Current Date

Search
Close this search box.
Search
Close this search box.

കണ്ണീരിന്റെ അകമ്പടിയോടെ അൻസ്വാരികളുടെ ശബ്ദം വിതുമ്പി വീണു

“മതി ഞങ്ങൾക്ക് അല്ലാഹുവിന്റെ റസൂൽ മതി”
ഹുനൈൻ യുദ്ധ ശേഷമുള്ള റസൂലിന്റെ പടകുടീരമാണ് രംഗവേദി.
ഗനീമത്ത് വിതരണം ചെയ്തതിൽ അൻസ്വാരികളായ ചില സ്വഹാബാക്കൾക്കു പരിഭവങ്ങൾ ഉണ്ടായിരുന്നു. വിശ്വാസം ദൃഢമായിട്ടില്ലാതെ ചില പുതുക്കക്കാരുടെ ആഗ്രഹങ്ങൾ കൂടിയായപ്പോൾ അതൊരു ഉപജാപമായി മാറിയിരിക്കണം. ഇഹലോക വിഭവങ്ങൾ ആഗ്രഹിച്ചു പോവുന്നത് ഒരു തെറ്റൊന്നുമല്ല. പക്ഷെ റസൂൽ മക്കയിൽ നിന്ന് വന്ന മുഹാജിറുകൾക്കു കൂടുതൽ കൊടുത്തു എന്നൊക്കെ തോന്നിപ്പോയപ്പോൾ, അതിൽ റസൂലിന്റെ കുടുംബ ബന്ധുക്കളും ഉണ്ടെന്നിരിക്കെ ഒറ്റ ശരീരം പോലെ റസൂൽ വളർത്തിയെടുത്ത ഇസ്ലാമിക സമൂഹത്തിൽ സംഭവിച്ച വിള്ളലിനെ അഭിമൂഖീകരിക്കാനാണ് റസൂൽ അൻസ്വാരികളെ വിളിച്ചിട്ടുള്ളത്.

“അല്ലയോ അൻസ്വാരികളെ നിങ്ങളുടെ ഹൃദയത്തിലെ പുതിയ തോന്നലുകൾ ഞാൻ അറിയുന്നു. നിങ്ങൾ വഴി തെറ്റി അലഞ്ഞപ്പോൾ അല്ലാഹു നിങ്ങൾക്ക് വഴികാട്ടിതന്നില്ലയോ? നിങ്ങൾ വിവിധ ഗോത്രങ്ങളായി ശത്രുക്കളായി പടവെട്ടുകയായിരുന്നു, നിങ്ങളെ അല്ലാഹു സഹോദരന്മാരാക്കിയില്ലയോ? നിങ്ങൾ ദുരിതക്കയത്തിൽ ആയിരുന്നു നിങ്ങൾക്ക് അല്ലാഹു സമാധാനം നൽകിയില്ലയോ?
അല്ലാഹുവിന്റെ റസൂലിന്റെ ഓരോ ഓർമ്മപ്പെടുത്തലിലും നീതി നിഷേധിക്കപ്പെട്ടു എന്ന തോന്നലിൽ ഇരുണ്ട മുഖവുമായിരുന്ന പലരുടെയും ഹൃദയങ്ങളിലേക്ക് പഴയ കാലം തിരതല്ലി വരികയും, ശത്രുക്കളായിരുന്നുവർ പോലും ഒരുമിച്ചു റസൂലിന്റെ മുന്നിൽ സഹോദരന്മായിരിക്കുന്ന ഹിദായത്ത് എന്ന മഹാകാരുണ്യം അവരുടെ ഹൃദയങ്ങളിൽ സമാധാനം നിറച്ച്‌ കൊണ്ടിരിക്കുകയും ചെയ്തു.

അതിനൊക്കെയപ്പുറം അവരുടെ കരളിന്റെ കഷ്ണമാണ് വ്രണിത ഹൃദയത്തോടെ ഇങ്ങിനെയൊക്കെ ഓരോന്ന് ചോദിക്കുന്നത്. ഓരോ ചോദ്യത്തിനും അവരുടെ മറുപടി “അതെ ” എന്ന് തന്നെയായിരുന്നു ഉത്തരം. ഒടുവിലത്തേതായപ്പോൾ അതിന്റെ ശബ്ദം കൂറേ ഉയർന്നു എന്ന് മാത്രം.
“അല്ലയോ അൻസ്വാരികളെ, പക്ഷെ നിങ്ങൾ ഇങ്ങനെ പറയുന്നതും തികച്ചും ശരിയായിരിക്കും . റസൂലേ എല്ലാവരും താങ്കളെ ആട്ടിയകറ്റിയപ്പോൾ ഞങ്ങൾ സ്വീകരിച്ചില്ലേ? താങ്കൾ നിർധനനായിരുന്നപ്പോൾ ഞങ്ങൾ സഹായിച്ചിരുന്നില്ലേ.”
റസൂൽ അവർക്കു വേണ്ടി ഇങ്ങിനെ പറഞ്ഞു തുടങ്ങിയപ്പോൾ അൻസ്വാരികളുടെ നാവുകൾ ചലനമറ്റു. കണ്ണുകൾ സംസാരിക്കാൻ തുടങ്ങി, ചാലിട്ടൊഴുകിയ കണ്ണീർ സാക്ഷിയാക്കി റസൂൽ തുടർന്നു “അവർ ആടുകളെയും, മാടുകളെയും വീടുകളിലേക്ക് കൊണ്ട് പോകുമ്പോൾ നിങ്ങൾ അല്ലാഹുവിന്റെ പ്രവാചകനെ വീട്ടിലേക്കു കൊണ്ട് പോകുന്നത് ഇഷ്ടപ്പെടുന്നില്ലേ?”

അൻസ്വാരികളുടെ ഏങ്ങലടികൾക്കിടയിൽ റസൂൽ ഇതും കൂടി പറഞ്ഞു. “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, ആ അല്ലാഹുവിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു ജനങ്ങളൊക്കെ ഒരു വഴി സ്വീകരിക്കുകയും, നിങ്ങൾ അൻസാരികൾ മറ്റൊരു വഴിയും പോവുകയാണെങ്കിൽ ഞാൻ നിങ്ങളുടെ കൂടെയായിരിക്കും”
“മതി ഞങ്ങൾക്ക് അല്ലാഹുവിന്റെ റസൂൽ മതി” അൻസ്വാറുകളുടെ ശബ്ദം സ്വർഗത്തോളം ഉയർന്നു പൊങ്ങി.

ഓരോരുത്തരുടെ അഭിരുചിക്കും സന്ദർഭത്തിനും അനുസരിച്ചു നമ്മെ കോരിത്തരിപ്പിച്ച എത്രയോ പ്രസംഗങ്ങൾ ചരിത്രത്തിൽ ഉണ്ടാവും. യേശുവിന്റെ ഗിരി പ്രഭാഷങ്ങൾ, മാർട്ടിൻ ലൂഥർ കിംഗ്, എബ്രഹാം ലിങ്കൺ, റൂസ്‌വെൽറ്റ്, സ്വാമി വിവേകാനന്ദൻ, ചർച്ചിൽ, മഹാത്മാ ഗാന്ധി……
ഇസ്ലാമിക ചരിത്രത്തിലും ഉണ്ടാവും അത്തരം മികച്ച സന്ദർഭങ്ങൾ നബിയുടെ ഹജ്ജത്തുൽ വിദായിലെ വിടവാങ്ങൽ പ്രസംഗം, അബ്സീനിയൻ കൊട്ടാരത്തിൽ വെച്ച് മുസ്ലിം അഭയാർത്ഥികളുടെ നേതാവ് ജഅഫർ ചെയ്ത പ്രസംഗം.

ഇസ്ലാമിക സമൂഹത്തിലെ ഐക്യവും, സാഹോദര്യവും അരക്കിട്ടുറപ്പിച്ചുകൊണ്ട് പരാതിക്കാർക്കു ശുഭവാർത്ത അറിയിച്ചു കൊണ്ട് മുത്ത് നബി നടത്തിയ ഈ പ്രസംഗത്തോളം എന്നെ ആകര്ഷിച്ചതായി വേറൊന്നില്ല.

ആ റസൂലിനാണ് കൂട്ടരേ ഓരോ നമസ്കാരത്തിനും നാം സലാം ചൊല്ലുന്നത്. ആ ദീനിന്റെ സഹായികളാവുമ്പോൾ മുത്ത് നബി നമ്മുടെ വീട്ടിലേക്കും വരും എന്ന് തന്നെയല്ലേ അന്ന് നബി പറഞ്ഞതിന്റെ പൊരുൾ !

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles