Current Date

Search
Close this search box.
Search
Close this search box.

വംശീയത – വിനാശത്തിൻെറ മാതാവ്

എല്ലാ കാലഘട്ടങ്ങളിലും ദേശങ്ങളിലും പല തരം സമസ്യകളും പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. അവയിൽ ഏതെങ്കിലുമൊന്ന് എല്ലാ പ്രശ്നങ്ങളുടെയും മൂലശിലയായിരിക്കും. അവയെ നാം കാലത്തിൻ്റെ കുഴപ്പമെന്നോ നാശത്തിൻ്റെ മാതാവെന്നോ അധ:പതനത്തിൻ്റെ മൂലകാരണമെന്നോ വിശേഷിപ്പിക്കാറുമുണ്ട്.

മഹാഭാരതത്തിലെ പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധത്തിൻ്റെ കാരണം ഭൂരിപക്ഷമായ കൗരവർ ന്യൂനപക്ഷമായ പാണ്ഡവർക്ക് അഞ്ച് ഗ്രാമങ്ങൾ പോലും അനന്തരാവകാശമായി കൊടുക്കാൻ സന്നദ്ധമായില്ല എന്നത് കൊണ്ടായിരുന്നല്ലൊ. അധികാരത്തിൻ്റെ നിയമാനുസൃത അവകാശികളായ പാണ്ഡവരെ ചതിയിൽപെടുത്തി അധികാരം കവർന്നെടുക്കുകയായിരുന്നു കൗരവർ. അംഗ സംഖ്യാ ബാഹുല്യത്തിൽ അഹങ്കരിച്ചതാണ് യുദ്ധത്തിനു നിമിത്തമായത്. കർബലയിലെ സംഘർഷത്തിനു കാരണം ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശനിഷേധവും ഇസ്ലാമിക ജനായത്ത രാഷ്ട്രീയ വ്യവസ്ഥയെ രാജാധിപത്യത്തിലേക്ക് പരിവർത്തിപ്പിച്ചതുമായിരുന്നല്ലോ. പൊതുജനത്തെ രാജാവിൻ്റെയും രാജകുടുംബത്തിൻ്റെയും സേവകരായി ഗണിക്കുന്ന ജാഹിലിയ്യത്തിലേക്കുള്ള തിരിച്ചു പോക്കായിരുന്നു അത്. വൈദേശിക സർക്കാർ റൗലറ്റ് ആക്ട് പോലുള്ള കരിനിയമങ്ങൾ അടിച്ചേൽപിക്കുക വഴി പൗരന്മാർക്ക് അഭിമാനപൂർവ്വം ജിവിക്കാൻ ഗത്യന്തരമില്ലാതായപ്പോഴാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് സമാരംഭം കുറിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിൽ കാറൽ മാർക്സ് മുതലാളിത്ത അത്യാചാരങ്ങളാണ് ലോകത്തെ ഏറ്റവും വലിയ വിപത്തെന്ന് വാദിച്ചപ്പോൾ കോടാനുകോടി ജനങ്ങൾ ആ ആശയത്തിനു പിന്നിൽ അണിനിരന്നു. വെളുത്തവരും കരുത്തവരും തമ്മിലുള്ള ഏറ്റവും വലിയ ആഭ്യന്തര സംഘർഷത്തിനു അമേരിക്ക സാക്ഷ്യം വഹിച്ചത് വംശീയതയും വർണവിവേചനവും മൂലമായിരുന്നുവല്ലോ. ചുരുക്കത്തിൽ എല്ലാ മഹത്തായ വിപ്ലവങ്ങളും കാൽവെപ്പുകളും സുപ്രധാനവും മൗലികവുമായ ചില പ്രശ്നങ്ങളെ ആസ്പദിച്ചാണ് രംഗപ്രവേശം ചെയതിട്ടുള്ളത് എന്ന് കാണാൻ കഴിയും.

പ്രവാചകൻമാർ നിയുക്തരായത് ഓരോ കാലഘട്ടങ്ങളിലും നിലനിന്നിരുന്ന കുഴപ്പങ്ങളും അതിക്രമങ്ങളും തുടച്ചു നീക്കാനായിരുന്നുവെന്ന് പരിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. നംറൂദിയൻ ശിർക്കിനെക്കുറിച്ചു ജനസമൂഹത്തെ ഉണർത്തുവാനും നിർമ്മാർജ്ജനം ചെയ്യുവാനുമാണ് ഇബ്റാഹീം(അ)നെ അയച്ചത്. ഫറോവയുടെ ഏകാധിപത്യത്തിൽ വംശീയ ഉന്മൂലനം നേരിട്ടിരുന്ന ഇസ്രയേൽ സന്തതികളുടെ വിമോചനത്തിനാണു മൂസാ(അ) നിയുക്തനായത്. സാമ്പത്തിക രംഗത്തെ ചൂഷണവും(ഉദാ: അളവിലും തൂക്കത്തിലുമുള്ള കൃത്രിമം ) അനീതിയും അവസാനിപ്പിക്കുകയായിരുന്നു ശുഐബ് (അ) ൻ്റെ മുഖ്യ ദൗത്യം. ആധ്യാത്മിക അധ:പതനത്തെ തിരുത്തുവാനും സംസ്കരിക്കുവാനുമായിരുന്നു ഈസാ(അ) പ്രവാചകനായി വന്നത്. തൻ്റെ കാലത്തു നിലനിൽക്കുന്നതും ഭാവിയിൽ വരാനിരിക്കുന്നതുമായ അനിസ്ലാമിക പ്രത്യയശാസ്ത്രങ്ങളെ നേരിടാനുള്ള ശരിയായ മാർഗദർശനവുമായാണ് അന്ത്യ പ്രവാചകൻ മുഹമ്മദ് (സ) ആഗതനായത്.മതതീവ്രതക്കെതിരെ നിലപാടെടുത്ത ശ്രീബുദ്ധൻ മധ്യമാർഗ്ഗം സ്വീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ജൈനമതാചാര്യനായ മഹാവീർ മതത്തിൻ്റെ പേരിൽ നടന്നിരുന്ന ഹിംസക്കെതിരെ ജനങ്ങളെ ബോധവൽക്കരിച്ചു. ഇവയെല്ലാം കാലഘട്ടത്തിൻ്റെ മുഖ്യവും മൗലികവുമായ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള പരിവർത്തന ശ്രമങ്ങളായിരുന്നു. അതിനാൽ സമകാലീന ലോകത്ത് ജനങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനമായ ഏറ്റവും വലിയ ദുഷ്യം എന്താണെന്ന് കണ്ടെത്തുക സുപ്രധാനമാണ്.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ രണ്ടു തിന്മകൾ വംശീയവാദവും അതിരുകളില്ലാത്ത അത്യാഗ്രഹവുമാണ്. രണ്ടാമത്തെ ദൂഷ്യമാണ് പാരിസ്ഥിതിക പ്രതിസന്ധിക്ക് (environmental crisis )പോലും ഹേതുവായിട്ടുള്ളത്. വംശീയവാദികൾ തന്നെയാണ് പാരിതിസ്ഥിതിക സമസ്യകൾക്ക് ഉത്തരരവാദികൾ. പ്രകൃതിയിലെ വിഭവങ്ങൾ കയ്യടക്കി തങ്ങളുടെ പ്രതാപം ഉറപ്പിക്കുവാൻ വംശീയതയെ ഫലപ്രദമായ ആയുധമാക്കുകയും ചെയ്യുന്നു അവർ. അതിനാൽ പ്രാഥമികമായി നാം ഏറ്റവും അപകടകരമായ തിന്മയെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്.

ഇന്ന് ലോകത്ത് നിലനിൽക്കുന്ന യുദ്ധം, ദാരിദ്ര്യം, അതികമങ്ങൾ പോലുള്ള പ്രശ്നങ്ങൾക്ക് കാരണം വംശീയത തന്നെയാണ്. ഈ കാലഘട്ടത്തിൽ സുപ്രധാനമായ രണ്ടു ചിന്താധാരകൾക്കിടയിലാണ് ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നത്- വംശീയതയും മാനവികതയും. ജന്മം കൊണ്ടാണ് മനുഷ്യർക്കിടയിൽ ഏറ്റവ്യത്യാസമുണ്ടായിട്ടുള്ളതെന്ന് വംശീയത വാദിക്കുന്നു. എല്ലാവരും ജന്മത്താൽ തുല്യരാണെന്നാണ് മാനവികതയുടെ വീക്ഷണം. അവരവരുടെ കർമ്മങ്ങളാണ് – നന്മതിന്മകൾ – അവരെ ഉൽകൃഷ്ടരും നികൃഷ്ടരുമാക്കുന്നത്. മനുഷ്യൻ്റെ ജഡിക മോഹങ്ങളെ മാത്രം ലക്ഷ്യമിടുന്ന ഒരു മൃഗീയ വാസനയാണ് (animal instinct) ബൗദ്ധിക വിശകലനത്തിൽ വംശീയത എന്ന് മനസ്സിലാക്കാം. എന്നാൽ മാനവികത മനുഷ്യനെ ഈ പാരതന്ത്യത്തിൽ നിന്നു മോചിപ്പിക്കുന്നു; മാനുഷ്യകത്തെ ഒരു കുടുംബമായി കാണുകയും സർവ്വജനങ്ങളുടെയും നന്മയെയും പുരോഗതിയെക്കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. മറിച്ചു വംശീയത മനുഷ്യ കുടുംബത്തെ വിഭജിക്കുന്നു. അവരിൽ ഒരു ചെറിയ വിഭാഗത്തെ ശക്തരാക്കുകയും ഭൂരിപക്ഷത്തെ തങ്ങളുടെ അടിമകളും വിധേയത്വമുള്ളവരുമാക്കുന്നു.

വംശീയവാദികളിൽ ഒരു വിഭാഗം കണ്ണഞ്ചിപ്പിക്കുന്ന മേലങ്കി ധരിക്കുകയും തങ്ങളാണ് കുലീനർ എന്ന് ധരിക്കുകയും ചെയ്യുന്നു. മേലങ്കിക്കുള്ളിൽ സൂക്ഷിച്ച ക്രൂരതയുടെയും സ്വാർത്ഥതയുടെയും മൃഗം മറ്റുള്ളവരെ നിന്ദ്യരും നികൃഷ്ടരുമായി ഗണിക്കുന്നു. അവരെ എന്നും പിന്നാക്കക്കാരായി നിലനിർത്താൻ ശ്രമിക്കുന്നു. പുരോഗതിയുടെ സദ്ഫലങ്ങൾ അടിച്ചെടുക്കുമ്പോൾ സിംഹഭാഗവും കുത്തകയാക്കാനുള്ള സഹചര്യം നിലനിർത്താൻ വംശീയവാദികൾ ആഗ്രഹിക്കുന്നു. ഇതിനായി വ്യാജ പ്രചാരണങ്ങൾ, ചരിത്രത്തിൻ്റെ ദുർവ്യാഖ്യാനം, നിയമം നടപ്പാക്കുന്ന സ്ഥാപനങ്ങളെ ദുർബ്ബലമാക്കുക, എതിർക്കുന്നവരെ അടിച്ചമർത്തുക പോലുള്ള നടപടിക്രമങ്ങൾക്ക് വംശീയവാദികൾ നിർബന്ധിതരാവുന്നു. ഇവയുടെ അഭാവത്തിൽ വംശീയതക്ക് ഒരു ശക്തിയായി നിലനിൽക്കുക സാധ്യമല്ല.

ലോക രാഷ്ട്രങ്ങളിൽ മിക്കവയിലും – ജനാധിപത്യമുള്ളവയിലും അല്ലാത്തവയിലും – വംശീയത ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ദേശീയത, വർഗ്ഗീയത, ജാതീയത, രാഷ്ട്രീയ അജണ്ട എന്നീ പല പേരുകളാൽ വംശീയത സ്വാധീനം ചെലുത്തിയിരിക്കുന്നു. മാനവിക വാദികൾക്ക് ഊർജ്ജം പകരേണ്ടുന്ന മതവിശ്വാസങ്ങളെയും ചിന്താധാരകളെയും വംശീയ ശക്തികൾ തങ്ങളുടെ താല്പര്യങ്ങൾക്കായി കൂട്ടുപിടിക്കുന്ന നിലപാട് തുടരുന്നു.

സമകാലീന ലോകത്തിൽ കൂടുതൽ നന്മയും ക്ഷേമവും പ്രചരിപ്പിക്കുവാനുദ്ദേശിക്കുന്നവർ വംശീയതയുടെ വിനകളെക്കുറിച്ച് ജനസമൂഹങ്ങളെ ബോധവൽക്കരിക്കുകയും മാനവിക ചിന്തകളോട് അവരെ ചേർത്തു നിർത്തുകയുമാണ് വേണ്ടത്.

മൊഴിമാറ്റം: എം.ബി.അബ്ദുർ റഷീദ് അന്തമാൻ

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles