Current Date

Search
Close this search box.
Search
Close this search box.

ഇങ്ങനെയെല്ലാമായിരുന്നു നീതിമാനായ അനൂശിര്‍വാന്‍ തന്റെ മകനെ ഉപദേശിച്ചത്

ഖാബൂസ്‌നാമ - 5

രാപകലുകളുടെ ആഗനനിര്‍ഗമനങ്ങള്‍ക്കിടയില്‍ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളില്‍ നീ അന്ധാളിക്കരുത് എന്നു പറഞ്ഞാണ് അനൂശിര്‍വാന്‍ മകനോടുള്ള തന്റെ ഉപദേശം ആരംഭിക്കുന്നത്.

. പിന്നീട് അദ്ദേഹം ചോദിക്കുന്നു:പൂര്‍വികര്‍ പശ്ചാത്തപിച്ച ഒരു പ്രവൃത്തിയില്‍ ആളുകള്‍ വീണ്ടും ഖേദമുള്ളവരാകുന്നത് എന്തുകൊണ്ടാണ്?
. രാജാക്കന്മാരെക്കുറിച്ച് അറിവുള്ളവര്‍ക്ക് എങ്ങനെയാണ് ഇത്ര സുരക്ഷിതായി ഉറങ്ങാനാകുന്നത്?
. തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തൊരു വ്യക്തിക്ക് എങ്ങനെ സ്വയം സന്തോഷവാനെന്ന് പറയാനാകും?
. അപരനെ ബുദ്ധിമുട്ടിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവനെ നിനക്കെങ്ങനെ നിന്റെ ശത്രു ആക്കാതിരിക്കാനാകും?
. സ്‌നേഹിതന്റെ ശത്രുവിനെ കൂട്ടുകാരനായി സ്വീകരിക്കരുത്.
. വിഡ്ഢിയോട് ചങ്ങാത്തത്തിലാകരുത്. വിഡ്ഢി സ്‌നേഹിക്കപ്പെടാനോ ദേഷ്യപ്പെടാനോ അര്‍ഹനല്ല.
. വിഡ്ഢിയായിരിക്കെ സ്വയം ജ്ഞാനിയെന്ന് മേനി നടിക്കുന്നവരോട് അകലം പാലിക്കുക.
. സ്വയം നീതി പുലര്‍ത്തുക. എന്നാല്‍, ന്യായാധിപനില്‍നിന്ന് നിനക്ക് സുരക്ഷിതനാകാം.
. കൈപ്പേറിയതെങ്കിലും സത്യം മാത്രം മൊഴിയുക. തന്റെ രഹസ്യം ശത്രു അറിയരുതെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ സ്വന്തം കൂട്ടുകാരനോടുപോലും അത് പങ്കുവെക്കാതിരിക്കുക.
. സ്വയം നിസാരനെന്ന് ഭാവിക്കുന്ന മഹാനായിരിക്കും ആ കാലഘട്ടത്തിലെ ഏറ്റവും ഉത്തമന്‍.
. ചത്തതിനൊക്കുമേ നിഷ്‌ക്രിയരൊക്കെയും.
. അസന്തുഷ്ടനായിട്ടാണെങ്കിലും സമ്പന്നനാകണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍, നിന്റെ ഓരോ പ്രവൃത്തികളും ജനപ്രശംസ അര്‍ഹിക്കുന്നതാക്കുക.
. ഒരു വസ്തുവും കിട്ടിയ വിലക്ക് വാങ്ങരുത്. പിന്നീട് എത്ര താഴ്ന്ന വില കൊടുത്തും വില്‍ക്കാന്‍ അത് കാരണമായേക്കാം.
. തെമ്മാടിയുടെ അന്നംകൊണ്ട് വയറു നിറക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണ്.
. ഭ്രമചിത്തനായി അവിശ്വാസികളെ അവലംബിക്കരുത്. വിശ്വാസയോഗ്യരുടെ അവലംബത്തെ നിരാകരിക്കുകയും ചെയ്യരുത്.
. നിന്നെക്കാള്‍ വലിയ അധോഗതിയിലുള്ളവരോട് സഹായം തേടേണ്ടി വരികയെന്നത് കഷ്ടമാണ്. തവളയോട് സഹായം തേടുന്നതിനെക്കാള്‍ നല്ലത് വെള്ളത്തില്‍ മുങ്ങി മരിക്കലാണ്.
. പരലോകം തേടുന്ന വിനയാന്വിതനായ തെമ്മാടിയാണ് ഇഹലോകം തേടുന്ന അഹങ്കാരിയായ ഉപാസനനെക്കാള്‍ ഉത്തമന്‍.
. വിനയം ഉന്നതി നല്‍കിയവനോട് വീണ്ടും നിന്ദ്യതയോടെ പെരുമാറുന്നവനെക്കാള്‍ വലിയ വിഡ്ഢിയില്ല.
. അറിയാത്ത ഒരു കാര്യത്തില്‍ വാദപ്രതിവാദം നടത്തുന്നതിനെക്കാള്‍ വലിയ കുറ്റമില്ല. നുണയനെന്ന വിളിപ്പേര് മാത്രമായിരിക്കും അതിന്റെ ഫലം.
. ഉള്ളത് വിട്ട് ഇല്ലാത്തതിന് പിന്നില്‍ പോകുന്നവനെ കണ്ട് വഞ്ചിതനാകേണ്ട.
. ജനങ്ങളുടെ ആവശ്യങ്ങള്‍ തനിക്ക് നിറവേറ്റിക്കൊടുക്കാന്‍ കഴിയുമായിരുന്നിട്ടും അതില്‍നിന്ന് മുഖം തിരിക്കുന്നവനെക്കാള്‍ അധഃപതിച്ചവനായി ഈ ലോകത്ത് മറ്റാരുണ്ട്?
. ആരെങ്കിലും നിന്നെക്കുറിച്ച് ഒരു കാരണവുമില്ലാതെ മോശത്തരം പറയുന്നുവെങ്കില്‍, ആ വാര്‍ത്ത നിന്നെ അറിയിച്ചവനെക്കാള്‍ അവന്‍തന്നെയാണ് നിന്റെ മാപ്പും അനുകമ്പയും അര്‍ഹിക്കുന്നത്.
. മറ്റൊരാളെ വ്യര്‍ഥമായി കാത്തിരിക്കുന്ന ഒരാള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അതേ വേദനയല്ല പ്രിയപ്പെട്ടവരാല്‍ മുറിവേറ്റപ്പെട്ടവന്‍ അനുഭവിക്കുന്നത്.
. സ്വന്തം വയറിന് അടിപ്പെട്ടവനെക്കാള്‍ ഉത്തമന്‍ ചന്തയില്‍ വില്‍ക്കപ്പെടുന്ന അടിമയാണ്.
. ചുറ്റുപാടില്‍നിന്നും ഭൂതകാലത്തില്‍നിന്നും ഒന്നും പഠിക്കാത്ത ഒരു വ്യക്തിയെ പഠിപ്പിക്കാന്‍ ഒരു പണ്ഡിതനും മുതിരാതിരിക്കുന്നതാണ് നല്ലത്.
. ഒരു വിഡ്ഢിയെ സംരക്ഷിക്കുന്നതിലും എളുപ്പമാണ് ആ വിഡ്ഢിയില്‍നിന്ന് മറ്റെല്ലാ കാര്യങ്ങളും സംരക്ഷിക്കുന്നത്.
. സ്വയം പ്രശംസിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജനങ്ങളെ പുകഴ്ത്തിപ്പാടിയാല്‍ മതി.
. സമൂഹത്തിന്റെ അധ്വാനം വൃഥാവിലായിപ്പോകാതെ ശ്രദ്ധിച്ചാല്‍ മതി അവര്‍ക്കുവേണ്ടി നീ ഒഴുക്കുന്ന വിയര്‍പ്പ് നഷ്ടമാകില്ല.
. അസന്തുഷ്ടനാകാതിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അസൂയാലുവാകാതിരിക്കുക.
. ആവശ്യകാര്യങ്ങള്‍ക്കു പിന്നാലെ മാത്രം പോവലാണ് സുഖ ജീവിതം നയിക്കാനുള്ള സൂത്രം.
. അനാവശ്യവും അസാധ്യവുമായ കാര്യങ്ങളോട് മല്ലിടാതിരിക്കുക. അല്ലായെങ്കില്‍, ജനം നിന്നെ ഭ്രാന്തനാക്കും.
. ലജ്ജയുള്ളവനാവുക, ആദരിക്കപ്പെടും.
. അസാധ്യമായവയുടെ പിന്നില്‍ കൂടാതിരുന്നാല്‍ മോഹവിമുക്തി നേടാം.
. ഇളിഭ്യനാകാതിരിക്കാന്‍ ചെയ്ത കാര്യത്തില്‍ ഉറച്ചുനില്‍ക്കുക. പരിഹസിക്കപ്പെടാതിരിക്കാന്‍ നിനക്കു താഴെയുള്ളവരെപ്പോലും ബഹുമാനിക്കുക.
. സ്വേച്ഛകള്‍ ഉപേക്ഷിക്കുന്നപക്ഷം നിതാന്ത ഖേദത്തില്‍നിന്നും വിമുക്തി നേടാം.
. മനസ്സിന്റെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിട്ടാല്‍ മാനസിക സ്വാതന്ത്ര്യം ആവോളം ആസ്വദിക്കാം.
. നീതിമാനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് കീഴിലുള്ളവരോട് ഉദാരത കാണിക്കുക. ഹൃദയത്തിന് ഒരിക്കലും ഭേദമാകാത്ത മുറിവേല്‍ക്കാതിരിക്കാന്‍ വിഡ്ഢികളോട് തര്‍ക്കിക്കാതിരിക്കുക.
. സമൂഹത്തിന്റെ പ്രാപ്തി എന്തെന്നു മനസ്സിലാക്കിയാല്‍ നിന്റെ പ്രാപ്തി സംരക്ഷിക്കാം.
. ജനങ്ങള്‍ക്കിടയില്‍ സമ്മതനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രഹസ്യങ്ങള്‍ ആരുമായും പങ്കുവക്കാതിരിക്കുക.
. മാന്യനായാല്‍ മതി ജനങ്ങളാല്‍ ആദരിക്കപ്പെടും.
. ജനങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളെ പ്രശംസിക്കുക. അവരുടെ ആക്ഷേപങ്ങളും കുത്തുവാക്കുകളും ഒഴിവാക്കാം.
. ജനങ്ങളുടെ സ്‌നേഹപാത്രമാകാന്‍ അവരുടെ ഇഷ്ടംപോലെ സംസാരിച്ചാല്‍ മതി.
. കൈകളുടെ അത്യാര്‍ത്തി ഒഴിവാക്കിയാല്‍തന്നെ ഉപദേശങ്ങള്‍ക്ക് ഫലം കാണും.

ഇങ്ങനെയെല്ലാമായിരുന്നു നീതിമാനായ അനൂശിര്‍വാന്‍ തന്റെ മകനെ ഉപദേശിച്ചത്. ഇവ നിസാരമായി കാണരുത്. ആന്തരികജ്ഞാനവും രാജതന്ത്രവും നിനക്കത് നേടിത്തരും. കാരണം, അവ തത്ത്വജ്ഞാനികളുടെയും രാജാക്കന്മാരുടെയും മൊഴികളാണ്. നിന്റെ ഈ യൗവ്വന തീക്ഷ്ണതയില്‍തന്നെ അതെല്ലാം പഠിച്ചെടുക്കുക. പിന്നീട് വയോധികനാകുമ്പോള്‍ അവ പഠിച്ചെടുക്കാന്‍ പ്രയാസപ്പെടാതിരിക്കാന്‍ അതാണ് നല്ലത്. വയോധികരെയെല്ലാം കാലം ഒരുപാട് പാഠം പഠിപ്പിച്ചതാണ്.

യുവത്വവും വാര്‍ധക്യവും

മകനേ, നീ യുവാവാണെങ്കിലും ബുദ്ധിയുടെ കാര്യത്തില്‍ വയോധികനാകണം. ഒരു യുവാവിനെപ്പോലെ നീ പെരുമാറണമെന്ന് ഞാന്‍ പറയുന്നില്ല. എന്നിരിക്കിലും, ആത്മനിയന്ത്രണമുള്ളവനാവുക. യുവത്വത്തിന്റെ ശോഭയറ്റ ദുര്‍ബല യുവാക്കളില്‍ പെട്ടുപോകരുത്. കാരണം, ഊര്‍ജസ്വലതയെന്നത് യുവാക്കള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. അരിസ്റ്റോട്ടില്‍ പറഞ്ഞത് നോക്കൂ: ‘യുവത്വവും ഒരു ഭ്രാന്താണ്.’ അഥവാ, സൂക്ഷ്മത വേണമെന്നര്‍ഥം. വിഡ്ഢിയായ യുവാവാകരുത്. യുവത്വത്തിന്റെ ഊര്‍ജസ്വലതയില്‍നിന്ന് ഒരിക്കലും ഉപദ്രവമുണ്ടാകില്ല. എന്നാല്‍, വിഡ്ഢിത്തത്തില്‍നിന്ന് ഉപദ്രവമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുകയും വേണ്ട. യുവത്വകാലം ആവുന്നത്രയും മുതലെടുക്കുക. വയോധികനായാല്‍ പിന്നെ ഒന്നിനും കഴിഞ്ഞെന്ന് വരില്ല. പണ്ടൊരു വൃദ്ധന്‍ പറഞ്ഞതാണ് ഓര്‍മ വരുന്നത്: ‘നീണ്ട വര്‍ഷങ്ങളായി ഞാന്‍ ദുഃഖത്തിലും നിരാശയിലുമാണ്. ഞാന്‍ യുവാവായിരിക്കെ കാഴ്ചച്ചന്തകളിലൈാന്നും താല്‍പ്പര്യമില്ലാത്ത ഒരു വൃദ്ധനെ എനിക്ക് അറിയാമായിരുന്നു. ഇന്നിപ്പോള്‍, ഞാനും വൃദ്ധനായി മാറിയതോടെ എനിക്കും അവയിലെല്ലാം താല്‍പ്പര്യമില്ലാതായിരിക്കുന്നു. താല്‍പ്പര്യമുണ്ടായാല്‍തന്നെ എന്ത്? ഇനിയതൊന്നും സാധ്യമല്ലല്ലോ!’

യുവത്വത്തിന്റെ പ്രസരിപ്പില്‍ അല്ലാഹുവിനെ മറന്നുപോകരുത്. മരണത്തെയും അവഗണിക്കരുത്. മരണത്തിന് യുവത്വവും വാര്‍ധക്യവും പരിചയമില്ല. അസ്ജദിയുടെ ഒരു കവിതയുണ്ട്:
‘വാര്‍ധക്യമോ യുവത്വമോ അല്ല മരണഹേതു
വൃദ്ധന്‍ മരിക്കുമെന്നോ യുവാവ് ജീവിക്കുമെന്നോ ഇല്ല.’

ഒരു കഥ പറയാം:
റയ്യ് പട്ടണത്തിലെ ഖബറിസ്ഥാനിന് അഭിമുഖമായി നില്‍ക്കുന്ന കവാടത്തിനരികെ സ്വന്തമായി കടയുള്ള ഒരു തുന്നല്‍ക്കാരനുണ്ടായിരുന്നു. തലക്കു മുകളിലായി ചുമരില്‍ ആണിയില്‍ ഒരു കൂജ അദ്ദേഹം കുരുക്കിവച്ചു. ഖബറിസ്ഥാനിലേക്ക് ഓരോ തവണ മയ്യിത്ത് കൊണ്ടുപോകുമ്പോഴും തുന്നല്‍ക്കാരന്‍ തന്റെ കൂജയിലേക്ക് ഒരു ചരല്‍ക്കല്ല് എടുത്തിട്ടു. ഓരോ മാസം അവസാനിക്കുമ്പോഴും പ്രതിമാസം എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം കണക്കുകൂട്ടി കൂജ കാലിയാക്കി തിരികെ വക്കും. ഓരോ മാസവും ഇതിങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നു. കാലം ഒരുപാട് കഴിഞ്ഞുപോയി. അങ്ങനെയിരിക്കെ തുന്നല്‍ക്കാരനെയും മരണം പിടികൂടി. പിന്നീട് എപ്പോഴോ അദ്ദേഹത്തെയും തിരഞ്ഞ് ഒരാള്‍ വന്നു. കടയുടെ വാതില്‍ അടഞ്ഞു കിടക്കുന്നതു കണ്ട അയാള്‍ തൊട്ടടുത്തുള്ള കച്ചവടക്കാരനോട് കാര്യം അന്വേഷിച്ചു. അയാള്‍ മറുപടി പറഞ്ഞു: ‘തന്റെ ഊഴമെത്തിയപ്പോള്‍ തുന്നല്‍ക്കാരനും തന്റെ കൂജയിലേക്കു വീണു.’

മകനേ, സദാ ജാഗ്രതയുള്ളവനാവുക. യുവത്വത്തിന്റെ പ്രസരിപ്പ് നിന്നെ വഴികേടിലാക്കാതിരിക്കട്ടെ. ഏത് സന്ദര്‍ഭങ്ങളിലാണെങ്കിലും നന്മ-തിന്മകളില്‍ അല്ലാഹുവിനെ ഓര്‍ക്കുക. പാപമോചനം തേടുക. സ്വയം കൂജയിലകപ്പെട്ട തുന്നല്‍ക്കാരനാകാതിരിക്കാന്‍ മരണഭയം ഉള്ളവനാവുക. നിന്റെ കൂട്ടുകെട്ട് മുഴുവന്‍ യുവാക്കളോടാകരുത്. അവരെപ്പോലെത്തന്നെ പ്രായമായവര്‍ക്കൊപ്പവും സഹവസിക്കണം. അവരോട് ഒന്നിച്ചിരുന്ന് ഇടപഴകുകയും സംസാരിക്കുകയും വേണം. യുവാക്കളും വൃദ്ധരും കലര്‍ന്നതായിരിക്കണം നിന്റെ സൗഹൃദവൃന്ദം. അപ്പോള്‍ യുവത്വത്തില്‍ നീ ഉന്മാദിയാകുമ്പോള്‍ നിന്നെ ഉണര്‍ത്താന്‍ വയോധികനുണ്ടാകും. കാരണം, യുവാക്കള്‍ക്ക് അറിയാത്ത അനേകം കാര്യങ്ങള്‍ അവര്‍ക്കറിയാം. പല യുവാക്കളും പ്രായമായവരെ പരിഹസിക്കുന്നത് കണ്ടിട്ടില്ലേ? അവരെല്ലാം യുവത്വം കൊതിക്കുന്നവരാണെന്നാണ് ആ യുവാക്കളുടെ വിചാരം. അതുകൊണ്ടുതന്നെ യുവാക്കള്‍ വയോധികരെ മറികടക്കാന്‍ ശ്രമിക്കും. അവരെ പരിഹസിക്കുകയും നിന്ദ്യരാക്കുകയും ചെയ്യും. യഥാര്‍ത്തില്‍, വയോധികര്‍ യുവത്വം കൊതിക്കുന്നുവെന്ന് പറയുന്നതുപോലെത്തന്നെ യുവാക്കള്‍ പ്രായധിക്യത്തെയും ആഗ്രഹിക്കുന്നുണ്ട്. അതിന് അവര്‍ക്ക ഭാഗ്യമുണ്ടായാലും ഇല്ലെങ്കിലും ശരി, അതാണ് സത്യം. സൂക്ഷിച്ചു നോക്കിയാല്‍ എല്ലാവരും പരസ്പരം അസൂയാലുക്കള്‍ തന്നെ. ജനങ്ങളില്‍വച്ച് ഏറ്റവും വലിയ ജ്ഞാനികള്‍ തങ്ങളാണെന്ന് കരുതുന്ന യുവാക്കളില്‍ അകപ്പെടരുത്. പ്രായമായവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. അവരോട് കയര്‍ത്തു സംസാരിക്കരുത്. ഒരുപക്ഷെ, അവരുടെ പ്രതിക്രിയ ബുദ്ധിമാന്മാരെപ്പോലെ മൂര്‍ച്ചയേറിയതായിരിക്കും. നിനക്ക് അത് പ്രതിരോധിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

നൂറുവയസ്സുള്ള മുതുക് വളഞ്ഞ ഒരു വയോധികനുണ്ടായിരുന്നു. വടി കുത്തിപ്പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ നടപ്പ്. ഒരിക്കല്‍ ഒരു യുവാവ് പരിഹാസത്തോടെ അദ്ദേഹത്തോട് ചോദിച്ചു: ‘അല്ലയോ വയോധികാ, എത്ര തുക കൊടുത്താണ് താങ്കള്‍ പുറത്തെ ഈ വളവ് ഒപ്പിച്ചെടുത്തത്? എനിക്കും അതുപോലൊന്ന് വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്.’
‘പ്രായം ഒട്ടേറെ ആയാല്‍ ചില്ലിക്കാശ് ചിലവാക്കാതെത്തന്നെ നിനക്കത് ലഭിക്കും. നീ അത് എത്ര വേണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല.’ വൃദ്ധന്‍ ശാന്തനായി മറുപടി പറഞ്ഞു.

പ്രായാധിക്യമുള്ളവരോട് കൂട്ടുകൂടണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍, വിഡ്ഢികളായ വൃദ്ധന്മാരോടുള്ള ചങ്ങാത്തം നന്നല്ല. വിഡ്ഢികളായ വയോധികരോടുള്ള ചങ്ങാത്തത്തെക്കാള്‍ നല്ലത് ബുദ്ധിമാന്മാരായ യുവാക്കളോട് കൂട്ടുകൂടലാണ്. യുവാവ് ആയിരിക്കുന്ന കാലത്തോളം പ്രസരിപ്പുള്ള യുവാവ് ആവുക. വൃദ്ധനാകുമ്പോള്‍ ആ ഗാംഭീര്യവും കാണിക്കുക. വാര്‍ധക്യം യുവത്വത്തിന്റെ തിളക്കം നല്‍കില്ലെന്നത് ഉറപ്പാണ്. വാര്‍ധക്യ കാലത്ത് യുവത്വം നടിക്കുന്നവര്‍ പട തോറ്റോടുമ്പോള്‍ ചിന്നം വിളിക്കുന്നവരെപ്പോലെയാണ്.

വാര്‍ധക്യകാലത്ത് വായാടിയാകരുത്. അക്രമികളും അനീതി കാണിക്കുന്നവരുമായ വയോധികനാകുന്നത് സൂക്ഷിക്കുക. യുവാക്കളെ വച്ചുനോക്കുമ്പോള്‍ കൂടുതല്‍ നീതിമാന്മാരും ഉദാരവാന്മാരും ആവുക. യുവാവായിരിക്കുന്ന കാലത്തോളം പ്രായം കൂടുവാനുള്ള ആഗ്രഹമുണ്ടാകും. മരണം മാത്രമാണ് ആ ആഗ്രഹത്തിന്റെ ഒടുക്കം. വിളകളെല്ലാം വെളുത്ത് പാകമായിട്ടും കൊയ്തില്ലെങ്കില്‍ അവയില്‍നിന്ന് ധാന്യമണികള്‍ കൊഴിഞ്ഞുപോകും. പഴുത്ത് പാകമായ ഫലം പറിച്ചില്ലെങ്കില്‍ മരത്തില്‍നിന്ന് അത് താഴെ മണ്ണില്‍ വീഴും. ഒരു കവിതയുണ്ട്:

ചന്ദ്രനു മുകളിലായി നീ നിന്‍ കിരീടം ചൂടിലും
സോളമനെപ്പോള്‍ അതിസമ്പന്നനാകിലും
പ്രായം പാകമായാല്‍ വീഴാനൊരുങ്ങുക
പാകമാകും ഫലം ക്ഷണം വീഴുന്നിതല്ലോ ഭൂവിതില്‍!’

മഹാനായ അലി(റ) പാടുന്നു:
‘പരമകാഷ്ഠയിലാണവരോഹണം
നിറഞ്ഞുവെന്നുലകം പറയുകില്‍ പോകാനൊരുങ്ങുക’

യുവത്വം ഉന്മേശത്തോടെ ചിലവഴിക്കുക. അതിനെ അലസമായി വിട്ടാല്‍പിന്നെ വാഗ്-ശ്രവണ-ദൃശ്യ-സ്പര്‍ശ-രുചി കഴിവുകളുടെ വാതിലുകളെല്ലാം കൊട്ടിയടക്കപ്പെടും. അതോടെ ആത്മസംതൃപ്തി നഷ്ടമാകും. ആരും നിന്നില്‍ സന്തുഷ്ടരാകില്ല. ഒടുവില്‍ ജനങ്ങള്‍ക്ക് ഭാരമായി മാറും. അങ്ങനെയൊരു ജീവിതത്തെക്കാള്‍ നല്ലത് മരണം തന്നെയാണ്. മനുഷ്യായുസ്സ് സൂര്യനെപ്പോലെയാണ്. കിഴക്കന്‍ ചക്രവാളത്തിലാണ് സൂര്യന്റെ യുവത്വം കിടക്കുന്നത്. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അതിന്റെ വാര്‍ധക്യവും. എന്നോടുതന്നെയുള്ള ആത്മഗതമായി ഞാന്‍ പറയട്ടെ:

‘അല്ലയോ കേകാവൂസ്, വാര്‍ധക്യത്തിന്റെ മൂര്‍ധന്യതയില്‍ അശക്തനായവനെ, അന്ത്യയാത്രക്ക് ഒരുങ്ങിക്കൊള്ളുക. നിനക്ക് ഇപ്പോള്‍ അറുപത്തിമൂന്ന് തികഞ്ഞിരിക്കുന്നു. പകല്‍ അതിന്റെ സന്ധ്യാ പ്രാര്‍ഥനയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അത് നിര്‍വഹിച്ചാലുടന്‍ ഇരുള്‍ മൂടുകയായി.’

വയോധികന്‍ ഒരിക്കലും തന്റെ ബുദ്ധിയിലും പ്രവൃത്തിയിലും യുവാവാകരുത്. വയോധികരോട് സദാ കരുണയുള്ളവനാവുക. കാരണം, വാര്‍ധക്യമെന്നത് ആരും സന്ദര്‍ശനത്തിന് വരാനില്ലാത്ത രോഗമാണ്. മരണമല്ലാതെ മറ്റൊരു മറുമരുന്നും ആര്‍ക്കും പറഞ്ഞു തരാന്‍ അറിയാത്ത ദീനമാണ് വാര്‍ധക്യം. മരണംകൊണ്ടല്ലാതെ ഒരുത്തനും വാര്‍ധക്യത്തിന്റെ വേദനയില്‍നിന്ന് മുക്തി നേടാനാകില്ല. വാര്‍ധക്യമല്ലാത്ത മറ്റേത് രോഗവും മനുഷ്യന് സുഖപ്പെട്ടെന്ന് വന്നേക്കാം. എന്നാല്‍ വാര്‍ധക്യം ദിനംപ്രതി മൂര്‍ച്ഛിച്ചുകൊണ്ടേയിരിക്കും. സുഖപ്പെടലിന്റെ തരിമ്പും പ്രതീക്ഷയില്ലാതെ.

ഏതോ ഒരു പുസ്തകത്തില്‍ വായിച്ചത് ഓര്‍ക്കുന്നു. ഒരാള്‍ക്ക് മുപ്പത്തിനാല് വയസ്സു പൂര്‍ത്തിയായാല്‍ പിന്നെ ദിനംപ്രതി അയാളില്‍ ശക്തിയും ദൃഢതയും വര്‍ധിച്ചുകൊണ്ടേയിരിക്കും. നാല്‍പ്പതാം വയസ്സുവരെ ഇതു തുടരും. ആകാശത്തിന്റെ ഹൃദയബിന്ദുവോളം എത്തിനില്‍ക്കുന്ന സൂര്യനെപ്പോലെത്തന്നെ! ഉച്ചയാകുംവരെ അതിനൊരു മന്ദഗതിയുണ്ടാകുമല്ലോ. നാല്‍പ്പത് മുതല്‍ അമ്പത് വയസ്സുവരെ പ്രതിവര്‍ഷം മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തവിധമൊരു അശക്തത അനുഭവപ്പെടും. അമ്പത് മുതല്‍ അറുപതുവരെ പ്രതിമാസം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത കുറവ് അനുഭവപ്പെടും. അറുപത് മുതല്‍ എഴുപതുവരെ പ്രതിവാരം ആ ബലക്ഷയം അനുഭവേദ്യമാകും. എഴുപത് മുതല്‍ എണ്‍പതുവരെ അത് ദിനംപ്രതിയാകും. എണ്‍പത് കഴിഞ്ഞാല്‍ ഓരോ മണിക്കൂറിലും പ്രത്യേക വേദനയും തളര്‍ച്ചയും അനുഭവപ്പെട്ടു തുടങ്ങും.
ആയുസ്സിന്റെ ആനന്ദം എന്നു പറയുന്നത് നാല്‍പ്പത് വയസ്സുവരെയാണ്. നാല്‍പ്പത് തികയുന്നതോടെ ഉന്നതിയുടെ പടിയില്‍ അവന്‍ ഇരിക്കുകയായി. പിന്നീട് കയറിയതുപോലെ ഇറക്കമാണ്. മമ്പൊരിക്കലും അനുഭവിക്കാത്ത വേദന അനുഭവിച്ചു തുടങ്ങുമ്പോള്‍പിന്നെ ആര്‍ക്കാണ് ആനന്ദിക്കാന്‍ കഴിയുക?

മകനേ, എന്റെ നയനാന്ദമേ, നിന്നോട് ഞാന്‍ പറഞ്ഞതു മുഴുവന്‍ വാര്‍ധക്യത്തിന്റെ ആവലാതികളാണ്. കാരണം, ഇന്നു ഞാന്‍ അതെല്ലാം നേരിട്ട് അനുഭവിക്കുന്നു. വാര്‍ധക്യം എന്റെ ശത്രുവായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ശത്രുവിനെതിരെ നമുക്ക് എപ്പോഴും ആവലാതികളുണ്ടാകുമല്ലോ? അതേക്കുറിച്ച് ഞാന്‍തന്നെ എഴുതി വച്ചിട്ടുണ്ട്:

‘വാര്‍ധക്യമെന്റെ വിപത്താണെന്നതില്‍ പിന്നതില്‍
കരയുന്നതിലെന്തിനത്ഭുതം
വിപത്തുകളില്‍നിന്നല്ലോ ആവലാതികള്‍ മുളയിടുന്നു.’

സ്വന്തം ശത്രുവിനെക്കുറിച്ച് പരാതി പറയുന്ന പ്രിയപ്പെട്ട കൂട്ടുകാരന് വേണ്ടിയാണിത്. ഒരുപക്ഷെ, നിനക്കും നിന്റെ മകനോട് ഇതുപോലെ ആവലാതി പറയാനുള്ള ഭാഗ്യമുണ്ടായേക്കാം. പ്രസ്തുത അര്‍ഥം വരുന്ന രണ്ടു കവിത കൂടി ഞാന്‍ എഴുതിയിട്ടുണ്ട്:

‘ഹാ കഷ്ടം! ആരോടു പറയേണ്ടു ഞാനെന്‍ വേവുകള്‍
കുറ്റബോധത്തിനല്ലാതെ മാറ്റുവാനാകില്ലെന്‍ ദീനം
വയോധികാ അടുത്തിരിക്കൂ,
ഞാനെന്‍ ഹൃദയത്തോടെങ്കിലും ആവലാതിയോതട്ടെ
യുവത്വത്തിന് ഈ അസുഖത്തെക്കുറിച്ച് എന്തറിയാം!’

വൃദ്ധന്മാരോളം മറ്റാര്‍ക്കും വാര്‍ധക്യത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് അത്രമേല്‍ അറിയാനാകില്ല.

എന്റെ പിതാവിന്റെ കാര്യസ്ഥാന്മാരുടെ കൂട്ടത്തില്‍ മുജാഹിദ് എന്നു പേരുള്ള ഒരു വൃദ്ധനുണ്ടായിരുന്നു. എണ്‍പത് തികഞ്ഞ അദ്ദേഹം ഒരിക്കല്‍ ഒരു കുതിരയെ വാങ്ങാന്‍ തീരുമാനിച്ചു. കുതിരകച്ചവടക്കാരന്‍ നല്ല മുന്തിയ തടിച്ച ഒരു കുതിരയെത്തന്നെ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ആകര്‍ഷണീയമായ നിറം. നല്ല എടുപ്പ്. കണ്ടപാടെ വൃദ്ധന്‍ അതിന് വില പറഞ്ഞുറപ്പിച്ചു. അപ്പോഴാണ് കുതിരയുടെ പല്ല് കണ്ട് അതിന്റെ പ്രായാധിക്യത്തെക്കുറിച്ച് വൃദ്ധന്‍ ചിന്തിച്ചത്. ഉടനെ ആ കുതിര വേണ്ടെന്നു വക്കുകയും മറ്റൊരാള്‍ അത് വാങ്ങുകയും ചെയ്തു.
‘അയാള്‍ ആ കുതിരയെ വാങ്ങിപ്പോയല്ലോ! താങ്കള്‍ എന്തുകൊണ്ട് അതിനെ വേണ്ടെന്നു വച്ചു?’ കൗതുകത്തോടെ ഞാന്‍ വൃദ്ധന്‍ മുജാഹിദിനോട് ചോദിച്ചു.

‘അവന്‍ യുവാവാണ്. വാര്‍ധക്യത്തിന്റെ വേദനയെക്കുറിച്ചും ബലഹീനതയെക്കുറിച്ചും പ്രയാസത്തെക്കുറിച്ചും എനിക്ക് നന്നായറിയാം. അങ്ങനെയുള്ള ഞാനെങ്ങനെ ഒരു വയസ്സന്‍ കുതിരയെ വാങ്ങാന്‍ തയ്യാറാകും?’ വൃദ്ധന്‍ ഒരു ചെറുചിരിയോടെ എന്നോട് പറഞ്ഞു.
വാര്‍ധക്യം എത്തിക്കഴിഞ്ഞാല്‍ ഒരിടത്തു മാത്രമായി തങ്ങുക. വാര്‍ധക്യകാലത്തെ യാത്ര അത്ര ബുദ്ധിയല്ല, പ്രത്യേകിച്ചും ശാരീരിക അവശത അനുഭവിക്കുന്നവര്‍. വാര്‍ധക്യം ഒരു ശത്രുവാണ്. ബലഹീനത മറ്റൊരു ശത്രുവും. അപ്പോള്‍ രണ്ട് ശത്രുക്കള്‍ക്കൊപ്പമുള്ള യാത്ര പന്തിയല്ല. എന്നാല്‍, യാത്രക്ക് നിര്‍ബന്ധിതനാവുകയും വീടു വിട്ട് പോകേണ്ടി വരികയും ചെയ്താല്‍ വിദൂരതയാണ് നല്ലത്. പിന്നീട് ഒരിക്കലും തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കരുത്. നീ എത്തിച്ചേരുന്നിടം താമസമാക്കുക. അവിടെ നന്മയുണ്ടാകാന്‍ പ്രാര്‍ഥിക്കുക. സ്വദേശം രണ്ടാം ഉമ്മയാണെന്ന് പറയാറുണ്ടെന്ന് കരുതി അത് ആലോചിച്ച് അസ്വസ്ഥനാകരുത്. വരും ദിനങ്ങളുടെ മനോഹാരിതയെക്കുറിച്ച് ആലോചിക്കുക. ‘ഭാഗ്യശാലികള്‍ക്ക് കൂടുതല്‍ നന്മ തേടിക്കൊണ്ടേയിരിക്കും, നിര്‍ഭാഗ്യശാലികള്‍ അവരുടെ വീടും സ്വദേശവുമായി കഴിഞ്ഞുകൂടും’ എന്ന് പറയാറുണ്ടല്ലോ.

ജീവിതത്തില്‍ ഒരിടത്ത് സ്ഥിരത നേടിക്കഴിഞ്ഞാല്‍, അവിടെ ജോലി ചെയ്ത് നിലയുറപ്പിക്കാന്‍ ശ്രമിക്കുക. അവിടെയിരുന്ന് പിന്നെയും പുതിയ മേച്ചില്‍പുറങ്ങളെക്കുറിച്ച് അന്വേഷിക്കാതിരിക്കുക. കാരണം, കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴും പാളിച്ചകള്‍ സംഭവിക്കുന്നത്. ഒരു കാര്യം അതിന്റെ ഉചിതമായ രൂപത്തിലാണ് ഉള്ളതെങ്കില്‍ പിന്നെയും അതിനെ നന്നാക്കിയെടുക്കാന്‍ അധ്വാനിക്കുന്നത് അതിന്റെ ചാരുതയെ നശിപ്പിക്കകയേ ഉള്ളൂ. അവശേഷിക്കുന്ന നാളുകള്‍ ചിട്ടയില്ലാതാകരുത്. ശത്രുവിനും മിത്രത്തിനും ഒരുപോലെ നിന്നെ ഇഷ്ടമാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ പൊതുജനത്തോടുള്ള നിന്റെ പെരുമാറ്റവും അങ്ങനെയായിരിക്കണണം. ( തുടരും )

വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles