Current Date

Search
Close this search box.
Search
Close this search box.

എക്‌സിറ്റ് പോളിലൂടെ ആരാകും എക്‌സിറ്റാവുക ?

രോഗിയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകുന്ന വഴി ബന്ധുക്കളെ വിളിച്ചു ഡോക്ടര്‍ പറഞ്ഞു ‘ഒരു ശതമാനം പോലും വിജയ സാധ്യത കുറവാണ്’. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും പുറത്തു വരുന്ന പ്രിയപ്പെട്ടവന്റെ മയ്യിത്തും കാത്ത് ബന്ധുക്കളിരുന്നു. പക്ഷെ മൈമൂന അത്ര പെട്ടെന്നൊന്നും മരണത്തിനു കീഴൊതുങ്ങിയില്ല എന്നത് മറ്റൊരു ചരിത്രം. രോഗിയുടെ കാര്യത്തില്‍ ഡോക്ടര്‍ക്ക് വേണ്ടത്ര ധൈര്യം പൊരെന്നിരിക്കെ രക്ഷയില്ല എന്നത് ഒരു മുന്‍കൂര്‍ ജാമ്യമാണ്. അത് തന്നെയാണ് ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുറത്തു വന്ന എക്‌സിറ്റ് പോള്‍ വിവരവും എന്ന് പറയണം. മതേതരത്വം ഇപ്രാവശ്യം ജയിക്കില്ല എന്ന ബോധം ജനങ്ങളുടെ മനസ്സില്‍ തിരുകി കയറ്റുക. ശേഷം എന്ത് കൃത്രിമം നടത്തിയാലും അത് വിശ്വസിക്കാന്‍ ജനം നിര്‍ബന്ധിതരാകും.

1967ലാണ് ഇത്തരം ഒരു തിരഞ്ഞെടുപ്പ് അവലോകനം ആദ്യമായി രംഗത്തു വന്നത് എന്ന് പറയപ്പെടുന്നു. അത് നെതര്‍ലാന്റിലാണോ അതോ അമേരിക്കയിലാണോ ആദ്യമായി പരീക്ഷിച്ചത് എന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നതയുണ്ട്. വോട്ടു ചെയ്തു പുറത്തു വരുന്ന ആളുകളില്‍ നിന്നും നേരിട്ട് സ്വരൂപിക്കുന്ന അഭിപ്രായങ്ങള്‍ മുന്‍ നിര്‍ത്തി നടത്തുന്ന ഒന്നാണ് എക്‌സിറ്റ് പോള്‍. ഒരു പക്ഷെ ഇവര്‍ തിരഞ്ഞെടുത്ത പോളിങ് സ്റ്റേഷന്‍ ഒരു പാര്‍ട്ടിയുടെ കുത്തക സ്ഥലമായിരിക്കാം. അപ്പോള്‍ കൂടുതല്‍ ആളുകള്‍ ആ പാര്‍ട്ടിയുടെ പേര് പറയും. അത് വെച്ച് കൊണ്ട് ഒരു നിയോജക മണ്ഡലത്തിലെ കാര്യങ്ങള്‍ പറയുന്നത് പലപ്പോഴും തെറ്റാം. ചിലപ്പോള്‍ ശരിയാകാം. ട്രംപ് വരില്ല എന്നാണല്ലോ എല്ലാ ഫലങ്ങളും പറഞ്ഞത്. പക്ഷെ ട്രംപ് വന്നു എന്നത് മറ്റൊരു സത്യം.

എന്തോ ചില തകരാറുകള്‍ എവിടെയോ സംഭവിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. അടുത്തിടെയാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്. മിനി ലോക്‌സഭ തെരഞ്ഞെടുപ്പ് എന്നാണ് അതിനെ കുറിച്ച് പറഞ്ഞിരുന്നത്. അവിടങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു.

അതിനു ശേഷം അവര്‍ നടപ്പാക്കുമെന്ന് പറഞ്ഞ പലതും നടപ്പാക്കി. പ്രത്യേകിച്ച് കര്‍ഷകരുടെ കടം എഴുതി തള്ളല്‍. അതായത് ഭരണ വിരുദ്ധ വികാരം ഉണ്ടാകേണ്ട ഒന്നും അവിടെ സംഭവിച്ചില്ല എന്ന് ചുരുക്കം. ബി ജെ പി സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത മനസ്സിലാക്കിയ ജനം അവരെ താഴെയിറക്കുകയായിരുന്നു. അവിടെയാണ് മാസങ്ങള്‍ക്കുള്ളില്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏകദേശം മുഴുവന്‍ സീറ്റുകളും ബി ജെ പി നേടുമെന്ന് പറയപ്പെടുന്നതും. അങ്ങിനെ സംഭവിച്ചാല്‍ തന്നെ അതൊരു അട്ടിമറി എന്നല്ലാതെ മറ്റെന്തു പറയാന്‍.

ബി ജെ പി കൂടുതല്‍ കരുത്തരായി തിരിച്ചു വരാന്‍ കഴിയുന്ന ഒരു സാഹചര്യവും നാം കണ്ടില്ല. യു പി യില്‍ അവര്‍ക്ക് ലഭിക്കുമെന്ന് പറയപ്പെടുന്ന സീറ്റുകള്‍ ഒരിക്കലും സാധ്യമല്ല എന്ന് രാഷ്ട്രീയമറിയുന്ന ആര്‍ക്കും എളുപ്പതത്തില്‍ മനസ്സിലാവും. കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് മത്സരിച്ചു എന്നത് മൊത്തം പത്തു സീറ്റുകളില്‍ മാറ്റമുണ്ടാകും എന്നതാണ് പൊതു വിലയിരുത്തല്‍. മമതയെ കവച്ചു വെച്ച് ബംഗാളില്‍ മേല്‍ക്കൈ നേടാന്‍ ഒരിക്കലും ബി ജെ പിക്ക് കഴിയില്ല എന്നാണു അറിവ്.

പിന്നെ എങ്ങിനെയാണ് ഇത്രയും സീറ്റുകള്‍ ബി ജെ പിക്ക് നേടാന്‍ കഴിയുക. കോണ്‍ഗ്രസ്സിന് കഴിഞ്ഞ തവണ കിട്ടിയ സീറ്റുകള്‍ പോലും നേടാന്‍ കഴിയില്ല എന്ന് വന്നാല്‍ ഇതുവരെ നാം കണ്ടതും അനുഭവിച്ചതുമൊക്കെ വെറും മായ എന്ന് വേണം പറയാന്‍. അപ്പോള്‍ നമ്മെ ഭയപ്പെടുത്തുന്ന ചില കാര്യങ്ങള്‍ വലുതാണ്. നടക്കാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി പ്രയോഗവല്‍ക്കരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. നാം പരിശുദ്ധമെന്നു കരുതിയിരുന്ന നമ്മുടെ സ്ഥാപനങ്ങള്‍ പോലും സംശയത്തിന്റെ രീതിയിലേക്ക് മാറിപ്പോകുന്നു എന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക. അതായത് നാം അറിയുകയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്ത അറിവിന് എതിരാണ് ഇപ്പോള്‍ നാം കേട്ട് കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം. ഇ വി എമ്മും മറ്റു സാങ്കേതിക വിദ്യകളും നമ്മില്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. മറ്റൊരു ദേശീയ സമരം എന്നതാകും അതിനൊരു പരിഹാരം. നിലവിലുള്ള കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടു കൊണ്ട് മാത്രമേ കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിയൂ.

Related Articles