Columns

കര്‍ഷകരുടെ മണ്ണും കോര്‍പറേറ്റുകള്‍ കൊണ്ടുപോകുമ്പോള്‍

ന്യൂയോര്‍ക്കിലെ ഹാരിസണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനി. ലോകത്തിലെ 200ാളം നാടുകളില്‍ അവര്‍ കച്ചവടം ചെയ്യുന്നു. അവരുടെ കണക്കനുസരിച്ചു വര്‍ഷത്തില്‍ 43 ബില്യണ്‍ ഡോളറാണ് അവരുടെ വിറ്റു വരവ്. ഇന്ത്യയിലും അവര്‍ക്ക് കാര്യമായ വരുമാനമുണ്ട്. അവര്‍ ഉപയോഗിക്കുന്ന ഒരു തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നതിന്റെ പേരില്‍ ഗുജറാത്തിലെ ചില കര്‍ഷകരുടെ പേരില്‍ കമ്പനി കേസ് കൊടുത്തിരിക്കുന്നു. ഇന്ത്യയില്‍ ആ കിഴങ്ങു ഉല്‍പ്പാദിപ്പിക്കാന്‍ ചില കര്‍ഷകര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. അത് കമ്പനിക്കു തന്നെ വില്‍ക്കണം എന്നതാണ് നിയമം. അനുമതിയില്ലാതെ അവരുടെ കിഴങ്ങു കൃഷി ചെയ്തു എന്നതാണ് ഉന്നയിക്കപ്പെട്ട കുറ്റം. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ മറ്റു പല കൃഷികളുടെ കാര്യത്തിലും ഇതേ നിലപാട് ആവര്‍ത്തിക്കാന്‍ ഇടവരും എന്നതാണ് കൃഷിക്കാര്‍ ഉന്നയിക്കുന്ന കാരണം.

ഏതെങ്കിലുമൊരു കണ്ടുപിടിത്തത്തിന്, അതിന്റെ ഉടമക്ക് സര്‍ക്കാര്‍, ഒരു നിശ്ചിതകാലത്തേക്ക്, നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും, ഉല്പന്നം വില്‍ക്കുന്നതിനും മറ്റും നല്‍കുന്ന കുത്തകാവകാശമാണ് നിര്‍മ്മാണാവകാശം അഥവാ പേറ്റന്റ്.

നിര്‍മ്മാണാവകാശം നല്‍കപ്പെട്ട ഒരു കണ്ടുപിടിത്തം മറ്റൊരാള്‍ അതിന്റെ ഉടമയുടെ അനുവാദമില്ലാതെ നിര്‍മ്മിക്കുന്നതും, ഉപയോഗിക്കുന്നതും, വില്‍പ്പന നടത്തുന്നതും, സ്വന്തമാക്കി വെക്കുന്നതും നിഷിദ്ധമാകുന്നു. ഒരു കണ്ടുപിടുത്തത്തിനു നിര്‍മ്മാണാവകാശം ലഭിക്കുമ്പോള്‍ ധനം, കച്ചവടം എന്നിവ പോലെ അത് ഉടമസ്ഥന്റെ സ്വന്തമാകുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലാണ് പേറ്റന്റ് പ്രചാരത്തിലുള്ളത്. ഒരു കണ്ടുപിടുത്തത്തിന്റെ നിര്‍മ്മാണാവകാശത്തിന് അപേക്ഷിക്കുന്നയാള്‍ പ്രസ്തുത കണ്ടെത്തല്‍ ലോകത്ത് ഒരിടത്തും അതുവരെ പുറത്ത് വിട്ടിട്ടില്ല എന്നും, മറ്റൊരാളോ മറ്റോരിടത്തോ ഇത്തരമൊരു കണ്ടെത്തലിന് നിര്‍മ്മാണാവകാശം നേടിയിട്ടില്ലെന്നും ബോധിപ്പിച്ചിരിക്കണം. ഏതങ്കിലുമൊരു മേഖലയില്‍ (വ്യാവസായിക) ഉപയോഗപ്പെടുത്താന്‍ യോജിച്ചതായിരിക്കണം നിര്‍മ്മാണാവകാശത്തിന് അപേക്ഷിക്കുന്ന കണ്ടുപിടിത്തം.

ഈ നിയമത്തിന്റെ ഗുണം കണ്ടു പിടിച്ച വ്യക്തിക്ക് തന്നെ അത് ഉപയോഗിക്കാന്‍ കഴിയുന്നു എന്നതാണ്. അതെ സമയം നിത്യോപയോഗ വസ്തുക്കള്‍ പോലും നിര്‍മ്മാണാവകാശം കാരണം കുത്തകവല്‍കരിക്കപ്പെടുന്നുവെന്നത് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദൂഷ്യഫലമാണ്. അതാണ് ഇപ്പോള്‍ ഗുജറാത്തില്‍ സംഭവിച്ചതും. കുത്തകവല്‍ക്കരണം കൊണ്ട് എപ്പോഴും കഷ്ടപ്പെടുക നാട്ടിലെ സാധാരണക്കാരാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാതെ വരികയും അതിലൂടെ കുത്തകകള്‍ കാര്യമായി ലാഭം കൊയ്യുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും അതെ ഉല്‍പ്പന്നം കൊണ്ട് കുത്തകകള്‍ തടിച്ചു കൊഴുക്കുകയും ചെയ്യുന്നു. പാവപ്പെട്ട കര്‍ഷകര്‍ കോടികള്‍ നഷ്ടപരിഹാരം നല്‍കണം എന്ന് പറഞ്ഞാണ് പെപ്‌സി കമ്പനി കേസ് നല്കിയിട്ടുള്ളത്. നിയമം നിലവില്‍ ഉള്ളത് കൊണ്ട് മിക്കവാറും കമ്പനി തന്നെയാകും വിജയിക്കുക.

ഉദാരവല്‍ക്കരണം എങ്ങിനെയാണ് ഒരു ജനതയുടെ ജീവിതത്തെ ബാധിക്കുന്നത് എന്നതിന്റെ ഒരു നേര്‍ചിത്രമാണിത്. പുതിയ വിത്തിനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമ്പോള്‍ അത് കൃഷിക്കാരന് അപ്രാപ്യമാകുന്നു. പഴയ വിത്തുകള്‍ കൊണ്ട് കൃഷി മുന്നോട്ടു പോകാത്ത അവസ്ഥയും വരുന്നു. നിയമങ്ങള്‍ പലപ്പോഴും അനുകൂലമാകുക കുത്തകളുടെ കാര്യത്തിലാകും. നിയമം ഉണ്ടാക്കുന്നതും അവരാണ് എന്നതിനാല്‍ നാട്ടിലെ കൃഷിക്കാര്‍ക്ക് എന്നും മണ്ണ് തന്നെ ബാക്കിയാവും. സാങ്കേതിക വിദ്യകള്‍ പൊതു ജനത്തിന് കൂടി ഉപകാരമാകുമ്പോള്‍ മാത്രമാണ് അതിന്റെ ഫലം ലഭിക്കുന്നത്. അതിനെ തടയുന്ന നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ നമ്മുടെ നിയമ നിര്‍മാണ സഭകള്‍ മുന്നോട്ടു വരണം. കേന്ദ്ര സര്‍ക്കാരുകള്‍ മുന്‍ പിന്‍ നോക്കാതെ മുമ്പ് ഒപ്പു വെച്ച കരാറുകളുടെ തിക്ത ഫലം ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നു എന്നതാണ് വസ്തുത.

Facebook Comments
Show More

Related Articles

Close
Close