Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ടാണ് ചില ഹിന്ദുത്വ അനുയായികള്‍ അയോധ്യ ക്ഷേത്രം ഉദ്ഘാടനത്തെ എതിര്‍ക്കുന്നത് ?

രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന ഹിന്ദു ദേവതയുടെ വിഗ്രഹങ്ങളെല്ലാം വിദഗ്ധ ശില്‍പ്പികളാണ് കൊത്തുപണികള്‍ ചെയ്യുന്നതെന്നും അവര്‍ക്കിടയില്‍ ഒരു വിവേചനവും ഉണ്ടാകില്ലെന്നും ഡിസംബര്‍ 15നാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞിരുന്നത്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വ അനുകൂലികളുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു റായ്.

ക്ഷേത്ര കെട്ടിടം പണിയുന്നതിലും വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിലും അഹിന്ദുക്കള്‍ക്ക് പങ്കുണ്ടെന്ന് പലരും ആരോപിച്ചിരുന്നു. ക്ഷേത്രത്തിന് ഇസ്ലാമിക രൂപമുണ്ടെന്ന് വരെ ചിലര്‍ ആരോപണമുന്നയിച്ചു. ഇതെല്ലാം നിഷേധിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരമെന്ന് റായ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഇവരുടെ എതിര്‍പ്പുകള്‍ രൂക്ഷമായത്.

ഈ സംഭവവികാസങ്ങള്‍ ഒരു വിഭാഗം ഹിന്ദുത്വ അനുകൂലികള്‍ക്കിടയില്‍ നീരസത്തിന് കാരണമായിട്ടുണ്ട്, ജനുവരി 22 ന് നടക്കുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബി.ജെ.പി മതാത്മകത സന്ദര്‍ഭത്തെ തുരങ്കം വെച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ഉപയോഗിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു

‘ബി ജെ പി സ്പോണ്‍സേര്‍ഡ് പ്രോഗ്രാം’

‘രാമജന്മഭൂമി പ്രസ്ഥാനത്തിന് തുടക്കമിട്ടത് ഞങ്ങളാണ്, എന്നാല്‍ ബിജെപി ഇപ്പോള്‍ ക്ഷേത്രത്തിന്റെ കോണ്‍ട്രാക്ടര്‍മാരെ പോലെയാണ് പെരുമാറുന്നത്,’ ഇന്ത്യയിലെ ഏറ്റവും പഴയ ഹിന്ദുത്വ പാര്‍ട്ടികളിലൊന്നായ ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ പറഞ്ഞു. അവസാനം, ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, എന്നാല്‍ അതിന്റെ ക്രെഡിറ്റ് ബിജെപിക്ക് മാത്രം ലഭിക്കരുത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലുമാണ് രാമജന്മഭൂമി പ്രസ്ഥാനം അയോധ്യയിലെ പഴയ ബാബറി മസ്ജിദ് ഹിന്ദു ദൈവമായ രാമന്റെ ജന്മസ്ഥലത്താണ് നിര്‍മ്മിച്ചതെന്ന അവകാശവാദവുമായി രംഗത്തെത്തുന്നത്. പിന്നാലെ, 1992 ഡിസംബര്‍ 6ന് ഹിന്ദുത്വ കര്‍സേവകര്‍ മസ്ജിദ് തകര്‍ത്തു. പിന്നീട് 2019 നവംബറില്‍ സുപ്രീം കോടതി തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തു, അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ വഴിയൊരുക്കി.

റായിയുടെ നേതൃത്വത്തിലുള്ള ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനും മേല്‍നോട്ടം വഹിക്കുന്നത്.
‘ബിജെപി സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രീയ പരിപാടി’ ആണെന്ന് അവകാശപ്പെട്ട് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഹിന്ദു മഹാസഭ എതിര്‍പ്പ് അറിയിച്ചിരുന്നു.

എട്ടാം നൂറ്റാണ്ടിലെ മതപണ്ഡിതനായ ആദി ശങ്കരാചാര്യ സ്ഥാപിച്ച നാല് പീഠങ്ങളുടെയോ മതാചാരങ്ങളുടെയോ തലവന്മാരെ ക്ഷണിക്കാതെ ട്രസ്റ്റ് സനാതന ധര്‍മ്മത്തെ അപമാനിച്ചെന്നാണ് ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തില്‍ നിന്നുള്ള ക്ഷണത്തോട് പ്രതികരിച്ചുകൊണ്ട് ഹിന്ദുമഹാസഭ ഡിസംബര്‍ 16-ന് എഴുതിയ പ്രസ്താവനയിലുള്ളത്.

‘സനാതന ധര്‍മ്മത്തിന് അര്‍ഹമായ ബഹുമാനം നല്‍കാത്ത സ്ഥലത്തേക്ക് നമ്മള്‍ എന്തിന് പോകണം?’ ‘ഞങ്ങള്‍ക്ക് നേടാന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല.’ ഹിന്ദു മഹാ സഭ ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ പറഞ്ഞു.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനിയോടും മുരളീ മനോഹര്‍ ജോഷിയോയും തങ്ങളുടെ ആരോഗ്യനില മോശമായതിനാല്‍ ‘ചടങ്ങില്‍ പങ്കെടുക്കരുതെന്ന്’ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഡിസംബര്‍ 18ന് റായി പറഞ്ഞതിന് പിന്നാലെ ചില ഹിന്ദുത്വ അനുകൂലികളും ഇതിനെതിരെ രോഷം പ്രകടിപ്പിച്ചിരുന്നു.

90 വയസ്സായ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും രണ്ട് മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ മാറ്റിനിര്‍ത്തി, ചടങ്ങിന്റെ ശ്രദ്ധ തന്നില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ മോദി ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതിഷേധമറിയിച്ചിരുന്നു. എക്സില്‍ 1.4 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സജീവ ഹിന്ദുത്വ ആക്റ്റിവിസ്റ്റായ റിതു റാത്തൗറും സമാന ആരോപണം ഉന്നയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിജെപി ക്ഷേത്രത്തെ ഒരു രാഷ്ട്രീയ പദ്ധതിയായാണ് പരിഗണിക്കുന്നതെന്ന് അവര്‍ ‘സ്‌ക്രോളി’നോട് പറഞ്ഞു. ‘ബിജെപിയും ചമ്പത് റായിയും നിഹാംഗ് സിഖുകാരെയും പ്രതിപക്ഷ നേതാക്കളെയും ബോളിവുഡ് താരങ്ങളെയും ഉദ്ഘാടനത്തിന് ക്ഷണിച്ചു, എന്നാല്‍ അദ്വാനിജിയെയും നാല് പീഠങ്ങളിലെ ശങ്കരാചാര്യരെയും വിളിച്ചില്ല” അവര്‍ പറഞ്ഞു. ‘മോദി ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരമാണെന്നും റായ് പറഞ്ഞു. ഇത് നമ്മുടെ മതത്തിന് അപമാനമല്ലാതെ മറ്റെന്താണ് ? അവര്‍ ചോദിച്ചു.

ഈ ദേഷ്യത്തിന് കാരണം എന്താണ് ?

പ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാന്‍ ബി.ജെ.പി വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഹിന്ദുത്വ അനുഭാവികളെയാണ് റാത്തൗര്‍ പ്രതിനിധീകരിക്കുന്നത്. പാര്‍ട്ടിയെക്കുറിച്ചുള്ള അവരുടെ മുന്‍ധാരണ എന്താണെന്ന ചോദ്യത്തിന്, തനിക്ക് പരിഹരിക്കാന്‍ വ്യക്തിപരമായ സ്‌കോറുകളൊന്നുമില്ലെന്നും എന്നാല്‍ ഒരു ‘ധര്‍മ്മയുദ്ധ’ – ഒരു മതയുദ്ധത്തില്‍ പോരാടുകയാണെന്നും റാത്തൗര്‍ പറഞ്ഞു.

‘എന്തുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ മുസ്ലീം ശില്പികളെയും കരകൗശല വിദഗ്ധരെയും ക്ഷേത്രത്തില്‍ അനുവദിച്ചത്? അവര്‍ ചോദിച്ചു. ‘അവരെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാണ് ഹിന്ദുക്കള്‍ അവരില്‍ വിശ്വാസം അര്‍പ്പിച്ചത്. എന്നാല്‍ മുസ്ലിംകളെ രാമക്ഷേത്രം പണിയാന്‍ ഏല്‍പിക്കുന്നത് കോണ്‍ഗ്രസും ജിഹാദികളും ചെയ്യുന്നതിനേക്കാള്‍ മോശപ്പെട്ട കാര്യമാണ്.

എല്ലാ സമുദായങ്ങളിലേക്കും കടന്നുകയറാനുള്ള രാഷ്ട്രീയ പ്രേരണ ബി.ജെ.പിക്ക് ഉള്ളതിനാല്‍ മുസ്ലീം കരകൗശലത്തൊഴിലാളികളെ ക്ഷേത്ര നിര്‍മ്മാണ സ്ഥലത്ത് അനുവദിച്ചിട്ടുണ്ടെന്ന് റാത്തൗര്‍ അവകാശപ്പെട്ടു. ക്ഷേത്രത്തില്‍ മുസ്ലിംകള്‍ ജോലി ചെയ്യുണ്ടുന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തില്‍ മറുപടി നല്‍കേണ്ട തരത്തിലുള്ള വിവാദം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിട്ടുണ്ട്.

മൂന്ന് ശില്‍പികളുടെ പേരുകള്‍ ക്ഷേത്ര ട്രസ്റ്റ് പരസ്യപ്പെടുത്തി, അവരില്‍ ഒരാളെയാണ് ദേവന്റെ പ്രധാന വിഗ്രഹം നിര്‍മിക്കുന്നതിനായി തിരഞ്ഞെടുത്തതെന്നും അവര്‍ അറിയിച്ചു. മുസ്ലീം ശില്‍പികള്‍ നിര്‍മ്മിച്ച രാമന്റെ പ്രതിമകളാണ് ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ സ്ഥാപിക്കുന്നതെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയായിരുന്നു ട്രസ്റ്റിന്റെ വിശദീകരണം.

എന്നിരുന്നാലും, റാത്തൗറിനെപ്പോലുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഇതിലൊന്നും വിശ്വാസമില്ല, മുസ്ലീങ്ങളുടെ ഇടപെടല്‍ ക്ഷേത്രത്തില്‍ ഉണ്ടാകരുതെന്ന് അവര്‍ ശഠിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിക്കേണ്ട പ്രതിഷ്ടയും വിഗ്രഹവും ഹിന്ദു ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ചവയല്ലെന്നും അവര്‍ അവകാശപ്പെട്ടു.

‘വേദങ്ങളെക്കുറിച്ച് മുസ്ലീം കരകൗശല തൊഴിലാളികള്‍ക്ക് അറിവില്ലാത്തതിനാല്‍ ക്ഷേത്രത്തിലെ കൊത്തുപണികളില്‍ ഇസ്ലാമിക സ്വാധീനം ചെലുത്തുന്നുവെന്ന്’ ട്വിറ്ററില്‍ 52,000-ലധികം അനുയായികളുള്ള മറ്റൊരു ഹിന്ദുത്വ അനുഭാവിയായ നേഹ ശ്രീവാസ്തവ അവകാശപ്പെട്ടു.

”രാം ലല്ല ഇരിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ മുഗള്‍ വാസ്തുവിദ്യയായിരിക്കും,” ‘ഹിന്ദു കലയും മുസ്ലീം കലയും വ്യത്യസ്ത തത്ത്വചിന്തകളില്‍ വേരൂന്നിയതിനാല്‍ അവ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്.’ശ്രീവാസ്തവ കുറ്റപ്പെടുത്തി.

എതിര്‍പ്പിന്റെ നിഴല്‍

റത്തൗര്‍, ശ്രീവാസ്തവ, ഹിന്ദു മഹാസഭ തുടങ്ങിയവരുടെ ശബ്ദങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹൃദയഭാഗത്തുള്ള സാധാരണമായ അവ്യക്തകളാണെന്നാണ് എഴുത്തുകാരന്‍ ധീരേന്ദ്ര കെ ഝാ പറയുന്നത്. ‘ഹിന്ദുത്വയ്ക്ക് എല്ലായ്പ്പോഴും ചില പ്രത്യേക ഘടകങ്ങള്‍ ഉണ്ടായിരിക്കും, അത് ബിജെപിയെപ്പോലുള്ള ഒരു മുഖ്യധാരാ പാര്‍ട്ടിയേക്കാള്‍ തീവ്രമായ സ്വരത്തില്‍ സംസാരിക്കും,” അദ്ദേഹം സ്‌ക്രോളിനോട് പറഞ്ഞു.

‘ബിജെപി ഇപ്പോള്‍ അധികാരത്തിലിരിക്കുന്നതിനാല്‍, കുറഞ്ഞത് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നതായി തോന്നിപ്പിക്കണം. എന്നാല്‍ മുസ്ലിംകളെ മൊത്തത്തില്‍ പുറത്താക്കണമെന്ന് പറയുന്ന കേന്ദ്രങ്ങളെ അത് തൃപ്തിപ്പെടുത്തില്ല.’ എന്നാല്‍ അത്തരം ശക്തികള്‍ ആത്യന്തികമായി ബിജെപിക്ക് ഗുണം ചെയ്യുമെന്നും ഝാ കൂട്ടിച്ചേര്‍ത്തു. ‘ഇത്തരം ചില ഹിന്ദുത്വ ശബ്ദങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നതുപോലെ അവര്‍ക്ക് വലിയ സാംസ്‌കാരിക ലക്ഷ്യമൊന്നുമില്ല,’ അദ്ദേഹം വിശദീകരിച്ചു.

‘നേരിട്ട് രാഷ്ട്രീയ സ്വാധീനമില്ലാത്ത ഹിന്ദു മഹാസഭ പോലുള്ള സംഘടനകള്‍ പ്രസക്തി നിലനിര്‍ത്താന്‍ തീവ്ര വലതുപക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍, ബിജെപിയോ സംഘപരിവാറോ ഒരു യഥാര്‍ത്ഥ രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന നിമിഷം, അവര്‍ അണികളെ അവരോട് അടുപ്പിക്കുകയും ചെയ്യും.

 

അവലംബം: scroll.in
വിവ: പി.കെ സഹീര്‍ അഹ്‌മദ്

Related Articles