Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ യുദ്ധം; ഒരു പന്ത്രണ്ട് വയസ്സുകാരി സംസാരിക്കുന്നു…

ഫറ ആദ്യമായി കണ്ണുതുറന്ന നിമിഷം മുതല്‍ അവള്‍ ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലിലാണ് കഴിയുന്നത്. അവള്‍ക്ക് 12 വയസ്സ് മാത്രമേ ഉള്ളൂവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഗസ്സയില്‍ മുന്‍പ് നടന്ന മൂന്ന് ഇസ്രായേലി ആക്രമണങ്ങള്‍ക്കിടയിലൂടെ ജീവിച്ച അവള്‍ക്ക് സമാധാനത്തേക്കാള്‍ യുദ്ധത്തെക്കുറിച്ചാണ് കൂടുതല്‍ അറിയുക.

വാര്‍ത്തകള്‍ എല്ലാം ശ്രദ്ധിക്കുന്നതിനാല്‍ ഫറക്ക് ഫലസ്തീന്‍, ഇസ്രായേലി രാഷ്ട്രീയക്കാരുടെ പേരുകള്‍ കൃത്യമായി അറിയാം, നാലാം ജനീവ കണ്‍വെന്‍ഷനും യുദ്ധ നിയമങ്ങളും അവള്‍ പഠിച്ചിട്ടുണ്ട്. അവള്‍ വിവരിക്കുന്ന രംഗങ്ങള്‍ ഏതൊരു കുട്ടിയിലും ഭയവും സങ്കടവും നിറയ്ക്കുന്നതാണ്. എന്നാല്‍ ഫറക്ക് അതില്ല.

ഇന്ന്, നടന്നുകൊണ്ടിരിക്കുന്ന ഭീകരതകളോട് അവള്‍ നിസ്സംഗത കാണിക്കുന്നു. ഭയപ്പെടുത്തുന്ന ഈ രംഗങ്ങള്‍ ഗസ്സയിലെ പല കുട്ടികള്‍ക്കും ഇന്ന് സാധാരണമായിരിക്കുന്നു. ഇപ്പോഴത്തെ യുദ്ധത്തെക്കുറിച്ചുള്ള ഫറയുടെ വിവരണമാണ് താഴെ കൊടുക്കുന്നത്. അവളുടെ വീടിന് നേരെ നടന്ന ഇസ്രായേല്‍ ബോംബാക്രമണം മുതല്‍ അവളുടെ കുടുംബം തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്യാനുള്ള തീരുമാനം വരെയുള്ള വിവരണമാണിവിടെ:

”ഞങ്ങളുടെ വീടിന് നേരെ ബോംബ് വീണു. കൃത്യമായ തീയതി എനിക്ക് ഓര്‍മയില്ല. അത് ഏത് ദിവസമാണെന്നും എനിക്കറിയില്ല. എനിക്ക് ആകെ അറിയാവുന്നത് ഞങ്ങള്‍ ഇപ്പോള്‍ ഏകദേശം രണ്ട് മാസമായി ഒരു യുദ്ധത്തിലാണ് എന്നാണ്. ഗസ്സയിലെ തെല്‍ അല്‍-ഹവ ഏരിയയിലെ അല്‍-ഖുദ്സ് ആശുപത്രിക്ക് സമീപമാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ആശുപത്രിയില്‍ സുരക്ഷിതരായിരിക്കുമെന്ന് കരുതിയാണ് ഞങ്ങളെല്ലാവര്‍ക്കും അങ്ങോട്ട് പോകാമെന്ന് ഉപ്പ തീരുമാനിച്ചത്. ആദ്യം ഞങ്ങള്‍ക്ക് തെക്കോട്ട് പോകാന്‍ കഴിഞ്ഞില്ല, കാരണം ഞങ്ങള്‍ക്ക് താമസിക്കാന്‍ അവിടെ ഒരു സ്ഥലം കണ്ടെത്താന്‍ ഉപ്പക്ക് ആയില്ല. എന്നാല്‍, പലായനം ചെയ്യുമ്പോള്‍, ഇസ്രായേലി ബോംബിങ്ങില്‍ കൊല്ലപ്പെട്ടവരുടെ വീഡിയോ കണ്ടപ്പോള്‍ സത്യമായിട്ടും, ഞങ്ങള്‍ വളരെ ഭയപ്പെട്ടു. വടക്ക് നിന്നുള്ള ഞങ്ങള്‍ക്ക് അറിയാവുന്ന ചില ആളുകള്‍ തെക്കന്‍ ഗസ്സയില്‍ വെച്ച് മരിച്ചു.

യുദ്ധസമയത്ത് ആശുപത്രിയില്‍ താമസിക്കുന്നത് ഭയാനകമായ ഒരു അനുഭവമായിരുന്നു. അവിടെ മരിക്കാന്‍ കാത്തിരിക്കുന്നത് പോലെ ഞങ്ങള്‍ക്ക് തോന്നി. ആശുപത്രിയില്‍ കഴിയുന്ന എല്ലാവരും ഭയന്നു. 16 വയസ്സുള്ള എന്റെ മൂത്ത സഹോദരിയോടും മറ്റ് സ്ത്രീകള്‍ക്കുമൊപ്പം മുകളിലത്തെ ഇടനാഴിയിലാണ് ഞാന്‍ ഉറങ്ങിയിരുന്നത്. എന്റെ ഉപ്പയും സഹോദരനും പുരുഷന്മാരോടൊപ്പം താഴത്തെ നിലയിലുമായിരുന്നു.
രാത്രി സമയമായിരുന്നു ഏറ്റവും ഭയാനകം. രാത്രിയില്‍ ഇസ്രായേല്‍ നിരന്തരം ബോംബുകള്‍ ഇട്ടു. രാത്രി വളരെ നിശബ്ദമായതിനാല്‍, ബോംബുകള്‍ പൊട്ടുന്ന ശബ്ദം വളരെ ഉച്ചത്തിലും അടുത്തായും അനുഭവപ്പെട്ടു.

മറ്റൊരാള്‍ മരിക്കുന്നത് കണ്‍മുന്നിൽ കാണേണ്ടി വന്നു

എന്റെ മാതാപിതാക്കള്‍ വിവാഹമോചിതരാണ്. യുദ്ധം തുടങ്ങിയപ്പോള്‍ ഞാന്‍ ഉപ്പയോടൊപ്പമായിരുന്നു ഉണ്ടായിരുന്നത്. എന്റെ ഉമ്മയുടെ വീടിനു നേരെയും ബോംബിട്ടു. അതിനാല്‍, അവര്‍ക്ക് മറ്റൊരു പ്രദേശത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പലായനം ചെയ്യേണ്ടിവന്നു. എല്ലാ രാവിലും എന്റെ ഉപ്പയുടെയും ഉമ്മയുടെയും സഹോദരങ്ങളുടെയും കൂടെ കഴിയണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു. എന്നാല്‍, ഒരേ ആശുപത്രിയുടെ തൊട്ടുമുകളിലെ നിലകളിലേക്ക് പോലും ഞങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞില്ല. ഇനി എന്നെങ്കിലും ഉമ്മയെ കാണുമോ എന്നും അറിയില്ലായിരുന്നു. അവസാനമായി ഉമ്മയെ കണ്ടപ്പോള്‍ ഞാന്‍ ശരിയായി യാത്ര പറഞ്ഞിരുന്നില്ല. എന്റെ ഉമ്മിയെ കെട്ടിപ്പിടിച്ച് സംസാരിക്കണമെന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ഞാന്‍ ഇപ്പോഴും ഉമ്മയെ ഓര്‍ത്ത് വിഷമിക്കുകയാണ്. എനിക്ക് മുന്‍പ് ഉമ്മ മരിച്ചാലോ? ആരാണ് സുരക്ഷിതരെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ആശുപത്രിയിലെ ഫോണ്‍ സിഗ്‌നല്‍ വളരെ ദുര്‍ബ്ബലമായതിനാല്‍ ഒരിക്കല്‍ മൂന്ന് ദിവസത്തേക്ക് ഉമ്മയുമായി ബന്ധപ്പെടാനായില്ല.

ഇസ്രായേലി സൈനികര്‍ ആശുപത്രിയിലേക്ക് വിളിച്ച് ഞങ്ങളെ ഒഴിപ്പിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. പരിക്കേറ്റവരെ ഇവിടെ ഉപേക്ഷിച്ച് പോകാന്‍ ഞങ്ങള്‍ തയാറല്ലെന്ന് ഡോക്ടര്‍മാര്‍ മറുപടി പറഞ്ഞു. അത്ര ശക്തരായിരുന്നു ഡോക്ടര്‍മാര്‍. തെല്‍ അല്‍-ഹവ നിരന്തരം കനത്ത ബോംബാക്രമണത്തിന് വിധേയമായിരുന്നു. അവര്‍ ഏത് കെട്ടിടങ്ങളിലാണ് ബോംബിടുന്നതെന്ന് എനിക്കറിയില്ല, പക്ഷേ എല്ലാം എനിക്ക് കേള്‍ക്കാമായിരുന്നു. ബോംബിടാന്‍ ഇനി എന്തെങ്കിലും ബാക്കിയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ബോംബുകള്‍ വീണുകൊണ്ടോയിരുന്നു.

ഒരു ദിവസം രാത്രി, ഇസ്രായേലി ടാങ്കുകള്‍ ആശുപത്രി വളയാന്‍ തുടങ്ങി, അന്ന് ഒരു നിമിഷം പോലും ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ടാങ്കുകള്‍ ആശുപത്രികള്‍ക്ക് ചുറ്റും നീങ്ങുന്നത് ഞങ്ങള്‍ക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു. ഈ സമയത്ത് ഒരു പെണ്‍കുട്ടി ആശുപത്രി ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഇസ്രായേലി സൈനികന്റെ വെടിയേറ്റു. അവള്‍ ഞങ്ങളുടെ കണ്‍മുന്നില്‍ വെച്ച് മരിച്ചുവീണു. ആദ്യമായാണ് ഒരാള്‍ മരിച്ചുവീഴുന്നതിന് ഞാന്‍ ദൃക്‌സാക്ഷിയാകുന്നത്. അന്ന് രാത്രി മുഴുവന്‍ അവളുടെ ഉമ്മ അവിടെ ഇരുന്ന് കരഞ്ഞു. അതിനുശേഷം ജനാലകള്‍ക്കരികിലേക്ക് പോകാന്‍ ആരും ധൈര്യപ്പെട്ടില്ല. ആ രാത്രി ഞാനും മറ്റുള്ള രാത്രികളില്‍ കരഞ്ഞതിനേക്കാള്‍ കൂടുതല്‍ കരഞ്ഞു. ആശുപത്രിയില്‍ നിന്നും ഞങ്ങളെ ഒഴിപ്പിക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടെങ്കിലും വിശദാംശങ്ങള്‍ അവര്‍ നല്‍കിയില്ല. എങ്ങനെ പുറത്തിറങ്ങണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.

ചലിക്കുന്ന എന്തിനും നേരെ ഇസ്രായേല്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. റെഡ് ക്രോസും ഇസ്രായേലും തമ്മില്‍ ഏകോപനത്തിലെത്തിയിരുന്നുവെന്നും നമുക്ക് സുരക്ഷിതമായി പോകാമെന്നും ഇസ്രായേലില്‍ നിന്നുള്ള ഒരു ‘സിഗ്‌നലിനായി’ അവര്‍ കാത്തിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞു. ആ സിഗ്‌നലിനായി കാത്തിരിക്കുന്നത് വേദനാജനകമായിരുന്നു, എന്നാല്‍, അത് എനിക്ക് പ്രതീക്ഷ നല്‍കി. മണിക്കൂറുകള്‍ കടന്നുപോയി, സൂര്യന്‍ ഉദിച്ചപ്പോള്‍, ഞങ്ങള്‍ അപ്പോഴും ആശുപത്രിയുടെ ഇരുണ്ട ഇടുങ്ങിയ ഇടനാഴികളില്‍ തന്നെ ആയിരുന്നു. പിന്നീട്, 9 മണിക്ക് മുമ്പ് തന്നെ ഞങ്ങള്‍ക്ക് സിഗ്‌നല്‍ കിട്ടി.

മറ്റൊരു നഖ്ബ

സ്‌കൂളില്‍ പഠിക്കുമ്പോള്‍ 1948ലെ ഫലസ്തീന്‍ നക്ബയെക്കുറിച്ച് ഞങ്ങള്‍ പഠിച്ചിരുന്നു. ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്നും എങ്ങനെ പുറത്താക്കി കൊന്നു എന്നതിനെക്കുറിച്ചുള്ള സിനിമകളും ഞങ്ങള്‍ കണ്ടിരുന്നു. ഫലസ്തീന്‍ ഗ്രാമങ്ങളില്‍ നടന്ന കൂട്ടക്കൊലകളെക്കുറിച്ച് ഞങ്ങള്‍ മനസ്സിലാക്കി. ഈ സിനിമകളിലൂടെയാണ് ഞാനും ഇപ്പോള്‍ കടന്നുപോകുന്നതെന്ന് എനിക്ക് തോന്നി. ഒരുനാള്‍ നമ്മുടെ കഥയും ചരിത്ര ക്ലാസുകളില്‍ പഠിപ്പിക്കപ്പെടുമെന്നതില്‍ എനിക്ക് വളരെ വിഷമമുണ്ട്. ഞങ്ങള്‍ നഗരങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടേണ്ടി വന്നുവെന്ന് എന്റെ കൊച്ചുമക്കളോട് പറഞ്ഞുകൊണ്ട് ഞാനും മുത്തശ്ശിമാരെപ്പോലെ ആകുമോ ?

ഒടുവില്‍ ഞങ്ങളെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി. ഞങ്ങള്‍ തെക്കന്‍ ഗസ്സയിലേക്കുള്ള യാത്രയിലാണെന്നും അവിടെ വെച്ച് കാണാമെന്ന പ്രതീക്ഷയിലും ഉമ്മയെ അറിയിക്കാന്‍ ഞാന്‍ ഉമ്മയെ ഫോണ്‍ വിളിച്ചു. ആശുപത്രിയുടെ കോണിപ്പടിയില്‍ എന്റെ മുന്നില്‍ ഒരു മൃതദേഹം ഉണ്ടെന്ന് ഞാന്‍ അപ്പോള്‍ ഉമ്മയോട് പറഞ്ഞു. അങ്ങോട്ട് നോക്കരുതെന്ന് കരഞ്ഞുകൊണ്ട് ഉമ്മ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍, ഞാന്‍ നടന്നുപോകുമ്പോള്‍ മുഴുവന്‍ സമയവും അങ്ങോട്ട് തന്നെ നോക്കിക്കൊണ്ടേയിരുന്നു.

അന്ന് രാവിലെ ഇസ്രായേല്‍ സേനയുടെ കല്‍പ്പനപ്രകാരം നൂറുകണക്കിന് ആളുകളോടൊപ്പം ഞങളും സലാഹുദ്ദീന്‍ റോഡിലൂടെ നടന്നുനീങ്ങി.
രാവിലെ 9 മണിക്ക് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് 2 മണിക്കാണ് അവസാനിച്ചത്. ഞങ്ങള്‍ വളരെ നേരം നടന്നു. ഏത് നിമിഷവും എന്റെ ഹൃദയം നിലച്ചുപോകുമെന്ന് എനിക്ക് തോന്നി. നടക്കുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ കണ്ണുകള്‍ അടച്ചു. കണ്ണുതുറന്ന് ഇരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇസ്രായേലി പട്ടാളക്കാര്‍ എന്റെ ഉപ്പയെയോ സഹോദരങ്ങളെയോ വെടിവച്ചാലോ എന്ന് ഞാന്‍ ഭയപ്പെട്ടു.

ഇസ്രായേലി സൈനികരും ടാങ്കുകളും കൂട്ടമായി നില്‍ക്കുന്ന ചില സ്ഥലങ്ങളിലെത്തുമ്പോള്‍ ഞങ്ങളുടെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് നടക്കേണ്ടി വന്നു, മുതിര്‍ന്നവര്‍ അവരുടെ ഐഡികള്‍ ഒരു കൈയില്‍ ഉയര്‍ത്തി പിടിച്ചു. ഞങ്ങളുടെ ബാഗില്‍ നിന്ന് ഒരു കുപ്പി വെള്ളമെടുക്കാനോ ഒരു തുള്ളി വെള്ളം കുടിക്കാനോ ഞങ്ങളെ അവര്‍ അനുവദിച്ചില്ല. ഞങ്ങളുടെ കൈകള്‍ ചലിപ്പിക്കുകയോ എന്തെങ്കിലും പിടിക്കുകയോ ചെയ്യുക എന്നതിനര്‍ത്ഥം ഞങ്ങള്‍ വെടിയേറ്റ് മരിക്കാന്‍ സാധ്യതയുണ്ട് എന്നാണ്. എനിക്ക് ഒട്ടും വിശപ്പ് തോന്നിയില്ല, പക്ഷേ എനിക്ക് നല്ല ദാഹം ഉണ്ടായിരുന്നു.

ചെക്ക്പോസ്റ്റുകളും മൃതദേഹങ്ങളും

ഞങ്ങളുടെ യാത്രയുടെ ഒരു ഘട്ടത്തില്‍, ഇസ്രായേല്‍ സൈനികര്‍ രണ്ട് യുവാക്കളെ തടഞ്ഞുവച്ചു. അവര്‍ക്ക് തോന്നിയ ആളുകളെ അവര്‍ തെരഞ്ഞെടുക്കുകയായിരുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തിയതിന് ശേഷം അടിവസ്ത്രം ഒഴികെയുള്ള എല്ലാ വസ്ത്രങ്ങളും അഴിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. അതില്‍ ഒരാളെ അവര്‍ വിട്ടയക്കുകയും മറ്റേയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് പിന്നീട് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞില്ല. പിന്നീടുള്ള വഴിയിലുടനീളം അവന്റെ കുടുംബം കരഞ്ഞു. ഇസ്രായേലി പട്ടാളക്കാര്‍ എന്റെ ഉപ്പയെയോ സഹോദരനെയോ അറസ്റ്റ് ചെയ്യുമെന്ന് ഞാന്‍ ഭയന്നു. വഴിയിലുടനീളം ഇസ്രായേല്‍ സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു, മുഖം സ്‌കാനിംഗ് ചെയ്യുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ഡിറ്റക്ടറിലൂടെ കടന്നു പോകാന്‍ ഞങ്ങളോട് ഉത്തരവിട്ടു.

‘ഇതിന് ഞങ്ങള്‍ക്ക് ഹമാസിന് നന്ദിയുണ്ട്’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് രണ്ട് ഇസ്രായേലി സൈനികര്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ഞങ്ങളില്‍ ഒരാള്‍ വെടിയേറ്റ് മരിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. എന്നാല്‍ സുരക്ഷിതസ്ഥാനത്ത് എത്താന്‍, അവര്‍ പറഞ്ഞ കാര്യങ്ങള്‍ അവഗണിക്കാന്‍ ആളുകള്‍ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങള്‍ കൂടുതല്‍ മുന്നോട്ട് നടക്കും തോറും നിലത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ കിടക്കുന്നത് കണ്ടു. ഒരു കൊച്ചുകുട്ടിയുടെ അരികില്‍ ഒരു സ്ത്രീ കിടക്കുന്നത് ഞാന്‍ അപ്പോള്‍ കണ്ടു. ചില ശരീരങ്ങള്‍ പുതപ്പുകള്‍ കൊണ്ട് മൂടിയിരുന്നു. കത്തിക്കരിഞ്ഞ ശരീരങ്ങള്‍ നിറഞ്ഞ കാറുകളും വഴിയില്‍ കാണാമായിരുന്നു.

ഞങ്ങള്‍ വാദി ഗസ്സയുടെ തെക്കോട്ട് നടന്നപ്പോള്‍, ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതരാണെന്ന് പറഞ്ഞുകൊണ്ട് നിരവധി ഫലസ്തീനികള്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവിടെവെച്ച് അവര്‍ എനിക്ക് ഒരു ചെറിയ സ്‌ട്രോബെറി ജ്യൂസും ഒരു ചോക്ലേറ്റ് ബിസ്‌കറ്റും തന്നു. കുറച്ചു നേരത്തേക്ക് ഒട്ടും അനങ്ങാന്‍ വയ്യാതെ ഞാന്‍ നിലത്തിരുന്നുപോയി. അവിടെവെച്ച് ഞാന്‍ ഉപ്പക്ക് ഒരു വലിയ ഉമ്മ കൊടുത്തു കരയാന്‍ തുടങ്ങി. ഞാന്‍ ശക്തയാകണമെന്ന് ഉപ്പ എന്നോട് പറഞ്ഞു. ഞങ്ങള്‍ വീണ്ടും എഴുന്നേറ്റു നടന്നു അങ്ങിനെ യു.എന്‍ സ്‌കൂളില്‍ എത്തി.

 

???? കൂടുതൽ വായനക്ക്‌: https://t.me/+g3KtTkvHhhpiMmJl

 

Related Articles