Current Date

Search
Close this search box.
Search
Close this search box.

മനുഷ്യത്വത്തിന്റെ ഭാഗമായ കുടുംബം

‘കുടുംബം’ എന്നത് മനുഷ്യനോളം പഴക്കമുള്ള സംവിധാനമാണ്. ആദ്യ കല്പന തന്നെ കുടുംബത്തോടാണ്- ” ആദമേ! നീയും നിന്റെ ഇണയും സ്വർഗ്ഗത്തിൽ വസിച്ചു കൊള്ളുക. നിങ്ങൾ ഇരുപേരും യഥേഷ്ടം ഭുജിച്ചു കൊള്ളുക. നിങ്ങൾ ഇരു പേരും ഈ വൃക്ഷത്തെ സമീപിക്കരുത്.. “(ഖുർആൻ )

ആണും പെണ്ണും ഒറ്റ നഫ്സിൽ നിന്നാണെന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്. “ബഅളുക്കും മിൻ ബഅള്”(വി :ഖു )എന്നും വിശദീകരിച്ചതായി കാണാം . സൽകർമ്മങ്ങൾ അനുഷ്ഠിച്ചാൽ രണ്ടുപേർക്കും തുല്യ പ്രതിഫലം ആണെന്നും, പരസ്പരം സഹായികളാണെന്നും ഖുർആൻ വ്യക്തമാക്കിയിട്ടുമുണ്ട്. സ്ത്രീ- പുരുഷ ബന്ധം അഥവാ ദാമ്പത്യം തന്നെ ഉദാത്തമായ, സ്നേഹമസൃണമായ പരസ്പര സഹകരണമാണ്. ഈ സഹകരണത്തിലൂടെയാണ് കുടുംബം എന്നത് ഉണ്ടാകുന്നതും അർത്ഥ പൂർണമാകുന്നതും. സ്ത്രീ – പുരുഷ സഹകരണം ( ഭാര്യ – ഭർതൃ സഹകരണം ) വ്യവസ്ഥാപിതമായും ഫലപ്രദമായും നടക്കുവാൻ സഹായിക്കുന്നത് കുടുംബമെന്ന ചിരപുരാതന സംവിധാനം വഴിയാണ്.
മനുഷ്യർക്കു മാത്രമേ വ്യവസ്ഥാപിതവും ഭദ്രവും സുദീർഘവുമായ കുടുംബ ഘടനയുള്ളൂ. കുടുംബമെന്നത് മനുഷ്യത്വത്തിന്റെ ഭാഗമാണ്. കുടുംബത്തിന്റെ തകർച്ച മനുഷ്യത്വത്തിന്റെ തകർച്ചയാണ്. കുടുംബമുള്ളതിനാലാണ് മനുഷ്യൻ അധ്വാനിച്ചു സമ്പാദിക്കുന്നതും സമ്പാദ്യങ്ങൾ കരുതി വെച്ച് സൂക്ഷിക്കുന്നതും. എന്നാൽ സ്വകാര്യസ്വത്ത്‌ എന്നത് തീർത്തും ഇല്ലാതാക്കണമെന്നും അതിന് കുടുംബമെന്ന സംവിധാനം ഇല്ലാതാകണമെന്നുമാണ് യഥാർത്ഥത്തിൽ മാർകിസ്റ്റുകളും അരാജകവാദികളായ യുക്തിവാദികളും മറ്റും ഉള്ളാലെ ആഗ്രഹിക്കുന്നത്. “ഇഷ്ടമുള്ളവർ ഇഷ്ടമുള്ളവരോടപ്പം ഇഷ്ടമുള്ളത്രകാലം ” എന്നാണവരുടെ വാദഗതി. ചാരിത്ര്യം, പിതൃത്വം തുടങ്ങിയവയൊന്നും ഇക്കൂട്ടർക്ക് പരിഗണനീയമല്ല. മറുവശത്ത് ആധുനികമുതലാളിത്തവും കുടുംബഘടനയെ അറിഞ്ഞും അറിയാതെയും പൊളിക്കുന്നുണ്ട്. ഒരർത്ഥത്തിൽ കമ്യുണിസവും മുതലാളിത്തവും ഈ ബിന്ദുവിൽ ഒന്നിക്കുന്നു.

കുടുംബം തകർന്നാൽ കുറെയേറെ കമ്പോള സാദ്ധ്യതകൾ തുറക്കപ്പെടുമെന്നവർ മോഹിക്കുന്നു. കുടുംബത്തിലൂടെ ഞങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾക്ക് കമ്പോളത്തെ ആശ്രയിക്കുന്ന ദുരവസ്ഥ വന്നുചേരുന്നു.

മനുഷ്യകുലത്തിന്റെ ആദിമതവും പ്രകൃതിമതവുമായ ഇസ്ലാം കുടുംബമെന്ന മഹൽ സംവിധാനത്തിന് അതീവ പ്രാധാന്യം കല്പ്പിക്കുന്നു. ഇസ്ലാമിൽ ദാമ്പത്യം ജഡികേച്ഛയുടെ കേവല പൂർത്തികരണമല്ല, മറിച്ച് മഹത്തായ പുണ്യകർമ്മമാണ്. കുടുംബസംരക്ഷണവും, സന്താനപരിപാലനവും കുടുംബത്തെ പുലർത്താൻ വേണ്ടിയുള്ള അധ്വാന പരിശ്രമങ്ങളും മാതാപിതാക്കളെ നന്നായി ശ്രദ്ധിക്കലും സ്വന്തബന്ധങ്ങളുമായുള്ള ബന്ധം ചേർക്കലും അവർക്ക് ഉപകാരങ്ങൾ ചെയ്യലുമെല്ലാം പുണ്യകർമങ്ങളാണ്.

നമസ്കാരത്തിന്റെ റക്അത്തോ സകാത്തിന്റെ ശതമാനമോ വിശദമായി പറയാത്ത ഖുർആൻ, കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ചിട്ടകളും ചട്ടങ്ങളും സവിശദം സുവ്യക്തമായി തന്നെ പറയുന്നത് കാണാം. തഖ് വയെന്ന ഐഹിക – പാരത്രിക ജീവിതങ്ങളിലേക്കുള്ള രക്ഷാകവചം ഉണ്ടായിത്തീരാൻ അച്ചടക്കമുള്ള കുടുംബ ജീവിതം അത്യന്താപേക്ഷിതമാണെന്ന് ഇസ്ലാം തറപ്പിച്ചും ഉറപ്പിച്ചും പറയുന്നു. കുടുംബമെന്നത് ഭാവിതലമുറയെ വാർത്തെടുക്കുന്ന ബേക്കറി (അപ്പകൂട് ) പോലെയാണ്. ബേക്കറിയിൽ താപം കൂടിയാൽ അപ്പം കരിഞ്ഞുപോകും. ചൂട് തീരേകുറഞ്ഞുപോയാൽ പാകത്തിന് വേവുകയുമില്ല.

ഇസ്ലാം ഭർത്താവിനും ഭാര്യക്കും ഉത്തരവാദിത്തം കൃത്യമായി ഭാഗിച്ചുനൽകിയിട്ടുണ്ട്. എല്ലാവിഭാഗം മനുഷ്യരും അത് ഇക്കാലമത്രയും പാലിച്ചിട്ടുമുണ്ട്. പാരസ്പര്യത്തിലധിഷ്ഠിതമാണ് മൊത്തം ഘടന. ദീനുൽ ഇസ്ലാമാണ് ഇതിന്റെ അസ്ഥിവാരം. ശകലത്തിൽ സകലം ദർശിക്കാനാവില്ല. സാകല്യത്തിൽ മനസിലാക്കേണ്ട ഒരു സംഗതിയിൽ നിന്ന് ഏതെങ്കിലും ഒരു ബിന്ദുമാത്രം ഒറ്റക്ക് മാറ്റിയെടുത്ത് വേറിട്ട് ചർച്ചചെയ്യുന്നതും നമ്മെ വഴിതെറ്റിക്കും. പരസ്പരപൂരകവും പരസ്പരബന്ധിതവുമായ ഒരു സാകല്യത്തെ മൊത്തത്തിൽ തന്നെ വിശകലനം ചെയ്താലേ ഇസ്ലാമിലെ കുടുംബസംവിധാനത്തിന്റെ സൗന്ദര്യവും സന്തുലിതത്വവും സുഗ്രാഹ്യമാവുകയുള്ളൂ. ആണിനെയും പെണ്ണിനേയും തമ്മിലടുപ്പിക്കാനും ഭാര്യ- ഭർത്താക്കന്മാർക്കിടയിൽ വിള്ളലുണ്ടാക്കാനും അരാജകവാദികളായ കമ്യുണിസ്റ്റുകാർ വിദഗ്ദമായി പല മാർഗേണ ശ്രമിക്കുന്നുണ്ട്. സ്ത്രീകളിൽ പുരുഷവിരോധം വളർത്തുക, ഫെമിനിസ്റ്റ് ചിന്താഗതി വളർത്തുക, കുത്തഴിഞ്ഞ അമിത സ്വാതന്ത്ര്യബോധം വളർത്തുക ഇതൊക്കെയാണ് അവർ നടത്തുന്നത്. എന്തിനേറെ, ഏക സിവിൽകോഡ് വാദത്തിൽ വരെ ആങ്ങളയെയും പെങ്ങളെയും തമ്മിലിടിപ്പിക്കുക എന്ന കുതന്ത്രം ഉണ്ട്. പെങ്ങന്മാരോട് വളരെ ഉദാരമായി പെരുമാറുന്ന, ഉമ്മ-പെങ്ങന്മാർക്ക് വേണ്ടി ദീർഘകാലം പലവിധ കഷ്ടനഷ്ടങ്ങൾ സഹിക്കുന്ന, ഉമ്മയുടെയും പെങ്ങന്മാരുടെയും ക്ഷേമത്തിനുവേണ്ടി കഠിനയത്നം നടത്തുന്ന മുസ്ലിം സമുദായത്തിലെ ആങ്ങളമാരെപ്പറ്റി അരാജകവാദികൾക്കെന്തറിയാം?

ഇസ്ലാമിലെ കുടുംബസംവിധാനത്തിന്റെ നന്മയും മേന്മയും മനസ്സിലാക്കി പതിനായിരക്കണക്കിന് നാരീമണികൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇസ്ലാമിനെ പുൽകുകയാണ്. വിശാലമായ, വളരെ വിശുദ്ധമായ കുടുംബഘടനയുടെ കാവലാളാവുകയെന്നതാണ് ഇന്നത്തെ അടിയന്തിര കടമ. കുടുംബത്തിന്റെ തകർച്ച മനുഷ്യത്വത്തിന്റെ തകർച്ചയാണെന്ന് മറക്കാതിരിക്കുക.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles