Current Date

Search
Close this search box.
Search
Close this search box.

‘ചന്ദ്രിക’ യുടെ 90 വര്‍ഷം

‘ചന്ദ്രിക’ നവതിയുടെ നിറവിൽ എന്ന ശീർഷകത്തിൽ പി.കെ ജമാൽ പ്രബോധനം വാരികയിൽ എഴുതിയ ലേഖനവും (ലക്കം 3805) മെയ്‌ 24 ന്റെ മാധ്യമം എഡിറ്റോറിയലും പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും സദ് വികാരം ഉദ്ദീപിപ്പിക്കാനുതകുന്നതാണ്.ഗതകാലത്തെ സഹകരണാത്മക നിലപാട് പൂർവോപരി വികസിപ്പിക്കേണ്ട സങ്കീർണ ചുറ്റു പാടിലാണല്ലോ സമുദായം ഇന്നുള്ളത്. രചനാത്മക സമീപനം നിത്യനയമായി സ്വീകരിച്ച ജമാഅത്തെ ഇസ്ലാമി മുസ്ലിം ലീഗിന്റെ തകർച്ച ലവലേശം ആഗ്രഹിക്കുന്നില്ലെന്നത് ഒരു അനിഷേധ്യ വസ്തുതയാണ്. 1973-ന് ശേഷം മുസ്ലിം ലീഗിൽ നിർഭാഗ്യകരമായ പിളർപ്പ് സംഭവിച്ചപ്പോൾ ഇരു വിഭാഗങ്ങൾക്കുമിടയിൽ യോജിപ്പുണ്ടാക്കാൻ അന്നത്തെ അഖിലേന്ത്യാ അമീർ മർഹൂം മുഹമ്മദ് യൂസുഫ് സാഹിബ് നടത്തിയ പരിശ്രമങ്ങൾ അതിനുള്ള തെളിവാണ്. ജമാഅത്തെ ഇസ്ലാമിക്കെതിരെ ഒരു മാസക്കാലം ‘ചന്ദ്രിക’ പരമ്പര പ്രസിദ്ധീകരിച്ചപ്പോഴും തികഞ്ഞ സംയമനം പാലിച്ചതും ലീഗിന്റെ നന്മകളെ മാനിച്ചുകൊണ്ടായിരുന്നു. ലീഗിന്റെ നയനിലപാടുകളോടുള്ള വിയോജിപ്പ് വിരോധമായി മാറരുതെന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം അതിന്റെ അണികളെ അടിക്കടി ഉദ്ബോധിപ്പിക്കാറുമുണ്ട്.

ഈ കുറിപ്പുകാരനെ സംബന്ധി ച്ചേടത്തോളം ‘ചന്ദ്രിക’ നല്ലൊരു പരിശീലന കളരിയായിരുന്നുവെന്നത് നന്ദിപൂർവം ഓർക്കാതെ വയ്യ.1973-ലാണ് എന്റെ ഒരു ലേഖനം ‘ചന്ദ്രിക’ വാരാന്തപ്പതിപ്പിൽ ആദ്യമായി വളരെ നല്ല മട്ടിൽ പ്രസിദ്ധീകരിച്ചത്( അന്ന് ഞാൻ ഫറൂഖ് കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്നു ). പിന്നീട് ഒട്ടേറെ കുറിപ്പുകളും ലേഖനങ്ങളും ‘ചന്ദ്രിക’യിൽ വന്നു. കെ.പി കുഞ്ഞിമൂസ്സയും റഹീം മേച്ചേരിയും മറ്റും നൽകിയ പ്രോത്സാഹനം ഒരിക്കലും മറക്കാനാവാത്തതാണ്.

‘ചന്ദ്രിക’ സമുദായത്തെ ഉണർത്തുന്നതിലും ഉദ്ബുദ്ധരാക്കുന്നതിലും വഹിച്ച പങ്ക് അനിഷേധ്യമാണ്. സമുദായത്തിൽ ഒരുമയുടെ പെരുമ ഉണ്ടാക്കിയെടുക്കാൻ ‘ചന്ദ്രിക’ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ സജീവമായി ഇനിയും ശ്രമിക്കേണ്ടതുണ്ട്. സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ദുശ്ശക്തികളെ വിവേകപൂർവം നേരിടേണ്ടതുണ്ട്. വിവാദ വിഷയങ്ങളിൽ വിശാല വീക്ഷണം പുലർത്തുന്ന ‘ചന്ദ്രിക’യുടെ നല്ല പാരമ്പര്യം ഇനിയും തുടരണം.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles