Current Date

Search
Close this search box.
Search
Close this search box.

ബുള്ളി ബായ് ഫാഷിസ്റ്റുകൾ ഭയപ്പെടുന്നത് സ്ത്രീകളുടെ സമരധീരത!

അമേരിക്കൻ സാമ്രാജ്യത്വത്തെ വിറപ്പിച്ച, ഇറാൻ വിപ്ലവത്തിന് ധൈഷണികാടിത്തറ പണിത ഡോ: അലി ശരീഅത്തി 1977 ജൂൺ 19 ന് ലണ്ടനിൽ വെടിയേറ്റു വീണപ്പോൾ, തൻ്റെ അന്ത്യ വിശ്രമ സ്ഥാനമാ യി തെരഞ്ഞെടുത്തത് ഏകാധിപത്യത്തി നെതിരെ പടവെട്ടുന്നതിൽ മറക്കാനാവാത്ത ചരിത്രം സൃഷ്ടിച്ച ഹസ്രത്ത് സൈനബിൻ്റെ, അകലെ ഡമാസ്കസിലുള്ള ഖബറിന്ന് തൊട്ടടുത്ത ആറടി മണ്ണായിരുന്നു!

ഇസ് ലാം സ്ത്രീകൾക്കു നൽകിയ അന്തസ്സാർന്ന ഈ വിപ്ലവ വീര്യം ചരിത്രത്തിലുടനീളം ഉയർന്നു കാണാം. അതേയവസരം സാമ്രാജ്യത്വ, സയണിസ്റ്റ്, ഫാഷിസ്റ്റു ശക്തികൾ എന്നും ഈ സമര ധീരതയെ ഭയപ്പെട്ടിട്ടുണ്ട്!

ഇന്ത്യയെ ഇളക്കിമറിച്ച പൗരത്വ വിവേചന സമരത്തിനു തിരി കൊളുത്തി വിപ്ലവത്തിൻ്റെ ചൂണ്ടുവിരലുയർത്തിയ ആഇശ റെന്നയെയും കൂട്ടുകാരികളെയും നാം മറന്നിട്ടില്ല! അന്ന് ശാഹീൻ ബാഗിൽ കത്തിപ്പടർന്ന സമരവീര്യത്തിൻ്റെ അമ്മൂമമാരായ അസ്മ ഖാത്തൂൻ, ബിൽഖീസ്, സർവരി എന്നിവരെ ചൂണ്ടിയാണ് നരേന്ദ്ര മോദി പോലും സമരക്കാരെ “വേഷം കൊണ്ട് തിരിച്ചറിയാം” എന്നു വിലപിച്ചത്!

ശരിയാണ്! ഗുജറാത്ത് വംശഹത്യയിൽ ഭർത്താവ് ഉൾപ്പെടെ ഉറ്റവരെല്ലാം നഷ്ടപ്പെട്ടിട്ടും നീതിന്യായ വ്യവസ്ഥയുടെ വാതിലുകൾ മുട്ടി പോർക്കളങ്ങൾ തീർത്ത സകിയ ജാഫ്രിയും, അതിക്രൂരമായ ബലാത്സംഗങ്ങൾക്കും കൂട്ടക്കൊലകൾക്കും ഇരയും ദൃക്സാക്ഷിയുമായിട്ടും കീഴടങ്ങാതെ ജീവിക്കുന്ന രക്തസാക്ഷിയായി അധികാരസ്ഥാനങ്ങളിൽ നീതിക്കുവേണ്ടി പട നയിച്ച ബിൽ ബീസ് ബാനുവും, ഹിന്ദുത്വ വംശീയ വാദികൾ വേട്ടയാടിപ്പിടിച്ച ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹ്മദിൻ്റെ മാതാവ്, ഓരോ തവണ വീഴ്ത്തുമ്പോഴും പൂർവ്വാധികം ശക്തയായി ഉയിർത്തെഴുന്നേറ്റ് സ്വന്തം മകൻ അനുഭവിച്ച അനീതിക്കെതിരെ സമരജ്വാല തീർക്കുന്ന ഫാത്തിമ നഫീസും..!

തീർന്നില്ല! അകാരണമായി യു.എ.പി.എ ഉൾപ്പെടെയുളളകരിനിയമങ്ങളിൽപ്പെടുത്തി ജീവിതം നരകതുല്യമാക്കിയ എത്രയോ മക്കളുടെ ഉമ്മമാർ ഉയിരും ഉടലും ചേർത്തുവെച്ച് സമരങ്ങളുടെ കനൽപ്പാതകൾ തീർത്തു കൊണ്ടു തന്നെയാണ് ഫാഷിസത്തിൻ്റെ പല്ലും തേറ്റയുമേറ്റ് പിടയുന്ന വർത്തമാന ഇന്ത്യയിൽ ജീവിക്കുന്നത്!

ഇപ്പോൾ ബുള്ളി ബായി ആപ്പിലൂടെയും നേരത്തേ സുള്ളി ഡീൽസിലൂടെയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച, മുസ് ലിം സ്ത്രീകളെ അവഹേളിച്ച ഇസ് ലാമോ ഫോബിക് ഫാഷിസ്റ്റുകൾ എക്കാലത്തും പൊതുവേ എതിർപക്ഷത്തു നിർത്തുന്നത് സ്ത്രീകളെ തന്നെയായിരുന്നു!

ചില അറസ്റ്റു നാടകങ്ങൾ കാണാതെയല്ല. പക്ഷെ വിഷയത്തിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ പോയ വർഷത്തെ സൈബർ വേട്ടക്കാലത്തു തന്നെ ഇവർ പ്രതികരിക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല തദ് സംബന്ധമായി വന്ന സർവ്വ പരാതികളേയും അക്രമോത്സുക ഹിന്ദുത്വ ഫാഷിസ്റ്റുകൾ അവഗണിക്കുകയായിരുന്നു!

മുതിർന്ന പത്രപ്രവർത്തക സബാ നഖ് വി, എഴുത്തുകാരി റാണ സഫ് വി, യുവ മാധ്യമ പ്രവർത്തകരായ ഇസ്മത്ത് ആറ, സായിമ, ഫാത്വിമ ഖാൻ, ഖുർറത്തുൽ ഐൻ റഹ്ബർ, ജെ.എൻ.യു വിദ്യാർത്ഥി യൂനിയൻ നേതാവായിരുന്ന ഷഹല റാഷിദ്, മലയാളി വിദ്യാർത്ഥിനികളായ ആഇശ റെന്ന, ലദീദ സഖ് ലൂൻ തുടങ്ങി നൂറിലധികം സ്ത്രീകളുടെ പേരും ചിത്രവും ഉൾപ്പെടുത്തി മോശം പരാമർശങ്ങളിലൂടെ അവരുടെ അന്തസ്സ് ഇ ടിക്കുന്ന രീതിയിലാണ് ബുളളി ബായ് തയ്യാറാക്കിയിരിക്കുന്നത്.

തീർച്ചയായും ഇത് ചിലരുടെ മനോവൈകൃതം അല്ല. വർഗീയ ആൺകോയ്മയുടെ ആസൂത്രിത വിളയാട്ടം തന്നെയാണ്. ഫാഷിസവും അവരുടെ കൊലവെറി രാഷ്ടീയവും സ്ത്രീകളെ, വിശിഷ്യ മുസ് ലിം സ്ത്രീകളെ, അവരുടെ നിതാന്തമായ സമര ധീരതയെ വല്ലാതെ ഭയപ്പെടുന്നു എന്നത് തന്നെയാണ് ഇതിൻ്റെ സന്ദേശം.

സ്ത്രീകൾ പക്ഷെ ഈ ഉമ്മാക്കി കൊണ്ടൊന്നും ഭയപ്പെടാൻ പോകുന്നില്ല. അവരുടെ പൈതൃക പട്ടികയിൽ ഭീരുത്വം എന്നൊരവസ്ഥ ഇല്ല തന്നെ! വിശ്വാസം ( ഈമാൻ) ചുരത്തുന്ന ശാന്തതക്ക് ( അമ്ന് ) എതിർ വശത്താണ് ഭയത്തിൻ്റെ സ്ഥാനം എന്നതുണ്ടോ ഈ ഭീരുക്കൾ അറിയുന്നു!

Related Articles