Current Date

Search
Close this search box.
Search
Close this search box.

സ്വാമി വിവേകാനന്ദൻ പറഞ്ഞ മൈത്രി

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എഴുതുന്നു: “മൈത്രിയുടെ അന്തരീക്ഷം ഗുണകരമാവില്ലെന്നു കണ്ടപ്പോൾ സാമ്രാജ്യത്വം ഹിന്ദു -മുസ് ലിം മത സ്പർധ ആസൂത്രിതമായി വളർത്തിയെടുക്കാൻ ശ്രമിച്ചു.1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാർ പന്നി നെയ്യിൻ്റയും പശു നെയ്യിൻ്റയും കാര്യം ഊതിപ്പെരുപ്പിച്ച് തകർത്തു കളഞ്ഞു. ഗാന്ധിജിയിലൂടെ ജനകീയ രൂപം കൈകൊണ്ട രണ്ടാം സ്വാതന്ത്ര്യ സമരത്തെയാകട്ടെ, വീര സവർക്കറുടെയും മുഹമ്മദലി ജിന്നയുടെയും മനോ വാക് കർമങ്ങളിലൂടെ രൂപപ്പെട്ട മത രാഷ്ട്ര വാദത്തെ വളർത്തിക്കൊണ്ട് ഇന്ത്യ – പാക് വിഭജനത്തിലൂടെ അസ്തവീര്യമാക്കാനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കഴിഞ്ഞു. എന്നാൽ ആധുനികേന്ത്യയുടെ ഏറ്റവും മഹാന്മാരായ ഹിന്ദുക്കളാരും ഹിന്ദു – മുസ് ലിം മൈത്രിയുടെ ഭാരതത്തിനു വിരുദ്ധരല്ലായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ, നാരായണ ഗുരു, മഹാത്മാഗാന്ധി എന്നിവരൊക്കെ ആഗ്രഹിച്ചത് ഹിന്ദു – മുസ് ലിം മൈത്രിയുടെ ഇന്ത്യയായിരുന്നു.ഇവരെക്കാളെല്ലാം മഹാന്മാരായ ഹിന്ദുക്കളാണ് വീര സവർക്കർ, കേശവ ബലിറാം ഹെഡ്ഗവാർ, ഗുരുജി ഗോൾ വാൽക്കർ, നാഥുറാം വിനായക് ഗോഡ്സെ തുടങ്ങി നരേന്ദ്ര മോഡി വരെ ഉൾപ്പെടുന്ന ഹിന്ദു രാഷ്ട്രവാദികളായ കാവിഭീകരർ എന്ന് ഹിന്ദുക്കൾ കരുതുന്നുണ്ടെന്നു പറഞ്ഞു കൂട. മുസ് ലിംകൾ ഇല്ലാത്ത ഒരു ഇന്ത്യയല്ല, മറിച്ച് ഹിന്ദുക്കളും മുസ് ലിംകളും മസ്തിഷ്കവും മെയ്യും പോലെ ഒത്തൊരുമിച്ചു കഴിയുന്നൊരു ഇന്ത്യയെയാണ് ആധുനിക ഹൈന്ദവ സന്യാസത്തിൻ്റെ മാതൃകാ വ്യക്തിത്വം എന്നു വിശേഷിപ്പിക്കാവുന്ന സ്വാമി വിവേകാനന്ദൻ ആഗ്രഹിച്ചിരുന്നത്. അദ്ദേഹം എഴുതുന്നു:

“സർവ്വ മനുഷ്യവർഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗീകാദ്വൈതം ഒരു കാലത്തും ഹിന്ദുക്കളുടെ ഇടയിൽ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെ മറിച്ച് ഗണ്യമായ രീതിയിൽ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കിൽ എൻ്റെ അനുഭവത്തിൽ അത് ഇസ് ലാമാണ്. ഇസ് ലാം മാത്രം. അതു കൊണ്ട് പ്രായോഗീക ഇസ് ലാമിൻ്റെ സഹായമില്ലാതെ വേദാന്ത സിദ്ധാന്തങ്ങൾ, അവ എത്രയും സൂക്ഷ്മ ങ്ങളും അത്ഭുതകരങ്ങളുമായിക്കൊള്ളട്ടെ ഭൂരിപക്ഷം മനുഷ്യരാശിക്കും തീരേ വിലയില്ലാത്തതാണെന്ന് എനിക്ക് ഉറച്ച ബോധ്യം വന്നിട്ടുണ്ട്… ഏകത്വമെന്ന മതത്തിൻ്റെ വ്യത്യസ്ത പ്രകാശങ്ങൾ മാത്രമാണ് മതങ്ങളെന്ന് മനുഷ്യവർഗത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. എന്നിട്ട് ഓരോരുത്തനും തനിക്കേറ്റവും പറ്റിയ മാർഗം തെരഞ്ഞെടുക്കാമല്ലോ. നമ്മുടെ മാതൃഭൂമി തന്നെ ആശിക്കുന്നത് ഹിന്ദു മതവും ഇസ് ലാമും എന്ന രണ്ടു മഹാ സമ്പ്രദായങ്ങളുടെ വേദാന്ത മസ്തിഷ്കത്തിൻ്റെയും ഇസ് ലാം ശരീരത്തിൻ്റെയും യോഗമാണ്. ഈ വഴക്കിലും കലഹത്തിലും നിന്ന് ഭാവിയിലെ പൂർണ ഭാരതം മഹനീയവും അജയ്യവുമായി വേദാന്ത മസ്തിഷ്കത്തോടും ഇസ് ലാം ശരീരത്തോടും കൂടി ഉയർന്നു വരുന്നത് ഞാനെൻ്റെ മനക്ക ൺ മുമ്പാകെ കാണുന്നു ” (വിവേകാനന്ദസാഹിത്യ സർവസ്വം: വാള്യം 5, പേജ്: 566-567 )

ഇത് വിവേകാനന്ദസാഹിത്യത്തിലെ ഒറ്റപ്പെട്ടൊരു അഭിപ്രായമല്ല. നാനാത്വത്തിലെ ഏകത്വത്തിലൂന്നിയ അനുരഞ്ജനത്തിൻ്റെ ഭാഷ അതിലെവിടെയും മാലയിലെ ചരടെന്ന പോലെ കാണാം.പക്ഷെ ഹിന്ദു -മുസ് ലിം മൈത്രിക്കു വേണ്ടി ശ്രമിച്ച ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോഡ്സെയുടെ ഹിന്ദു രാഷ്ട വാദം സ്വാമി വിവേകാനന്ദനെയും കൊല്ലുമായിരുന്നു. കാരണം ഗോഡ്സെയുടെ കാവിഭീകരത വിഭാവനം ചെയ്യുന്നത് മുസ് ലിം രഹിത ഹിന്ദു രാഷ്ട്രമാണല്ലോ. അതിനാൽ സ്വാമി വിവേകാനന്ദനെയാണോ ഗോഡ്സെ യെയാണോ മാതൃകയായി സ്വീകരിക്കേണ്ടത് എന്നതിനാണ് ഓരോ ഹിന്ദുവും സമാധാനം കാണേണ്ടത്…. ഞാൻ ഹിന്ദുവായിരിക്കുന്നത് ഗോഡ്സെ ഹിന്ദു വാണെന്ന് പ്രഖ്യാപിച്ചതുകൊണ്ടല്ല. മറിച്ച് വിവേകാനന്ദനും ഗാന്ധിജിയും ഹിന്ദുക്കളാണെന്നു പ്രഖ്യാപിച്ചതുകൊണ്ടാണ്. അതുപോലെ ഞാൻ ഇസ് ലാമിനെ വിലയിരുത്തുന്നത് ഉസാമ ബിൻ ലാദനെ മുൻനിർത്തിയല്ല. മുഹമ്മദ് നബി തിരുമേനിയുടെ ജീവിതത്തെ മുൻനിർത്തിയാണ് ”
(ഉദ്ധരണം: ഗീതയും ഖുറാനും ലെനിനും. പുറം: 67. വിശ്വവിദ്യ ബുക്സ് )

Related Articles