Current Date

Search
Close this search box.
Search
Close this search box.

‘ഓർവെലിയൻ സ്റ്റേറ്റി’ലെ മാധ്യമ പ്രവർത്തനം

ജനനം കൊണ്ട് ഇന്ത്യക്കാരനായ ബ്രിട്ടീഷ് നോവലിസ്റ്റും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോർജ് ഓർവെലിന്റെ (എറിക് ആർതർ ബ്ലയർ എന്നാണ് യഥാർത്ഥ നാമം) വിഖ്യാത നോവലാണ് ‘1984’. കാൽപനിക രാജ്യമായ ഓഷ്യാനയിൽ ‘ബിഗ് ബ്രദർ’, ഭരണകൂടത്തിനെതിരെ എതിർശബ്ദം മുഴങ്ങാതിരിക്കാൻ ജനങ്ങളുടെ സ്വകാര്യതയിലേക്ക് പോലും കൈകടത്തുന്നു. ജനങ്ങൾ മുഴുവൻ ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണ്. രാജ്യത്തെ ഭാഷ പോലും ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായ വിധത്തിൽ മാറ്റിയെടുക്കുന്നു. ഭരണകൂടത്തിനുവേണ്ടി കള്ളപ്രചാരണങ്ങൾ നടത്തുന്നത് ‘മിനിസ്ട്രി ഓഫ് ട്രൂത്ത്’!

1984 ജനുവരി ഒന്നിലെ ‘കശ്മീർ ടൈംസി’ന്റെ ജമ്മു എഡിഷന്റെ ഒന്നാം പേജിൽ ഇങ്ങനെ കുറിച്ചിട്ടിരുന്നു :
“ജോർജ് ഓർവെലിന്റെ ‘1984’ ഇവിടെയുണ്ട്. ഒരു വല്യേട്ടനെയും നിങ്ങളെ നിരീക്ഷിക്കാൻ അനുവദിക്കാതിരിക്കുക…” കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചതും ഇനിയും സംഭവിക്കുമെന്ന് ഉറപ്പുള്ളതുമായ ഭരണകൂട ഭീകരതയുടെ ഓർമപ്പെടുത്തലായിരുന്നു ആ വാക്കുകൾ.

ഇപ്പോൾ ഇതൊക്കെ പറയാൻ കാരണം എന്തെന്നല്ലേ? ജമ്മു കശ്മീരിലെ ഏറ്റവും പ്രചാരമുള്ള ഈ ഇംഗ്ലീഷ് ദിനപത്രത്തിന്റെ താഴ് വരയിലെ ഓഫീസ് അടച്ചു പൂട്ടിയിട്ട് വർഷം ഒന്നു കഴിഞ്ഞു. 2019 ഒക്ടോബർ 19നാണ് ശ്രീനഗർ പ്രസ് എൻക്ലേവിലുള്ള ‘കശ്മീർ ടൈംസ്’ ഓഫീസ് അധികൃതർ സീൽ ചെയ്യുന്നത്.

ജമ്മു കശ്മീരിന്റെ അർധ സ്വയംഭരണാവകാശം റദ്ദാക്കുകയും സൈനിക രാജ് പ്രഖ്യാപിക്കുകയും ചെയ്ത നരേന്ദ്ര മോദി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതു പോലെ നിരവധി മാധ്യമ പ്രവർത്തകരെയും ഭരണകൂടം തുറുങ്കിലടക്കുകയും യു.എ.പി.എ പോലുള്ള കരി നിയമങ്ങൾ പ്രയോഗിക്കുകയും ചെയ്ത സമയം.

ഇക്കൂട്ടത്തിൽ കേന്ദ്ര ഭരണകൂടം പ്രത്യേകം ടാർഗറ്റ് ചെയ്ത പത്രങ്ങളിലൊന്നാണ് ‘കശ്മീർ ടൈംസ്’. സർക്കാർ നൽകിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പത്രം ഒരു കാരണവും പറയാതെ അധികൃതർ പൂട്ടിച്ചു. കെട്ടിടം ഒഴിയാൻ പത്രത്തിന് നോട്ടീസ് നൽകിയിരുന്നെന്നും ഒഴിഞ്ഞു പോകാത്തതിനാൽ സീൽ വെക്കുകയായിരുന്നു എന്നുമായിരുന്നു ഭരണകൂട ഭാഷ്യം. പത്രമാപ്പീസ് പ്രവർത്തിക്കുന്നതിനായി നൽകിയ കെട്ടിടം താമസ സ്ഥലമായി ഉപയോഗിച്ചുവെന്നതാണ് അവർ കണ്ടെത്തിയ കുറ്റം. എന്നാൽ, കുടിയൊഴിപ്പിക്കൽ നോട്ടീസ് കിട്ടിയിരുന്നില്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് പത്രത്തിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററും സ്ഥാപകൻ വേദ് ഭാസിന്റെ മകളുമായ അനുരാധ ഭാസിൻ പറയുന്നത്.

യഥാർഥത്തിൽ ഇതൊന്നുമായിരുന്നില്ല കാരണം. ഭരണകൂടത്തിന് ഇഷ്ടമല്ലാത്ത വാർത്തകൾ പുറത്തുവരുന്നത് തടയാൻ കണ്ടെത്തിയ മാർഗമായിരുന്നു കശ്മീരിൽ പത്രത്തിന്റെ പ്രസിദ്ധീകരണം ഇല്ലാതാക്കൽ! ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നിർത്തലാക്കിയ ശേഷം മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വാർത്താ വിനിമയ സംവിധാനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ
കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പത്രം കോടതിയെ സമീപിച്ചിരുന്നു.

2009ലാണ് പത്രത്തിന്റെ കശ്മീർ എഡിഷൻ തുടങ്ങിയത്. ഇപ്പോൾ ജമ്മുവിൽനിന്ന് മാത്രമാണ് അച്ചടി. ഓൺലൈൻ എഡിഷൻ വഴിയാണ് മറ്റു വായനക്കാരിലേക്ക് പത്രം എത്തുന്നത്. വർഷങ്ങളായി സർക്കാർ പരസ്യങ്ങളും പത്രത്തിന് നൽകുന്നില്ല.

ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ ശബ്ദിച്ച പാരമ്പര്യമാണ് ‘കശ്മീർ ടൈംസി’ന്റെത്. വേദ് ബാസിൻ എന്ന പത്രപ്രവർത്തകൻ 1954ൽ ‘നയാ സമാജ്’ എന്ന പേരിൽ ഉർദു പത്രമാണ് ആദ്യം പുറത്തിറക്കിയത്. ഷെയ്ഖ് അബ്ദുല്ലയുടെ അറസ്റ്റിനു പിന്നാലെയായിരുന്നു പത്രത്തിന്റെ തുടക്കം. അറസ്റ്റിനെ എതിർത്തതിന് ‘ഡിഫെൻസ് ഓഫ് ഇന്ത്യ’ ആക്ട് അനുസരിച്ച് പത്രം അടച്ചുപൂട്ടി. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ ദൗത്യം തുടരാൻ ‘കശ്മീർ ടൈംസ്’ എന്ന പേരിൽ ശ്രീനഗറിൽനിന്ന് ഇംഗ്ലീഷ് ഭാഷയിൽ പത്രം തുടങ്ങാൻ ബാസിൻ തീരുമാനിച്ചെങ്കിലും സ്വന്തം പേരിൽ പത്രം റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുവദിച്ചില്ല. ഇതേത്തുടർന്ന് ജമ്മുവിൽ പത്രം റജിസ്റ്റർ ചെയ്തു. വാരികയായാണ് തുടങ്ങിയത്. അതുപോലും അപകടകരമായ നീക്കമായിരുന്നു. 1964ലാണ് ‘കശ്മീർ ടൈംസ്’ ദിനപത്രമായി പുറത്തിറങ്ങാൻ തുടങ്ങിയത്. ജമ്മുവിൽനിന്ന് അച്ചടിച്ച് അവിടെയും കശ്മീരിലും വിതരണം ചെയ്യുകയായിരുന്നു.

കഴിഞ്ഞ രണ്ടു വർഷമായി പത്ര സ്വാതന്ത്ര്യ ഇൻഡക്‌സിൽ 180 രാജ്യങ്ങളിൽ 142-മത്തെ സ്ഥാനത്താണ് ഇന്ത്യ. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (എം.എസ്.എഫ്) എന്ന എൻ.ജി.ഒ, മാധ്യമ പ്രവർത്തകർക്ക് ഏറ്റവും അപകടകരമായ പ്രദേശങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തൊരു നാണക്കേട്! ഓർവെലിയൻ കൃതിയിൽ പറയുന്ന നിയന്ത്രണങ്ങളാണ് കശ്മീരിലെ മാധ്യമ പ്രവർത്തകരും പത്രങ്ങളും നേരിടുന്നതെന്നും എം.എസ്.എഫ് പറയുന്നു.

സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഒരു ‘ഓർവെലിയൻ സ്റ്റേറ്റി’ലേക്കാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് നിരീക്ഷിച്ചത് സുപ്രീം കോടതി മുൻ ജഡ്ജി ബി എൻ ശ്രീകൃഷ്ണയാണ്. അതു തന്നെയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles