതയിലെ പ്രഥമ ആശുപത്രി സ്ഥാപിതമായത്. ഈ ആശുപത്രി കുഷ്ഠരോഗ ചികിത്സക്കായി പ്രത്യേകം സംവിധാനിച്ചതായിരുന്നു. (ത്വബ്‌രി, താരീഖുല്‍ ഉമമു വല്‍ മുലൂക് 4/29)
അതിന് ശേഷം ഇസ്‌ലാമിക ലോകത്ത് അനേകം ആശുപത്രികള്‍ വന്നു. വൈദ്യലോകത്തിന്റെ പ്രഭവകേന്ദ്രങ്ങളായിരുന്നു അവ. മാത്രമല്ല ലോകത്തെ ആദ്യകാല സര്‍വ്വകലാശാലകളിലാണ് ഇവയുടെയെല്ലാം സ്ഥാനം.

 

മൊബൈല്‍ ഹോസ്പിറ്റലുകള്‍
ബീമാര്‍ സ്ഥാന്‍ എന്ന പേരിലായിരുന്നു ഹോസ്പിറ്റലുകള്‍ അറിയപ്പെട്ടിരുന്നത്. ഇവയില്‍ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കപ്പെട്ടവയും മൊബൈല്‍ ഹോസ്പിറ്റലുകളും ഉണ്ടായിരുന്നു. ഇവയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ പെട്ട ആശുപത്രികള്‍ പട്ടണങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. ആശുപത്രികളില്ലാത്ത ഒരു ചെറിയ പട്ടണം പോലുമുണ്ടായിരുന്നില്ല. പര്‍വ്വതങ്ങള്‍, മരുഭൂമി, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങിയവയെ ഉദ്ദേശിച്ചുള്ളവയായിരുന്നു മൊബൈല്‍ ഹോസ്പിറ്റലുകള്‍. ഇത്തരം ആശുപത്രികള്‍ വലിയ ഒട്ടക്കൂട്ടങ്ങളായിരുന്നു വഹിച്ചിരുന്നത്. നാല്‍പതോളം ഒട്ടകങ്ങളൊക്കെ ചിലപ്പോഴുണ്ടായിരുന്നു. സുല്‍ത്താന്‍ മഹ്മൂദ് അസ്സല്‍ജൂകിയുടെ (എഡി. 1117-1131) കാലത്തായിരുന്നു അത്. ഈ ഖാഫിലകളില്‍ ചികിത്സാ ഉപകരണങ്ങളും മരുന്നുകളും ഉണ്ടായിരുന്നു. ധാരാളം ഡോക്ടര്‍മാരുമടങ്ങുന്ന ഈ സംഘം രാജ്യത്തിന്റെ മുക്കുമൂലകളില്‍ സഞ്ചരിച്ചിരുന്നു.
പട്ടണങ്ങളിലെ ആതുരാലയങ്ങള്‍ ഉന്നത നിലവാരത്തിലുള്ളവയായിരുന്നു. അളുദുദ്ദൗലഃ ബിന്‍ ബുവൈഹ് ബഗ്ദാദില്‍ നിര്‍മ്മിച്ച ആശുപത്രിയും, ഡമസ്‌കസിലെ നൂരി ഹോസ്പിറ്റലും ഇവയില്‍ പ്രസിദ്ധമാണ്. കൊര്‍ദോവയില്‍ മാത്രം അമ്പതിലധികം ആശുപത്രികളുണ്ടായിരുന്നു.
ഇത്തരത്തിലുള്ള വ്യവസ്ഥാപിതമായ ഹോസ്പിറ്റലുകളില്‍ ആധുനികകാലത്തേതു പോലെ തന്നെ വിവിധ സെഷനുകളായി സജ്ജീകരിച്ചിരുന്നു. അതില്‍ ആന്തരിക രോഗങ്ങള്‍, സര്‍ജറി വിഭാഗം, ത്വക്ക് രോഗ വിഭാഗം, നേത്രവിഭാഗം, സൈക്കാട്രിക് വിഭാഗം, അസ്ഥിരോഗ വിഭാഗം തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ടായിരുന്നു.
ഇത്തരം ആശുപത്രികള്‍ കേവലം ചികില്‍സക്ക് വേണ്ടി മാത്രമുള്ളതുമായിരുന്നില്ല. മറിച്ച്, അവ ഉയര്‍ന്ന നിലവാരത്തിലുള്ള മെഡിക്കല്‍ കോളേജുകൂടിയായിരുന്നു. ഡോക്ടര്‍മാര്‍ രോഗികളുടെ വാര്‍ഡുകളിലേക്ക് വരുമ്പോള്‍ കൂടെ മെഡിക്കല്‍ വിദ്യാര്‍ഥികളും വന്നിരുന്നു. അവര്‍ അധ്യാപകരില്‍ നിന്ന് രോഗസംബന്ധമായ കാര്യങ്ങള്‍ നേരിട്ട് സ്വായത്തമാക്കുകയും പിന്നീട് ക്ലാസുകളില്‍ വന്ന് അത് പഠിപ്പിക്കുകയും ചെയ്യുന്നു. തിയററ്റിക്കലായും പ്രാക്ടിക്കലുമായ പഠനം നടത്താന്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. അവര്‍ക്ക് കൂടുതല്‍ പഠിക്കാനാവശ്യമായ വൈദ്യപുസ്‌കങ്ങളും സജ്ജീകരിച്ചിരുന്നു. അവര്‍ക്ക് പരീക്ഷകളും ടെസ്റ്റുകളും നടത്തുകയും അവര്‍ സ്‌പെഷ്യലൈസ് ചെയ്ത മേഖലയില്‍ പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തിരുന്നു.

മെഡിക്കല്‍ ലൈബ്രറി
ആശുപത്രിക്കകത്ത് വലിയ ഗ്രന്ഥാലയങ്ങളും സ്ഥാപിച്ചിരുന്നു. മെഡിസിന്‍, ഫാര്‍മസി, അനാട്ടമി തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അനേകം പുസ്‌കതകങ്ങളും അതിലുള്‍ക്കൊണ്ടിരുന്നു. കൂടാതെ മെഡിസിനുമായി ബന്ധപ്പെട്ട നിയമവശങ്ങളും ഡോക്ടര്‍മാരുടെ താല്പര്യാര്‍ഥമുള്ള മറ്റു ശാസ്ത്ര ഗ്രന്ഥങ്ങളും അതിലുണ്ടായിരുന്നു. കൈറോയിലെ ഇബ്‌നു തൂലൂന്‍ ഹോസ്പിറ്റലിലെ ലൈബ്രറിയില്‍ ലക്ഷക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്നു.

 

മറ്റു സൗകര്യങ്ങള്‍
ആശുപത്രി പരിസരങ്ങളില്‍ ഔഷധസസ്യങ്ങള്‍ക്കായി പ്രത്യേകം ഫാമുകളും സംവിധാനിച്ചിരുന്നു. ഇതില്‍ മരുന്നിന് വേണ്ടി ഉപയോഗിക്കുന്ന ചെടികളും ചികില്‍സാവശ്യാര്‍ഥമുള്ള സസ്യങ്ങളുമെല്ലാം ഉള്‍പ്പെട്ടിരുന്നു.
രോഗാണുബാധ തടയുന്നതിനായി സത്വരനടപടികളും സ്വീകരിച്ചിരുന്നു. രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പ്രത്യേകം പുതിയ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. വസ്ത്രങ്ങള്‍ വഴി രോഗങ്ങല്‍ വ്യാപിക്കുന്നത് തടയാനായിരുന്നു അത്. പിന്നീട രോഗത്തിന്റെ ഇനമനുസരിച്ച് രോഗികള്‍ക്ക് വെവ്വേറെ ഭാഗങ്ങളില്‍ പ്രവേശിപ്പിക്കുന്നു. അവരെ മറ്റു വാര്‍ഡുകളിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നുമില്ല. ഓരോരുത്തര്‍ക്കും പ്രത്യേകമായ വിരിപ്പും ബെഡും ഉണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം പാരീസിലും മറ്റും വന്ന ഹോസ്പിറ്റലുകളെ ഇവയുമായി താരതമ്യം ചെയ്താല്‍ ബോധ്യമാവുന്ന ചിലകാര്യങ്ങളുണ്ട്. രോഗവ്യത്യാസങ്ങള്‍ പരിഗണിക്കാതെ എല്ലാവരെയും ഒറ്റ വാര്‍ഡിലാക്കി ചികില്‍സിക്കുന്ന രീതിയാണ് അവിടെ ഉണ്ടായിരുന്നത്. നാലും അഞ്ചും രോഗികള്‍ ഒരു ബെഡില്‍ കിടന്നുറങ്ങേണ്ട അവസ്ഥയാണ് അവിടെയുണ്ടായിരുന്നത്. വാര്‍ഡിലെ ദുര്‍ഗന്ധം കാരണം ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും അവിടെ പ്രവേശിക്കല്‍ തന്നെ പ്രയാസകരമായിരുന്നു. മരണപ്പെട്ട് 24 മണിക്കൂറിലധികം മൃതദേഹങ്ങള്‍ വാര്‍ഡില്‍ തന്നെ അവശേക്കാറുണ്ടായിരുന്നു ഇത്തരം ആശുപത്രികളില്‍.

 

മാതൃകാ ആശുപത്രികള്‍:
പ്രശസ്തമായ ചില ഹോസ്പിറ്റലുകള്‍ താഴെ ചേര്‍ക്കുന്നു.
1. ബാഗ്ദാദിലെ അളുദി ഹോസ്പിറ്റല്‍ (ഹിജ്‌റ. 371/ എ.ഡി. 981)
അമവീ ഭരണാധികാരിയായ അളുദുദ്ദൗല ബിന്‍ ബുവൈഹ് ഹിജ്‌റ വര്‍ഷം 371 ല്‍ ബഗ്ദാദില്‍ ആരംഭിച്ചതാണിത്. ഇരുപത്തിനാല് പ്രധാന ഡോക്ടര്‍മാര്‍ ഇവിടെയുണ്ടായിരുന്നു. ലൈബ്രറി സയന്‍സും, ഫാര്‍മസിയായും പാചകവുമായും ബന്ധപ്പെട്ട വലിയ ഗ്രന്ഥശാലതന്നെ അവിടെയുണ്ടായിരുന്നു. അവിടെ സേവനാവശ്യങ്ങള്‍ക്കായി ധാരാളം സ്‌ററാഫുകളും മറ്റ് അറ്റന്റര്‍മാരും ഉണ്ടായിരുന്നു. ഡോക്ടര്‍മാരും രോഗികളെ സേവിക്കുന്നതില്‍ ഉത്സുകരായിരുന്നു. ദിവസത്തില്‍ ഇരുപത്തിനാല് മണിക്കുറും ഈ സേവനങ്ങള്‍ ലഭ്യാമിയിരുന്നു.
2. ഡമസ്‌കസിലെ നൂരി ഹോസ്പിറ്റല്‍ (ഹിജ്‌റ. 549/ എ.ഡി. 1154)
സുല്‍ത്താന്‍ ആദില്‍ നൂറുദ്ദീന്‍ മഹ്മൂദ് സ്ഥാപിച്ചതാണ് ഈ ഹോസ്പിറ്റല്‍. ഈ ആശുപത്രിയുടെ സേവനം നൂറ്റാണ്ടുകളോളം നിലനിന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലാരംഭിച്ച ഈ ഹോസ്പിറ്റല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ (എഡി. 1899/ഹി. 1317)) നിലനിന്നു.
3. കൈറോവിലെ മന്‍സൂരി ഹോസ്പിറ്റല്‍ (ഹിജ്‌റ. 683/ എ.ഡി. 1284)
സൈഫുദ്ദീന്‍ ഫല്ലാവൂന്‍ കൈറോയില്‍ എ.ഡി. 1284 ല്‍ ആരംഭിച്ച ഹോസ്പിറ്റലാണ് മന്‍സൂരി ഹോസ്പിറ്റല്‍. ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നു.

 

4. മൊറോക്കോയിലെ രാജാവായിരുന്ന മന്‍സൂര്‍ അബൂ യൂസുഫ് യഅ്ഖൂബ് ചരിത്രപ്രദാന നഗരമായ മറാക്കിഷില്‍ സ്ഥാപിച്ച ഹോസ്പിറ്റല്‍ പ്രശസ്തമാണ്. എ.ഡി 1184 മുതല്‍ 1199 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. പൂര്‍ണതയിലും കൃത്യതയിലും ശ്രദ്ധേയമായിരുന്നു ഈ ആതുരാലയങ്ങള്‍. അവിടെ ധാരാളം വ്യത്യസ്തങ്ങളായ മരങ്ങളും സസ്യങ്ങളും കൃഷി ചെയ്തിരുന്നു. ചെറിയ രീതിയിലുളള നാല് കൃത്രിമ ജലാശയങ്ങളും അതിനകത്തുണ്ടായിരുന്നു. സാങ്കേതിക നിലവാരത്തില്‍ മികച്ച ഉപകരണങ്ങളും അഗ്രഗണ്യരായ ഡോക്ടര്‍മാരും ഇവിടെയുണ്ടായിരുന്നു.
ഇതു കൂടാതെ കണ്ണാശുപത്രി, മാനസികരോഗാശുപത്രി, കുഷഠരോഗാശുപത്രി തുടങ്ങിയ സ്‌പെഷ്യലിസ്‌ററ് ഹോസ്പിറ്റലുകളും ഉണ്ടായിരുന്നു.

 

ഇതിനേക്കാള്‍ അത്ഭുതാവഹമായ കാര്യം ഇസ്‌ലാമിക നാഗരികതയിലെ പലഭാഗങ്ങളിലും പൂര്‍ണമായ വൈദ്യഗ്രാമം നിലനിന്നിരുന്നു എന്നതാണ്. ഇബ്‌നു ജുബൈര്‍ അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍(എ.ഡി 1184) ഇക്കാര്യം സൂചിപ്പിക്കുന്നു. അബ്ബാസിയ്യ ഖിലാഫതിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ചെറിയ പട്ടണസമാനമായ വൈദ്യഗ്രാമങ്ങള്‍ അദ്ദേഹം കണ്ടുവത്രെ. മനോഹരമായ കോട്ടകളും ചുറ്റും പൂന്തോട്ടങ്ങളും അവിടെയുണ്ടായിരുന്നു. അതെല്ലാം രോഗികളായ ആളുകള്‍ക്ക് പ്രത്യേകമായി സംവിധാനിക്കപ്പെട്ട സ്വദഖതുന്‍ ജാരിയയായിരുന്നു(നിലച്ച് പോകാത്ത ദാനധര്‍മ്മം). വ്യത്യസ്ത മേഖലയിലുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അവിടെ സന്ദര്‍ശിച്ചിരുന്നു. അവര്‍ക്കുള്ള ശമ്പളം ഭരണകൂടമായിരുന്നു നല്‍കിയിരുന്നത്. ഇത്തരം സംവിധാനങ്ങള്‍ ഇസ്‌ലാമിക നാഗരികതയുടെ ശോഭനമായ പാരമ്പര്യത്തെയാണ് കുറിക്കുന്നത്.

 

വിവ: സുഹൈറലി തിരുവിഴാംകുന്ന്

Related Articles